മാധവ് ഗാഡ്ഗിൽ | ഫോട്ടോ: കെ. അബൂബക്കർ
1963-ല്‍ പശ്ചിമഘട്ടവുമായുള്ള എന്റെ എട്ടുവര്‍ഷത്തെ പ്രണയത്തിന് ഇടവേള നല്‍കി ഞാന്‍ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദത്തിനു ചേര്‍ന്നു. പരിസ്ഥിതിശാസ്ത്രത്തിലേക്കുള്ള ഏറ്റവും നല്ല വഴി എന്ന ചിന്തയില്‍ ഞാന്‍ മറൈന്‍ ബയോളജിയാണ് എടുത്തത്. പെട്ടെന്നുതന്നെ കടലിനോടും മത്സ്യങ്ങളോടും മത്സ്യത്തൊഴിലാളിസമൂഹത്തോടും ചങ്ങാത്തത്തിലായി. ഇതിലുള്ള താത്പര്യം എന്നെ മത്സ്യബന്ധനത്തുറമുഖങ്ങളിലേക്കും മീന്‍ചന്തകളിലേക്കും കടലിലെ മത്സ്യബന്ധനത്തിലേക്കും കടല്‍ത്തീരങ്ങളിലെ മണല്‍പ്പരപ്പിലേക്കും മത്സ്യത്തൊഴിലാളികളുടെ മണ്‍കുടിലുകളിലേക്കും കൊണ്ടുപോയി. മുംബൈയിലെ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ പ്രസിഡന്റിനെ കണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് ഞാന്‍ ശ്രമിച്ചിരുന്നു. ഗവേഷണം നടത്തണമെന്ന അഭിവാഞ്ഛ ശക്തമായിരുന്നതിനാല്‍ സ്വര്‍ണനത്തോലി (golden anchovy - Coilia dussumieri)കളുടെ ജീവിതചക്രത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി. ആഴ്ചയിലൊരുദിവസം പഠനത്തിനുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി സസൂണ്‍ തുറമുഖത്ത് പോകുകയും മത്സ്യവുമായെത്തുന്ന തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു.
മുംബൈയില്‍വെച്ചാണ് കടല്‍വിഭവങ്ങള്‍ എന്റെ ഹൃദയത്തിന്റെ ഭാഗമായത്. സസ്യഭക്ഷണത്തില്‍നിന്നുള്ള അമ്മയുടെ മാറ്റം പ്രഭാതഭക്ഷണത്തിലെ മുട്ടയില്‍ അവസാനിച്ചുവെന്ന് പറയാം. അച്ഛന്‍ 1917-22 കാലത്ത് കേംബ്രിജില്‍ പഠിച്ചിരുന്നതിനാല്‍ ബീഫും മീനും കഴിച്ചിരുന്നു. എങ്കിലും, വീട്ടില്‍ അവയുണ്ടാക്കാന്‍ നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ മച്ചുനനായിരുന്ന ശങ്കര്‍ മാമയുമായി നല്ല അടുപ്പമായിരുന്നു. ശങ്കര്‍ മാമയുടെ ഭാര്യ മണിക് മാമി ഗോവക്കാരിയായിരുന്നു. നല്ല പാചകവിദഗ്ധയുമായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ അവരുടെ ഗോവന്‍ കടല്‍ഭക്ഷണം ആസ്വദിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അവരുടെ കടല്‍മീന്‍, ചെമ്മീന്‍, കടുക്ക വിഭവങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അവ എന്റെ ഹൃദയത്തിന്റെ ഭാഗമായിമാറി.
എന്നാല്‍, ഞാന്‍ ആദ്യമായി വേവിക്കാത്ത കടല്‍ഭക്ഷണം കഴിച്ചത് ഒരു ജാപ്പനീസ് ട്രോളറില്‍വെച്ചാണ്. ജപ്പാന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നതിനായി ട്രോളറുകള്‍ നല്‍കിയിരുന്നു. ഞാന്‍ രണ്ടുദിവസം അവരുടെ കൂടെ കടലിലുണ്ടായിരുന്നു. ആദ്യത്തെ യാത്രയില്‍ത്തന്നെ ഒരു ഞണ്ടിനെപ്പിടിച്ച് അതിന്റെ കാലുകളും തോടും നീക്കി പച്ചയായിത്തന്നെ അതിന്റെ മാംസം ആസ്വദിച്ചു. ഞാന്‍ എന്തുകാര്യവും പരീക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നു. അതുകൊണ്ട് ഞണ്ടിന്റെ പച്ചമാംസം ആസ്വദിക്കുകതന്നെ ചെയ്തു. എല്ലാത്തരം ഭക്ഷണവും ഇഷ്ടപ്പെടുന്ന രീതി ഫീല്‍ഡ് പഠനത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. ട്രോളറുകള്‍ കടലിന്റെ അടിത്തട്ടില്‍ വന്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുമെന്നും അത് വരുംകാലങ്ങളില്‍ മത്സ്യസമ്പത്ത് കുറയ്ക്കുമെന്നുമുള്ള ആശങ്ക മത്സ്യത്തൊഴിലാളിസുഹൃത്തുക്കള്‍ അന്നേ പ്രകടിപ്പിച്ചിരുന്നു. അന്ന് അവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ഇന്ന് മുന്‍കരുതല്‍തത്ത്വ (Precautionary principle)മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആശയവുമായി സാമ്യമുള്ളതാണ്. അവരുടെ ആശങ്കകള്‍ ശരിയായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയില്‍ നിന്നും
Content Highlights: madhav gadgil autobiography mathrubhumi weekly part three


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..