എ. അയ്യപ്പൻ| ഫോട്ടോ: എം.വി. സിനോജ്, മാതൃഭൂമി
അലസമായി പാറിക്കിടക്കുന്ന നീളന്‍ മുടിയും അരമുറുക്കാതെ അയഞ്ഞു തൂങ്ങിയ മുണ്ടും ഹവായ് ചെരുപ്പും തോളില്‍ ബുദ്ധിജീവി സഞ്ചിയും തൂക്കി അയ്യപ്പന് മിക്കപ്പോഴും ഞങ്ങളുടെ പുസ്തകശാലയില്‍ എത്തുമായിരുന്നു. തന്റെ ചുരുക്കപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അനാഥനും, അരാജകനും, അലയുന്നവനുമായിരുന്നു എ. അയ്യപ്പന് എന്ന അറുമുഖം അയ്യപ്പന്. തന്റെ പൊള്ളുന്ന അനുഭവങ്ങള്‍ കവിതയില്‍ മാത്രമൊതുക്കി അല്ലെങ്കില്‍ കവിത രചിക്കാനായി മാത്രം പൊള്ളുന്ന ജീവിതം നയിച്ച ജനകീയനായ കവി.
ആര്‍ക്കും വെറുക്കാവുന്ന സ്വഭാവക്കാരന്‍. ഞാനും അതില്‍നിന്നും വ്യത്യസ്തനായിരുന്നില്ല. ആദ്യത്തെ രണ്ടുമൂന്നു വരവുകൊണ്ട് തന്നെ ഞാനും മുഷിഞ്ഞിരുന്നു. കാശു ചോദിക്കും, വരുന്ന വായനക്കാരെ കളിയാക്കും. അവരോടും കാശുചോദിക്കും. പുസ്തകശാല ആയതുകൊണ്ടും അദ്ദേഹമൊരു കവിയായതിനാലും എനിക്ക് എന്റെ നീരസം ഒരുപരിധിക്കപ്പുറം പ്രകടിപ്പിക്കാനാവുമായിരുന്നില്ല.
വരവ് സ്ഥിരമാക്കിയതോടെ ഞാനും അദ്ദേഹവും തമ്മിലൊരു കരാറിലെത്തി. മൂന്നു നിബന്ധനകളാണ് ഉണ്ടായിരുന്നത്. ഒന്ന് എന്നോട് കാശുചോദിക്കാന്‍ പാടില്ല, രണ്ട് കസ്റ്റമേഴ്സിനെ കളിയാക്കാനോ വെറുപ്പിക്കാനൊ പാടില്ല. മൂന്ന് ലോക്കല്‍ ഫോണ്‍കാള്‍ മാത്രമേ വിളിക്കാനനുവദിക്കൂ. അദ്ദേഹവും അതങ്ങീകരിച്ചു. കാരണം പരിചയക്കാരെത്തുന്ന ഒരിടം അനിവാര്യമായ ഒരു സ്ഥിതിയിലായിരുന്നു കവി അപ്പോള്‍. രാവിലെ പത്തുപതിനൊന്നു മണിയോടെ ഷോപ്പിലെത്തും. എനിക്കഭിമുഖമായി ഇരിക്കും. പുറത്തേക്കു നോക്കി താടിക്കുകയ്യും കൊടുത്തു കൈമുട്ട് മേശമേലൂന്നി ചെരിഞ്ഞിരിക്കും. ഇടക്ക് പഴയ കെ.പി.എ.സി നാടകഗാനത്തിന്റെ വരികള്‍ പാടും. പാട്ട് ഈണമാര്ന്നതും അയ്യപ്പന്റെ ശബ്ദം ഘനഗംഭീരവുമായിരുന്നു.
കടയിലേക്ക് കയറിവരുന്ന ആളുകളെ നല്ലപോലെ ശ്രദ്ധിക്കും. ഉച്ചക്ക് മുന്‍പേ തന്നെ ഏതെങ്കിലും ഒരാള്‍ അയ്യപ്പനെ തിരിച്ചറിയും. കവി അയ്യപ്പനല്ലേ എന്നോ അയ്യപ്പന് മാഷല്ലേന്നോ അയ്യപ്പേട്ടാ എന്നോ ചോദിക്കണ്ടനിമിഷം അയ്യപ്പന്റെ പിടുത്തം അയാളുടെ കൈത്തണ്ടയില്‍ വീണിരിക്കും. ആ പിടിവിടുന്നത് അടുത്തുള്ള ബാറില്‍ നിന്ന് രണ്ടോ മൂന്നോ നില്പനടിച്ചതിനു ശേഷം മാത്രമാണ്. അയ്യപ്പന് ഇത്തരമാളുകളെ ഇര എന്നാണ് വിശേഷിപ്പിക്കാറ്. മിക്കവാറും ആളുകള്‍ക്ക് ഈ പെരുമാറ്റം അസഹ്യമായാണ് അനുഭവപ്പെടുക എന്നാല്‍ ചിലര്‍ക്കത് പറഞ്ഞു നടക്കാനുള്ള സ്വകാര്യമായൊരു അഹങ്കാരവും. ഇടയ്ക്കിടയ്ക്ക് ആശുപത്രി വാസമായിരിക്കും. തികച്ചും ഒരനാഥനെ പോലെതന്നെ. അയ്യപ്പന്റെ കെണിയില്‍പെട്ട പലരും പിന്നീട് അയ്യപ്പനെ കാണുമ്പോള്‍ ഓടിയ കലുന്നത് ഞാന്‍ കണ്ടിരുന്നു.
ഒരിക്കല്‍ കടയിലേക്ക് ധൃതിയില്‍ ഒരാള്‍ വന്ന് മാര്‍കേസിന്റ അന്നത്തെ പുതിയ പുസ്തകമായിരുന്ന മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ് എന്ന പുസ്തകം എന്നോട് ചോദിച്ചു. ഉടനെ അയ്യപ്പന് എഴുനേറ്റ് 'മാര്കേസൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആണെടാ, എ അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പെന്ബുക്സിലുണ്ട് അതുപോയി വാങ്ങി വായിക്കാന്‍ നോക്ക്' എന്ന് പറഞ്ഞു. ഞാന്‍ ആകെ അങ്കലാപ്പിലായി. വേഗം ചെന്നു കസ്റ്റമറോട് സോറി പറഞ്ഞു അയാള്‍ക്ക് അയ്യപ്പനെ അറിയാമായിരുന്നു. പക്ഷെ തനിക്കറിയാമെന്നത് അയ്യപ്പനറിയേണ്ട എന്നയാള്‍ എന്നോട് പറഞ്ഞു.
ഫോണുകള്‍ ചെയ്യുന്നത് മിക്കവാറും മാധ്യമ ഓഫീസുകളിലേക്കാണ് തന്റെ കവിത പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടുള്ളിടത്തും ഇല്ലാത്തിടത്തും ഒരുപോലെ വിളിക്കും. കവിതയുടെ പ്രതിഫലം ആവശ്യപ്പെട്ടു കൊണ്ട്. അതുമല്ലെങ്കില്‍ മുന്‍കൂര്‍ പണം നല്കാന് പറഞ്ഞു കൊണ്ട്. വിളിക്കുന്ന മറ്റു സ്ഥലങ്ങള്‍ പുസ്തക പ്രസാധകരെയും പിന്നെ സത്യന്റെ വീട്ടിലുമാണ്. ഒരിക്കല്‍ ഒരു സ്ത്രീ കടയില്‍നിന്ന് പുസ്തകങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കെ അയ്യപ്പന് കേറിവന്നു. വന്ന പാടെ അയ്യപ്പന് അവരെ നോക്കി നീ സുന്ദരിയാണല്ലോടീ എന്ന് പറഞ്ഞു. ഞാന്‍ വിറങ്ങലിച്ചുപോയി. ആ സ്ത്രീ അതിരൂക്ഷമായി അയ്യപ്പനെയും എന്നെയും നോക്കി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. എനിക്ക് ഭയങ്കര ദേഷ്യം വന്നു. അയ്യപ്പനോട് മേലില്‍ വന്നുപോകരുതെന്നും ഇറങ്ങി പോകാനും പറഞ്ഞു. 'എടാ ഞാന്‍ പറഞ്ഞതിലെന്താ തെറ്റ് അവര്‍ സുന്ദരിയല്ലേ' എന്നായിരുന്നു അയ്യപ്പന്റെ സൗമ്യമായ മറുപടി. അതൊന്നും കേട്ടതായി ഭാവിക്കാതെ ഞാന്‍ അയ്യപ്പനെ ഇറക്കി വിട്ടു. ഇറക്കി വിട്ടതില്‍ എനിക്ക് പിന്നീട് വിഷമം തോന്നി.
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം അയ്യപ്പന് വന്ന് സ്ഥിരം പരിപാടികള്‍ തുടര്‍ന്നു. ഒരു ദിവസം ഉച്ചക്ക് രണ്ടുമണി വരെ ഇരുന്നിട്ടും ഇരകളൊന്നും വന്നില്ല. അപ്പോള്‍ എന്നോട് നൂറുരൂപ കടം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. കാരണം അയ്യപ്പന്റെ കയ്യില്‍ സാധാരണ നിലയില്‍ കാശുണ്ടാവും. പക്ഷെ കീശയിലല്ല വെക്കുക. ഷര്‍ട്ടിന്റെ കൈ മടക്കുനുള്ളിലോ മുണ്ടിന്റെ കോന്തലയിലോ മറ്റോ ആയിരിക്കും. എന്നാല്‍ അന്ന് ഈ ഇടങ്ങളൊക്കെ കാണിച്ചു പൈസയില്ലന്ന് എന്നെ ബോധ്യപ്പെടുത്തി. എന്നിട്ടും വഴങ്ങാതിരുന്ന എന്റെ മുന്നില്‍ അയ്യപ്പന് കീശയിലിരുന്ന പേനയെടുത്തുവച്ചു പറഞ്ഞു ''മഹാനായ കവി അയ്യപ്പന് ഇന്നലെ രാത്രികൂടി കവിതയെഴുതിയ പേനയാടാ, ഇത് ഈടുവച്ചു നൂറുരൂപ താടാ''. എന്റെയുള്ളില്‍ അതെവിടെയോ കൊണ്ടു. ഞാന്‍ നൂറു രൂപ കൊടുത്തു കൊണ്ട് പറഞ്ഞു ഇത് കടമല്ല തിരിച്ചു തരികയും വേണ്ട ഇനി എന്നോട് ചോദിക്കരുത്. പേനതിരിച്ചു കൊടുത്തു ''മഹാകാവ്യങ്ങള്‍ ഇതില്ലാത്തോണ്ട് പിറക്കാതായി പോവേണ്ട''. ഷര്‍ട്ടിന്റെ കൈമടക്കിലേക്ക് നൂറുരൂപയുടെ ചുരുട്ടിയ നോട്ട് തിരുകി വച്ച് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് 'സ്വപ്നത്തിന്റെ ദിക്കുകള്‍' തേടി അയ്യപ്പന് അവിടെനിന്നിറങ്ങി.
അയ്യപ്പന്പോയി മൂന്നാം നാള് തിരിച്ചുവന്നു 'നിന്റെ കാശിന്നാ' എന്ന് പറഞ്ഞുകൊണ്ട് നൂറു രൂപ നോട്ട് എനിക്കുനേരെ നീട്ടി. ഞാന്‍ വേണ്ടാന്ന് പറഞ്ഞു. കീശയില്‍ നിന്ന് രണ്ടുമൂന്നു നോട്ടുകള്‍ കൂടെ എടുത്ത് എന്നോട് നിനക്ക് കടം വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണ്ടാന്ന് പറഞ്ഞപ്പോ ആ അല്ലെങ്കില്‍ ഇപ്പൊ കിട്ടും എന്ന് പറഞ്ഞ് കളിയാക്കിയമട്ടിലുള്ള ഒരു ചിരി ചിരിച്ചു. അവിടെനിന്നും എഴുന്നേറ്റ് തോള്‍സഞ്ചി തൂക്കി പോവാനായി ഭാവിക്കവേ എന്തോ ഓര്‍ത്തെടുത്തതുപോലെ ഒന്ന് നിന്ന് സഞ്ചിയില്‍ നിന്നും ഒരു ഡയറി എടുത്ത് എന്റെ മുന്നില്‍ വച്ചു. ഇത് നിനക്കുള്ളതാ... ഞാന്‍ വാങ്ങി തുറന്നു നോക്കി. അദ്ദേഹമെഴുതിയ കുറെ കവിതകളുടെ കൈയ്യെഴുത്തു പ്രതിയായിരുന്നു ആ ഡയറി. മനോഹരമായ കയ്യക്ഷരത്താല് നാലു വരികള്‍ വീതം കൃത്യമായ അകലം പാലിച്ചു സുന്ദരമായി എഴുതിയ കവിതകള്‍, വലുതായെഴുതിയ തലക്കെട്ട്, അടിയില്‍ ഏതു പ്രസിദ്ധീകരണത്തിന് നല്‍കിയതെന്ന വിവരണം തീയ്യതി ഉള്‍പ്പെടെ. അരാജകത്വത്തിനല് ആറാടി ജീവിക്കുന്ന, ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ഥലകാല ബോധമില്ലാതെ ഒഴുകിപ്പരന്ന് നടക്കുന്ന ഒരാളില്‍ നിന്നും സാധാരണക്കാരനായ എനിക്ക് സങ്കല്പ്പിക്കാന് പറ്റാത്തത്ര വിശുദ്ധമായ ഒരു വസ്തുവായിമാറുകയായിരുന്നു ആ കയ്യെഴുത്തു പ്രതി. അതുവരെ അയ്യപ്പനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ തകര്‍ന്നുപോകുകയും അതോടൊപ്പം കവിതയിലും കവിതയോടുമുള്ള അയ്യപ്പന്റെ വിശുദ്ധമനോഭാവത്തിന്റെ പ്രതീകമായി കാലം കരുതിവെച്ച ചാരുശില്പമാവുകയുമായിരുന്നു കവിയുടെ കൈപ്പാടുകള്‍ പതിഞ്ഞ ആ ഡയറി.

''മാഷേ ഇതില്‍ ഇനിയും കവിതകളെഴുതാമല്ലോ ഇത് നിങ്ങളുതന്നെ വച്ചോ'' എന്ന് ഞാന്‍ പറഞ്ഞു. ''എടാ ഞാനിപ്പോ ബാറിലേക്കാ, ഇന്ന് വൈകുന്നേരമാകുമ്പോഴേക്കും എന്റെ കൈയ്യിലെ കാശു തീരും. ആരെങ്കിലും എനിക്ക് മദ്യം വാങ്ങിച്ചു തരും. കേവലം ഒന്നോ രണ്ടോ പെഗ്ഗിനു വേണ്ടി കവിതയുടെ മൂല്യമറിയാത്ത കവിതയെന്തെന്നറിയാത്ത ഏതെങ്കിലും ഒരു നാറിക്ക് ഞാനിതെടുത്തു കൊടുത്തുപോകും. അതെനിക്കിഷ്ടമല്ലെടാ... ഒന്നുമില്ലെങ്കിലും കാലങ്ങളായി എന്നെ സഹിക്കുന്നവനും എന്റെ കവിത വില്ക്കുന്നവനുമല്ലേ നീ... ഇത് നിനക്കിരിക്കട്ടെ ഞാനിഷ്ടത്തോടെയാടാ തരുന്നത് വച്ചോ''. ഇതായിരുന്നു അയ്യപ്പന്റെ മറുപടി. പൂര്‍ണ്ണമനസ്സോടെയല്ലെങ്കിലും അതെനിക്ക് വാങ്ങേണ്ടി വന്നു. ആ ഡയറിയില്‍ എനിക്കായി എന്തെങ്കിലും എഴുതിത്തരാനായി അദ്ദേഹത്തോട് ഞാനപേക്ഷിച്ചു. എന്റെ പേന വാങ്ങി 'കാവ്യപൂര്‍വം സിദ്ധാര്ത്ഥന് സ്നേഹ പൂര്‍വ്വം അയ്യപ്പന്' എന്നെഴുതി. ഈ പേന കൊള്ളാമല്ലോ എന്ന് പറഞ്ഞ് എന്റെ വിലകുറഞ്ഞ പേന അദ്ദേഹമെടുക്കുകയും വിലമതിക്കാനാവാത്ത അക്ഷരനിധിയായ ആ ഡയറി എനിക്ക് സമ്മാനിക്കുകയും ചെയ്തു. 'ദുഖങ്ങളുടെ കയത്തില്‍ നില്ക്കുന്നൊരു സ്തൂപമായ്' എന്ന കവിയുടെ വരികള്‍ പോലെ നിന്നുപോയി ഞാന്‍ ഒന്നും പറയാനാവാതെ കവിയുടെ മനസ്സും കവിതയുടെ മൂല്യവും തിങ്ങുന്ന ആ ഡയറി എന്റെ കൈകളില്‍ ഭദ്രമായി അവശേഷിപ്പിച്ച് എന്റെ കണ്‍വെട്ടത്തുനിന്നും റോഡിലെ ഉരുകുന്ന വെയിലിലേക്ക് 'വെയില് തിന്നുന്ന പക്ഷി' യെപ്പോലെ അയ്യപ്പന് അകന്നകന്ന് ഇല്ലാതാകുന്നത് നോക്കി നിന്നു.
Content Highlights: A Ayyappan memory Book Man show
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..