'ആ കാട്ടുപോത്തുകള്‍ മണ്‍മറഞ്ഞതോടെ എന്റെ ജനതയുടെ പാട്ടുകളും നിലച്ചുപോയി'


മാധവ് ഗാഡ്ഗില്‍/ മൊഴിമാറ്റം: വിനോദ് പയ്യട

2 min read
Read later
Print
Share

ചരിത്രത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത പരിസര വ്യവസ്ഥകളില്‍ വിഭിന്നമായ പങ്കുവഹിച്ചുപോരുന്ന അസാധാരണവും സങ്കീര്‍ണവുമായ ജീവിവര്‍ഗമാണ് മനുഷ്യന്‍. ഈ പങ്ക് അവന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വ്യവസ്ഥകളെയും അവയുടെ മൂല്യങ്ങള്‍, സംസ്‌കാരം അതുപോലെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മേലുള്ള അധീശത്വം എന്നിവയെയൊക്കെയും ആശ്രയിച്ചിരിക്കും.

പ്രതീകാത്മക ചിത്രം| ഫോട്ടോ: അസീസ് മാഹി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഗാഡ്ഗിലിന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം

.ബി.എം.ഫെലോ എന്ന നിലയില്‍ ഹാര്‍വാഡിലെ എന്റെ നാലാമത്തെ വര്‍ഷം ഉപയോഗിച്ചത് ഏകജീവികള്‍, ഒരേ ഇനം ജീവികളുടെ സമൂഹങ്ങള്‍, വിവിധ ജീവികളുടെ സമൂഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്. പരിസ്ഥിതിശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും പരിസരവ്യവസ്ഥകളിലൂടെയുള്ള ദ്രവ്യങ്ങളുടെയും ഊര്‍ജത്തിന്റെയും പ്രവാഹങ്ങളുമായുള്ള അവയുടെ വിനിമയത്തെക്കുറിച്ചുമുള്ള എന്റെ ധാരണകള്‍ വിലയിരുത്താനും ഉറപ്പിക്കാനും ശ്രമിച്ചു.

പരിസരവ്യവസ്ഥകളുടെ ഓരോ തലത്തിലും മനുഷ്യസമ്മര്‍ദങ്ങളുടെ ദുഷ്പരിണാമങ്ങള്‍ പ്രകടമായിരുന്നു. മിക്ക ജീവിവര്‍ഗങ്ങളുടെയും സംഖ്യ ഭീകരമായ തോതില്‍ കുറയാന്‍ മനുഷ്യ ഇടപെടല്‍ കാരണമായി. 1492-ല്‍ വടക്കെ അമേരിക്ക കീഴടക്കിയ യൂറോപ്യന്‍മാരെ സ്വാഗതം ചെയ്തത് വാനം നിറഞ്ഞ് പറക്കുന്ന പക്ഷികളായിരുന്നു. കാട്ടുപ്രാവുക (Passenger Pigeon) ളായിരുന്നു കൂടുതല്‍. ചുരുങ്ങിയത് മൂന്ന് മുതല്‍ അഞ്ച് ബില്യണ്‍ വരെ ഉണ്ടായിരുന്നു അവയുടെ അംഗബലം. തദ്ദേശീയര്‍ ഭക്ഷണത്തിനായി അവയെ നൂറ്റാണ്ടുകള്‍ വേട്ടയാടിയിട്ടും എണ്ണത്തില്‍ വലിയ രീതിയിലുള്ള ഇടിവുണ്ടായില്ല. എന്നാല്‍ വെറും നാല് നൂറ്റാണ്ടുകൊണ്ട് വെള്ള വംശജരായ അധിനിവേശക്കാര്‍ എല്ലാ കാട്ടുപ്രാവുകളെയും കൊന്നൊടുക്കി. അവസാനത്തെതിനെ 1901-ലാണ് കൊന്നത്. ഒരെണ്ണത്തെ പിടിച്ച് സിന്‍സിന്നാറ്റി ദേശീയ മൃഗശാലയില്‍ പാര്‍പ്പിച്ചു. അത് 1914-ല്‍ ചത്തു.

തദ്ദേശീയരെ ക്ഷയിപ്പിക്കാന്‍ അവരുടെ ഭക്ഷ്യവിതരണ ശൃംഖല തകര്‍ക്കുക എന്നത് എക്കാലത്തും യൂറോപ്യന്‍മാരുടെ രീതി ആയിരുന്നു. കാട്ടുപോത്തുകളുടെ കാര്യത്തില്‍ വിസ്മയകരമാം വിധം ഇത് വ്യക്തമായിരുന്നു. വടക്കെ അമേരിക്കന്‍ സമതലങ്ങളിലെ കാട്ടുപോത്തുകളെ ഉപജീവനത്തിനായി വേട്ടയാടല്‍ തദ്ദേശവാസികളുടെ അടിസ്ഥാനാവകാശമായിരുന്നു. എന്നാല്‍ അവിടെ കുടിയേറിപ്പാര്‍ത്ത, വേട്ട തൊഴിലാക്കി മാറ്റിയ അമേരിക്കന്‍ വെള്ള വംശജരും അമേരിക്കന്‍ സര്‍ക്കാരും ചേര്‍ന്ന് തദ്ദേശീയരെ അവരുടെ ആഹാരത്തിന്റെ ആധാരമായിരുന്ന കാട്ടുപോത്തുകളുമായി ബന്ധപ്പെട്ട ഭക്ഷ്യശൃംഖലയില്‍നിന്ന് അടര്‍ത്തിമാറ്റുകയും അവരെ പാര്‍പ്പിക്കാന്‍ പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ട പുറംപ്രദേശങ്ങളിലേക്ക് തള്ളിമാറ്റുകയും ചെയ്തു. 1890-ഓട് കൂടി കാട്ടുപോത്തുകള്‍ക്ക് ഏറക്കുറെ വംശനാശം സംഭവിച്ചു. തദ്ദേശീയര്‍ കാട്ടുപോത്തിനെ ഭക്ഷണാവശ്യത്തിന് വേട്ടയാടുമ്പോഴും അവയെ തങ്ങള്‍ക്ക് ദൈവം തന്ന ഒരു അനുഗ്രഹമായി പരിഗണിച്ചിരുന്നു. അവര്‍ക്ക് കാട്ടുപോത്തുകളുമായി ആത്മീയവും വൈകാരികവുമായ ബന്ധമാണുണ്ടായിരുന്നത്. കാട്ടുപോത്തുകള്‍ ഇല്ലാതാകുന്നത് അവര്‍ക്ക് അത്യന്തം വേദനാജനകമായിരുന്നു. ഒരിക്കല്‍ ക്രോ ദേശീയ തയുടെ തലവനായിരുന്ന പ്ലെന്റികൂപ്സ് (18481932) വിശദീകരിച്ചതുപോലെ ''കാട്ടുപോത്തുകള്‍ മണ്‍മറഞ്ഞപ്പോള്‍ നിലംപൊത്തിയ എന്റെ ജനതയുടെ ഹൃദയങ്ങളെ പിന്നീടൊരിക്കലും ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതോടെ അവരുടെ പാട്ടുകളും നിലച്ചുപോയി .''

60 ദശലക്ഷം കാട്ടുപോത്തുകളാണ് 1800-ന് മുന്‍പുണ്ടായിരുന്നത്. 1830-ല്‍ അത് 40 ദശലക്ഷമായി കുറഞ്ഞു. 1900 മാവുമ്പോഴേക്കും 500 എണ്ണം മാത്രമായി. കാട്ടുപോത്തുകള്‍ ഇല്ലാതായതോടെ തദ്ദേശീയ ജനത നിഷ്‌കാസിതരാവുകയും പുല്‍മേടുകള്‍ ഗോതമ്പ് പാടങ്ങളായും ഡയറി ഫാമിങ് കേന്ദ്രങ്ങളായും മാറ്റപ്പെടുകയും ചെയ്തു. സാമൂഹികഘടനയില്‍ മനുഷ്യപ്രേരിതമായ വന്‍ മാറ്റങ്ങള്‍ക്ക് ഒട്ടേറെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അലാസ്‌കയിലെ ഗവര്‍ണറായിരുന്ന സാറ പലിന്‍ മ്ലാവുകളുടെ സംഖ്യാ വര്‍ധനവിനുവേണ്ടി ചെന്നായ്ക്കളെ വെടിവെച്ച് കൊല്ലണമെന്ന വാദവുമായി രംഗത്ത് വന്നിരുന്നു. ചെന്നായകള്‍ ലോകത്തെമ്പാടുംതന്നെ വംശഭീഷണി നേരിടുന്ന സമയമായിരുന്നു അപ്പോള്‍.

ആഴ്ചപ്പതിപ്പ് വായിക്കാം

ചരിത്രത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത പരിസര വ്യവസ്ഥകളില്‍ വിഭിന്നമായ പങ്കുവഹിച്ചുപോരുന്ന അസാധാരണവും സങ്കീര്‍ണവുമായ ജീവിവര്‍ഗമാണ് മനുഷ്യന്‍. ഈ പങ്ക് അവന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വ്യവസ്ഥകളെയും അവയുടെ മൂല്യങ്ങള്‍, സംസ്‌കാരം അതുപോലെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മേലുള്ള അധീശത്വം എന്നിവയെയൊക്കെയും ആശ്രയിച്ചിരിക്കും. ഈ സങ്കീര്‍ണതകളെ മനസ്സിലാക്കല്‍ വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും അതിലൊരു ശ്രമം നടത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ പിതാവിന്റെ സാമ്പത്തികശാസ്ത്രം, ചരിത്രം എന്നിവകളിലുള്ള താത്പര്യവും ഐരാവതി കാര്‍വെയുടെ സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം എന്നിവകളിലുള്ള താത്പര്യവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവരുടെ സന്നദ്ധതയും എനിക്ക് പ്രചോദനമായിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു.

പൂര്‍ണരൂപം വായിക്കാം

Content Highlights: madhav gadgil autobiography mathrubhumi weekly

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented