എം.ടി, ജോൺ പോൾ
സിനിമയെക്കുറിച്ചുള്ള ജോണ്‍പോളിന്റെ സംഭാഷണങ്ങള്‍ ഒരു ജോണ്‍പോള്‍ ചലച്ചിത്രം പോലെ ഹൃദ്യവും ആഴമുള്ളതുമായിരുന്നു. പ്രശസ്ത ചലച്ചിത്ര നിരൂപകനും ഗ്രന്ഥകാരനുമായ ഐ. ഷണ്‍മുഖദാസിനോടുള്ള ഈ സംഭാഷണവും ജോണ്‍പോള്‍ എന്ന വ്യക്തിയെയും ചലച്ചിത്രകാരനെയും പലവിധത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഒരു ഭാഗം വായിക്കാം.
ജോണ്‍പോളിന്റെ പ്രധാന പുസ്തകമാണ് എം.ടി.യുമായുള്ള ദീര്‍ഘ അഭിമുഖം. അദ്ദേഹവും ഒരു പത്രപ്രവര്‍ത്തകനാണ്, എഴുത്തുകാരനാണ്, സംവിധായകനാണ്. അദ്ദേഹവുമായി സംസാരിച്ചതിന്റെ അനുഭവം വെച്ചിട്ട്, അദ്ദേഹത്തിന്റെ തിരക്കഥകളുടെ എന്തെങ്കിലും പ്രത്യേകത പറയാന്‍ പറ്റുമോ?
എം.ടി., അദ്ദേഹത്തിന് പരിചിതമായ ഒരു ലോകത്തെ ആവിഷ്‌കരിക്കുകയാണ്. അല്ലാത്തപ്പോഴൊക്കെ അദ്ദേഹം അല്പം പതറിയിട്ടുമുണ്ട്. പിന്നെ, ഞാന്‍ ആദ്യമായിട്ടൊരു തിരക്കഥ വായിക്കുന്നത് അദ്ദേഹത്തിന്റെ ഓളവും തീരവും ആണ്; ആദ്യമായി ഒരു മലയാളം നോവല്‍ വായിക്കുന്നത് നാലുകെട്ടാണ്. അതൊക്കെ ആകസ്മികമാണ്. മലയാളത്തിലെ മറ്റ് തിരക്കഥകളില്‍ കാണാന്‍ കഴിയാത്ത വിധത്തില്‍ കാഴ്ചയുടെ പിറകെ അക്ഷരം ചെല്ലുന്ന ഒരു വഴി എം.ടി.യില്‍ കാണാന്‍ കഴിയും. അത് സ്വാഭാവികമായിട്ടും ഈ മാധ്യമത്തെ മനസ്സിലാക്കിയിട്ടുള്ള ഒരാളില്‍നിന്ന് സംഭവിക്കുന്നതാണ്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒന്ന് എന്ന് തോന്നിപ്പിക്കാനുള്ള അസാമാന്യമായ ശേഷി എം.ടി.ക്കുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മനുഷ്യമനസ്സിന്റെ ആര്‍ദ്രതകളെ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ മനോഹരമായി സന്ധിപ്പിക്കാനുള്ള പ്രത്യേകമായ ഒരു സിദ്ധിവിശേഷം അദ്ദേഹത്തിനുണ്ട്. ആ വിധത്തില്‍ നോക്കുമ്പോള്‍, അദ്ദേഹം ഒരുപാട് നമ്മളെ മോഹിപ്പിച്ചു. ഇങ്ങനെയൊന്ന് എനിക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന അസൂയ നിറഞ്ഞ വികാരം അദ്ദേഹത്തിന്റെ തിരക്കഥകള്‍ എനിക്ക് ഉണ്ടാക്കിയിട്ടുണ്ട്. അതിനെക്കാളുമുപരി തിരക്കഥാകൃത്ത് എന്നുപറയുന്ന സ്ഥാനത്തിന് മലയാള സിനിമയില്‍ ഇത്ര നിലയും വിലയും ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്. ചെമ്മീനില്‍പോലും തിരക്കഥയുണ്ട് എന്ന് നാം ഓര്‍ക്കാറില്ല. കഥയും സംഭാഷണവും എന്നേയുള്ളൂ. അവിടെ തിരക്കഥാകൃത്ത് എന്നുപറഞ്ഞ ഒരാളുണ്ട് എന്നും സംവിധായകന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബില്ലിങ്ങിന് അര്‍ഹതയും അവകാശവും അയാള്‍ക്കാണെന്നും മലയാളിയെ ബോധ്യപ്പെടുത്തിത്തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെയും പദ്മരാജന്റെയും തിരക്കഥകള്‍ എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്.
പദ്മരാജന്‍ വൈവിധ്യമാര്‍ന്ന പ്രമേയ-പശ്ചാത്തലങ്ങളിലൂടെ കാഴ്ചയുടെ സംസ്‌കാരം നമുക്ക് പകര്‍ന്നുതന്ന ആളാണ്. വളരെ സര്‍ഗാത്മകമായി, ഉജ്ജ്വലമായി നമ്മുടെ തിരക്കഥാശാഖയെ നയിച്ചവരാണ് ഇവര്‍ രണ്ടുപേരും. ജയിക്കുന്നവന്റെ മാത്രമല്ല കഥയെന്നും പരാജയപ്പെടുന്നവനൊരു കഥയുണ്ട് എന്നും ബോധ്യപ്പെടുത്തിത്തന്നു അവര്‍. ഒരു നിമിഷത്തിന്റെ, ഒരു കൊച്ചു നിമിഷത്തിന്റെ, വികാസവും ഒരു കഥയാകാം. പൊട്ടിവീണുടയുന്ന ഒരു വളപ്പൊട്ടിനും ഒരു കഥ പറയാനുണ്ടാകാം, ഒരു കണ്ണുനീര്‍തുള്ളിയും കഥയാകാം എന്നൊക്കെ കവിതയോടടുക്കുന്ന ഭാവാത്മകതയോടുകൂടി മനുഷ്യജീവിതത്തിലെ സര്‍വസാധാരണമായ നിമിഷങ്ങളെ പുനര്‍വിന്യസിപ്പിക്കുന്നതിന് പദ്മരാജന്‍ ഒരുപാട് മാതൃകകള്‍ തന്നിട്ടുണ്ട് .
എറണാകുളത്ത് നടന്ന മാക്ടയുടെ തിരക്കഥാ ക്യാമ്പില്‍ നിരീക്ഷകനായി പങ്കെടുക്കുകയുണ്ടായി. അപ്പോള്‍ അവിടെ വന്ന എല്ലാവരുംതന്നെ ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യം, തിരക്കഥ സാഹിത്യം അല്ല എന്നാണ്. എന്നാല്‍, എം.ടി. ഒരിക്കല്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ? ആ ലേഖനത്തിന്റെ ശീര്‍ഷകംതന്നെ, 'തിരക്കഥ കാണാവുന്ന സാഹിത്യം' എന്നാണ്. ഇപ്പോള്‍, ഒരു തിരക്കഥ എഴുതുമ്പോള്‍തന്നെ ഇതെന്നെങ്കിലും അച്ചടിക്കും എന്ന് മനസ്സിലുണ്ടായിരിക്കും. എം.ടിയുടെയും പത്മരാജന്റെയും തിരക്കഥകള്‍ സാഹിത്യമാണല്ലോ?
എം.ടി.വാസുദേവന്‍ നായര്‍ 'കാണാവുന്ന സാഹിത്യം' എന്ന് തിരക്കഥയെ വിശേഷിപ്പിക്കുന്നത്, ഏറ്റവും കുറഞ്ഞത്, നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് തിരക്കഥയ്ക്ക് ഇവിടെയുണ്ടായിരുന്ന ഒരവസ്ഥയുണ്ട്; അവിടന്ന് സിനിമയുടെ അവസ്ഥകള്‍ മാറി,കാഴ്ചക്കാരുടെ അവസ്ഥകള്‍ മാറി, സിനിമയുടെ ഉള്ളറകളെക്കുറിച്ചുള്ള കൂടുതല്‍ അനുശീലനം സാധാരണക്കാരന് വശമായി. അവനറിയാം. അതുകൊണ്ടു തന്നെ, അവനറിയാവുന്ന രീതിയിലുള്ള ഉള്‍വഴികളിലൂടെ സിനിമയുടെ രൂപരേഖയെ അനുധാവനം ചെയ്യുന്നതിന് അവന് താത്പര്യം കൂടും. കണ്ട സിനിമ അക്ഷരങ്ങളിലൂടെ വീണ്ടും കാണുന്നതിനുള്ള ഒരു കൗതുകം. പക്ഷേ, അത് സാഹിത്യത്തിന്റെ രൂപമാണെന്ന് എം.ടി.വാസുദേവന്‍ നായര്‍ ശഠിച്ചുപറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. ഒരു മെറ്റഫര്‍ എന്ന രീതിയില്‍, ഒരു വിശേഷണം എന്ന രീതിയില്‍ ഉപയോഗിച്ചതാണ്. വായിക്കാനുള്ള സാഹിത്യം. കാണാനുള്ള, കാഴ്ചയിലൂടെ,ചിത്രങ്ങളിലൂടെ നിങ്ങളുടെ മനസ്സില്‍ അനുഭവങ്ങളെ വിന്യസിപ്പിച്ചുതരുന്നു എന്ന അര്‍ഥത്തില്‍ ആണദ്ദേഹം അങ്ങനെ പറഞ്ഞത്. എനിക്ക് നല്ല ഓര്‍മയുണ്ട്. സിനിമ എന്നത് സംവിധായകന് വിധേയമായിട്ടാണ് സംഭവിക്കുന്നത്. അതൊരു സ്ട്രക്ചര്‍ കൂടിയാണ്. ആ സ്ട്രക്ചറിന് വിധേയമായാണ് തിരക്കഥ എഴുതുന്ന എഴുത്തുകാരന്റെ എല്ലാ വ്യവഹാരങ്ങളും. കവിയും ഗാനരചയിതാവും തമ്മിലുള്ള അകലം, സാഹിത്യകാരനും തിരക്കഥാകൃത്തും തമ്മില്‍ ഉണ്ടായേതീരൂ. നാടകത്തിന് ആ പ്രശ്‌നമില്ല. അരങ്ങേറുന്ന നാടകവും വായിക്കാനുള്ള നാടകവുമുണ്ട്. അരങ്ങേറാതെയും വായിക്കാം. അതില്‍ സാഹിത്യം ഉണ്ട്. പക്ഷേ, തിരശ്ശീലയില്‍ എത്താത്ത ഒന്ന് തിരക്കഥയാവില്ല.
തിരശ്ശീലയില്‍ എത്തുമ്പോള്‍, ആ ദൃശ്യത്തുടര്‍ച്ചകൂടി ചേര്‍ന്നാണ് തിരക്കഥ പൂര്‍ണമാകുന്നത്. അതുകൊണ്ട്, അച്ചടിച്ചു എന്നതുകൊണ്ട് ഒരു തിരക്കഥയും എം.ടി.യുടെ ആകട്ടെ, വിറ്റോറിയ ഡിസീക്കയുടെ ആകട്ടെ.... ആ രൂപത്തിലല്ല ആദ്യരൂപം ഉണ്ടായത്. എഡിറ്റിങ് ടേബിളില്‍വെച്ച്, പലവുരു മാറ്റിത്തിരുത്തപ്പെട്ട്, ലൊക്കേഷനില്‍വെച്ച് തിരുത്തപ്പെട്ട്, ഫൈനല്‍ ഫോര്‍മാറ്റ് വന്നതിനുശേഷം അച്ചടിക്കുന്നതാണ്. തന്റേതല്ലാത്ത കഥാപാത്രങ്ങള്‍ക്ക് അവരുടേതായ സന്ദര്‍ഭങ്ങള്‍ക്ക്, അവരുടേതായ സംസ്‌കാരത്തില്‍ നിന്നുകൊണ്ട്, അതിന്റെ കാവ്യഭാവനയെയും രചനാവിരുതിനെയും കടമെടുക്കുന്നതാണ്. അപ്ലൈഡ് റൈറ്റിങ് ആണ് തിരക്കഥ. അത് സാഹിത്യമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..