പ്രിയപ്പെട്ട പുസ്തകം നോക്കി അവള്‍ പറഞ്ഞു:ആ പുസ്തകം ഇനി വായിക്കാന്‍ വയ്യ,അതും ഈ പ്രായത്തില്‍!


കരുണാകരന്‍

മറ്റൊരു ചോദ്യത്തിന്, മാര്‍ക്വേസ്, തന്റെ നോവലുകളുടെയും എഴുത്തിന്റെയും ഉത്ഭവത്തെപ്പറ്റി ഒരൊറ്റ വാചകത്തില്‍ ഒരു മറുപടി പറയുന്നു

പ്രതീകാത്മക ചിത്രം

രു പുസ്തകത്തിനു മാത്രമായി തന്റെ ആരാധന മാറ്റിവെയ്ക്കുന്ന ഒരു വായനക്കാരന്‍, ചിലപ്പോള്‍ എഴുത്തുകാരന്റെ തന്നെ മറുജന്മമായിരിക്കണം: ഒരൊറ്റ പുസ്തകത്തില്‍ തന്റെ എല്ലാ പുസ്തകങ്ങളും വിലയിക്കുന്നത് കാണാന്‍ വിധിക്കപ്പെട്ട ഒരാള്‍. ഗോര്‍ഗെ ഇവാന്‍ സലാസ്സാര്‍, കൊളമ്പിയന്‍ എഞ്ചിനീയര്‍, 'ഏകാന്തയുടെ നൂറു വര്‍ഷം' എന്ന നോവലിന്റെ മാത്രം സൂക്ഷിപ്പുകാരനാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വെസിന്റെ വിശ്വപ്രസിദ്ധമായ മാസ്റ്റര്‍പീസിന്റെ 379 എഡിഷനുകള്‍ സലാസ്സാര്‍ സൂക്ഷിക്കുന്നു. 1967-ലെ ആദ്യത്തെ എഡിഷന്‍ അടക്കം 50 ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും, തമിഴ്‌മൊഴിയിലേതും, ഈ വായനക്കാരന്‍ സൂക്ഷിക്കുന്നു. 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകം'.

ബാലനായിരുന്നപ്പോള്‍ വായിക്കുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത ഒരു പുസ്തകം താന്‍ വീണ്ടും കണ്ടെത്തുകയായിരുന്നു എന്ന് സലാസ്സാര്‍ പറയുന്നു. രണ്ടാമത്തെ വായന തീര്‍ന്നതും ഉടനെ ഞാനത് വീണ്ടും വായിച്ചു. പിന്നെയുള്ള പതിനാറ് വര്‍ഷം 'ഏകാന്തത'യുടെ പതിപ്പുകള്‍ അയാള്‍ തന്റെ സ്വകാര്യലൈബ്രറിയിലേക്ക് ശേഖരിക്കാന്‍ തുടങ്ങി. അതിലേക്ക് പല ഭാഷകളില്‍ നിന്നുമുള്ള വിവര്‍ത്തനങ്ങള്‍ എത്തി. ചൈനീസ് ഭാഷയിലേക്ക് അജ്ഞാതനായ ഒരാള്‍ തട്ടിക്കൊണ്ട് പോയതും (അയാളെ മാര്‍ക്വേസ് വിശേഷിപ്പിച്ചത് ഇങ്ങനെ: The greatest pirate in the world) സോവിയറ്റ് കാലത്ത് സെന്‍സര്‍ ചെയ്ത റഷ്യന്‍ പതിപ്പുമുണ്ട്.

മക്കാണ്ടോയുടെയും ബ്യൂയിദിയാ കുടുംബത്തിന്റെയും ജീവിതകഥ നമ്മുടെ ഭാഷയുടെയും ഏകാന്തവിസ്മയമായി മാറിയിട്ടും വര്‍ഷങ്ങളായി എനിക്കത് മുപ്പത് ആണ്ടുകളുടെ പഴക്കമുള്ള ഓര്‍മ്മയും: എന്റെ ഒരു ഗുജറാത്തി കൂട്ടുകാരിക്ക് അക്കാലത്ത് അവളുടെ അമ്മാവന്‍ സമ്മാനിച്ച ഇംഗ്ലീഷ് വിവര്‍ത്തനമാണ് എനിക്ക് സമ്മാനമായി കിട്ടിയത്. പുസ്തകം വായിക്കുന്നതിനും മുമ്പ് ഒരു വൈകുന്നേരം അവള്‍ അതിന്റെ കഥ ഒറ്റവരിയില്‍ പറഞ്ഞു: ഇതിലാരും മരിക്കുന്നില്ല, മരിക്കുന്നവരും. ഏതുയാത്രയിലും ഒറ്റയ്ക്കാവുമ്പോള്‍ കൂട്ടുപോരുന്ന കഥകളുടെ പിറുപിറുപ്പുള്ള വിറയല്‍ പിന്നെ ഒരു ബാധയായി കൂടെ പോന്നു. എക്കാലത്തെയ്ക്കുമായി ഞാന്‍ 'യാഥാര്‍ത്ഥ്യ'ത്തില്‍ നിന്നും മോചിക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. ഭാവനയുടെ നായാടികളാവാന്‍ ഓരോ വായനക്കാരിയെയും പ്രേരിപ്പിച്ച ആ പുസ്തകത്തിന്റെ ഒരു വഴി അല്ലെങ്കില്‍ അതിന്റെ മായാമൃഗത്തിന് പിറകെ നടത്തലായിരുന്നു.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും മുതിരുകയും ആയുസ്സിലേക്ക് കുതിയ്ക്കുകയും ചെയ്തു. ഒരു ദിവസം ഞങ്ങളുടെ മകള്‍ കല്യാണി, പറഞ്ഞു: മാര്‍ക്വേസിനെ വായിക്കുമ്പോള്‍ നമ്മുക്ക് ഒരു 'Hope' കിട്ടും. അവള്‍ അദ്ദേഹത്തിന്റെ കഥകള്‍ ചിലത് വീണ്ടും വായിക്കുകയായിരുന്നു. അതിനും മുമ്പേ One Hundred Years of Solitude, അതെ, ഈ നോവലും വായിച്ചിരുന്നു. ഞാന്‍ ചിരിച്ചു. 'ഒരു പക്ഷെ, അതെ'.

പുസ്തകങ്ങള്‍, ഫിക്ഷന്‍, നമുക്ക് ആശ തരുന്നു എന്ന് പറയാമോ എന്നറിഞ്ഞുകൂടാ, ഒരുപക്ഷെ ഒരു ദിവസത്തെ ജീവിതത്തെ അത് നമ്മുടെ ആധികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നുണ്ടാവും, അപ്പോഴും അതൊരു കവചമോ മോചനമോ നല്‍കുന്നില്ല. പക്ഷെ 'ആശ നിലനിര്‍ത്തുന്നു. കലയും സാഹിത്യവും കണ്ടുപിടിച്ച മനുഷ്യജീവിതത്തിന്റെ ആജീവാനന്ത ഓര്‍മ്മയാണത്. എങ്കില്‍, യുദ്ധവും തോല്‍വിയും ഏകാന്തതയും പ്രണയവും ജീവിതവും മരണവും സ്വപ്നവും മറവിയും എല്ലാം തീവ്രമായ ആശയോടെത്തന്നെ പ്രത്യക്ഷപ്പെടുന്ന ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ രചനകള്‍ ഒരാള്‍ക്കു തരുന്ന ആശ, തീര്‍ച്ചയായും, ജീവിതത്തെക്കുറിച്ച് പറയുന്നതല്ല എന്ന് ഞാന്‍ കരുതുന്നു. സാഹിത്യത്തിന്റെ വാഗ്ദാനമാണത്. അങ്ങനെ കലയുടെ പ്രത്യക്ഷമായ സാന്നിധ്യം ഒരാള്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കുന്നതിന്റെ തെളിവോ ഓര്‍മ്മയോ ആണത്.

എണ്‍പതുകളിലാദ്യം മാര്‍ക്വേസിന്റെ നോവല്‍, ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, വായിക്കുമ്പോള്‍ ഞാന്‍ ബോംബെയിലാണ്. വിപ്ലവങ്ങള്‍ മനുഷ്യരെയും സമൂഹത്തെയും രാജ്യത്തെയും മാറ്റുമെന്ന് വിശ്വസിക്കുന്ന നാളുകളില്‍. നോവലിന്റെ ആദ്യവായനതന്നെ എന്നെ ഉള്ളില്‍ ചിതറിയ്ക്കുന്നപോലെയായിരുന്നു. സ്വപ്നം എന്നാല്‍ യാഥാര്‍ത്ഥ്യമോ യാഥാര്‍ത്ഥ്യത്തിന്റെ തന്നെ മാന്ത്രികമായ ആഗ്രഹമോ എന്നറിയാത്തവിധം, ആ നോവല്‍, ഒരു രാജ്യംപോലെ എന്റെ ഉള്ളില്‍ കിടന്നു. പിന്നെ പല സമയങ്ങളില്‍, എന്റെ തന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മാര്‍ക്വേസിന്റെ രചനകള്‍ എനിക്ക് വായിക്കാന്‍ കിട്ടി. പിന്നെയും കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എഴുതിയ നോവലില്‍, ('യുവാവായിരുന്ന ഒന്‍പതു വര്‍ഷം') ആ കാലം ഞാന്‍ വീണ്ടും ഓര്‍ത്തു: ജീവിതം ആഗ്രഹിക്കുക എന്ന പരമമായ ആഗ്രഹത്തിലേക്ക് മാത്രം മനുഷ്യര്‍ ചുരുങ്ങുന്നു എന്നപോലെ. പ്രണയം ആഗ്രഹിച്ചവരും യുദ്ധം ആഗ്രഹിച്ചവരും സമാധാനം ആഗ്രഹിച്ചവരും ഓര്‍മ്മ ആഗ്രഹിച്ചവരും മറവി ആഗ്രഹിച്ചവരും എന്ന് ആ നോവല്‍ എന്റെ കൂടെ വന്നു.

മാര്‍ക്വേസിന്റെ രചനകളില്‍ ഞാന്‍ ഒരുപക്ഷെ രണ്ടിലധികം പ്രാവശ്യം വായിച്ച പുസ്തകങ്ങളും കഥകളുമുണ്ട്. സന്ദര്‍ശിക്കാതിരിക്കുമ്പോഴും വീണ്ടും വീണ്ടും ചെന്നുപെടുന്ന ഒരു പട്ടണംപോലെ അപ്പോഴൊക്കെ ആ വായന അനുഭവപ്പെടുന്നു. ആ രചനകള്‍ എന്തുമാത്രം പരിചിതമാണ് എന്നല്ല അപ്പോഴൊക്കെ തോന്നുക; മറിച്ച്, എഴുത്തില്‍ സമ്പൂര്‍ണ്ണമായും ഉള്ളടങ്ങിയിരിക്കുന്ന അപരിചിതത്വമാണ് ആ രചനകളെ ലോകത്തിനു അന്യൂനമായ അനുഭവമാക്കുന്നത് എന്നാണ്. അങ്ങനെയാണ് ആ കഥകള്‍, ആ നോവലുകള്‍, ലോകത്തിലെ പല ഭാഷകളിലും അവതരിക്കുന്നത്. ആ കഥകള്‍, അവയുടെ അപരിചിതത്വത്തെ മനുഷ്യസഹജമായ വാസനകളോടെ ലോകത്തിനുപരിചിതമാക്കുന്നു.

ഒരുപക്ഷെ, മാര്‍ക്വേസ് തന്നെ ഇതിന്റെ ഒരു കാരണം തന്റെയൊരു അഭിമുഖത്തില്‍ പറയുന്നുമുണ്ട്, തന്റെ എഴുത്തിലെ സംസ്‌ക്കാരങ്ങളുടെ മിശ്രിതത്തെപ്പറ്റിയാണത്: I wans't really conscious of the multicultural influence when I was writing them. It came to me of its own accord. It was only afterwards that I realized that almost unintentionally there were elements of this cultural mingling in my work, elements that had crept in gradually as I was writing.

ഇനി പറയുന്നത് ഞാന്‍ കുറച്ചു വര്‍ഷം മുമ്പ് എഴുതിയതാണ്. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കട്ടെ. ഒരിക്കല്‍, ഒരു രാവിലെ, എന്റെ ഒരു സുഹൃത്തിനൊപ്പം കുവൈത്തിലെ പുതിയ പുസ്തകക്കടയില്‍ എത്തി. ഒരു വലിയ കെട്ടിടത്തിന്റെ ബെയ്‌സ്മെന്റിലാണ് ആ കട ഉണ്ടായിരുന്നത്. കടയില്‍ കടക്കാരന്‍, ഞങ്ങള്‍ രണ്ടുപേര്‍, ഒരു യുവതി അവളുടെ രണ്ടു മക്കള്‍ അത്രയും പേരെ ഉണ്ടായിരുന്നുള്ളൂ. അല്ല, ഒരു പൂച്ചയും ഉണ്ടായിരുന്നു. പൂച്ച ഒരുപക്ഷേ പുസ്തകങ്ങളുടെ സൂക്ഷിപ്പുകാരനായിരിക്കും, കാഷ്‌കൗണ്ടറില്‍ മീശ തടവിക്കൊണ്ട് അത് കടക്കാരനുമൊപ്പം മുഴുവന്‍ നേരവും ഇരുന്നു. ഞങ്ങള്‍ പുസ്തകങ്ങള്‍ തെരയാന്‍ തുടങ്ങി. ചങ്ങാതി ആയിടെ അയാള്‍ക്ക് നഷ്ടപ്പെട്ട മാര്‍ക്കേസിന്റെ പുസ്തകങ്ങള്‍ ഓരോന്നായി കണ്ടെത്താനും ശേഖരിക്കാനും തുടങ്ങി. ഞാന്‍ മറ്റൊരിടത്ത് എന്റെ പുസ്തകങ്ങള്‍ തിരയുകയും. ആ സമയം, ചങ്ങാതി, മാര്‍ക്വേസിന്റെ 'Love in the Time of Cholera' എന്ന നോവലിനെക്കുറിച്ച് എന്തോ എന്നോട് പറഞ്ഞു. കുറച്ചു ദൂരെയാണ് അയാള്‍. കടയിലെ നിശ്ശബ്ദത എന്റെ ചങ്ങാതി പറഞ്ഞതിനെ പെരുപ്പിച്ചു പറയുകയായിരുന്നു, പുസ്തകത്തിലെ ഏതോ പേജ് നിവര്‍ത്തി ചങ്ങാതി എന്റെ അരികിലേക്ക് വന്നു. ആയിടെ ഞാനത് ഒന്നുകൂടി വായിച്ചിരുന്നു. മറ്റെന്തോ ഓര്‍ത്താകണം, അല്ലെങ്കില്‍ മറ്റെന്തോ കണ്ടുപിടിക്കാന്‍. ആ പുസ്തകത്തിലെ 'അനശ്വരമായ' പ്രണയമല്ലായിരുന്നു, ഞാന്‍ ഓര്‍ത്തു വെച്ച കഥ. ഓര്‍മ്മയില്‍ നിന്നും ഒരു നിമിഷംപോലും വിട്ടുപോകാതെ, ഒരു തെരുവിലും നഷ്ടപ്പെടുത്താതെ, ഒരു കാലത്തിലും കൈമോശം വരാതെ, ഒരു പ്രണയത്തിന്റെ വയസ്സാകല്‍- അത്, മനുഷ്യരെ സംബന്ധിച്ച ഓര്‍മ്മയാണല്ലോ എന്ന് ഹതാശമാകുന്ന നിമിഷങ്ങള്‍- അതായിരുന്നു പലപ്പോഴും ഞാന്‍ ഓര്‍ത്ത കഥ.

ചങ്ങാതിയോട് ഞാന്‍ ആ പുസ്തകം വീണ്ടും വായിച്ചതിനെപ്പറ്റി, ഇപ്പോള്‍ ഈ എഴുതിയപോലെ എന്തോ പറഞ്ഞു. കടയിലെ നിശ്ശബ്ദത വീണ്ടും അത് പെരുപ്പിച്ചുകേള്‍പ്പിച്ചു. അതുവരെയും അവിടെ മറ്റൊരു സ്ഥലത്തായിരുന്ന യുവതി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. അവളുടെ പിറകെ അവളുടെ കുട്ടികളും വന്നു. യുവതി ഞങ്ങളെ രണ്ടുപേരെയും നോക്കി അവള്‍ക്കും പ്രിയപ്പെട്ട പുസ്തകമാണ് Love in the Time of Cholera എന്നുപറഞ്ഞു. അവളത് മുമ്പേ വായിച്ചതാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത്. പുസ്തകം അവളുടെ അച്ഛന്റെ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. ''പക്ഷെ രണ്ടാമതും ആ പുസ്തകം വായിക്കാന്‍ വയ്യ'' യുവതി ചിരിച്ചുകൊണ്ട് എന്നെ നോക്കിപറഞ്ഞു. ''അതും ഇനി ഈ പ്രായത്തില്‍''.

അവളുടെ കണ്ണുകളിലെ വെളിച്ചം ഒരു ഞൊടി വെള്ളത്തിലെന്നപോലെ ചിതറി. എന്റെ കണ്ണുകളും ഞാനറിയാതെ നനഞ്ഞു. ഞാന്‍ അവളെ നോക്കി ചിരിച്ചു. വായനക്കാര്‍ ചിലപ്പോഴൊക്കെ എഴുത്തുകാരുടെ ആത്മാക്കളെപ്പോലെയാണ് എന്ന് പറഞ്ഞു. എഴുത്തുകാരെ വിട്ട് ആ ആത്മാക്കള്‍ അലഞ്ഞു നടക്കുന്നു എന്ന് കളിയായി പറഞ്ഞു. പിന്നെയും ഞങ്ങള്‍ ഗാര്‍സ്യാ മാര്‍ക്കെസിനെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും വായനക്കാരെ പറ്റിയും പറഞ്ഞു.

അന്ന് അവിടെ നിന്നും മടങ്ങിപ്പോരുമ്പോള്‍ ഞാനും ചങ്ങാതിയും പറഞ്ഞതും വായനക്കാരെപ്പറ്റിയായിരുന്നു. ''ജീവന്‍ പോയി'' എന്ന വിധം നമ്മള്‍ ചില ഭയങ്ങള്‍ക്ക് മുമ്പില്‍ ചിലപ്പോള്‍ വന്നുപെടുന്നു. ചിലപ്പോള്‍ 'ജീവനും കൊണ്ട്''അവിടെ നിന്നും ഓടിപോകുന്നു. അതുപോലെ, ഒരിക്കല്‍ നമ്മുടെ തന്നെ ജീവനെ വന്നു മുട്ടിയ കഥയുമുണ്ടാകും. പിന്നീട് ജീവിതത്തിന്റെ പ്രിയപ്പെട്ട ഒരംശമാകുന്നു, അത്. ചിലപ്പോള്‍ വേദനയുടെ തന്നെ ഓര്‍മ്മയും.
മറ്റൊരു ചോദ്യത്തിന്, മാര്‍ക്വേസ്, തന്റെ നോവലുകളുടെയും എഴുത്തിന്റെയും ഉത്ഭവത്തെപ്പറ്റി ഒരൊറ്റ വാചകത്തില്‍ ഒരു മറുപടി പറയുന്നു. 'I think it all comes from nostalgia.' തുടര്‍ന്ന്, രാജ്യത്തോടും ജീവിതത്തെപ്പറ്റി മാത്രവുമുള്ള ഗൃഹാതുരത്വം എന്ന് അതിനെ മാര്‍ക്വേസ് വിശദീകരിക്കുന്നു.

''ഏറ്റവും അവസാനം ഞാന്‍ നേടിയ കോപ്പി ഫാറോ ദ്വീപുകളിലെ ഭാഷയിലെതാണ്'', ഗോര്‍ഗെ ഇവാന്‍ സലാസ്സാര്‍, കൊളമ്പിയന്‍ എഞ്ചിനീയര്‍, ''ഏകാന്തയുടെ നൂറു വര്‍ഷം' എന്ന നോവലിന്റെ മാത്രം സൂക്ഷിപ്പുകാരന്‍ പറയുന്നു.' അത്രയും ദൂരത്ത് ഒരു ഭാഷയില്‍ 'ഏകാന്തതയുടെ ഒരുനൂറു വര്‍ഷ'ത്തിന് ഒരു പരിഭാഷയുണ്ടായിരിക്കുന്നു എന്നത് എന്നെ അതിയായി സന്തോഷിപ്പിക്കുന്നു.''

മകള്‍ പറഞ്ഞത് ഓര്‍ത്തു: Hope. കലയെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമായിരിക്കണം അവളും അപ്പോള്‍ ഓര്‍ത്തത്.

Content Highlights: Aksharamprathi, Karunakaran, Gabriel Garcia Marquez, Love in the Time of Cholera


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented