മാധവ് ഗാഡ്ഗിൽ | ഫോട്ടോ: അജിത്ത് ശങ്കരൻ
അതേവര്‍ഷം-1956ല്‍-തന്നെയായിരുന്നു ''നീ, ഒരു ബ്രാഹ്മണനാണോ? ഞാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ വെള്ളം കൊടുക്കുകയുള്ളൂ'' എന്ന ബ്രാഹ്മണപുരോഹിതന്റെ ആക്രോശം കേട്ട് ഞാന്‍ ഞെട്ടിയത്. ഞങ്ങളാണെങ്കില് പതിന്നാലുവയസ്സുള്ള രണ്ട് കുട്ടികള്‍, കൊടുംചൂടില്‍ മൂന്നുമണിക്കൂറോളം ചെങ്കുത്തായ മല കയറി ദാഹിച്ചുവലഞ്ഞ് വെള്ളം കിട്ടുമെന്ന പ്രതീക്ഷയോടെയായിരുന്നു കുന്നിന്മുകളിലെ ക്ഷേത്രത്തിലെത്തിയത്.
സത്താറാ നഗരത്തിന് സമീപമുള്ള അമ്മയുടെ മുത്തച്ഛന്റെ വീടിനടുത്തുള്ള യവതേശ്വരമലയാണ് ഞാനും സുഹൃത്തും കൂടി കയറിയത്. വഴികളിലെവിടെയും ആള്‍താമസമുണ്ടായിരുന്നില്ല. ഞങ്ങള്‍ ആശ്വാസത്തോടെയാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ അത്തിമരത്തിന്റെ സമൃദ്ധമായ തണലില്‍ പുരോഹിതന്റെ വീടിനോടുചേര്‍ന്ന് ഒരു കിണറുമുണ്ടായിരുന്നു. അന്ന് പ്ലാസ്റ്റിക് ബോട്ടിലുകളോ ക്യാനോ ഒന്നും ഉണ്ടായിരുന്നില്ല. അധികം ഭാരം വഹിക്കേണ്ടെന്നുകരുതി വെള്ളം കരുതിയിരുന്നുമില്ല. വഴിയിലെവിടെയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതും. ജാതി സമ്പ്രദായം മ്ലേച്ഛമാണെന്ന് ബാബയും അമ്മ പ്രമീളയും പറയുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ പൊടുന്നനെ തിരിച്ചറിഞ്ഞു.
എന്റെ അച്ഛന് ചെറിയപ്രായത്തില്‍തന്നെ, ഞാന്‍ മനസ്സിലാക്കിയത് പത്താംവയസ്സില്‍തന്നെ, ജാതി അപമാനമാണെന്നും താന്‍ ഒരു ജാതിയിലും പെടില്ല എന്നും തീരുമാനിച്ചിരുന്നു. എന്റെ അമ്മയുടെ കുടുംബം പ്രാര്‍ഥനാസമാജ് എന്ന പുരോഗമനസംഘത്തിന്റെ ഭാഗമായിരുന്നു. അവര്‍ ഹിന്ദു ജാതിവ്യവസ്ഥയെ തിരസ്കരിച്ചിരുന്നവരായിരുന്നു. എന്റെ മാതാപിതാക്കള്‍ ജാതിയെ തിരസ്കരിക്കുന്നതില്‍ ഏകമനസ്കരായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒരു ചടങ്ങിനും ബ്രാഹ്മണപൂജാരിമാരെ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ ബ്രാഹ്മണരല്ലെന്ന് ഒരു മടിയും കൂടാതെ ഞാന്‍ പുരോഹിതന് മറുപടി കൊടുത്ത്, വെള്ളം കുടിക്കാതെ തിരിച്ചുനടന്നു.
ഞങ്ങളുടെ വീട്ടില്‍ പുരോഹിതര്‍ വന്നിട്ടുള്ളത് നവബുദ്ധമതക്കാര്ക്കുവേണ്ടി നടത്തിയ ഓറിയന്റേഷന്‍ ക്യാമ്പുമായി ബന്ധപ്പെട്ടായിരുന്നു. ബുദ്ധമതം സ്വീകരിച്ച് ഏറെ കഴിയുന്നതിനുമുന്പ് ഡോ. അംബേദ്കര്‍ അന്തരിച്ചിരുന്നു. പുതുതായി ബുദ്ധമതം സ്വീകരിച്ചവര്‍ക്ക് ആവശ്യമായ ബുദ്ധമതതത്ത്വങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വം തന്റെതാണെന്ന് ബാബ സ്വയം കരുതി. അതിനായി അദ്ദേഹം ശ്രീലങ്ക, മ്യാന്മാര്, തായ്ലാന്ഡ് എന്നിവിടങ്ങളില്‍നിന്നായി ആറ് ബുദ്ധസന്ന്യാസിമാരെ ക്ഷണിച്ചിരുന്നു. അച്ഛന്റെ സ്ഥാപനത്തില്‍വെച്ചാണ് പരിപാടി നടന്നിരുന്നതെങ്കിലും തായ്ലാന്‍ഡില്‍നിന്ന് വന്ന സന്ന്യാസിമാര്‍ ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയില്‍ നിന്നും
Content Highlights: madhav gadgil autobiography mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..