അടൂര്‍, മുഖാമുഖം, വയസ്സാവല്‍,കമ്യൂണിസം; സ്വാതന്ത്ര്യത്തിനും ഭയത്തിനും വീതംവെയ്ക്കുന്ന കലാസങ്കല്പം!


കരുണാകരന്‍ജൈവശാസ്ത്രപരമായി മാത്രമല്ല, പ്രത്യയശാസ്ത്രപരമായും ageing  പുതിയ ''ശരീരങ്ങളും''  ''ആശയങ്ങളും'' ഇന്ന് നിര്‍മ്മിക്കുന്നു.

അടൂർ ഗോപാലകൃഷ്ണൻ

ഴിഞ്ഞ ദിവസം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തൃശൂരില്‍വെച്ച് കണ്ടു. ചലച്ചിത്രങ്ങളെപ്പറ്റിയും കലയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയുമൊക്കെ പറഞ്ഞും കേട്ടും ഇരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ 'മുഖാമുഖം' എന്ന ചലച്ചിത്രത്തെപ്പറ്റിയും സംസാരിക്കാനിടയായി. വാസ്തവത്തില്‍, വൃദ്ധരാവുന്നതിനെപ്പറ്റിയും (ageing) കലയില്‍ അത് ആവിഷ്‌ക്കരിയ്ക്കുന്നതിനെപ്പറ്റിയുമായിരുന്നു സംസാരിച്ചത്.

എനിക്ക് തോന്നാറുള്ളത്, വൃദ്ധരാവുന്നത്, നമ്മള്‍ നമ്മുടെ തന്നെ അസംഖ്യം നിശബ്ദതകളിലാണ് എന്നാണ്. ആയുസ്സിന്റെ ഓരോ ഘട്ടത്തിലെയും മാറ്റം കണ്ട് ചിലപ്പോള്‍ അമ്പരക്കാന്‍ തന്നെയുള്ള അവസരങ്ങള്‍ ആ നിശ്ശബ്ദയില്‍ നമ്മള്‍ മറച്ചുവെച്ചിരിക്കുന്നു. എന്നാല്‍, ageing-നെ പറ്റിയാണ് തന്റെ ചലച്ചിത്രം 'മുഖാമുഖം' എന്ന് അടൂര്‍ പറഞ്ഞത് എന്നെ മറ്റു പലതും ഓര്‍മ്മിപ്പിച്ചു. ആ ചലച്ചിത്രത്തിന്റെ പരമമായ ഉള്ളടക്കം 'കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അപചയം' ആണ് എന്ന് എല്ലാവരും ചര്‍ച്ച ചെയ്തിരുന്നപ്പോഴും അങ്ങനെ മാത്രം ആ ചലച്ചിത്രത്തെ കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നാണ് നേര്.'മുഖാമുഖം' വയസാവുന്നതിനെപ്പറ്റിയുള്ള ചലച്ചിത്രമാണ്. ഒരാളുടെ, അയാളുടെ ജീവിതത്തിന്റെ, അയാളുടെ ആദര്‍ശത്തിന്റെ, അയാളുടെ ബന്ധങ്ങളുടെ 'വയസ്സാവല്‍' ആ ചലച്ചിത്രത്തില്‍ തീര്‍ച്ചയായുമുണ്ട്. ഒരാള്‍ വയസ്സാവുന്നത് അയാളുടെ ഉറക്കത്തില്‍ക്കൂടിയുമാണ് എന്നും 'മുഖാമുഖ'ത്തിലെ 'ഉറക്കത്തിന്റെ നീണ്ടനേരത്തെ കാഴ്ച്ച' ഓര്‍മ്മിപ്പിക്കുന്നു. 'ഉണര്‍ന്നിരിക്കുമ്പോള്‍ അയാള്‍ അലസനും മദ്യപാനിയുമാണ്'. എന്നാല്‍, 'മുഖാമുഖം' നമ്മുടെ കലാലോകത്തില്‍ ചര്‍ച്ചയുണ്ടാക്കിയത് അതിന്റെ 'ഉള്ളടക്ക'ത്തിന്റെ പേരിലായിരുന്നു. ചലച്ചിത്രം, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നേര്‍ച്ചിത്രമാണ് എന്ന ഒറ്റവരിയില്‍ അതിനെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും സംസാരവും മുങ്ങിത്താണു. Ageing, ചലച്ചിത്രത്തിന്റെ ജീവാംശം, ആ ചര്‍ച്ചകളില്‍ നിശ്ശബ്ദമായി മറവ് ചെയ്യപ്പെട്ടു.

1984-ലാണ് 'മുഖാമുഖം' നിര്‍മ്മിക്കുന്നത്. ചൈനയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനും (ടിയനെന്‍മെന്‍ സമരം) സോവിയറ്റ് ബ്ലോക്കിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തിരോധാനത്തിനും പകരം ബഹുസ്വര ജനാധിപത്യരാജ്യങ്ങളായി അവയോക്കെയും പരിണമിക്കുന്നതിനും മുമ്പ്. കേരളത്തിലെ 1950-കളുടെ തുടക്കമാണ് ചലച്ചിത്രത്തിന്റെ ആദ്യഘട്ടം. ശ്രീധരന്‍ എന്ന വളരെ ജനപ്രിയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവും അയാളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയുമാണ് പശ്ചാത്തലത്തില്‍. ഒരു ടൈല്‍ ഫാക്ടറി ഉടമയുടെ കൊലപാതകവുമായി തന്റെ പേര് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നായകന്‍, ശ്രീധരന്‍, ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ മരിച്ചതായി കണക്കാക്കുകയും അവര്‍ അദ്ദേഹത്തിന് ഒരു സ്മാരകം പോലും സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാല്‍, ഏതാണ്ട് പത്ത് വര്‍ഷത്തിനു ശേഷം, കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം നേടുകയും നഷ്ടപ്പെടുകയും ചെയ്തതിനും ശേഷം, സി.പി.ഐ പിളര്‍ന്നതിനും ശേഷമാണ് ഈ അപ്രതീക്ഷിത തിരിച്ചുവരവ്; അതാകട്ടെ 'മറ്റൊരാള്‍' എന്ന പോലെയും.

അയാള്‍ കൂടുതല്‍ സമയവും ഉറക്കത്തിലും മദ്യപാനത്തിലും സമയം ചെലവഴിക്കുന്നു. അയാളുടെ തിരിച്ചുവരവ് ആദ്യം ഒരു പ്രഹേളികയും പിന്നീട് അയാളുടെ സഖാക്കള്‍ക്കും കുടുംബത്തിനും നാണക്കേടുമായി മാറുന്നു. അയാള്‍ ഒരേസമയം ഗതികെട്ട ഒരാളുടെയും കടുത്ത നിരാശയുടെയും പ്രതീകമാവുന്നു. ഒരു ദിവസം അയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായി അയാളുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്നിടത്ത് ചലച്ചിത്രം അവസാനിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും 'മുഖാമുഖം' അക്കാലത്ത് വമ്പിച്ച ശ്രദ്ധ നേടുകയും വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു; ദേശീയ/അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയപ്പോഴും.

അല്ലെങ്കില്‍, ഒരു പ്രത്യയശാസ്ത്രവും അതിന്റെ ഊര്‍ജ്ജപ്രസരം എക്കാലത്തെയ്ക്കുമായി കരുതുന്നില്ല. ശാശ്വതമായ ഒന്നിനെക്കുറിച്ചുള്ള അതിന്റെ പ്രവചനാത്മകത, 'കമ്മ്യൂണിസ'ത്തെക്കുറിച്ച് നാം കേട്ടു പരിചയിച്ചതുപോലുള്ളത്, മറ്റൊരര്‍ത്ഥത്തില്‍ അതിന്റെ തന്നെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് പോലുമാണ്. ക്ഷയിക്കുന്ന (decadent) ജീവനെ അത് ഓര്‍മ്മിപ്പിക്കുന്നു. എങ്കില്‍, അത്തരം ശ്വാശ്വതമായ ഒന്നിന്റെ ക്ഷയിക്കല്‍ കലയും വിഷയമാക്കുന്നു. 'മുഖാമുഖ'ത്തില്‍ നാം അഭിമുഖീകരിയ്ക്കുന്നത് അങ്ങനെ ഒന്നത്രെ: ഒരു പ്രത്യയശാസ്ത്രത്തിന്റെ, സ്വപ്നത്തിന്റെ, അതിനേക്കാള്‍ അതിലെല്ലാം ഉണ്ടായിരുന്ന ഒരാളുടെ 'ക്ഷയിക്കല്‍' നാം പരിചയപ്പെടുന്നു. ഒരുപക്ഷെ, ഈ ക്ഷയിക്കലിനെ നമ്മള്‍ കലയില്‍ ageing ആയും നമ്മള്‍ പരിചയപ്പെടുന്നു.

മതപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നിസ്സഹായത നമ്മുടെ വിശ്വാസത്തില്‍ കലരുന്നില്ലെങ്കില്‍ കലയിലെ ഈ ക്ഷയിക്കല്‍ നമ്മള്‍ മനസ്സിലാക്കുന്നു. അതിനെ സര്‍ഗ്ഗാത്മകമായി അടയാളപ്പെടുത്താനുള്ള ഉദ്യമങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നു. (പക്ഷെ, ജീവിതത്തില്‍ എന്നപോലെ കലയിലും നമ്മള്‍ വിശ്വാസികളാവാന്‍ പരിശീലിക്കപ്പെട്ടിരിക്കുന്നു.) അത്തരമൊരു വിശ്വാസം അവിചാരിതമായ ഏതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ഭയത്തെയോ ആകാംക്ഷയെയോ മാത്രമല്ല പറയുന്നത്. മറിച്ച്, വര്‍ത്തമാനത്തെ (Present), അതിന്റെ കുഴമറിച്ചിലിനെ, അതിനെ നേരെയാക്കാനുള്ള അവസാനിക്കാത്ത ശ്രമത്തെ, അത് പ്രകടിപ്പിക്കുന്നു. ജീവിതത്തില്‍ നാം നമ്മുക്ക് വേണ്ടി കണ്ടെത്തുന്ന അനവധി മാതൃകാനുസാരമായ (positive) മുഹൂര്‍ത്തങ്ങളെ അത് കരുതലില്‍ വെയ്ക്കുന്നു.

സാമൂഹ്യജീവിതത്തില്‍ ജനാധിപത്യത്തിന്റെ സാധ്യതകളും പ്രതിസന്ധികളും, ഒരു ഭരണകൂട സങ്കല്‍പ്പം എന്ന നിലയ്ക്കും പ്രത്യയശാസ്ത്രമെന്ന നിലയ്ക്കും, 'കമ്മ്യൂണിസം' ചാടിക്കടക്കുന്നത് അതിന്റെ മേധാവിത്വരാഷ്ട്രീയത്തെയും ഏക പാര്‍ട്ടി ഭരണത്തെയും അവതരിപ്പിച്ചുകൊണ്ടാണ്. നമ്മുടെയും ബൗദ്ധിക ജീവിതത്തില്‍ അതിന് ഒരു നീണ്ട ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെ, അത്തരം സമീപനങ്ങളെ സംശയിക്കുന്ന എന്തും, ഏത് കലയും, എതിര്‍ക്കപ്പെടുന്നതും സ്വാഭാവികമായിരുന്നു. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പതനത്തിന് ശേഷം അവിടെയുണ്ടായ സര്‍ഗാത്മക ജീവിതത്തിന്റെ വലിയൊരു അംശം എതെങ്കിലും വിധത്തില്‍ ആ 'ഇരുണ്ട കാല'ത്തിന്റെ ഓര്‍മ്മയുടെ അവതരണങ്ങള്‍ കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. കവികളും നോവലിസ്റ്റുകളും ചലച്ചിത്ര പ്രവര്‍ത്തകരും ഇവരില്‍ പെടുന്നു. എന്നാല്‍, അതിനെക്കാള്‍ ഭീകരമായ ഒരവസ്ഥയായിരുന്നു കമ്മ്യൂണിസത്തിന്റെ കാലത്തെ സെന്‍സര്‍ഷിപ്പിലൂടെ ജീവിക്കുകയും ആ കാലത്ത് തങ്ങളെ ആവിഷ്‌ക്കരിയ്‌ക്കേണ്ടി വന്നവരുടെയും കഥ. തര്‍ക്കൊവ്‌സ്‌കിയും കിസ്ലോവ്‌സ്‌കിയെയും പോലുള്ള വലിയ ചലച്ചിത്രകാരന്മാര്‍ക്കും തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഈ കാലത്തിനു വേണ്ടി നല്‍കേണ്ടി വന്നു എന്നത് ദുഃഖത്തോടെ ഓര്‍മ്മിക്കാനേ പറ്റൂ.

എന്നാല്‍, അതിന്റെ നിയതമായ അര്‍ത്ഥത്തില്‍, ഒരു കമ്മ്യൂണിസ്റ്റ് ഭരണക്രമം നിലവിലില്ലാത്ത കേരളീയ സമൂഹത്തില്‍, ഇത്തരം സെന്‍സര്‍ഷിപ്പ് എഴുത്തുകാരുടെയോ/ചലച്ചിത്ര പ്രവര്‍ത്തകരുടെയോ/മറ്റ് കലാ പ്രവര്‍ത്തകരുടെയോ ഭരണകൂട സങ്കല്‍പ്പത്തിന്റെ തന്നെ ഭാഗമായിട്ട് വേണം കാണാന്‍: തങ്ങളുടെ സര്‍ഗ്ഗാത്മകതയുടെ ഒരു പിളര്‍പ്പ് അവര്‍ അനുഭവിക്കുന്നു. സ്വാതന്ത്ര്യത്തിനും ഭയത്തിനും വീതം വെയ്ക്കുന്ന ഒരു കലാസങ്കല്‍പ്പം, ഈ സെല്‍ഫ്-സെന്‍സര്‍ഷിപ്പിനോടൊപ്പം വരുന്നു. അടൂര്‍, 'മുഖാമുഖ'ത്തിലൂടെ കുതറിയത് അതിനോടാണ്. തന്റെ ചലച്ചിത്രമാകട്ടെ, ageing-നെ കുറിച്ചുകൂടിയാണ് എന്ന് അദ്ദേഹം നിരന്തരം പറയുകയും ചെയ്തുകൊണ്ടിരുന്നു: കലയ്ക്ക് വേണ്ടിയും മറ്റൊരു ചര്‍ച്ചയ്ക്ക് വേണ്ടിയും.

ഫോട്ടോ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിമോഗ്രാഫി

കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വാര്‍ദ്ധക്യം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായി മാറുകയായിരുന്നു. വാര്‍ദ്ധക്യം 'ജീവിതത്തിന്റെ രണ്ടാം ഭാഗം' എന്ന ആശയമായിരുന്നു പ്രഥമമായും പങ്കുവെച്ചത് എങ്കിലും, ഈ ആശയം ചരിത്രപരമായ ''ചെറുപ്പത്തോടെ'' ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒന്നായി മാറുകയാണ് ഉണ്ടായത് : ജൈവശാസ്ത്രപരമായി മാത്രമല്ല, പ്രത്യയശാസ്ത്രപരമായും ageing പുതിയ ''ശരീരങ്ങളും'' ''ആശയങ്ങളും'' ഇന്ന് നിര്‍മ്മിക്കുന്നു.

Also Read

പൂതനയാകുന്നതു വരെ മോഹിനിയാവാൻ എല്ലാവരും ...

വാര്‍ദ്ധക്യത്തിന് നല്‍കുന്ന വിലക്ക് ഇപ്പോഴും പല സാംസ്‌കാരിക സന്ദര്‍ഭങ്ങളിലും ആധിപത്യം പുലര്‍ത്തുന്നു എന്ന് ഇന്ന് നമുക്കറിയാം. നവീകരിക്കപ്പെട്ട സമൂഹങ്ങളില്‍പ്പോലും. അതിന്റെ ഒരു ലക്ഷണമായി കാണാവുന്നത്, സമൂഹങ്ങളില്‍നിന്ന് ഉല്‍പ്പാദനക്ഷമമല്ലാത്ത മുതിര്‍ന്നവരെ വേര്‍പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നു എന്നതാണ്. നമുക്കറിയാം, പുരുഷാധിപത്യ വ്യവസ്ഥകള്‍ക്ക് കീഴില്‍, പ്രായമായ സ്ത്രീ ശരീരം വളരെ അപൂര്‍വമായി മാത്രമേ മോചിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്ന്. മാത്രമല്ല, അംഗീകൃത നിര്‍വചനങ്ങളാല്‍ ഇത്തരം ആലോചനകള്‍ തന്നെ ഒരു തരം ലജ്ജയെ സ്വയം വഹിക്കുന്നുമുണ്ട്. മറിച്ചും സംഭവിക്കുന്നുണ്ട്; പല സംസ്‌കാരങ്ങളിലും, മുതിര്‍ന്നവര്‍ ഒരു തരം ആധികാരികത പുലര്‍ത്തുന്നു, അവരുടെ അനുഭവത്തിനും അറിവിനും ബഹുമാനം നല്‍കുന്നു. അപ്പോഴും, അത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രശ്‌നമായി ageing തുടരുകയും ചെയ്യുന്നു.

മാറുന്നതും പ്രവര്‍ത്തനക്ഷമവുമായ ഒരു പരിവര്‍ത്തിയായ അവസ്ഥയാണ്, ഒരര്‍ത്ഥത്തില്‍, 'പ്രായമാകല്‍'. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ സാംസ്‌കാരികമായി ബന്ധിതമായ ഒരു സാമൂഹ്യയുഗത്തോടൊപ്പം ജൈവികവും ശാരീരികവുമായ ഒരു യുഗത്തെക്കൂടി നമ്മള്‍ കാണാന്‍ തുടങ്ങുന്നു. ജനനവും മരണവും വാര്‍ദ്ധക്യ പ്രക്രിയയും നിയന്ത്രിക്കുന്ന ഒരു പുതിയ പോസ്റ്റ്-മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ ബയോടെക്‌നോളജി വികസിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. പ്രായം കണക്കാക്കുന്ന രീതി തന്നെ ഓരോ സ്ഥലത്തും വ്യത്യസ്തമാകുന്നു എന്നും അറിയുന്നു. ഇതെല്ലാം കാണിക്കുന്നത്, ആഗോളവല്‍ക്കരിക്കപ്പെട്ട താത്കാലികതയില്‍ ശരീരത്തിന് പ്രായമാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ പുതിയ തലങ്ങളിലേക്ക് മാറുന്നു എന്നാണ്. പ്രാഥമികമായും, പ്രായം മനുഷ്യശരീരത്തെ അതിന്റെ മാധ്യമമായി പ്രകാശിപ്പിക്കുന്നു. ഉദാഹരണത്തിന്, പ്രായമാകല്‍ നര്‍ത്തകരുടെ ശരീരത്തെ മറ്റേതൊരു തരത്തിലുള്ള കലാകാരന്മാരേക്കാളും കൂടുതല്‍ ആഴത്തില്‍ ബാധിക്കുന്നു. എന്നാല്‍, 'മുഖാമുഖം' പോലുള്ള ഒരു ചലച്ചിത്രത്തില്‍ ageing, കലയുടെ തന്നെ വിഷയമാകുമ്പോള്‍, അത്, എങ്ങനെയാകും ചിത്രീകരിക്കപ്പെട്ടിരിക്കുക?

അടൂര്‍ തന്റെ ചലച്ചിത്രം, ageing-നെ പറ്റിയായിരുന്നു എന്ന് പറയുന്നുവെങ്കിൽ, മനുഷ്യാവസ്ഥയിലെ ഏറ്റവും ഏകാന്തമായ ഒരു ഘട്ടത്തെ, വാര്‍ദ്ധക്യത്തെ, 'മുഖാമുഖ'ത്തിലെ നായകന്‍ ഒരേ സമയം രണ്ടു വിധത്തില്‍ ആവിഷ്‌ക്കരിക്കുകയായിരുന്നിരിക്കണം: ഒന്ന്, ഒരിക്കല്‍ അയാള്‍ പ്രതിനിധീകരിച്ച രാഷ്ട്രീയ സങ്കല്‍പ്പത്തിന്റെ ക്രമേണയുള്ള ക്ഷയിക്കല്‍. രണ്ട്, തന്റെ തന്നെ പ്രാതിനിധ്യത്തിനകത്ത് ഒരാളുടെ എരിഞ്ഞുതീരല്‍. ഈ രണ്ടിലും ക്ഷയിക്കല്‍ എന്നാല്‍ ageing എന്നുകൂടിയായി മാറുന്നു. ഒരു പക്ഷെ, ഈ രണ്ടാമത് പറഞ്ഞതായിരുന്നു, അടൂര്‍ പറഞ്ഞ വിധത്തില്‍, ageing-നെ നേരിടുന്നത് : അത്ര ഏകാന്തവും ശോചനീയവുമായ ഒരവതരണമായിരുന്നു അത്. ചലച്ചിത്രത്തിലെ പല സന്ദരഭങ്ങളിലും അവതരിപ്പിക്കപ്പെട്ട നായകന്റെ ഉറക്കം ആ കഥയുടെ പരമമായ ഒരവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു.

ഞാന്‍ 'മുഖാമുഖ'ത്തിലെ നായകനെ ഒന്നുകൂടി ഓര്‍ക്കട്ടെ: കേരളത്തിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കും വിപ്ലവത്തിലേക്കും ആകര്‍ഷിക്കപ്പെട്ട ഒരു യുവാവിന്റെ ബാക്കിവരുന്ന ''ശേഷം കാല''ത്തെയാണ്, അയാളുടെ Ageing ആണ് അടൂര്‍ തന്റെ ചലച്ചിത്രത്തില്‍ കാണിക്കുന്നത്. കഥയില്‍, ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ കമ്മ്യൂണിസത്തിന്റെ ക്ഷയിക്കല്‍, അതിലെ പിളര്‍പ്പുകള്‍, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള നായകന്റെ അകല്‍ച്ച, ഇതെല്ലാം കടന്നുവരുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍, ഒരാള്‍ അയാളുടെ വാര്‍ദ്ധക്യത്തെ നേരിടുന്ന നിസ്സഹായതയുമുണ്ട്. പക്ഷെ, അക്കാലത്തും പിറകെ വന്ന വര്‍ഷങ്ങളിലും അങ്ങനെയൊരു ചര്‍ച്ച അസാധ്യമാക്കുന്ന വിധം ആ ചലച്ചിത്രത്തിന്റെ 'കമ്മ്യൂണിസ്റ്റ് വിരുദ്ധത'യാണ് സംസാരവിഷയമായത്.

ഇതിലൂടെ, നമ്മുടെ സമൂഹത്തിലെ ദീര്‍ഘവും ആഴത്തിലുളളതുമായ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യത്തെ മാത്രമായിരുന്നില്ല പ്രകടിപ്പിച്ചത്. മറിച്ച്, കലയില്‍, കലയോടുള്ള സമീപനത്തില്‍, മലയാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലാവണ്യവിശ്വാസത്തെക്കൂടിയായിരുന്നു. അത് പലപ്പോഴും 'കലാവിരുദ്ധ'വുമായിരുന്നു.

തീര്‍ച്ചയായും, അടൂര്‍ ഗോപാലകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് ഭരണക്രമം നിലനിന്നിരുന്ന 'സോവിയറ്റ് ബ്ലോക്കി'ലെ ഏതെങ്കിലും രാജ്യത്തെ ചലച്ചിത്രകാരനായിരുന്നില്ല. എന്നാല്‍, ഒരു ഭരണകൂട സങ്കല്‍പ്പം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിന്റെ ക്ഷയം, ഒരു മലയാളി എന്ന നിലയ്ക്ക്, അദ്ദേഹത്തെ ആകര്‍ഷിച്ചതില്‍ അത്ഭുതവും തോന്നില്ല. 'ഇരുമ്പുമറ'യുടെ കാലത്തെ വിഖ്യാതമായ 'സോഷ്യലിസ്റ്റ് കലാസങ്കല്‍പ്പങ്ങള്‍' അടൂരിന് അപരിചിതവുമാവാനും വഴിയില്ല. എന്നാല്‍, തന്റെ ചലച്ചിത്രത്തിന്റെ കഥ, ageing-നെ പറ്റിയായിരുന്നു എന്ന് പറയുമ്പോള്‍ അതിലൂടെ പങ്കുവെയ്ക്കുന്ന ഉത്കണ്ഠ, ആ കാലത്ത്, എന്തുകൊണ്ടോ ചര്‍ച്ച ചെയ്യാതെ പോയി എന്നാണ് അന്നും ഇന്നും ബാക്കിയാവുന്ന യാഥാര്‍ത്ഥ്യം.

Content Highlights: Aksharamprathi, Karunakaran, Adoor Gopalakrishnan, Aging, Communism, Mukhamukham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented