മാധവ് ഗാഡ്ഗിൽ | ഫോട്ടോ: അജിത്ത് ശങ്കരൻ | മാതൃഭൂമി
അസാധാരണമെന്ന് ആലങ്കാരികമായല്ലാതെ വിശേഷിപ്പിക്കാവുന്ന ചില ജീവിതങ്ങളുണ്ട്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവര്‍. ജ്ഞാനാര്‍ജനം ഒരു സാമൂഹിക ദൗത്യമാണെന്നും ആര്‍ജിച്ച ജ്ഞാനം താനുള്‍പ്പടെയുള്ള സമൂഹത്തിന്റെ സര്‍വതല വികാസത്തിന് പ്രയോജനപ്പെടണമെന്നും ആഗ്രഹിച്ച് അതിനായി ജീവിതം സമര്‍പ്പിക്കുന്നവര്‍. അത്തരം മനുഷ്യരുടെ മഹത്വത്തിന്റെ കിരണങ്ങളാലാണ് ലോകം പ്രകാശിക്കുന്നത്. ഇക്കോളജിസ്റ്റും പാരിസ്ഥിതിക ദാര്‍ശനികനുമായ മാധവ് ഗാഡ്ഗില്‍ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വം മഹത്തുക്കളില്‍ ആദ്യനിരക്കാരനാണ്. ഗാഡ്ഗിലിന്റെ ആത്മകഥ ഈ ലക്കം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആരംഭിക്കുകയാണ്. ഒരു ഭാഗം വായിക്കാം
ബാബയും ഞാനും
അച്ഛന് നാട്ടുവേലിത്തത്തയും മകന് തത്തയും പാടുകയാണ്. അമ്മയും കുഞ്ഞുപെങ്ങന്മാരും നിറഞ്ഞ സന്തോഷത്തിലാണ്. കുഞ്ഞുങ്ങള്‍ ചിറകുവെച്ച് പറന്നുപൊങ്ങുമ്പോള്‍, സന്തുഷ്ട കുടുംബം മുന്നോട്ടുകുതിക്കും; ആഹ്ലാദത്തോടെ ചിലയ്ക്കും!
ദിഗ്വിജയം നേടിയ ഇക്ഷ്വാകുവംശത്തിലെ ചക്രവര്‍ത്തി രഘുവിന്റെ സാമ്രാജ്യത്തെ വിവരിക്കുന്ന മഹാകവി കാളിദാസന് പശ്ചിമഘട്ടത്തെ നിത്യകന്യകയോടാണ് ഉപമിച്ചിട്ടുള്ളത്. അവളുടെ ശിരസ്സ് കന്യാകുമാരിക്കടുത്തുള്ള അഗസ്ത്യമലയും മുലകള്‍ ആനമുടി, നീലഗിരി മലനിരകളും. പാദങ്ങള്‍ നര്‍മദാനദിക്ക് തെക്കുള്ള സത്പുര മലനിരകളോട് ചേര്‍ത്തുവെച്ച് ശയിക്കുന്ന കന്യകയായാണ് കാളിദാസന്റെ ഭാവനയില്‍ പശ്ചിമഘട്ടം നിറഞ്ഞുനിന്നത്. ഞാന്‍ എന്റെ ബാല്യകാലത്ത് തന്നെ നിത്യകന്യകയായ ഈ യുവസുന്ദരിയുമായി പ്രണയത്തിലായിരുന്നു. വളരുംതോറും അവളോടുള്ള എന്റെ പ്രണയം ദൃഢവും ആര്‍ദ്രവുമായി വളര്‍ന്നു.
ഞാന്‍ ജനിച്ചത് 1942-ലാണ്. ഇന്ത്യ വിട്ടുപോകാന്‍ മഹാത്മജി ബ്രിട്ടീഷുകാര്‍ക്ക് അന്ത്യശാസനം നല്കിയ വര്‍ഷം. ഇന്ത്യയിലെ പക്ഷികളെക്കുറിച്ചുള്ള പ്രശസ്ത പക്ഷി നിരീക്ഷകനായ സാലിം അലിയുടെ വിശിഷ്ട ഗ്രന്ഥം പുറത്തിറങ്ങിയതിന്റെ പിറ്റേവര്‍ഷം. എന്റെ പിതാവ് ധനഞ്ജയ രാമചന്ദ്രഗാഡ്ഗിലിന്റെ സുഹൃത്തായിരുന്നു സാലിം അലി. ബാബ സാലിം അലിയുടെ പുസ്തകത്തെക്കുറിച്ച് എന്നോട് എപ്പോഴും പറയുമായിരുന്നു. കീടനാശിനികളുടെ കാലത്തിനും മുമ്പുള്ള ഞങ്ങളുടെ പരിസരങ്ങളിലുണ്ടായിരുന്ന വിവിധങ്ങളായ പക്ഷിക്കൂട്ടങ്ങളുടെ ആകര്‍ഷണ വലയത്തിലേക്ക് എന്നെ കൈ പിടിച്ചുകൊണ്ടുപോയത് എന്റെ ബാബയായിരുന്നു. അദ്ദേഹം പലപ്പോഴും തൊട്ടടുത്തുള്ള വേതാള മലകളിലേക്ക് ബൈനോക്കുലറുമായി എന്നെയും കൂട്ടി പോകുമായിരുന്നു. അങ്ങനെ വേതാള മലകളിലെ വാനമ്പാടി, വരമ്പന്, ബുള്‍ബുള്‍, ചിലപ്പന്‍, കാട, തിത്തിരിപ്പക്ഷി, പരുന്ത്, പ്രാപ്പിടിയന്മാര് തുടങ്ങിയ അനേകം പക്ഷികള്‍ എന്റെ കൂട്ടുകാരായി. ക്രമേണ പ്രകൃതിയുടെ നൈസര്‍ഗികമായ വൈവിധ്യങ്ങളില്‍, ജീവനെ നിലനിര്‍ത്തുന്ന അതിന്റെ ശാദ്വലതയില്‍ ഞാന്‍ അനുരക്തനാവുകയായിരുന്നു.
നാല് മക്കളില്‍ ഇളയവന് ഞാനായിരുന്നു. എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന് അജിത് 1928-ലാണ് ജനിച്ചത്, സഹോദരി സുലഭ 1932-ലും സഹോദരന് പുരുഷോത്തം 1936-ലും ജനിച്ചു. ഞങ്ങളുടെ പ്രായങ്ങള് തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു, അതിനാല്‍ എന്റെ ജീവിതത്തെ അവര്‍ കാര്യമായൊന്നും സ്വാധീനിച്ചിട്ടില്ല. അച്ഛന്റെ പക്ഷി നിരീക്ഷണത്തിലുള്ള അഭിനിവേശവും പരന്ന വായനാശീലവും എനിക്ക് മാത്രമാണ് കിട്ടിയത്. വീട്ടിലെ ഞങ്ങളുടെ ലൈബ്രറിയില്‍ 2000-ത്തിന് മേല്‍ ഇംഗ്ലീഷ് പുസ്തകങ്ങളും 1000-ത്തിലധികം മറാത്തി പുസ്തകങ്ങളും മുത്തച്ഛന്റെ ശേഖരത്തിലെ 50-ഓളം സംസ്കൃത പുസ്തകങ്ങളും ഉണ്ടായിരുന്നു. കൂടാതെ മറാത്തിയിലെയും ഇംഗ്ലീഷിലെയും മിക്ക ആനുകാലികങ്ങളും വരുത്തുകയും അവയൊക്കെ കൃത്യമായി ഓരോ വര്‍ഷവും ബൈന്റ് ചെയ്ത് ലൈബ്രറിയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ ഗ്രന്ഥശേഖരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയിരുന്നു, വായിച്ച പുസ്തകങ്ങളെക്കുറിച്ച് ബാബയുമായി ചര്‍ച്ച ചെയ്യുകയും ശേഷം വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കിടയില്‍ മറ്റൊന്നുകൂടി പൊതുവായുണ്ടായിരുന്നത് സ്പോര്‍ട്സിലുള്ള അതീവ താത്പര്യമാണ്. ഞങ്ങള്‍ രണ്ടുപേരും അതില്‍ പ്രാവീണ്യമുള്ളവരുമായിരുന്നു.
പക്ഷികളോടും ചെറുതും വലുതുമായ മറ്റ് ജീവജാലങ്ങളോടും മാത്രമല്ല നമ്മുടെ ജനങ്ങള്‍, അവരുടെ സംസ്കാരം, ജീവിത പരിസരം എന്നിവകളിലൊക്കെ എന്നില്‍ താത്പര്യം ജനിപ്പിക്കുവാന്‍ ബാബ ശ്രമിച്ചിരുന്നു.
Content Highlights: madhav gadgil autobiography mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..