'ഈ സ്ഥലം നമുക്ക് വേണ്ടാ, ഭഗവതിയുടെ പോക്കുവരവുള്ള സ്ഥലമാണ്'; ദൈവങ്ങളുടെ സ്ഥലങ്ങള്‍!


കരുണാകരന്‍ഒരു പക്ഷെ, ശാന്തിയും നന്മയും ആവില്ല, ഹിംസയാവും, ദൈവത്തെ കണ്ടുപിടിക്കാന്‍ നമ്മെ പ്രേരിപ്പിച്ചിരിക്കുക.

പ്രതീകാത്മക ചിത്രം

കരുണാകരന്‍ എഴുതുന്ന പംക്തി 'അക്ഷരംപ്രതി' വായിക്കാം.

കറുത്ത്, ഉടലില്‍ എണ്ണമയമുള്ള ഒരാളായി ദൈവത്തെസങ്കല്‍പ്പിക്കുമായിരുന്നു ഞാന്‍. വളരെ മുമ്പ്, മരുഭൂമിയുള്ള രാജ്യത്തേക്ക് കുടിയേറിയതിനും മുമ്പ്. ചിലപ്പോള്‍ അതൊരു പുരുഷനാണ് എന്ന് തോന്നുമായിരുന്നു. മഴക്കാലത്ത് മുഴുവനും ഒരു സ്ത്രീ എന്നും. അല്ലെങ്കില്‍, അങ്ങനെ ചില്ല് ജനാലയ്ക്കപ്പുറത്ത് എത്രയോ നേരം ഒരാള്‍ എന്നും സങ്കല്‍പ്പിക്കുമായിരുന്നു. ദൈവം വേണ്ട എന്ന് കരുതുന്നതുകൊണ്ടാകും, ദൈവത്തെ കഥയിലും കവിതയിലും ഞാന്‍ സന്ദര്‍ശിച്ചുകൊണ്ടേയിരുന്നു.വാസ്തവത്തില്‍, ഞാന്‍ മറന്നുപോയിട്ടേ ഉണ്ടായിരുന്നില്ല, നെറുകില്‍ തൂവിയ നല്ലെണ്ണയുടെ മണംപൊഴിച്ച് വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നാട്ടുദേവതകളെ. അതേ നാട്ടുദേവതകള്‍ തട്ടകങ്ങളാക്കിയ വള്ളുവനാട്ടിലെ ഗ്രാമങ്ങളെയും ഞാന്‍ മറന്നിരുന്നില്ല. കേരളത്തിന്റെ സവിശേഷമായ ഓര്‍മ്മയില്‍ ദൈവങ്ങളോളം കലര്‍ന്ന ഓര്‍മ്മ, അല്ലെങ്കില്‍ മറ്റെന്താകാനാണ്! ഒരൊറ്റ ബസ്‌യാത്രയില്‍ നമ്മള്‍ അനവധി ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും കാണുന്നു. തങ്ങളുടെ ദിനേനയുള്ള ജീവിതത്തിന്റെ മിടിപ്പില്‍ ആ ഓര്‍മ്മ കലര്‍ന്നിരിക്കുന്നു. ചിലപ്പോള്‍ അവ റോഡിന്റെ അരികില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് ഇടയില്‍ ഒരു ക്ഷേത്രമോ മസ്ജിദോ പള്ളിയോ ആയി നില്‍ക്കുന്നു. വളരെ മുമ്പേയുള്ള ഒരു കാലത്തിന്റെയോ, ഒരു ദിവസത്തിന്റെയോ ഓര്‍മ്മയില്‍, ആധുനികങ്ങളായ എല്ലാ അപരിചിതത്വങ്ങളെയും അതിന്റെ പ്രാചീനമായ സ്മരണയില്‍ ആ ദേവാലയം ചെറുക്കുന്നു ചിലപ്പോള്‍ അത്രയും വിസ്തൃതിയുള്ള ഒരു ചെറുപട്ടണത്തിനും അതിലെ നിവാസികള്‍ക്കും വേണ്ടി. ഒപ്പം, വളരെ മുമ്പേ തന്നെ, നമ്മുടെ രാഷ്ട്രീയ ജീവിതത്തിലും, പ്രാഥമികമായും ഒരു ഇടതുപക്ഷ സമൂഹം എന്ന് വരുത്തുമെങ്കിലും, ഇങ്ങനെ ദൈവത്തിന്റെ അംശങ്ങള്‍ ചേര്‍ന്നു: തുല്യശക്തിയുള്ള മൂന്ന് മതങ്ങളുടെയും കലര്‍പ്പ് നമ്മുടെ സാമൂഹികജീവിതത്തില്‍ കലര്‍ന്നപോലെ.

മനുഷ്യര്‍ അവരുടെ കോളനികള്‍ ആദ്യമാദ്യം നിര്‍മ്മിച്ചു തുടങ്ങിയിരിക്കുക തങ്ങള്‍ ആരാധിച്ചിരുന്ന ദൈവങ്ങളിലൂടെയാകണം. ഭരണാധികാരികളും രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും ഉണ്ടാവുന്നതിനും മുമ്പ്. ഒരു ദേശത്തെ, അവിടത്തെ ജനങ്ങളെ, അങ്ങനെ, ദൈവം തന്റെ പ്രജകളാക്കുന്നു. എന്നാല്‍, എല്ലാ കോളനികളിലും കൃത്യമായി നിര്‍മ്മിച്ചെടുക്കുന്ന അധികാരവ്യവസ്ഥയ്ക്കുള്ളില്‍, ഒരു സമയം, ദൈവവും, അധികാരത്തിന്റെ ഏറ്റവുംകാമ്പുള്ള ഒരിടത്തേയ്ക്ക് പിന്‍വാങ്ങുന്നു. പകരം, കണ്ണിനും കാതിനും അനുഭവിക്കാനാകുന്ന തന്റെ തന്നെ പ്രതീകാത്മകഭാവം കൊണ്ട് നിറയുന്നു. കോവിലുകളിലെ പുരോഹിതനെപ്പോലെ തന്നെ, അല്ലെങ്കില്‍ പില്‍ക്കാലത്ത് രൂപപ്പെട്ട 'കമ്മിറ്റികള്‍'ക്ക് ഉള്ള പോലെ തന്നെ. അതേ അധികാര വ്യവസ്ഥ അവിടേക്ക് എത്തുന്ന ഭക്തനും പങ്കുവെയ്ക്കാന്‍ തുടങ്ങുന്നു. അയാളും തനിക്ക് അജ്ഞാതമായ, അപ്പോഴും ശരി എന്ന് തോന്നുന്ന, അധികാരം ഉപയോഗിക്കാന്‍ തുടങ്ങുന്നു.

കഴിഞ്ഞ ദിവസം 'ഒരു സ്ഥലം' കാണാന്‍ പോയതായിരുന്നു, ഞങ്ങള്‍; ഞാനും ഭാര്യയും. ഞങ്ങള്‍ സ്ഥലവും പരിസരവും കണ്ട് നില്‍ക്കുകയായിരുന്നു, സ്ഥലം കാണിക്കാന്‍ വന്ന 'ദല്ലാള്‍' അവിടെ താമസിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വന്നുഭവിക്കാനുള്ള ഗുണങ്ങളെപ്പറ്റി പറയുകയായിരുന്നു, ആ സമയം,അതുവരെയും ഞങ്ങള്‍ വന്ന കാറില്‍ തന്നെ ഇരുന്നിരുന്ന ചെറുപ്പക്കാരനായ ഡ്രൈവര്‍ ഞങ്ങളുടെ അരികിലേക്ക് വന്നു, എന്നെ അല്‍പ്പം അകലേക്ക് കൂട്ടിക്കൊണ്ട് പോയി. 'ചേട്ടാ, ഈ സ്ഥലം നമുക്ക് വേണ്ടാ'' അയാള്‍ എന്റെ ചെവിയില്‍ പറഞ്ഞു. ''ഭഗവതിയുടെ പോക്കുവരവുള്ള സ്ഥലമാണ്''. അയാള്‍ ഞങ്ങള്‍ നിന്നിരുന്നതിന്റെ നേരെ പിറകിലേക്ക് ചൂണ്ടിക്കാട്ടി, കുറച്ചുദൂരെയുള്ള ക്ഷേത്രം കാണിച്ചുതന്നു. തന്റെ തന്നെ ആംഗ്യത്തില്‍, തന്റെ
തന്നെ ഭക്തി നല്‍കുന്ന അധികാരത്തില്‍ ഭാവിയോ വര്‍ത്തമാനമോ കാണാനായി ഒരു നിമിഷം അയാള്‍ കണ്ണുകളടച്ചു.

അവിടേക്ക് വരുന്ന വഴിയില്‍ ആ ക്ഷേത്രം ഞങ്ങളും കണ്ടതായിരുന്നു. വലിയ തൊടിയ്ക്കുള്ളില്‍, പഴയ മതിലുകള്‍ക്കുള്ളില്‍, കാട്ടുപുല്ലുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ മരങ്ങള്‍ക്കുമൊപ്പം വെട്ടുകല്ല് കൊണ്ടുള്ള ആ ക്ഷേത്രം നിന്നിരുന്നു. 'ഭഗവതിയുടെ ദൃഷ്ടി ഇവിടേക്കാണ്', ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു: 'സ്ഥലം വാങ്ങിക്കുമ്പോള്‍ നമ്മള്‍ ഇതൊക്കെ ശ്രദ്ധിക്കണം'. അത്രയും പറഞ്ഞ് അയാള്‍ കാറില്‍ പോയി ഇരുന്നു. തന്റെ ഈശ്വരീയമായ നിയോഗം കഴിഞ്ഞതുപോലെ. ഇനി ഇവിടെ നില്‍ക്കേണ്ട എന്ന് ഞങ്ങളോട് പറയുമ്പോലെ.

തീര്‍ച്ചയായും, ആ സ്ഥലം ഇഷ്ടപ്പെടാതിരിക്കാന്‍ അതിനുംമുമ്പ് ഞങ്ങള്‍ക്ക് വേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ''ദൈവത്തിന്റെ ദൃഷ്ടി'' പതിയുന്ന ഒരു സ്ഥലം നല്ല കരുതലില്‍ ആവില്ലേ എന്ന് എന്റെ ഭാര്യ എന്നോട് ചോദിച്ചത് എനിക്ക് ആ ചെറുപ്പക്കാരനോട് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാന്‍ പക്ഷെ ചോദിച്ചില്ല. അല്ലെങ്കിലും, ദൈവം ഉണ്ടോ ഇല്ലയോ എന്ന അങ്കലാപ്പിനെക്കാള്‍ വലിയ അങ്കലാപ്പ്, ദൈവത്തെ വേണ്ട എന്ന് വെയ്ക്കുന്നതാണ്. അതിനാല്‍, അയാള്‍ പറയുന്നതെല്ലാം ഒരു കഥ പോലെ ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. അയാള്‍ കഥകള്‍ പറയുന്നുമുണ്ടായിരുന്നു. അതും ദൈവം പകരവീട്ടിയ ആളുകളുടെ കഥകള്‍...

മനുഷ്യരുമായുള്ള ദൈവങ്ങളുടെ സഹവാസം, ഒരു പക്ഷെ, ഏറ്റവും അധികം അനുഭവവേദ്യമാകുന്ന ഒന്ന്, മതങ്ങള്‍ കഴിഞ്ഞാല്‍, 'കല'യാണ്.സാഹിത്യത്തിലും അത് അത്രയും ആഴത്തിലാണ്. കലയിലും ജീവിതത്തിലും നമ്മള്‍ ഒരുപോലെ കലയുടെയും ജീവിതത്തിന്റെയും 'അര്‍ത്ഥം' തേടുന്നു. ആ അര്‍ത്ഥം ദൈവവുമായുള്ള ഏതെങ്കിലുമൊരു ചാര്‍ച്ച പറയുന്നു. അങ്ങനെ നമ്മള്‍ വീണ്ടും 'അധികാര'ത്തിന്റെ സ്ഥലങ്ങളില്‍ എത്തുന്നു. നമ്മുടെ ചേരികള്‍ കണ്ടുപിടിക്കുന്നു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ കൊലപാതത്തെക്കുറിച്ചുള്ള 'കഥ' വായിക്കുമ്പോഴും ഞാന്‍ ഓര്‍ത്തത് ദൈവത്തെയാണ്. ഒരുപക്ഷെ, ഇന്ന് നമ്മള്‍ അറിയുന്ന വിധം കലയ്ക്കും സാഹിത്യത്തിനും മുമ്പ് നടന്ന ആ ഹിംസയിലും, അത്രയും നീണ്ടുനിന്ന ഒരു ജീവിതം, അതിലെ അര്‍ത്ഥം തിരയല്‍, ദൈവത്തിനും അവകാശപ്പെട്ടതായിരിക്കും. പിന്നെയാണ്, ആ 'ഹിംസ', കലയിലും സാഹിത്യത്തിലും നിറവേറ്റുന്നത്. ഒരു പക്ഷെ പാപമാവില്ല, രക്ഷ നേടാനാവില്ല ആ കൊലപാതകവും. എങ്കിലും, അതില്‍ നടപ്പാക്കുന്ന 'ശിക്ഷ' ദൈവത്തിനും പരിചയമുള്ളതായിരുന്നു.

ഒരു പക്ഷെ, ശാന്തിയും നന്മയും ആവില്ല, ഹിംസയാവും, ദൈവത്തെ കണ്ടുപിടിക്കാന്‍ നമ്മെ പ്രേരിപ്പിച്ചിരിക്കുക. അപ്പോഴും, ഞങ്ങളുടെ ഡ്രൈവര്‍ പോലെ ഒരാള്‍, 'ദൈവത്തിന്റെ നിയോഗ'മുണ്ടെന്ന് കരുതുന്ന ഒരാള്‍, താന്‍ ഉപയോഗിക്കുന്ന അധികാരത്തില്‍ അജ്ഞനാവാനേ തരമുള്ളു: അയാള്‍ എന്ത് പാലിക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നുവോ, അത് പാലിക്കുകയാണ്, തനിക്ക് ചുറ്റുമുള്ള ആളുകള്‍ അത് പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ്. ചിലപ്പോള്‍ അതിനായി അയാള്‍ ചില മുന്‍ കരുതലുകള്‍ പോലും എടുക്കുന്നു. ചിലപ്പോള്‍ സ്വയം സായുധനാവുന്നു. കുട്ടിക്കാലത്ത് എല്ലാ ദൈവങ്ങള്‍ക്കും കഥകളിയിലെ 'വേഷങ്ങള്‍' ആയിരുന്നു, എന്റെ മനസ്സില്‍. അല്ലെങ്കില്‍, അക്കാലത്ത്, കളിവിളക്കിന്റെ മുമ്പില്‍ കണ്ട രൂപങ്ങളെല്ലാം ഭൂമിയിലില്ലാത്ത ഒരപരലോകത്തെ വാസ്തവമാക്കുന്നതായിരുന്നു. അങ്ങനെ 'സംസാരിക്കാത്ത രൂപങ്ങള്‍', കഥയിലൂടെയും പാട്ടിലൂടെയും മേളത്തിലൂടെയും അരങ്ങേറ്റിയതെല്ലാം ദൈവത്തിന്റെ അംശമുള്ളതായി തോന്നി. രവി വര്‍മ്മയുടെ ചിത്രങ്ങളോ, ഞാന്‍ കണ്ട മൂര്‍ത്തികളോ അതിനൊപ്പം വന്നില്ല.

ഏറ്റവും തിരക്കേറിയ ഒരു പട്ടണത്തില്‍ കഥകളി വേഷത്തിലലയുന്ന ദൈവത്തെ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കാറുണ്ട്. അതിന്റെ കിടിലത്തില്‍ നിശബ്ദനാവാറുണ്ട്...അല്ലെങ്കിലും, ദൈവം ഓരോരുത്തരുടെയും ബാല്യത്തെയാണ് തനിക്കുവേണ്ടി ആ ജീവിതങ്ങളില്‍ നിന്നും എടുത്തുമാറ്റി വെക്കുന്നു. പിന്നെ അത് അയാള്‍ക്ക് 'ഓര്‍മ്മിക്കാനുള്ള ഓര്‍മ്മയായി'തിരികെ സമ്മാനിക്കുന്നു. അയാളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആ ബാല്യം അങ്ങനെ ഓരോ ഘട്ടമായി, കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവുമായി, അതിന്റെ മൂപ്പ് പ്രകടിപ്പിക്കുന്നു.

ദസ്‌തോവിസ്‌കിയുടെ നോവലുകളില്‍ നാം വായിച്ച നന്മ-തിന്മകളുടെ സംഘര്‍ഷങ്ങളെല്ലാം, ഒരു പക്ഷെ, ദൈവസങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണെന്നു നാം കരുതുന്നു. അപ്പോഴും, നല്ലവനാവാനും ചീത്തവനാവാനിരിക്കാനുമുള്ള പരിശ്രമവും, സാഹിത്യത്തിലെങ്കിലും, നമ്മെ മുഷിപ്പിക്കുന്നു. അത്തരം 'എഴുത്ത്' ''അ-സാഹിത്യ''മെന്ന് വിശ്വസിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ അങ്ങനെ നമ്മള്‍ കരുതുന്നത്, സാഹിത്യവും, ജീവിതം പോലെ, ദൈവത്തിനും മുമ്പുള്ള ''അവ്യവസ്ഥമായ ഒരു കാല''ത്തെ അതിന്റെ ഉടലില്‍ പാര്‍പ്പിക്കുന്നു എന്നതാവാം, തീര്‍ച്ചയില്ല. അഥവാ, ഒരു 'ചിട്ട'യെയാണ് കലയും കാംഷിക്കുന്നത് എന്നുമാകാം, അതും തീര്‍ച്ചയില്ല. അപ്പോഴും അലങ്കോലപ്പെട്ട ഒന്നിനെ ''ശരിയായി അവതരിപ്പിക്കാന്‍'' സാഹിത്യം, കവിതയോ കഥയോ, ശ്രമിക്കുന്നു. ഒരുപക്ഷെ, അത്രയും പ്രാചീനമായ ഓര്‍മ്മയിലാകും, കലാസാഹിത്യനിര്‍മ്മിതികളെ, നമ്മള്‍, 'സൃഷ്ടി' എന്ന് പരിചയപ്പെട്ടിരിക്കുക.

Content Highlights: Aksharamprathi, Karunakaran, God


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented