കമ്യൂണിസത്തെ വര്‍ത്തമാനത്തിന്റെ ഇന്ധനമായി അവതരിപ്പിക്കുന്നത് കലയ്ക്കും ജീവിതത്തിനും പറ്റിയതല്ല!


കരുണാകരന്‍



ബേലാ താര്‍, കേരളീയ സമൂഹത്തെക്കുറിച്ച്, ഇവിടത്തെ കമ്മ്യൂണിസത്തെക്കുറിച്ച്, തനിക്ക് അധികമൊന്നും അറിയില്ലെന്ന് പറഞ്ഞുവെങ്കിലും നമ്മുടെ രാഷ്ട്രീയത്തിന്റെയും കലയുടെയും 'കേട്' സൂചിപ്പിക്കുകയായിരുന്നു.

ഹംഗേറിയൻ ചലച്ചിത്രസംവിധായകൻ ബേലാ താർ | Photo: Maritial Trezzini

ഈയിടെ കേരളത്തില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ പ്രസിദ്ധ ഹംഗേറിയന്‍ ചലച്ചിത്രകാരന്‍, ബേലാ താര്‍ തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യമായി, എനിക്ക് തോന്നിയത്, ഇതായിരുന്നു; 'ഒരു സിനിമ അത് നിര്‍മ്മിച്ച കാലവുമായി നേരിട്ട് ചേര്‍ത്തുകെട്ടുന്നത് എനിക്ക് ഇഷ്ടമല്ല, എന്തെന്നാല്‍ നിങ്ങള്‍ക്ക് സാര്‍വ്വജനീനമായ എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ കൃത്യമായൊരു സമയത്തിലേക്ക് ആളുകളെ ബന്ധിച്ചിടുന്നത് അനുവദിക്കാനാവില്ല'.

ഒരു കലാസൃഷ്ടിയുടെ ആവശ്യത്തെ പ്രതി നാം കാണാറുള്ള സൗന്ദര്യ നിരീക്ഷണങ്ങളില്‍ നല്ലൊരു പങ്കും 'വര്‍ത്തമാന'ത്തിന്റെ ഏതെങ്കിലും ഒരു ചുഴിയെ ആശ്രയിക്കുന്നു. കാറ്റോ കൊടുംകാറ്റോ പേമാരിയോ സൃഷ്ടിക്കാന്‍ ഒരു പേസ്, ഈ ചുഴികള്‍ അവയുടെ സ്വന്തം കാലവാസ്ഥകളെ കണ്ടെത്തുന്നു. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളെ സ്വമേധയാ സ്വീകരിക്കുന്നു. എന്നാല്‍, 'കലയുടെ സാര്‍വ്വജനീനമായ ആവശ്യം' കണ്ടെത്തുമ്പോള്‍ ഈ സൃഷ്ടികള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ബേലാ താറിന്റെ നിരീക്ഷണം അതുകൊണ്ടാണ് വ്യത്യസ്തമായൊരു അനുഭവമാകുന്നത്. അത് കലയെ അതിന്റെ സ്വാതന്ത്ര്യത്തിന്റെ ആവശ്യത്തില്‍ കണ്ടെത്തുന്നു. നടപ്പുകാലവുമായി ബന്ധിപ്പിക്കുന്ന ചലച്ചിത്രം, അല്ലെങ്കില്‍ ഒരു കലാസൃഷ്ടി, അതിന്റെ ആത്യന്തികമായ ആവശ്യമായി കാണുന്നത് ജനപ്രിയമായ മുഹൂര്‍ത്തത്തെയാണ്. അത്തരമൊരു മുഹൂര്‍ത്തത്തിലേക്ക് കലാസൃഷ്ടി അതിനെ ചേര്‍ത്ത് കെട്ടിയിരിക്കുന്നു. അല്ലെങ്കില്‍, കലയെ കുറിച്ച് നാം പൊതുവെ മനസ്സിലാക്കുന്ന ഒന്ന് അതിന്റെ 'ഉപയോഗ'മാണ്. അങ്ങനെയൊരു ഉപയോഗത്തിലേക്ക് ഒരു സൃഷ്ടി വിജയകരമായി പ്രവേശിച്ചിരിക്കുന്നു എന്നാണ്.

ബേലാ താര്‍ വരുന്നത് യൂറോപ്പില്‍ നിന്നാണ്. അതും ഹംഗറിയില്‍ നിന്ന്. ജീവിതത്തിലും രാഷ്ട്രീയത്തിലും ചരിത്രപരമായ മരവിപ്പുകളുടെ ദീര്‍ഘങ്ങളായ ഇടവേളകള്‍ ഉണ്ടായിരുന്ന സമൂഹം ബേലാ താറിന്റെ കമ്മ്യൂണിസ്റ്റ് വിമര്‍ശം അത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. കേരളത്തിലെ വലിയൊരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകരും എഴുത്തുകാരും 'സ്‌കിപ്പ്' ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒന്ന്, കലയെ സംബന്ധിച്ച ബേലാ താറിനിന്റെ നിരീക്ഷണത്തിലുമുണ്ട്. എന്തെന്നാല്‍, നമ്മുടെ കല, പലപ്പോഴും 'വര്‍ത്തമാന'ത്തിന്റെ ഇരയാണ്. അത് ചരിത്രത്തെ സാമാന്യവല്‍ക്കരിക്കുന്നു.

അല്ലെങ്കില്‍, സ്വന്തമായൊരു 'മാജിക്കല്‍ ഭാഷ'യെ ആഗ്രഹിക്കുന്ന ഒരു കവി എല്ലാ കവികളിലുമുണ്ട് എന്ന് നാം പറയാറുണ്ട്. തന്നെത്തന്നെ കവിഞ്ഞു നില്‍ക്കുന്ന ഒരാളെ അപ്പോള്‍ കവി ആഗ്രഹിക്കുന്നു. കല അത്തരമൊരു ആവശ്യത്തിന്റെ കണ്ടുപിടുത്തമായിരുന്നു. ഒരു പക്ഷെ, കലയുടെ സാര്‍വ്വജനീനമായ അസ്തിത്വം അതാണ്. തന്നെത്തന്നെ കവിഞ്ഞു നില്‍ക്കുന്ന ഒരാള്‍ അപ്പോള്‍ ജീവിതത്തിന്റെകൂടി ആവശ്യമാകുന്നു. ഒരു കലാസൃഷ്ടിയുടെ നിര്‍മ്മാണം എതെങ്കിലുമൊരു കാലത്തിലായി കെട്ടികിടക്കുന്നത് ഒരു പക്ഷെ സര്‍ഗ്ഗാത്മകതയെ അവിശ്വസിയ്ക്കുന്നതുകൊണ്ടാവണം. മലയാളത്തിലും, മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ എന്നപോലെ, 'ഇതിഹാസ'ങ്ങള്‍ക്ക് പുനരാഖ്യാനങ്ങള്‍ ഉണ്ടാവുന്നത് എടുത്തു നോക്കൂ. അത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന പല കൃതികളും അതിന്റെ 'മൂല'ത്തെ തടസ്സങ്ങള്‍ ഒന്നുമില്ലാത്ത ഒരു നീരൊഴുക്ക് എന്നപോലെ എടുക്കുകയായിരുന്നു. രാമായണത്തെ ആസ്പദമാക്കി നമ്മുടെ ഭാഷയിലുണ്ടായ കൃതികള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ പ്രചാരത്തിലും പ്രസിദ്ധിയിലുമുള്ള സാമൂഹ്യ ചിന്താധാരകളിലേക്ക് കഥയും കഥാപാത്രങ്ങളും ഒതുങ്ങുന്ന സന്ദര്‍ഭം അവയിലുണ്ടായിരുന്നു. സമകാലികത എന്ന കല്‍പ്പനയെ സാധൂകരിക്കാന്‍ ഈ കൃതികള്‍ അവയുടെ മൂല കാരണങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോവുകയായിരുന്നു.

എനിക്ക് എപ്പോഴും തോന്നിയ ഒരു കാര്യം, കേരളത്തിന്റെ സാമൂഹിക മനസ്സിന് സോവിയറ്റ് ബ്ലോക്കില്‍ ഒരിക്കലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് അധികാര ഘടനയുമായുള്ള മാനസിക ഐക്യമാണ്. ഒരു പക്ഷെ ചരിത്രത്തിന്റെ വളരെ ദൂരെയുള്ള പിന്നാമ്പുറത്ത് ഉറച്ചുപോയ ഒരു 'രാജ്യം' കേരളത്തിന്റെ സാമൂഹിക ഘടനയിലുമുണ്ട്. ബേലാ താര്‍ ഓര്‍മ്മിപ്പിച്ചത് അതായിരിക്കണം.

ചലച്ചിത്രമേളയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് മന്ത്രി വി.എൻ.വാസവൻ നൽകുന്നു.

നമ്മുടെ സിനിമയുടെ പുതിയ ഭാവുകത്വത്തെ, വിശേഷിച്ചും ഡിജിറ്റല്‍ തലമുറയുടെ സവിശേഷ പശ്ചാലത്തില്‍, 'കാണികളുടെ ആധുനികത'യെപ്പറ്റി കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ചലച്ചിത്ര നിരൂപകന്‍ സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയിരുന്നു. എന്നാല്‍ നമ്മുടെ ഭാഷയിലെ കലാനിര്‍മ്മിതികള്‍ പലതും ഏതെങ്കിലുമൊരു സാമാന്യവല്‍ക്കരണത്തിലേക്ക് അതിനെ പെട്ടെന്ന് സ്വയം വെട്ടിച്ചുരുക്കുന്നു. പാരമ്പര്യത്തെ അത്ര ഭയത്തോടെയാണ് നമ്മള്‍ സമീപിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്നതുപോലെ. കലയിലെ പാരമ്പര്യം, നമ്മുടെ കാര്യത്തില്‍, ചിലപ്പോഴെങ്കിലും, ഒരു രാഷ്ട്രീയ ശരിക്ക് വേണ്ടിയുള്ള ആത്മവഞ്ചനപോലുമാണ്.

കലയില്‍, അത് കവിതയിലോ ചലച്ചിത്രത്തിലോ ആവട്ടെ, 'സ്വതന്ത്ര'രാവുക എന്നത് ആ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവരുടെ ഒരു വലിയ പ്രശ്‌നമാണ്. കാരണം, അതേ കാലം കലയില്‍ കൊണ്ടുവരുന്ന ഓര്‍മ്മ ഒരു കീറാമുട്ടിയായി എപ്പോഴും അവരുടെ മുമ്പില്‍ ഉണ്ട് എന്നതുകൊണ്ടാണ്. കാലം എഴുത്തുകാരുടെയും സിനിമാക്കാരുടെയും പ്രശ്‌നം ആവുന്നത്, ഒരേസമയം ഓര്‍മ്മയോടും തങ്ങള്‍ ജീവിക്കുന്ന കാലത്തോടും സംവദിച്ചുകൊണ്ടുമാണ്.

ഒരു കലാസൃഷ്ടിയുടെ സാമ്പ്രാദായിക യുക്തിയായി 'രാഷ്ട്രീയ'ത്തെ രൂപവും ഉള്ളടക്കവുമാക്കി തങ്ങളുടെ രചനകളെ സമകാലികമാക്കുന്നത് വാസ്തവത്തില്‍ കലയെ സംബന്ധിച്ച 'പ്രയോജനവാദ'പരമായ ഒരു സമീപനമാണ്. അത് യാഥാസ്ഥിതികമായ ഒരു കലാ സങ്കല്‍പ്പവുമാണ്. കലയെ പ്രയോജന വാദപരമായി കാണുന്ന 'യാഥാസ്ഥിതിക ഇടത്' നമ്മുടെ ഭരണകൂട സങ്കല്‍പ്പമായതുകൊണ്ടും, അതിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അതേ കലാസങ്കല്‍പ്പത്തിന്റെ സംരക്ഷകരായി മാറിയതുകൊണ്ടുമാകാം, ഇത് നമ്മുടെ ഭാഷയിലെങ്കിലും പ്രബലമായ ഒരു ലാവണ്യ സങ്കല്‍പ്പമായതും.

വാസ്തവത്തില്‍, ബേലാ താര്‍, മലയാളികള്‍ക്ക് ഒരു 'ആര്‍ട് ക്ലാസ് എടുക്കുകയായിരുന്നു. ബേലാ താര്‍ കലയെ 'സമകാലികം'എന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയായിരുന്നു. ചരിത്രത്തെ ഓര്‍മ്മയുടെയും സൗന്ദര്യത്തിന്റെയും വിഷയമാക്കുകയും അതിന്റെ വിഭജിത സ്വത്വത്തെ അതേ ഓര്‍മ്മയുടെയും സൗന്ദര്യത്തിന്റെയും നിയന്ത്രണത്തില്‍ നിന്നും തടയുകയുമായിരുന്നു. ബേലാ താര്‍, കേരളീയ സമൂഹത്തെക്കുറിച്ച്, ഇവിടത്തെ കമ്മ്യൂണിസത്തെക്കുറിച്ച്, തനിക്ക് അധികമൊന്നും അറിയില്ലെന്ന് പറഞ്ഞുവെങ്കിലും നമ്മുടെ രാഷ്ട്രീയത്തിന്റെയും കലയുടെയും 'കേട്' സൂചിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍, അങ്ങനെയൊരു ധര്‍മ്മമാണ് മേലുദ്ധരിച്ച അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ നിന്നും നാം മനസ്സിലാക്കുക. പതിമൂന്ന് വയസ്സ് വരെ മാത്രം കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരാള്‍, കമ്മ്യൂണിസത്തെ വര്‍ത്തമാനത്തിന്റെ ഇന്ധനമായി അവതരിപ്പിക്കുന്ന മലയാളീബൗദ്ധിക വാസനയെ ജീവിതത്തിനു മാത്രമല്ല കലയ്ക്കും പറ്റിയതല്ല എന്ന് പറയുകയായിരുന്നു.

Content Highlights: aksharamprathi column by karunakaran, bela tarr,against communism in kerala,27th iffk,trivandrum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented