ഇന്നേവരെ ഒരുകഥയും വായിച്ചിട്ടില്ലാത്തയാള്‍ ഇന്നലെ കണ്ട സിനിമയുടെ കഥപറയുമ്പോള്‍!


കരുണാകരന്‍ഭാവനയുടെ ഇരയാണ്, അല്ലെങ്കില്‍, മനുഷ്യജീവിതം. നമ്മള്‍ കഥകള്‍കൊണ്ടും നാടകങ്ങള്‍കൊണ്ടും നിര്‍മ്മിക്കുന്ന അപര യാഥാര്‍ത്ഥ്യം നമ്മുടെതന്നെ ജീവിതമത്രെ!

ചിത്രീകരണം: ബാലു

നിരക്ഷരരായ രണ്ടു ഗ്രാമീണര്‍ രാമനും സീതയുമായി വേഷമിടുന്ന ഒരു തെരുവുനാടകത്തെപ്പറ്റി യു.ആര്‍ അനന്തമൂര്‍ത്തി ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുകയായിരുന്നു. പാര്‍ശ്വവത്ക്കൃതരുടെ സാഹിത്യത്തെക്കുറിച്ചും കഥകളുടെ പാഠാന്തരതയെക്കുറിച്ചും പറയുകയായിരുന്നു അദ്ദേഹം. നാടകത്തിലെ സന്ദര്‍ഭം ഇതാണ്: ഈ തെരുവുനാടകത്തില്‍ രാമന്‍ സീതയോട് പറയും 'രാജകുമാരിയായ തനിക്ക് കാട്ടില്‍ കഴിയുക ക്ലേശകരമാകും, അതുകൊണ്ട് കൊട്ടാരത്തില്‍ത്തന്നെ താമസിക്കുക, കാട്ടിലേക്ക് ഞാന്‍ തനിച്ചുപൊയ്‌ക്കോളാം'. അതുകേട്ട് സീത രാമനോട് 'ഇല്ല ഞാന്‍ അങ്ങയുടെ സഹധര്‍മ്മിണിയാണ്, ഞാനും അനുഗമിക്കാം.' വാദം പിന്നെയും തുടര്‍ന്ന് ഒടുവില്‍ അസന്നിഗ്ധമായി സീത പറയുന്നു 'എല്ലാ രാമായണങ്ങളിലും സീത കാട്ടിലേക്ക് പോകുന്നുണ്ട്, അതുകൊണ്ട് അങ്ങേക്കെങ്ങനെ എന്നെ തടയാനാവും' എന്നാണ്.

കഥകളുടെ പാഠാന്തരതയ്ക്കുള്ള മികച്ച ഉദാഹരണമായാണ് അനന്തമൂര്‍ത്തി ഇത് പറയുന്നത്. അതേസമയം, കഥകള്‍കൊണ്ട് ജീവിതവുമായി മുന്നേറുന്ന സമൂഹത്തെയും ഇത് ഓര്‍മ്മിപ്പിക്കുന്നു. കഥകള്‍കൊണ്ട് തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മ്മയോ ഭാഗഥേയമോ ആയ 'കഥാപാത്രങ്ങള്‍' അവരുടെ പ്രേക്ഷകര്‍ക്കുവേണ്ടി 'തെരുവില്‍' നിര്‍മ്മിക്കുകയായിരുന്നു നാടകത്തിലെ ഇങ്ങനെയൊരു സന്ദര്‍ഭത്തിലൂടെ. തന്റെ അഭിമുഖത്തില്‍ അനന്തമൂര്‍ത്തി തുടര്‍ന്നു പറയുന്നു: 'ഇവിടെ വാല്മീകിയുടെ രാമായണം നികര്‍ഷരായ ഒരു സാധാരണ ഗ്രാമീണസീതയുടെ ബോധമനസ്സില്‍ പതിഞ്ഞതെങ്ങനെ എന്ന് ഈ തെരുവുനാടകം കാട്ടിത്തരുന്നു. ഇവയിലെല്ലാം പാഠാന്തരതയുണ്ട്, സൗന്ദര്യവീക്ഷണത്തിലൂടെ നോക്കുമ്പോള്‍ അതത്ര തന്നെ സങ്കീര്‍ണ്ണവുമാണ്'.

എന്തുകൊണ്ടാണ് മനുഷ്യസമൂഹം കലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് ഇന്ന് എത്രയോ വിശദീകരണങ്ങള്‍ നമ്മള്‍ വായിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്രവും ജീവശാസ്ത്രവും മനഃശാസ്ത്രവും എല്ലാം അങ്ങനെയുള്ള വിശദീകരണങ്ങളിലെത്താന്‍ നമ്മെ സഹായിക്കുന്നു. രാമായണത്തിലെ സീതയും നാടകത്തിലെ ഗ്രാമീണ സീതയും ഈ തെരുവുനാടകത്തിന്റെ പ്രേക്ഷകരാവുമ്പോള്‍, കേട്ടുപതിഞ്ഞ കഥയിലെ സന്ദര്‍ഭമോര്‍ക്കുമ്പോള്‍, നമ്മുടെയും മനസ്സില്‍ വരുന്നു. ഒരുപക്ഷെ, ഒരാളുടെ അനവധി പിളര്‍പ്പുകളെ അത് കണ്ടെത്തുന്നു. ചിലപ്പോള്‍ 'എല്ലാം മറന്ന്' കഥയില്‍ നില്‍ക്കുന്ന ഒരാളെ, ആദ്യം അറിയാതെയും പിന്നെ അറിഞ്ഞും, നമ്മള്‍ നിര്‍ത്തി പോരുന്നു. ഇതായിരിക്കാം, ഒരു പക്ഷെ, കലയിലെ സങ്കീര്‍ണതയായി നാം മനസ്സിലാക്കുന്നതും.

എന്തായിരിക്കും അതിനുശേഷം ഈ തെരുവുനാടകത്തില്‍ സംഭവിച്ചിരിക്കുക എന്ന് നമുക്ക് ഊഹിക്കാനാകും: രാമായണത്തിലേതുപോലെ സീതയെയും രാമന്‍ തന്നോടൊപ്പം കാട്ടിലേക്ക് കൂട്ടിയിരിക്കും, കാരണം, കഥയും 'ചരിത്ര'വും കഥയുടെ ഓര്‍മ്മയും അതാണ്. എന്നാല്‍, ''എല്ലാ രാമായണങ്ങളിലും സീത കാട്ടിലേക്ക് പോകുന്നുണ്ട്, അതുകൊണ്ട് എന്നെ എങ്ങനെ തടയാനാകും?'' എന്ന നാടകത്തിലെ സീതയുടെ ചോദ്യം, ഒരുവേള, കഥയുടെ, നമ്മുടെ തന്നെ ഓര്‍മ്മയുടെ, എല്ലാം മറന്നുള്ള ഒഴുക്കിനെ തടയുന്നു.

കലയില്‍ സാധ്യമാകുന്ന/സാധ്യമാകേണ്ടുന്ന ഈ മുഹൂര്‍ത്തത്തെ ആധുനിക നാടകവേദിയുടെതന്നെ സൗന്ദര്യശാസ്ത്രംകൊണ്ട് വിശദീകരിക്കുന്ന സൗന്ദര്യ പഠനങ്ങളുമുണ്ട് പലപ്പോഴും 'യുക്തിസഹമായി'ത്തന്നെ. എന്നാല്‍, കലയുടെ 'ജീന്‍' ഈ യുക്തിയെ അതിന്റെ അസംഘടിതമായ പെരുമാറ്റംകൊണ്ടും തകര്‍ക്കുന്നു.

ഈയിടെ, ഒരു രാവിലെ, ഞാന്‍ മകള്‍ക്കൊപ്പം തൃശൂരിലെ ശക്തന്‍തമ്പുരാന്‍ ബസ് സ്റ്റേഷനില്‍, അസംഖ്യം യാത്രക്കാര്‍ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു, ഞാന്‍. ഒരാള്‍, കെട്ടിടത്തിന്റെ അങ്ങേ അറ്റത്ത് നിന്ന്, തന്റെ മനോനിലയെ, അല്ലെങ്കില്‍ തന്റെ ഒരു ദിവസത്തെത്തന്നെ അവതരിപ്പിച്ചുകൊണ്ട് അവിടെ എത്തി. അതിയായി മുഷിഞ്ഞതെങ്കിലും നന്നായി വസ്ത്രധാരണം ചെയ്ത്, ഗില്‍റ്റ് പേപ്പര്‍ കൊണ്ട് കിരീടംപോലെ ഒന്ന് തലയില്‍ വെച്ച്, കഴുത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുള്ള പൂമാലയണിഞ്ഞ്, വലതുകൈയ്യില്‍ പിടിച്ച കൂളിംഗ്ലാസ് ഇടത്തോട്ടും വലത്തോട്ടും അര്‍ദ്ധവൃത്തത്തില്‍ ചുഴറ്റി ഒരാള്‍... അയാള്‍ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ പലയിടങ്ങളിലും പോയി നില്‍ക്കാന്‍ തുടങ്ങി. എല്ലാവരും അയാളെ കാണുന്നുമുണ്ടായിരുന്നു. ഒരു പക്ഷേ അയാളും. എല്ലാവരെയും കാണുന്നുണ്ടായിരുന്നു. കലയുടെയും ഭ്രാന്തിന്റെയും നേരിയ ഒരു വരയില്‍ വന്നു നില്‍ക്കുന്നതുപോലെ, ഒരു നിമിഷം, ആ കാഴ്ച്ച എന്നെ അലോസരപ്പെടുത്തി; അടുത്ത നിമിഷം, ഞാന്‍ അയാളെ, 'അതേ കഥ'യുടെ പ്രേക്ഷകനെപ്പോലെ, എനിക്കുവേണ്ടി, അഭിമുഖീകരിക്കാനും തുടങ്ങി.

കല, സ്വസ്ഥമാവാന്‍, നമ്മെ പരിശീലിപ്പിക്കുന്നു. അല്ലെങ്കില്‍, അങ്ങനെയൊരു കാഴ്ച്ചയില്‍ നിന്നും ദൂരം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം ജീവിതത്തെ, 'സമചിത്തത'യോടെ നമ്മള്‍ പിടിച്ചുനിര്‍ത്തുകയാണ്. അല്ലെങ്കില്‍ ഇതേപോലുള്ള അനേകം നിമിഷങ്ങള്‍കൊണ്ട് ഒരു ദിവസത്തെ നമ്മള്‍ പൂരിപ്പിക്കുന്നു. അങ്ങനെ, ആയുസ്സിനെ ഒരു മായാമൃഗത്തെ എന്നപോലെ പിന്തുടരുന്നു. നമ്മുടെ തന്നെ 'സമനില'യെ വിജയകരമായി പൂര്‍ത്തീകരിക്കുന്നു.

അനന്തമൂര്‍ത്തി പറഞ്ഞ നാടകകഥയില്‍ യുക്തിയാണ് കഥയെ ഓര്‍മ്മിപ്പിച്ചതെങ്കില്‍ ശക്തന്‍ സ്റ്റേഷനിലെ 'കഥാപാത്രം' അതേയുക്തിയെ അസംബന്ധമാക്കുന്നു: തന്റെ മനോനിലയാണ് തന്റെ ജീവിതവും കലയും തന്റെ അന്നത്തെ ദിവസവും എന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഞാന്‍, പക്ഷെ, എവിടെയാണ്, ആരുടെ പ്രേക്ഷകന്‍?
ഭാവനയുടെ ഇരയാണ്, അല്ലെങ്കില്‍, മനുഷ്യജീവിതം. നമ്മള്‍ കഥകള്‍കൊണ്ടും നാടകങ്ങള്‍കൊണ്ടും നിര്‍മ്മിക്കുന്ന അപര യാഥാര്‍ത്ഥ്യം നമ്മുടെതന്നെ ജീവിതമത്രെ!

ഇന്നുവരെ ഒരു കഥയും (എനിക്ക് സാഹിത്യത്തില്‍ താല്‍പ്പര്യമില്ല എന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് നമുക്ക് ചുറ്റും) വായിച്ചിട്ടില്ലാത്ത ഒരാള്‍, കഴിഞ്ഞ ദിവസം കണ്ട സിനിമയുടെ കഥ പറയുന്നതിലെ ഭംഗി ആസ്വദിക്കുകയായിരുന്നു ഞാന്‍. തന്റെ കഥ പറച്ചിലില്‍ ഉടനീളം അയാള്‍ ചുറ്റുമുള്ള ജീവിതത്തെയും കൂടെ കൂട്ടുന്നുണ്ടായിരുന്നു, ഇങ്ങനെയൊക്കെ എവിടെ നടക്കാനാണ് എന്ന് ഒടുവില്‍ കഥ നിര്‍ത്തുമ്പോഴും,അതങ്ങനെത്തന്നെയായിരുന്നു. 'ഇത് സിനിമയല്ലേ?' ഞാന്‍ അയാളോട് പറഞ്ഞു. 'അതിന്?' അയാള്‍ എന്നെ നോക്കി ചിരിച്ചു. 'ജീവിതവുമായി ഒരു ബന്ധമൊക്കെ വേണ്ടേ?'ഞാന്‍ ചിരിച്ചു. അയാളുടെ മായാമൃഗമല്ല എന്റെ മായാമൃഗം. ഞാന്‍ മനസ്സില്‍ വിചാരിച്ചു. 'വിട്' ഞാന്‍ പറഞ്ഞു: 'സിനിമയല്ലേ!''

കലയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളില്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, വളരെ മുമ്പത്തെയാണെങ്കിലും, ഏണസ്റ്റ് ഫിഷര്‍ എഴുതിയ 'The Necessity of Art' എന്ന പുസ്തകമാണ്. വിഖ്യാതമായ തന്റെ മാര്‍ക്‌സിസ്റ്റ് കല്‍പ്പനയിലാണ് അദ്ദേഹം മനുഷ്യനും കലയും തമ്മിലുള്ള ബന്ധത്തെ തിരയുന്നത്. തന്റെ പല നിഗമനങ്ങളില്‍ നിന്നും പില്‍ക്കാലത്ത് രാഷ്ട്രീയമായിത്തന്നെ ഫിഷര്‍ മാറി സഞ്ചരിയ്ക്കുന്നുമുണ്ട്. 'മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം' തന്നെ, പിന്നീട് മറ്റുപലരിലൂടെയും, കലയെ വെറുമൊരു സാമൂഹ്യ-ഉപാധിയായി കണ്ടെത്തുന്നതില്‍നിന്നും പിന്‍വാങ്ങിയിട്ടുമുണ്ട്, എങ്കിലും വളരെ മുമ്പേ വായിച്ച ഈ പുസ്തകത്തില്‍ ഒരു വാചകത്തിന്റെ ഓര്‍മ്മ, എന്റെ മനസ്സില്‍ അത്രയും നീണ്ടുനില്‍ക്കുന്ന ഒന്നായിരുന്നു. ഇങ്ങനെയാണത്: 'Evidently man wants to be more than just him.'...

ഹോ! എന്തൊരു വിധിയാണത്, ജീവിതത്തിലും കലയിലും!

ജീവിതത്തിലും കലയിലും 'അസ്സല്‍' തിരയുന്ന ഒരാളെ, ചിലപ്പോള്‍, ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ഫിഷര്‍ പറയുന്നത്, അല്ലെങ്കില്‍ അദ്ദേഹം വാദിക്കുന്നത്, ഒരു കലാപ്രവര്‍ത്തനത്തിന്റെ അന്ത്യത്തില്‍ സംഭവിക്കുന്നത് യാഥാര്‍ത്ഥ്യത്തെ തന്നെ ജയിക്കുക എന്നാണ്; അപ്പോള്‍ 'Mastered Reality'യായി പരിണമിക്കുന്ന ഒന്നായി 'കലാവസ്തു' മാറുന്നു.

ശക്തന്‍ സ്റ്റേഷനില്‍, ആ ഒരു ദിവസം ഞാന്‍ കണ്ട ആള്‍, അയാളുടെ എല്ലാ ആലഭാരങ്ങളിലൂടെയും എന്നെ ഇപ്പോള്‍ വീണ്ടും സന്ദര്‍ശിക്കുന്നു. അല്ല, അന്ന്, അയാള്‍ എന്റെയും മകളുടെയും മുമ്പിലും വന്നുനിന്നിരുന്നു; അതേപോലെ, കണ്ണട ചുഴറ്റിക്കൊണ്ട്. അറിയാതെ, ആദ്യം മകളും പിന്നെ ഞാനും രണ്ടടി പിറകോട്ടു മാറിനിന്നു. ഒരു പക്ഷേ, കലയുടെ അകലമായിരുന്നു അത്. യാഥാര്‍ത്ഥ്യത്തെ ജയിക്കുന്ന ഒരു കാഴ്ച, കലയിലും ജീവിതത്തിലും, ഏതോ ഒരു 'സമനില'യെ ഉപേക്ഷിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിനും ചിലപ്പോള്‍ കലയ്ക്കും വേണ്ടി.

Content Highlights: aksharamprarthi karunakaran writes about story and its perception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented