നയൻതാര സഹ്ഗൽ (ഫയൽ ചിത്രം), മഹാത്മഗാന്ധിയുടെ വിലാപയാത്ര
ഫെബ്രുവരി ഒന്ന് 1948. ഇരുപതുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ആ ദിവസം തന്റെ അമ്മയ്ക്കൊരു കത്തയച്ചു. അമേരിക്കയിലെ വെല്ലസ്ലി കോളേജില്‍നിന്ന് ബിരുദമെടുത്തശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയതേയുള്ളൂ അവള്. അമ്മയാകട്ടെ സോവിയറ്റ് യൂണിയനില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയായിരുന്നു അപ്പോള്‍. ഗാന്ധിവധത്തിന്റെ വാര്‍ത്തയറിഞ്ഞ് ജനുവരി 30ന് വൈകുന്നേരം ബിര്‍ല മന്ദിരത്തിലേക്ക് ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ആ പെണ്‍കുട്ടിയുമുണ്ടായിരുന്നു. 'ബാപ്പുവിന്റെ ശരീരം രക്തത്തില്‍ കുളിച്ചുകിടക്കുന്നത്' കണ്ട കാര്യം അവള് അമ്മയ്ക്കെഴുതി. ''അപ്പോഴും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എന്തെങ്കിലും അദ്ഭുതം സംഭവിച്ച് അദ്ദേഹം പുനര്‍ജീവിക്കുമെന്ന് ഞങ്ങള്‍ കരുതി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏത് അദ്ഭുതവും സാധ്യമാണല്ലോ.''
ഗാന്ധി വധത്തിന് രണ്ടുദിവസത്തിന് ശേഷമെഴുതിയ ആ കത്തില്‍ പെണ്‍കുട്ടി ഇങ്ങനെ തുടരുന്നു: ''ബാപ്പുവിന് വെടിയേറ്റല്ലോ എന്ന ചിന്ത ഞങ്ങളില്‍ സ്ഥായിയായി നിലനിന്നു. അതൊരിക്കലും മനസ്സില്‍നിന്ന് പോയതേയില്ല. ഘാതകനെ പിടികൂടിയെങ്കിലും ആ കൃത്യത്തില്‍ പങ്കെടുത്ത വേറെയും ആളുകളുണ്ടാകും. എന്ത് ഭ്രാന്താണ് നമ്മുടെ രാജ്യത്ത് പിടിമുറുക്കുന്നത്? ബാപ്പു പോയതിനുശേഷം അത് പരിശോധിക്കുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളത്?''
എഴുത്ത് തുടരവേ ആ ഇരുപതുകാരി സ്വയം സമാധാനിപ്പിക്കുന്നത് കാണാം, വിഷമവും വേദനയും ദൃഢനിശ്ചയത്തിന് വഴിമാറുന്നു. ''തന്നെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നത് ബാപ്പുവിന് ഇഷ്ടമായേക്കില്ല. സ്വന്തം ശരീരത്തിന്റെ സാന്നിധ്യത്തിനോ അസാന്നിധ്യത്തിനോ ഒരു പ്രാധാന്യവും കല്പിക്കാത്തയാളാണദ്ദേഹം. ബാപ്പു ജീവിച്ച വഴികള്‍ക്കും പറഞ്ഞ കാര്യങ്ങള്‍ക്കുമാണ് നമ്മള് പ്രാധാന്യം നല്‍കേണ്ടത്. ഇത്രകാലം ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പെട്ടെന്ന് നമ്മളെ ഉപേക്ഷിച്ചുപോകാനാകില്ല''- അവളെഴുതി.
Also Read
''രാജ്യമുടനീളം പടര്‍ന്ന ഭ്രാന്ത് എവിടെ കൊണ്ടെത്തിച്ചു എന്ന് നമ്മള് തിരിച്ചറിയാനും അതനുസരിച്ച് മുതിരാനുമാണ് ഈ സമയം ദൈവം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. മുന്‍പൊക്കെ ചെയ്തതുപോലെ ബാപ്പുവിനെ ശരണം പ്രാപിക്കാന്‍ നമുക്കിനിയാവില്ല. നമ്മുടെ ചേതനയെ നമ്മള്‍തന്നെ കണ്ടുപിടിക്കണം, നമ്മുടെ പ്രാര്‍ഥനകള്‍ നമ്മള്തന്നെയുരുവിടണം, നമ്മുടേതായ തീരുമാനങ്ങളിലുമെത്തണം.''
ആധുനിക ഇന്ത്യന്‍ സാഹിത്യവും ആധുനിക ഇന്ത്യാ ചരിത്രവും പഠിക്കുന്നവര്‍ക്ക് ഈ കത്തെഴുതിയ ആളെയും ഇതാര്ക്കെഴുതിയതാണെന്നും മനസ്സിലായിട്ടുണ്ടാകും. പില്ക്കാലത്ത് വിഖ്യാത നോവലിസ്റ്റായിത്തീര്ന്ന നയന്‍താര സഹ്ഗല്‍ (മുന്‍പ് പണ്ഡിറ്റ്) ബ്രിട്ടീഷ് കാലത്ത് ജയില്‍വാസമനുഷ്ഠിച്ച ദേശീയനേതാവും സ്വാതന്ത്ര്യലബ്ധിക്കുശേഷം മോസ്കോയിലും വാഷിങ്ടണിലും ലണ്ടനിലും ഇന്ത്യന്‍ സ്ഥാനപതിയുമായ വിജയലക്ഷ്മി പണ്ഡിറ്റിന് (മുന്‍പ് നെഹ്റു) അയച്ച കത്താണിത്.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: nayantara sahgal gandhi assassination ramachandra guha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..