പ്രതീകാത്മക ചിത്രം
ഞാന്‍ പലപ്പോഴും ചെയ്യുന്ന ഒന്നാണ് ഏതെങ്കിലും ഒരു പുസ്തകം എടുത്ത് ഏതെങ്കിലും ഒരു പേജ് നിവര്‍ത്തി വായിക്കുക എന്നത്: വിരസതയെ നേരിടുന്ന ഒരു രീതി എപ്പോഴും എന്തെങ്കിലും ചെയ്യുക എന്നാവില്ലല്ലോ, പകരം ഇഷ്ടമുള്ള എന്തിന്റെയെങ്കിലും ഓര്‍മ്മയില്‍ ചെന്നുപെടുക എന്നുമാവാമല്ലോ. പുസ്തകങ്ങള്‍ എടുത്ത് മറിച്ച് നോക്കുന്നത് അങ്ങനെയൊരു അവസരം തരുന്നു. ചിലപ്പോള്‍ അത് രാത്രിയെ നേരിടുന്ന ഒരു പതിവുരീതിയാണ്. ആദ്യമോ അവസാനമോ എന്ന് അതുവരെയും കണ്ടുപിടിക്കാത്ത ഒരു നിമിഷത്തെ ഒരു വരി, ഒരു പക്ഷെ, ആ പേജില്‍ തെളിയുന്നു. ഭാവിയോ ഭൂതമോ ഇല്ലാത്ത ഒരു നിമിഷം ആ ഒരു വരിയ്ക്കുണ്ട്. അങ്ങനെ കഥയോ കവിതയോ വായിക്കുന്ന ഒരു ശീലം ഞാന്‍ പാലിക്കുന്നു.
ഒരു പുസ്തകം വായിക്കാതെത്തന്നെ ആ പുസ്തകത്തെപ്പറ്റി ഒരാള്‍ക്ക് പറയാന്‍ പറ്റും എന്ന് ഉദാഹരണങ്ങളോടെ പറയുന്ന ഒരു പ്രബന്ധം പ്രസിദ്ധ എഴുത്തുകാരനും ചിന്തകനുമായ ഉമ്പര്‍ട്ടോ എക്കോ എഴുതിയത് എപ്പോഴോ വായിച്ചത് ഓര്‍ക്കുന്നു. പുസ്തകം വായിക്കാതെ പുസ്തകത്തെപ്പറ്റി പറയുന്ന ആള്, വായനാനുഭവങ്ങളുടെ ഉടമയാണ്, പുസ്തകപ്പുഴുവല്ല. പുസ്ത്കങ്ങള് മറിച്ചുനോക്കേണ്ടതില്ല, അതിലെ സൂചകങ്ങളോ, ബ്ലര്‍ബോ നോക്കേണ്ടതില്ല, അയാള്‍ പക്ഷെ ആ പുസ്തകത്തെപ്പറ്റി പറയുന്നു. അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും അതിന്റെ മനോഭാവത്തെപ്പറ്റിയും മറ്റൊരാളോട് സംസാരിക്കുന്നു. ചിലപ്പോള്‍ എഴുതുന്നു. നമ്മള് വായിച്ച പുസ്തകത്തിലെ പല ഭാഗങ്ങളും നമ്മള് മറക്കുന്നുവെന്നും പകരം അതിന്റെ ഒരു ഗുണചിത്തമായ ചിത്രമാണ്, virtual picture ആണ്, നമ്മുടെ മനസ്സില്‍ ഉണ്ടാവുക എന്നും എക്കോ പറയുന്നു. അപ്പോഴും നമ്മുക്ക് ആ പുസ്തകത്തെപ്പറ്റി അറിയാം എന്നും എക്കോ എഴുതുന്നു.
ഈ വാദങ്ങളുടെ യുക്തിയെപ്പറ്റി ആലോചിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. മറ്റൊരു കൗതുകമാണ് പങ്കുവെക്കുന്നത്: എഴുത്തിന്റെയും വായനയുടെയും മനോബലം ആലോചിക്കുക!
കഴിഞ്ഞ നാളില്‍, ഇങ്ങനെയൊരു അവസരത്തില്‍ വായിക്കാനെടുത്ത പുസ്തകത്തിലെ ഒരു കഥയെക്കുറിച്ച് എഴുതട്ടെ. അല്ലെങ്കില്‍, ഈ കഥ വളരെ മുമ്പേ വായിച്ചതാണ്. ഇപ്പോള്‍ വീണ്ടും അതേ പേജുകളില്‍ എത്തിയിരിക്കുന്നു എന്ന് മാത്രം.
അല്ലെങ്കില്‍, ഒരു വാചകംകൊണ്ട് മാത്രം നമ്മള് ഓര്‍മ്മിക്കുന്ന ചില കഥകളുണ്ട്. ഒരൊറ്റ മണിയൊച്ചയില്‍ ഉണര്‍ന്ന കോവില്‍ പോലെ അത് നമ്മെ അതേ പരിസരത്തിലേക്ക് കൊണ്ടുവരുന്നു. എങ്കില്‍, ഈ കഥയില്‍ ആ വരി ഇങ്ങനെയാണ് :'ഞാന്‍ തിരിഞ്ഞു നിന്നു, ആ ഒച്ചയെ ഉള്ളാല്‍ ശപിച്ചു'... യമനി എഴുത്തുകാരന്, മുഹമ്മദ് അബ്ദുള്‍-വാലിയുടെ (Mohammad Abdul-Wali, (19401973)) ഒരു ചെറുകഥയിലെ (Ya Khabiir) ഈയൊരു വാചകത്തില്‍ നിന്നാണ് പിന്നെ ഞാന്‍ ആ കഥയുടെ ആദ്യത്തിലേക്ക് പോയത്. പിറകെ കഥ വായിച്ചത്.
നാല് ദിക്കുകളിലേക്കും പടരുന്ന വിജനത, അതില്‍ തെളിയുന്ന ഒരു നാട്ടുവഴിയിലൂടെ രണ്ടുപേര്‍ നടന്നുപോകുന്നു. ഒരാള്‍, പട്ടണത്തില്‍ നിന്നും മടങ്ങുകയാണ്. ഏതോ ഒരു സര്‍ക്കാര്‍ ആപ്പീസിലേക്ക് ചില കടലാസുകള്‍ ശരിയാക്കാന്‍ പോയതാണ് അയാള്‍. പക്ഷെ ഒന്നും നടന്നില്ല. ആ വിഷമവും ആ നിരാശയും തന്നോടുതന്നെയുള്ള വെറുപ്പുപോലെ അയാളുടെ കൂടെയുണ്ട്. അയാളാണ് ഈ കഥ പറയുന്നത്. ഇപ്പോള്‍ അയാളെ പിറകില്‍ നിന്നും ആരോ വിളിക്കുകയായിരുന്നു. അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് തന്റെ പിറകെ, ദൂരെയായി, നടന്നുവരുന്ന ഒരു പട്ടാളക്കാരനെയാണ്. പട്ടാളക്കാരന് അയാളോട് തന്നെ കാത്തുനില്ക്കാന് പറയുന്നു. ''ഞാനും കൂടെ വരുന്നു'' എന്ന് വിളിച്ചുപറയുന്നു.
ഇപ്പോള്‍ അവര്‍ രണ്ടുപേരും ഒരുമിച്ച് നക്കാന്‍ തുടങ്ങുന്നു. ഒരു പട്ടാളക്കാരനോടോപ്പമുള്ള നടത്തം അയാളെ ഭയപ്പെടുത്തുന്നുണ്ട്. പട്ടാളക്കാരനെ തന്റെ മുമ്പില്‍ നടത്താനായി അയാള്‍ തന്റെ നടത്തം പതുക്കെയാക്കുന്നുപോലുമുണ്ട്. പക്ഷെ ചെറുപ്പക്കാരനായ പട്ടാളക്കാരന് തന്നെക്കാള്‍ പ്രായമുള്ള അയാളെ ബഹുമാനത്തോടെ മുമ്പില്‍ത്തന്നെ നടത്തുന്നു. പിന്നെ നാം വായിക്കുന്നത് അവര്‍ തങ്ങളുടെ അപരിചിതത്വത്തെ ചെറിയ ചെറിയ വാക്കുകള്‍കൊണ്ട് ആ അന്തിനടത്തത്തിനൊപ്പം ചേര്‍ക്കുന്നതാണ്. അഥവാ, കഥയുടെ ഘടന അവരുടെ സംഭാഷണമാണ്. നിര്‍ദ്ദയമായ ഭരണക്രമവും തുടരെയുള്ള അഭ്യന്തരയുദ്ധങ്ങളും തകര്‍ത്ത ഒരു രാജ്യത്ത് ഉണ്ടാകാവുന്ന ജീവഭയം കഥയുടെ പ്രാണന്പോലെയാണ്. നമ്മള് യമന്‍ എന്ന ആ രാജ്യത്തെ ഓര്‍ക്കുന്നു. തീരാത്ത യുദ്ധങ്ങളും തീരാത്ത ദുരിതവും തീര്‍ത്ത അവിടത്തെ മനുഷ്യരെ ഓര്‍ക്കുന്നു. ഞാനാകട്ടെ, ഒരിക്കല്‍ എന്റെ സഹപ്രവര്‍ത്തകനും ചങ്ങാതിയുമായ യമനി സുഹൃത്തിനെ ഓര്‍മ്മിക്കുന്നു. എത്രയോ വര്‍ഷങ്ങളായി അയാള്‍ തന്റെ ജന്മനാടിന്റെ ഓരോ പ്രതിസന്ധിയും തന്റേതുകൂടിയായി അനുഭവിക്കയാണ്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീടിനെപ്പറ്റി ആയിടെ എന്റെ ചങ്ങാതി പറഞ്ഞതാണ്. അബ്ദുള്‍ വാലിയുടെ കഥയില്‍, ചെറിയ ചെറിയ വാചകങ്ങള്‍കൊണ്ടു പറയുന്ന തങ്ങളുടെ ജീവിതം, അവര്‍ക്ക് ചുറ്റുമുള്ള വിജനത, നിരാശ്രയരായ മനുഷ്യരുടെ ഒരു ദിവസത്തെ ഓര്‍മ്മിക്കുന്നു. അവര്‍ക്ക് ചുറ്റുമുള്ള വിജനത രാജ്യങ്ങള്‍ അവയുടെ പൗരന്മാരെ വളയുന്നത് ഓര്‍മ്മിപ്പിക്കുന്നു. അത് നമ്മെ ഏത് രാജ്യത്തിലെയും അനുഭവമാക്കുന്നു.
പിറകില്‍ നടക്കുന്ന പട്ടാളക്കാരന് ഏത് നിമിഷവും തന്നെ കൊലപ്പെടുത്താം എന്ന് കഥ പറയുന്ന ആള് പതുക്കെ വിശ്വസിക്കാന്‍ തുടങ്ങുന്നു. അത് ആ ചെറുപ്പക്കാരനായ പട്ടാളക്കാരന് വളരെ എളുപ്പവുമായിരിക്കുമെന്ന് പേടിക്കാന്‍ തുടങ്ങുന്നു. ഒരു ജോലിയ്ക്കുവേണ്ടിയാണ് താന്‍ പട്ടാളക്കാരനായത് എന്ന് ആ ചെറുപ്പക്കാരന് പറയുന്നുണ്ടെങ്കിലും തൊട്ടുപിറകിലുള്ളത്, തന്റെതന്നെ ദുര്മരണമാണെന്ന് അയാള്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു.
അല്ലെങ്കില്‍ അവര്‍ രണ്ട് ആളുകള്‍ മാത്രമാണ്. സങ്കടങ്ങളുള്ള ഒരു സാധാരണ മനുഷ്യന്, അയാളുടെ പിറകില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മുഷിഞ്ഞ ഒരു പട്ടാളക്കാരന്, അവരുടെ സംഭാഷണം, അങ്ങനെയാണ് ഈ കഥ നീങ്ങുന്നത്. കഥയുടെ അന്ത്യം വൈകുന്നേരത്തെ രണ്ടുപേരുടെയും പ്രാര്‍ത്ഥനയെപ്പറ്റി പറഞ്ഞാണ്. രണ്ടുപേരും 'നിസ്ക്കരിക്കാ'നായി നില്ക്കുന്നു. കഥ പറയുന്ന ആള് പട്ടാളക്കാരനോട് തന്റെ മുമ്പില്‍ നിന്നോളാന്‍ പറയുന്നു. ''താങ്കള്‍ 'ഇമാം' ആയാല്‍ മതി''. അയാള്‍ പട്ടാളക്കാരനോട് പറയുന്നു. ഭയം ദൈവത്തിന്റെ അരികിലും എത്തി എന്ന് നമ്മുക്ക് തോന്നുന്ന സന്ദര്‍ഭമാണത്. 'വേണ്ട', പട്ടാളക്കാരന് അതിനോടു വിസമ്മതിക്കുന്നു. ''ഇമാം താങ്കള്‍ ആയാല്‍ മതി''....
കഥ അങ്ങനെയാണ് കഴിയുന്നത്..
ഉമ്പര്‍ട്ടോ എക്കോയുടെ പ്രബന്ധത്തിലെ ''വായനാനുഭവങ്ങളുടെ ഉടമ'' താന്‍ വായിക്കാത്ത പുസ്തകത്തെപ്പറ്റി 'കൃത്യമായി' പറയുന്നത് മനുഷ്യ ഭാവനയുടെ അനന്തമായ ലോകത്തെയും സാധ്യതകളെയും സന്ദര്‍ശിച്ച ഒരാളായാതുകൊണ്ടാകണം. അയാള്‍ ''പൊട്ടി''ക്കു മുമ്പില്‍ ചൂട്ട് കത്തിച്ചു നടക്കുന്നു. നിരാധാരമായ ജീവിതങ്ങളും യുദ്ധങ്ങളും ലോകത്തിന്റെ പൊതു ഉടമസ്ഥതയിലെത്തുന്ന സന്ദര്‍ഭം മനുഷ്യരെ പലപ്പോഴും നിസ്സഹായരാക്കുന്നു. ഈ കഥയുടെ കൂടെയുള്ള നടത്തം പോലെ!
ഞാന്‍ പുസ്തകം തിരികെ വെയ്ക്കുന്നു.
വെറുതെ നിറയുന്ന കണ്ണുകളുമായി ഉറക്കത്തിലേക്ക് പോകുന്നവര്‍ പിന്നെ അവരുടെതന്നെ ഉറക്കത്തിന്റെ കാഴ്ച്ചക്കാരെപ്പോലെയാണ്. കഥയിലെ വിജനമായ ആ സ്ഥലം, നടപ്പാത, ആകാശത്ത് നിന്നും പതുക്കെ ഇറങ്ങിവരുന്ന അന്തി ഇതെല്ലാം ഞാന്‍ പിന്നെയും കാണുന്നുണ്ടായിരുന്നു- തങ്ങളുടെ വീടുകളിലേക്ക് എത്തുന്നതിനും മുമ്പ് ആ രണ്ട് അന്തിനടത്തക്കാര്ക്ക് കടക്കാനുള്ള ഒരു കുന്നും ഞാന്‍ കാണുന്നുണ്ടായിരുന്നു...
Content Highlights: aksharamprathi column by karunakaran on reading experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..