മഹാശ്വേതാദേവി, ആനന്ദ്
കഴിഞ്ഞ ദിവസങ്ങളില്‍ മഹാശ്വേതാദേവിയും ആനന്ദും തമ്മിലുള്ള കത്തിടപാടുകളുടെ ഒരു സമാഹാരം വായിക്കുകയായിരുന്നു. എഴുത്തുകാരുടെ ജീവിതത്തിലെ നിശ്ശബ്ദകളെപ്പറ്റി ഞാനോര്‍ത്തുപോയി. നമ്മള്‍ അവരെ കാണുന്നത് ഇങ്ങനെയാണ്: തങ്ങളാഗ്രഹിക്കുന്നത് മാത്രം എഴുതുന്നവര്‍. അതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥമോ നിലനില്‌പ്പോ തേടുന്നവര്‍. അവര്‍ 'സാഹിത്യമണ്ഡല'ത്തിലെ ദൂരം കുറഞ്ഞ 'താര'ങ്ങളാവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, സ്വന്തം നിശ്ശബ്ദതകളിലേക്ക് തങ്ങളെത്തന്നെ അന്വേഷിച്ചു പോകുന്ന എഴുത്തുകാര്‍ ദിവസത്തിന്റെ മറുപുറത്ത് എത്തുന്നവരാണ്. അവര്‍ പ്രതിനിധീകരിക്കുന്ന വായനാനുഭവം മറ്റൊന്നാണ്. ജീവിതത്തില്‍ ചുഴികള്‍ പോലെ പ്രത്യക്ഷപ്പെടുന്ന 'അന്യജീവിത'ത്തെ ('other') അവര്‍ അവതരിപ്പിക്കുന്നു. നമ്മുടെ ഭാഷയില്‍ ആനന്ദ് അങ്ങനെയൊരു എഴുത്തുകാരനാണ്. അദ്ദേഹം ദിവസങ്ങളുടെ മറുപുറങ്ങളിലേക്ക് എപ്പോഴും പുറപ്പെടുന്നു.
എഴുത്തും എഴുത്തുകാരുടെ നിശ്ശബ്ദതയും സാഹിത്യത്തിന്റെ ഇതിവൃത്തങ്ങളാവുന്നത് ഒരുപക്ഷേ ഇങ്ങനെ 'അന്യജീവിത'ങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. അതാകട്ടെ, ഒരിക്കല്‍ യൂറോപ്യന്‍ ആഖ്യാനങ്ങളില്‍ കണ്ട 'അന്യനെ' (Other) അവതരിപ്പിച്ചുകൊണ്ടാവില്ല. പകരം, തന്റെതന്നെ ജീവിതത്തിന്റെ അരികിനെ, നിശ്ശബ്ദതയെ, അഭിമുഖീകരിച്ചുകൊണ്ടാണ്. ആനന്ദിന്റെ രചനകള്‍ അങ്ങനെയാണ് നമ്മുടെ ഭാഷയില്‍ പ്രധാനപ്പെട്ട ഒരു 'ധാര'യാവുന്നത്. അല്ലെങ്കില്‍, അദ്ദേഹത്തിന്റെ എഴുത്തിനെ ചരിത്രത്തിന്റെ ആലിംഗനങ്ങള്‍കൊണ്ട് പ്രിയപ്പെട്ടതായി മാറിയ ഓര്‍മ്മയായി മാത്രം കാണുകയാവും നമ്മള്‍ ചെയ്യുക; ആ രചനകളെപ്രതി പല നിരൂപണങ്ങളും കണ്ടെത്തിയപോലെ. ആനന്ദ്, പക്ഷെ, ചരിത്രത്തെയല്ല 'അന്യത്വ'ത്തെയാണ് കൂടുതല്‍ അന്വേഷിച്ചു പോയത്. ആ 'അന്യത്വ'ത്തെ അദ്ദേഹം സമൂഹത്തിലും തന്നിലും നേരിട്ടുകൊണ്ടേയിരുന്നു. 'ഓര്‍മ്മ'അതിലെ ഇടനില മാത്രമായിരുന്നു.
മഹാശ്വേതാദേവി പക്ഷേ ഇതിനു നേരെ വിപരീതമാകണം. അവര്‍ തന്റെ 'അന്യത്വ'ത്തെയല്ല, തന്റെതന്നെ ജീവചരിത്രത്തെയാണ് 'റിപ്പയര്‍' ചെയ്യുന്നത്. എഴുത്തിലും പ്രവൃത്തിയിലും അവര്‍ നേരിടുന്നത് സ്വന്തം ജീവിതത്തെയാണ്. എഴുത്തിനെ ആക്ടിവിസമായല്ല അവര്‍ കാണുന്നത്, അവനവന്റെ 'സാമൂഹികജീവിത'ത്തെ ശാന്തമാക്കാനുള്ള ഏറ്റവും പ്രബുദ്ധമായ പ്രവൃത്തിയായിട്ടാണ്. ആ എഴുത്തിലെ കോപവും ദുഃഖവും സന്തോഷവും അതേ സാമൂഹിക ജീവിതത്തിലേക്ക് പടരാനുള്ള കൈവഴികള്‍ പോലെയാണ് അപ്പോള്‍. അപ്പോഴും ഈ രണ്ട് എഴുത്തുകാരുടെ ബന്ധം, രണ്ടുപേര്‍ക്കും പകരുന്ന ആത്മബലം നമ്മുടെ വായനയില്‍ ഹൃദ്യമായ അനുഭവമാകുന്നു. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു 'എഴുത്ത്' ഈ കത്തിടപാടുകളിലൂടെ സമ്മാനിക്കുന്നു.
നമ്മെപ്പോലുള്ള സാധാരണ 'നാഗരികര്‍ക്ക്' വിചിത്രമായി തോന്നും അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും എന്നാണ് ആനന്ദ് മഹാശ്വേതാദേവിയുടെ 'ജീവിത'ത്തെപ്പറ്റി ഓര്‍ക്കുന്നത്. ആനന്ദ് അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ഓര്‍മിക്കുകയാണ്. മഹാശ്വേതാദേവി അധികാരകേന്ദ്രങ്ങളെ സമീപിക്കുന്ന രീതി ആനന്ദ് പറയുന്നത്, ''അധികാര ഗര്‍വ്വിനു പകരം അധികാരികളില്‍ കുറ്റബോധം ഉണ്ടാക്കുവാന്‍ മഹാശ്വേതാദേവിക്ക് കഴിയും' എന്നാണ്. അധികാരികളിലെ ആ കുറ്റബോധം മഹാശ്വേതാദേവിയുടെ 'സാമൂഹികജീവിത'മാണ് നിര്‍മിക്കുന്നതെങ്കില്‍ ഒരിക്കല്‍പ്പോലും തന്നെ കാണാത്ത, എന്നാല്‍ തന്നെ അറിയുന്ന, തനിക്കുവേണ്ടി കൂട്ടംകൂട്ടമായെത്തുന്ന ബംഗ്ലാദേശിലെ 'അരിക്മനുഷ്യരെ'പ്പറ്റി ആനന്ദിന് എഴുതുന്ന മഹാശ്വേതാദേവി 'എഴുത്തുകാരി'യാണ്. അല്ലെങ്കില്‍ നിരാശാഭരിതമായി 'രാഷ്ട്രീയക്കാരോടും അവരുടെ ഗുണ്ടകളോടും' അവര്‍ ഏതുസമയവും പൊരുതിക്കൊണ്ടിരിക്കുകയാണ്. 'വിഷമിക്കല്ലേ. നമ്മുടെ സ്വന്തം മരുഭൂമികളിലാണ് നാം ജീവിക്കുന്നതെന്ന കാര്യം നമ്മളെപ്പോലുള്ള പുറമ്പോക്കുകള്‍ സ്വീകരിച്ചേ മതിയാകൂ'. ഒരു കത്തില്‍ അവര്‍ ആനന്ദിന് എഴുതുന്നു.
മൂന്ന് തവണ ഞാന്‍ ആനന്ദിനെ കണ്ടിട്ടുണ്ട്. അങ്ങനെയൊരു കൂടിക്കാഴ്ച്ചയില്‍ ആനന്ദ് പറഞ്ഞു: 'എന്നോട് ചിലര്‍ ചോദിക്കാറുണ്ട് എഴുത്തില്‍ ആരാണ് വഴികാട്ടിയെന്ന്. എനിക്ക് വഴികാട്ടികള്‍ ഇല്ല, വഴികളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അവരോട് ഞാന്‍ പറയാറുള്ള ഉത്തരം.' പിറകെ അത്രയും സൗമ്യമായ ചിരിയും നിശ്ശബ്ദതയും. ഒരുപക്ഷേ, മഹാശ്വേതാദേവിയും ആനന്ദും തമ്മിലുള്ള ഈ കത്തുകളിലായിരിക്കും ആനന്ദ് പറയുന്ന വഴികള്‍ തെളിയുന്നത്: അദ്ദേഹം 'പുറമ്പോക്ക് ജീവിത'ത്തെ എഴുത്തിന്റെതന്നെ അഭിമുഖീകരണമാക്കുകയിരുന്നു. അതില്‍ ജീവിതത്തിന്റെ അശരണമായ ഒരു പ്രദേശം വേദനയോടെ തെളിയുന്നു. മനുഷ്യവംശത്തിനൊപ്പം വന്ന അതിന്റെതന്നെ നിഴല്‍ പോലെ. 'പ്രിയപ്പെട്ട പുറമ്പോക്ക് മനുഷ്യാ' എന്ന് മഹാശ്വേതാദേവി ആനന്ദിനെ കത്തില്‍ അഭിസംബോധന ചെയ്യുന്നു.
ചില ഭൂപ്രദേശങ്ങളില്‍ മനുഷ്യര്‍ പാര്‍ക്കുന്നത് ചരിത്രത്തിന്റെ ഇരകള്‍ എന്ന വിധത്തിലാണ്. തലമുറകളായി കൈ മാറുകയോ ഓര്‍മിക്കുകയോ ചെയ്യുന്ന എന്തും അപ്പോള്‍ ചരിത്രത്തിന്റെ തടവിലാണ്. അത്തരം സന്ദര്‍ഭങ്ങളുടെ സന്ദര്‍ശകനാവാന്‍ ആനന്ദ് തന്നെത്തന്നെ തിരഞ്ഞെടുക്കുന്നു.'കഥപറച്ചിലിനെ' ഭാഷയുടെ സ്വാതന്ത്ര്യമായിക്കൂടി കണ്ടെത്തുന്ന ആനന്ദിന്റെ പ്രമേയങ്ങള്‍ പലപ്പോഴും കുറ്റവും ശിക്ഷയും തടവുമാകുന്നതും അതിനാല്‍ സ്വഭാവികവുമാകുന്നു. സ്വാതന്ത്ര്യത്തെ ആത്മാഭിമാനത്തിന്റെ നീറ്റലില്‍ കണ്ടെത്തുന്ന രീതി ആനന്ദ് പരീക്ഷിക്കുന്നതും അങ്ങനെയാകണം. അധികാരത്തെ ആനന്ദ് തന്റെ കലയുടെ വിഷയമാക്കുന്നത് അതിലെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച്, സമൂഹത്തിന്റെ തന്നെ രോഗാതുരമായ അവസ്ഥ എന്ന നിലയ്ക്കായിരുന്നു. സാമൂഹികവും രാഷ്ടീയവും സാംസ്‌കാരികവുമായ ഒരു തന്മയിലേക്ക് ആ 'കഥകള്‍' എപ്പോഴും ചെല്ലുന്നു: മനുഷ്യാവസ്ഥയുടെ വലിയ വലിയ കിടങ്ങുകള്‍ കാണിച്ചും അവയെപ്പറ്റി പറഞ്ഞും അത് മുന്നേറുകയും തടഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ആ കഥകളിലും നോവലുകളിലും 'ഇന്ത്യന്‍ ഉപഭൂഖണ്ഡം' കടന്നുവരുന്നതും ഇങ്ങനെയൊരു പശ്ചാത്തലത്തിലും ആവശ്യത്തിലുമാകുന്നു.

( ആനന്ദിൻെറ ശേഖരത്തിൽ നിന്ന്)
യുദ്ധങ്ങള്‍, അതിര്‍ത്തികള്‍, ഭരണകൂടങ്ങള്‍ എന്നിവയുടെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന 'അഭയാര്‍ത്ഥികള്‍' (പ്രതീകമായും രാഷ്ട്രീയ യാഥാര്‍ത്ഥ്യമായും) ആനന്ദിന്റെ എഴുത്തില്‍ പൗരജീവിതത്തിലെത്തന്നെ വലിയൊരു പിളര്‍പ്പാണ്. 'പുറമ്പോക്ക്' അതിന്റെ മറ്റൊരു വിളിപ്പേരാണ്. എങ്കില്‍, ആ 'പിളര്‍പ്പില്‍' ഏതെങ്കിലും ഒരു ജനവിഭാഗം മാത്രമല്ല പെടുന്നത്, മനുഷ്യവംശംതന്നെയാണ്. വ്യക്തിയെ, പൗരജീവിതത്തെ, ആനന്ദ് സാമൂഹ്യവത്ക്കരിക്കുന്നത് അങ്ങനെയൊരു പിളര്‍പ്പിലൂടെയാണ്. മതവും രാഷ്ട്രീയവും വംശീയതയും വെറുപ്പും ആ പിളര്‍പ്പിന്റെ നിറങ്ങളാകുന്നു. ഈ വേദനയെ, തന്റെ എഴുത്തില്‍ ആനന്ദ് സമീപിക്കുന്നത് അതേപ്പറ്റി 'പറയുന്നതി'ലൂടെയാണ്. അല്ലെങ്കില്‍ അപരിചിതമായി തുടരുന്ന 'അന്യത്വ'ത്തെ പതുക്കെ പരിചയപ്പെടുകയാണ്. സാഹിത്യത്തെ തെളിവുകള്‍കൊണ്ടും ചരിത്രംകൊണ്ടും യാഥാര്‍ത്ഥ്യത്തിന്റെ കരയിലേക്കും നയിക്കുന്നു. ഒപ്പം, തന്റെ 'പ്രമേയങ്ങളില്‍' ഉള്ളതുപോലെത്തന്നെ, അത്തരം വര്‍ഗ്ഗീകരണങ്ങളുടെ അതിര്‍ത്തികളെ അസംബന്ധവുമാക്കുന്നു. (''എങ്കില്‍ ആനന്ദ് എന്തിന് നോവല്‍ എഴുതുന്നു, തത്വചിന്ത എഴുതിയാല്‍ പോരേ'' എന്ന് ചിലരെങ്കിലും ആ നോവലിലെ കലയെ, സ്വാതന്ത്ര്യത്തെ, വിലയിരുത്തിയത് അതുകൊണ്ടാണ്).
ആനന്ദിന്റെ നോവലുകളെപ്പറ്റിയുള്ള ഒരു പഠനത്തില്‍, സാഹിത്യ നിരൂപകന്‍, ഇ.വി. രാമകൃഷ്ണന്‍, ''ആനന്ദ് എന്ന നോവലിസ്റ്റിനെ മലയാളികള്‍ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ'' എന്ന് ചോദിക്കുന്നു. ''അദ്ദേഹത്തിന്റെ കൃതികള്‍ വ്യാപകമായി വായിക്കപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. എന്നാലും മലയാളിക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ഒരു അപരിചിതത്വം ആനന്ദിലുണ്ട്.'' എന്നും രാമകൃഷ്ണന്‍ എഴുതുന്നു. എന്നാല്‍, ഈ ''അപരിചിതത്വ''ത്തോടാണ് ഒരേസമയം എഴുത്തുകാരനും അയാളുടെ വായനക്കാരിയും എപ്പോഴും സംവദിച്ചു കൊണ്ടിരുന്നത് എന്നാണ് വാസ്തവം. അങ്ങനെയൊരു എഴുത്തുകാരനെ, വായനയുടെ ഒരു ഘട്ടത്തിലും, വായനക്കാരി ഉപേക്ഷിച്ചു പോയതേ ഇല്ല. അതിനൊരു കാരണം, ഈ ''അപരിചിതത്വം''തന്നെയായിരുന്നു. ദിവസത്തെ, ജീവിതത്തെ, പ്രവൃത്തിയെ, അപരിചിതമാക്കുന്ന ഒരു നേര്‍കാണല്‍ വായനക്കാരിക്ക് ദിനേന അനുഭവിക്കേണ്ടിവരുന്നു. അനുഭവത്തെ അനുഭവങ്ങളായിത്തന്നെ സഹ്യമാക്കാന്‍ ജീവിതത്തെ വായനക്കാരി ഒരു പറച്ചിലാക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി മനോജ് മേനോനുമായുള്ള സംഭാഷണത്തില്‍ ഹിംസയ്ക്ക് എതിരെയുള്ള പ്രതിരോധം എന്ന നിലയ്ക്ക് എഴുത്തിനെയും സാഹിത്യത്തെ സംബന്ധിച്ചുള്ള തന്റെ വിശ്വാസത്തെയും അവതരിപ്പിക്കുന്നുണ്ട് ആനന്ദ്. എഴുത്തില്‍ പ്രകടമായ ആധിയുടെ ഉറവകള്‍, അവയുടെ പരപ്പ്, അവയുടെ കാലങ്ങള്‍....പരിചിതവും അപരിചിതവുമായ ഒരു 'വ്യഥ'യായി നമ്മുടെ സാഹിത്യജീവിതത്തിലും നിറയുന്നു. എന്നാല്‍, ഈ അഭിമുഖത്തിന്റെ ഒരു 'ഭംഗി' മനുഷ്യരെക്കുറിച്ചും സാമൂഹ്യക്രമത്തെക്കുറിച്ചും പറയുമ്പോള്‍ വിധിയും വിപര്യയവും നമ്മെയും നമ്മുടെ ദിവസങ്ങളെയും കലക്കി വിടുമ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കാണ്- Hope! മനുഷ്യരെക്കുറിച്ചാണ് അത്. ആനന്ദില്‍ ഈ വാക്ക്-Hope- ഒരേ സമയം സ്വയം പൂരിപ്പിക്കാത്തതും എന്നാല്‍ സാധ്യതയായി അവശേഷിക്കുന്നതുമാണ്. കഴിഞ്ഞുപോയ ഒരു ദിവസത്തിന്റെ ഓര്‍മ്മ (ഓര്‍മ്മയുടെ നടുക്കം) എല്ലാ ദിവസങ്ങളിലും അദ്ദേഹം അനുഭവിക്കുന്നു. എഴുത്തില്‍ അത്തരമൊരു നടുക്കം നമ്മെ അനുഭവപ്പെടുത്തുന്നു. 'ഞാന്‍ സമയത്തിന്റെ കൂടെയാണ് നീതിയെ ചേര്‍ക്കുന്നത്' എന്നുപറയുന്നു. ആത്യന്തികമായി എഴുത്തിനെ (സാഹിത്യത്തെ തന്നെ) ആനന്ദ് അവതരിപ്പിക്കുന്നത് 'നീതി'യായാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കയച്ച ഒരു ഇമെയില്‍ മറുപടിയില്‍ അപ്പോള്‍ താന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനെപ്പറ്റി ആനന്ദ് പറഞ്ഞത് ഓര്‍ക്കുകയാണ്. ജര്‍മ്മന്‍ എഴുത്തുകാരനായ ഡബ്ല്യു.ജി. സെബാള്‍ദിനെപ്പറ്റിയാണ്. അന്ന് സെബാള്‍ദിനെയോ അദ്ദേഹത്തിന്റെ പുസ്തകങ്ങളോ എനിക്ക് പരിചയമില്ലായിരുന്നു. പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുന്നത്. ജര്‍മ്മന്‍ ജീവിതചരിത്രത്തിന്റെ തന്നെ ഭാഗമായ ഹോളാകോസ്റ്റ് എങ്ങനെയാണ് ഈ ഭൂമുഖത്ത് ഒരിക്കല്‍ ജീവിക്കുകയും ഇപ്പോള്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യവംശത്തിന്റെ തന്നെ ഹിംസയുടെയും നീതിയുടെയും സ്‌നേഹത്തിന്റെയും വിഷയമാകുന്നത് എന്നായിരുന്നു സെബാള്‍ഡിന്റെ എഴുത്തു മുഴുവന്‍- അവ നോവലുകളും പ്രബന്ധങ്ങളുമായി വേര്‍പെടുമ്പോഴും വേര്‍പെടാതിരിക്കുമ്പോഴും. ലോകസാഹിത്യത്തിലെ ഏറ്റവും ദുഃഖഭരിതമായ ഒരു ഭൂഖണ്ഡംപോലെ സെബാള്‍ദിന്റെ എഴുത്ത് ഉയര്‍ന്നുവരുന്നു. അങ്ങനെയൊരു കാലമോ ചരിത്രമോ മനുഷ്യഘട്ടമോ നമ്മള്‍ കടന്നുപോയിട്ടില്ലായിരുന്നിട്ടുകൂടി അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവല്‍ 'Austerlitz' വായിക്കുമ്പോള്‍ അറിയാതെ നിലവിളിച്ചു. (ചില അവസരങ്ങളില്‍ നമ്മള്‍ ഉപയോഗിക്കാറുള്ള 'നാസികള്‍' എന്ന രാഷ്ട്രീയ സംജ്ഞ ഒഴിച്ചാല്‍). എന്നാല്‍, ഹോളോകോസ്റ്റിന്റെ ഓര്‍മ എത്ര കഠിനമായ ഒന്നാണ്!
ഇതിനും എത്രയോ വര്‍ഷം മുമ്പാണ് ആനന്ദിന്റെ 'അഭയാര്‍ത്ഥികള്‍' ഞാന്‍ വായിക്കുന്നത്. അതില്‍ ഒരിടത്ത് ജോസഫിനെ യാത്രയാക്കി റെയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന രാധയെ ചിത്രീകരിച്ച വരികള്‍ കഠിനമായ ഒരു വേനല്‍ വിഴുങ്ങിയപോലെ വായിച്ചതും ഓര്‍ക്കുന്നു. പുസ്തകം അടച്ചുവെച്ച് കുറേ നേരം നിശ്ശബ്ദതയുടെ കയങ്ങള്‍ കണ്ടുകൊണ്ട് ഇരുന്നു. അതില്‍പ്പിന്നെ വി. ടി. സ്റ്റേഷനില്‍ ഞാന്‍ രാധയുടെ ഓര്‍മ്മയില്ലാതെ ഞാന്‍ വന്നിട്ടോ നിന്നിട്ടോ ഇല്ല.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍, ആനന്ദിന്റെ എഴുത്ത് (അദ്ദേഹത്തിന്റെ എല്ലാ രചനകളും) നമ്മുടെ സാഹിത്യത്തെ അക്കാലത്തും ഇപ്പോഴും 'Unsettled' ആക്കുന്നത് ഞാന്‍ അത്ഭുതത്തോടെ കാണുന്നു. അഥവാ, അങ്ങനെ Unsettled ആക്കിയ ഒരു സ്ഥലമാണ് ആ എഴുത്തിന്റെ Territory എന്ന് ഞാന്‍ കരുതുന്നു. വാസ്തവവും കഥനവും കലരുന്ന ആ 'കഥ'കള്‍ നമ്മള്‍ ഇടയ്‌ക്കൊക്കെയും സന്ദര്‍ശിക്കുന്ന, ചിലപ്പോള്‍ നമ്മള്‍ ചെന്നുപെടുന്ന, 'താമസസ്ഥലങ്ങള്‍' പോലെയാണ്. ഓരോ കാലത്തും ഓരോ താമസക്കാരാണ്; മനുഷ്യജീവിതത്തിന്റെ പല മാതൃകകള്‍പോലെ. അല്ലെങ്കില്‍, സംസ്‌കാരത്തിന്റെ തന്നെ പല വൃത്താന്തങ്ങള്‍ പോലെ.
'അലഞ്ഞു നടക്കുന്ന ഒരാളെ'യാണ് ആനന്ദിന്റെ കഥാപാത്രങ്ങള്‍ അവരുടെ സ്വസ്ഥതകളിലും അസ്വസ്ഥതകളിലും അവതരിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട.് കഥപറച്ചിലിലെ ഒരു നാടോടിജന്മത്തെ അത് പ്രതിനിധീകരിക്കുന്നു. തന്റെ കുലമഹിമകളില്‍ നിന്നോ കുലചിഹ്നങ്ങളില്‍ നിന്നോ മുക്തനാകാത്ത ഒരു 'നാഗരികന്‍' ജീവിതത്തിന്റെ മറുപുറത്തെ സഞ്ചാരിയാവുകയാണ് ആ കഥകളില്‍. അപ്പോഴും ആ എഴുത്ത് 'മധ്യവര്‍ഗ്ഗ കുറ്റബോധ'ത്തിന്റെതായി ഒതുങ്ങാന്‍ വിസമ്മതിക്കുന്നു. ചരിത്രം മാത്രമായി ഒടുങ്ങാനും വിസമ്മതിക്കുന്നു.
താനും മഹാശ്വേതാ ദേവിയും തമ്മിലുള്ള ബന്ധത്തിന്റെ അര്‍ത്ഥം ആനന്ദ് മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: 'ചിലപ്പോഴൊക്കെ അവരുടെ കൂടെ യാത്ര ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ എനിക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ സംഭാവനയൊന്നുമില്ലായിരുന്നു. ഞാന്‍ ഒരു സംഘടനയിലും പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പ്രസ്ഥാനത്തിലും ചേര്‍ന്നിട്ടില്ല. ഒരു ജാഥയും നയിച്ചിട്ടില്ല. ഒരു വിവരണത്തിലും ഞാനൊരു ആക്ടിവിസ്റ്റ് ആയിരുന്നില്ല. ഗണേഷ് ദേവിയുടെ ഭാഷയില്‍ നാലാള്‍ക്ക് ഗുണം ചെയ്യുന്ന ഒരു കാര്യത്തിലും ഇടപെടാതെ അലസനായ ഒരു എഴുത്തുകാരന്‍, വേണമെങ്കില്‍ ബുദ്ധിജീവി എന്നു പറയാം... ' ഇതെല്ലാം ആനന്ദ് മഹാശ്വേതാദേവിയോടും ചോദിക്കുന്നു: 'നിങ്ങള്‍ കൊല്ലം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നവര്‍. പ്രത്യക്ഷമായി ഫലം നേടിയെടുക്കുന്നവര്‍. നിങ്ങളുടെ കൂട്ടത്തില്‍ ഒരാളായി നിങ്ങള്‍ എന്തിനാണ് എന്നെ കരുതുന്നത്?'
എഴുത്തും ഒരു ആക്ടിവിസമാണ് എന്നായിരുന്നു മഹാശ്വേതാ ദേവിയുടെ മറുപടിയെന്ന് ആനന്ദ് എഴുതുന്നു. ആ മറുപടിയാകട്ടെ ആനന്ദിനെ സംശയമുക്തനാക്കുന്നുമില്ല: 'ഈ പറഞ്ഞതില്‍ എന്തെങ്കിലും ശരിയുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. എന്റെ എഴുത്ത് എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.' ആനന്ദ് എഴുതുന്നു.
Content Highlights: Aksharamprathi, Karunakaran, Mahaswatadevi, Anand, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..