
സുകുമാർ അഴീക്കോട് | ഫോട്ടോ: പി. ജയേഷ്/ മാതൃഭൂമി
വിയോഗത്തിന് പതിറ്റാണ്ടു തികയുമ്പോള്‍ അഴീക്കോടിന്റെ രാഷ്ട്രീയ-സാമൂഹിക ദര്‍ശനം സൂക്ഷ്മമായി വിലയിരുത്തുന്നു.
ദേശീയതയും ഗാന്ധിയുമാണ് അഴീക്കോടിന്റെ രാഷ്ട്രീയദര്‍ശനത്തിന് പ്രത്യേകമായ മുഖവും രൂപവും നല്‍കിയത്. അഴീക്കോട് നിര്‍മിച്ചെടുത്ത രാഷ്ട്രീയത്തിന്റെ വ്യാകരണം അത് ബോധ്യപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് വിരോധം ആ രാഷ്ട്രീയസമീപനത്തെ വല്ലാതെ സ്വാധീനിച്ച ഘടകമാണ്. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ അഴീക്കോട് കമ്യൂണിസ്റ്റുകളോടൊപ്പം ആയില്ലേ എന്ന് ചിലര്‍ ആശങ്കപ്പെടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അഴീക്കോട് സിദ്ധാന്തപരമായ ഒരു കാര്‍ക്കശ്യവും പ്രകടിപ്പിച്ചില്ല. അദ്ദേഹം ആവിഷ്കരിച്ച രാഷ്ട്രീയസമീപനവ്യഗ്രതയും മൂല്യവിചാരണയും തികച്ചും ജനാധിപത്യപരവും ദേശീയതയുടെ അന്തര്‍ധാരയുമായി ഇണങ്ങിച്ചേരുന്നതുമായിരുന്നല്ലോ.
അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ദേശീയത ശിഥിലമാകുന്നതും പ്രാദേശികവാദം ഭാഷാടിസ്ഥാനത്തിലും പ്രദേശാടിസ്ഥാനത്തിലും ശക്തിപ്രാപിക്കുന്നതും. നെഹ്റു-ഗാന്ധി ആശയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരാള്‍ക്ക് പ്രാദേശികതാവാദത്തെ അംഗീകരിക്കാനാവില്ല. അദ്ദേഹം ദേശീയതയ്ക്കുവേണ്ടി നിലകൊണ്ടു. പക്ഷേ, സാമുദായികമായും മതപരമായും സമൂഹം വിഭജിക്കപ്പെടാന്‍ തുടങ്ങുന്നതും രാഷ്ട്രീയ ദേശീയതയല്ല, ഹിന്ദുദേശീയതയാണ് ശരി എന്ന നിലപാടിലേക്ക് സമൂഹം വ്യതിചലിക്കുന്നതും അദ്ദേഹത്തെ നിരാശപ്പെടുത്തി. ദേശീയത എന്നത് ഒരു വ്യാജപരികല്പനയാണെന്ന വാദവും മറ്റൊരു വഴിയിലൂടെ ഉണര്‍ന്നുവന്ന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഹിന്ദുദേശീയത വികസിച്ചുവരികയാണ് എന്ന കണ്ടെത്തലും 'ഉത്തിഷ്ഠത, ജാഗ്രത' എന്ന ആശയം കൊണ്ടുവന്നു. വര്‍ധിച്ചുവരുന്ന ചരിത്രനിഷേധങ്ങളും പാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയും ഈ വ്യവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കി. യഥാര്‍ഥ ദേശീയബോധം ഉണരുന്നത് സാംസ്കാരികമായ പ്രകോപനങ്ങളെ വിപുലപ്പെടുത്തും എന്നും അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവില്‍നിന്നാണ് അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ രൂപപ്പെട്ടുവന്നത്. അദ്ദേഹമെഴുതിയ മാധ്യമകോളങ്ങളിലും ആ ജാഗ്രത പ്രകടമായിരുന്നു.
ഹിന്ദുത്വശക്തികളുമായി പോരാടണമെങ്കില്‍ കമ്യൂണിസത്തോട് ചേര്ന്നുനില്ക്കാതെ പറ്റില്ല എന്നൊരു ധാരണ അഴീക്കോടിന് ഉണ്ടായിപ്പോയോ? ഹിന്ദുവര്ഗിയതയ്ക്കെതിരേ കഠിനമായി സംസാരിക്കാന്‍ തുടങ്ങിയതോടെ കമ്യൂണിസത്തോടുള്ള അകല്‍ച്ച കുറച്ചുകൊണ്ടുവന്നു. രാഷ്ട്രീയത്തില്‍ ശത്രുപക്ഷത്ത് കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്തി. ബാബ്റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് അഴീക്കോട് നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിലും വിശകലനങ്ങളിലും ആ മാറ്റത്തിന്റെ സ്വരം പ്രകടമായിരുന്നു. ചരിത്രം പിളര്‍ക്കുന്ന ഒരു വര്ഗീയഭ്രാന്തിലേക്ക് ഈ രാജ്യം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിലുള്ള രോഷം നാം കാണാതെ പോകരുത്. പൊളിക്കപ്പെട്ടത് ഇന്ത്യയിലെ ഒരു പള്ളിയാണെങ്കിലും യഥാര്‍ഥത്തില്‍ പിളര്‍ന്നത് ദേശീയമനസ്സാണ് എന്ന് അഴീക്കോട് എഴുതി, പറഞ്ഞു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..