'കിളിയിറച്ചിയുടെ മണം വരുമ്പോഴും എലിപ്പൊത്തുകള്‍ പുകയ്ക്കുമ്പോഴും എല്ലാം പാട്ടാണ് ഞങ്ങള്‍ക്ക്...'


By നഞ്ചിയമ്മ/ കെ.സി സുബി

5 min read
Read later
Print
Share

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരത്തിനര്‍ഹയായ നഞ്ചിയമ്മയുമായി കെ.സി സുബി നടത്തിയ അഭിമുഖം. 

നഞ്ചിയമ്മ (ഫോട്ടോ/ അഖിൽ ഇ.എസ്, അരുൺ കൃഷ്ണൻകുട്ടി)

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരത്തിനര്‍ഹയായ നഞ്ചിയമ്മയുമായി കെ.സി സുബി നടത്തിയ അഭിമുഖം.

ട്ടപ്പാടിയില്‍നിന്ന് നല്ലവാര്‍ത്തകള്‍ മലയിറങ്ങാറില്ല. ശിശുമരണങ്ങള്‍, തലച്ചുമടായുള്ള ശവയാത്രകള്‍, പട്ടിണി, വരള്‍ച്ച, കൃഷിനാശം, അഴിമതി, ഭൂമികൈയേറ്റങ്ങള്‍, വേരുകളില്‍നിന്ന് ചിതറിപ്പോയ ആദിമജനതയുടെ പിടച്ചിലുകള്‍, ലഹരിയുടെ കൊത്ത്, മധുവിന്റെ കൊലപാതകം, സാക്ഷികളുടെ വഞ്ചന... അങ്ങനെ കെട്ട വാര്‍ത്തകളാവട്ടെ എമ്പാടുമുണ്ട്. വെയിലില്‍ പൊള്ളിക്കരിഞ്ഞും മഴയില്‍ പൊട്ടിയൊലിച്ചും അശാന്തമായ ഒരിടം. നല്ലതൊന്നും കേള്‍ക്കാനില്ലാതെ നഗരമനുഷ്യര്‍ക്കിടയില്‍ ആക്ഷേപപദമായി മാറി പലപ്പോഴും അട്ടപ്പാടി. അതിദാരിദ്ര്യത്തിന്റെയും അപരിഷ്‌കൃതത്വത്തിന്റെയും സ്ഥലനാമമായി ആ ദേശം എണ്ണപ്പെട്ടു. വയനാട്ടിലേക്കോ ഇടുക്കിയിലേക്കോ കയറിയെത്തുന്നപോലെ പൊതുകേരളം അട്ടപ്പാടിക്ക് ചെന്നില്ല. ഗോത്രമനുഷ്യരുടെ ഭൂരിപക്ഷ ഭൂമി എങ്ങനെ സ്പന്ദിക്കുന്നു എന്ന് നമ്മുടെ പൊതുലോകം തൊട്ടറിയാന്‍ ശ്രമിച്ചതേയില്ല. അങ്ങനെ അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ അട്ടപ്പാടിയില്‍ പാട്ടിന്റെ, ആട്ടത്തിന്റെ ഒരസാധാരണ ലോകമുണ്ടായിരുന്നു. ആസാദ് കലാസംഘം എന്ന് പേരിട്ട് പഴനിസ്വാമി എന്ന പൊതുപ്രവര്‍ത്തകനായ ഇരുളയുവാവിന്റെ മുന്‍കൈയില്‍ സജീവമായ ഒരു കൂട്ടം. പാട്ടാണ് ആ കലാസംഘത്തിന്റെ പൊരുള്‍. പാട്ട് ചോറും ചോരയുമായ ഇരുളഗോത്രത്തില്‍നിന്ന് ഒരു വീട്ടമ്മ ആ കലാസംഘത്തിന്റെ ഭാഗമാകുന്നു. പാട്ടിന്റെ കരുത്തില്‍ അവര്‍ അതിന്റെ നെടുംതൂണാകുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിലെമ്പാടും കലാസംഘത്തിനൊപ്പം അവര്‍ സഞ്ചരിക്കുന്നു. അവരുടെ തന്നെ വാക്കുകളില്‍ ''കേറാത്ത സ്റ്റേജില്ലൈ, പിടിക്കാത്ത മൈക്കില്ലൈ.''

ആത്മപ്രകാശനമായിരുന്നു അവരുടെ എല്ലാ പാട്ടുകളും. എഴുതപ്പെടാത്ത, ചിട്ടപ്പെടുത്താത്ത പാട്ടുകള്‍. ഓര്‍മയില്‍നിന്ന് മാത്രം അവര്‍ പാടി. ''പാടാന്‍ കേറി നില്‍ക്കുമ്പോ മുന്‍പില്‍ ഓര്‍മകള്‍ വരും. നാങ്കളുടെ ഊര്, എന്‍ അപ്പ,അമ്മ, തെരുക്കൂത്ത് കളിക്കുന്ന എന്റെ ചേട്ടന്‍, കാട്ടിനുള്ളിലെ പത്ത് മുന്നൂറ് കുടിലുകള്‍, മരണങ്ങള്‍, മരിച്ച വീടുകളില്‍ ചെന്ന് ഉറക്കെപ്പാടുന്ന ഞാന്‍, എന്റെ കുഞ്ഞുന്നാള്‍, ഞങ്ങള്‍ ഇരുളന്മാരുടെ ദൈവങ്ങള്‍, അവര്‍ക്ക് വേണ്ടി പാടിയ പാട്ടുകള്‍... എല്ലാമിങ്ങനെ മുന്‍പില്‍ വരും. അപ്പോള്‍ ഞാന്‍ കണ്ണടയ്ക്കും. എന്റെ തൊണ്ടയില്‍ പാട്ട് വരും. കരച്ചിലും വരും.''
നാടുമുഴുക്കെ പാടി നടന്ന ആ അമ്മയെ ഇന്ന് നാടറിയും; നഞ്ചിയമ്മ. 2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കൂടി തേടിയെത്തിയതോടെ അട്ടപ്പാടിയെന്നാല്‍ ഇപ്പോള്‍ നഞ്ചിയമ്മകൂടിയാണ്. ഒരു ദേശം ശിരസ്സുയര്‍ത്തുന്ന പാട്ടുബലം. 2020ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും നഞ്ചിയമ്മയ്ക്കായിരുന്നു.

വലിയ പാട്ടുകാരിയാണ് നഞ്ചിയമ്മ. നമ്മുടെ ഗോത്രപൈതൃകത്തിലാണ് അതിന്റെ വേരുകള്‍. ഓര്‍മകളാണ് അതിന്റെ ജീവന്‍. ആടുമേയ്ച്ചും കൃഷിചെയ്തും ജീവിക്കുന്ന, വടികുത്തി മലയിറങ്ങിവരുന്ന, മുഖംനിറഞ്ഞ് ചിരിക്കുന്ന നഞ്ചിയമ്മ കൂട്ടത്തില്‍ ഒരു പാട്ടുകൂടി പാടിയതല്ല. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലെ അതിസ്വാഭാവികമായ ഒരു തുടര്‍ച്ചയാണ് ഇപ്പോഴത്തെ പുരസ്‌കാരം. പാട്ടിനെക്കുറിച്ച് പറയാനുണ്ട് അവര്‍ക്ക്. ഇരുളര്‍ എന്ന തന്റെ ജനതയെക്കുറിച്ച് ആവലാതികളുമുണ്ട്. ഇപ്പോള്‍ കൈവന്ന പ്രശസ്തി തന്റെ ജനതയിലേക്ക് തിരിച്ചുവിടാന്‍ എന്തുചെയ്യണമെന്നും പറയാനുണ്ട് നഞ്ചിയമ്മയ്ക്ക്.

കെ.സി. സുബി: ഇങ്ങോട്ടുള്ള യാത്രയില്‍ നഞ്ചിയമ്മയുടെ പാട്ടുകള്‍ വീണ്ടും കേള്‍ക്കുകയായിരുന്നു. പാട്ടില്‍ നിറയെ കുഞ്ഞുങ്ങളും കാടുമാണ്. കേള്‍ക്കാത്ത ഒരു ഈണമാണ്. പക്ഷേ, വളരെ പരിചയം തോന്നും. നല്ല രസമുള്ള പാട്ടുകളാണ്. നേരത്തേ മുതല്‍ എല്ലാവരും കേള്‍ക്കുന്നു. ഇപ്പോള്‍ വലിയ അവാര്‍ഡൊക്കെ കിട്ടിയല്ലോ. അപ്പോള്‍ പാട്ട് ഇനിയും ആളുകള്‍ കേള്‍ക്കും. നല്ല സന്തോഷമല്ലേ?

നഞ്ചിയമ്മ: സന്തോഷം...(കൈകൂപ്പി വിഖ്യാതമായ ചിരി... സന്തോഷം എന്ന ആ വാക്കില്‍ അവസാനിക്കും നഞ്ചിയമ്മയുടെ പൊതുമലയാളം. തമിഴിനോട് കൂടുതല്‍ ചാര്‍ച്ചയുള്ള ഇരുളഭാഷയിലാണ് വര്‍ത്തമാനം. മലയാളവും പറയും. അപ്പോഴൊരു തടയല്‍ തൊണ്ടയില്‍ കുടുങ്ങുമെന്ന് നഞ്ചിയമ്മ. ''ഉള്ളം തുറന്ന് വരാത്.'' മലയാളം കേട്ട് കേട്ട് ഇരുളഭാഷ ഇപ്പോള്‍ മലയാളത്തോടും കൂട്ടുകൂടി. എങ്കിലും തമിഴിന്റെ കൊടും ദ്രാവിഡക്കൂറിലാണ് ഭാഷയുടെ നില്പ്. ഇരുള പേച്ച്ഭാഷയാണ്. എഴുത്തില്ല. നഞ്ചിയമ്മയുടെ പറച്ചില്‍ അച്ചടിക്ക് വഴങ്ങില്ല. വിവര്‍ത്തനമാണ് ആശ്രയം. പാട്ടുപോലെത്തന്നെ ആര്‍ദ്രവും ഗംഭീരവുമാണ് ആ പറച്ചിലുകളും. വ്യാഖ്യാനങ്ങളും പരിഭാഷയും അതിന്റെ സത്ത ചോര്‍ത്തും).

എല്ലാത്തിനും നന്ദിയുണ്ട്. ഞങ്ങളുടെ പാട്ട് എല്ലാവരും കേള്‍ക്കുന്നുണ്ടല്ലോ. കുട്ടികള്‍ എന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ ഊരുകളില്‍ എപ്പോഴും നിറയെ കുട്ടികളാണ്. എന്റെ കുഞ്ഞിലേ ഓര്‍മയില്‍ മുഴുവന്‍ ഞങ്ങള്‍ കുട്ടികളുടെ പലതരം കളികളാണ്. വലിയവര്‍ കാലത്തേ പോകും. പല പണികളാണ്. പണ്ട് എന്റെ ഓര്‍മയ്ക്കൊക്കെ മുന്‍പ് പാമ്പുകളെ പിടിച്ച് തോല്‍ എടുക്കുന്ന പണി ഉണ്ടായിരുന്നു. പിന്നെ അതില്ല. കുടികളിലെ പാട്ടികളും മുത്താച്ചികളും കുട്ടികളും അല്ലാത്ത എല്ലാവരും പണിക്ക് പോകും. തേടിക്കൊണ്ട് വന്ന് ഞങ്ങള്‍ക്ക് തീറ്റ തരണം. കിളികളൊക്കെ ചെയ്യില്ലേ അതുപോലെ. അവര് വരുന്നവരെ ഞങ്ങള്‍ കളിക്കും. കാടിന്റെ ഉള്ളിലാണ് ഞങ്ങളുടെ കുടികള്‍. പുല്ല് മേഞ്ഞ വീടുകള്‍. അടുപ്പുപോലെ അടുത്തടുത്ത്. മുന്നൂറും മുന്നൂറ്റമ്പതും കുടികള്‍ കാണും ഒരു കോളനിയില്. എല്ലാവരും ഒരുമിച്ചാണ്. കുടുംബക്കാരാണ്. അപ്പോള്‍ പകലൊക്കെ ഇങ്ങനെ പാട്ടുണ്ട്. പാട്ടിമാര് ഞങ്ങള്‍ക്ക് തീറ്റ തരുന്നത് പാടിക്കൊണ്ടാണ്. എല്ലാരും അങ്ങനെ ആണോ എന്ന് അറിയില്ല. എനിക്ക് പാട്ടാണ് വലുത്. അതുകൊണ്ട് ഞാന്‍ ഓര്‍ക്കുമ്പോഴൊക്കെ അവിടെ പാട്ടാണ്. ചിലപ്പോള്‍ പാട്ടുമാത്രം എന്റെ ഓര്‍മയില്‍ നില്‍ക്കണതും ആയിരിക്കും. പാട്ടിമാര് കുട്ടികള്‍ക്ക് തീറ്റകൊടുക്കുമ്പോ ഉറക്കെ പാടണ ഓര്‍മയുണ്ട്. ഞാനിപ്പോള്‍ പരിപാടിക്ക് പാടണ എല്ലാ പാട്ടുകളും അന്ന് തൊട്ടേ കേള്‍ക്കുന്നതാണ്. എന്റെ പതിമൂന്നാം വയസ്സുമുതല്‍ പാടണ പാട്ടാണ് കലക്കാത്ത സന്ദന മരം. ഞാനുണ്ടാക്കിയ പാട്ടാണ് എന്നാ എന്റെ തോന്നല്‍. ചിലപ്പോള്‍ മുത്താച്ചി പാടിത്തന്നതാവും.

തമിഴ്നാട്ടിലല്ലേ ആ നാട്? ചെറുപ്പകാലത്തെ ഓര്‍മകള്‍?

ആലങ്കണ്ടി പുത്തൂര്‍. തമിഴ്നാട് കേരളം ഒക്കെ നമ്മള്‍ പിന്നെ ഉണ്ടാക്കിയതല്ലേ. ഞങ്ങള്‍ക്ക് എല്ലാം ഒരേ ഊര്. ഇപ്പോ എല്ലാവരും പറയും തമിഴ്നാട് ആണെന്ന്. ആലങ്കണ്ടി അന്ന് ചുറ്റും കാട് ഉള്ള ഒരു നാടാണ്. സ്‌കൂള്‍ ഒന്നും അന്നില്ല. ആരും സ്‌കൂള്‍ കണ്ടിട്ടില്ല. അച്ഛനും അമ്മയ്ക്കും കൂലിപ്പണികളാണ്. അച്ഛന്‍ മാടുകളെ മേയ്ക്കുന്ന ഓര്‍മ ഉണ്ട്. ഞങ്ങള്‍ കുട്ടികള്‍ കൂട്ടമായ് നടക്കും. കുറേ വീടുകള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. അന്ന് ഇത്ര സ്ഥലം ഇന്നയാള്‍ക്ക് എന്ന് ഒന്നുമില്ല. അതിരൊന്നുമില്ല.

അക്കാലത്ത് കേട്ട പാട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ?

മറന്നിട്ടില്ല. പക്ഷേ, പുറത്തേക്ക് ഓര്‍ത്തെടുക്കാന്‍ പറ്റില്ല. അത് ഞങ്ങള്‍ പഠിക്കണത് അല്ല. ഉള്ളിലേക്ക് കേറി കെടക്കണതാണ്. ഇപ്പോള്‍ ചോദിച്ചാല്‍ ഒന്നും ഓര്‍മവരില്ല. സ്റ്റേജില്‍ കയറി നില്‍ക്കുമ്പോ അങ്ങനെയല്ല. മുമ്പില്‍ കുറേ ആളുകള്‍ കാണും. അപ്പോ നമ്മള്‍ ശ്രമിക്കാതെ തന്നെ പാട്ടുകള്‍ വരും. ഞാനന്നേരം ആലങ്കണ്ടി പുത്തൂരിലെ കുടികളില്‍ ഓടിനടക്കുകയാണെന്ന് തോന്നും. അവിടുള്ള കിളികളുടെ ഒച്ചപോലും ഉള്ളില്‍ വരും. ഞങ്ങളുടെ പാട്ട് അങ്ങനെയാണ്. ചെറുപ്പത്തില്‍ കിളികളെ പിടിക്കാറുണ്ട്. വലിയ മരങ്ങള്‍ ഉണ്ടവിടെ. നിറയെ ഇലകള്‍. ആല്‍മരം എല്ലാമുണ്ട്. മരങ്ങളില്‍ കായകള്‍. അത് പഴുക്കുമ്പോള്‍ കിളികള്‍ തിന്നാന്‍ വരും. ഞങ്ങളപ്പോള്‍ പലതരം മരപ്പശയും പൊടികളും ഒക്കെ കൊമ്പത്ത് വെക്കും. ഈ കിളികള്‍ പഴം തിന്നിട്ട് അവിടിരിക്കും. മൊത്തം കിളികളുടെ ഒച്ചയാണ്. എന്നിട്ട് രാവിലെ ഞങ്ങള്‍ ഓട്ടമാണ് ഈ മരത്തിന്റെ അടുത്തേക്ക്. അപ്പോള്‍ പശയില്‍ തൂങ്ങി കിളികള്‍ കിടക്കും. ഇപ്പോള്‍ കേള്‍ക്കാന്‍ കൊള്ളാത്ത കാര്യമാണ്. അന്ന് അങ്ങനെ ആയിരുന്നു. ഞങ്ങള്‍ മരത്തില്‍ വലിഞ്ഞ് ആ കിളികളെ പിടിക്കും. കുറേ ഉണ്ടാവും. ചത്തുകിടക്കുകയാണ്. ഞങ്ങള്‍ കൂട്ടംചേര്‍ന്ന് അതുങ്ങളെ കുടിയിലേക്ക് കൊണ്ടുവരും. ചുട്ടും കറിവെച്ചും തിന്നും. കിളിയിറച്ചിയുടെ മണം വരുമ്പോ കുട്ടികളെല്ലാം പാട്ടും പാടി തുള്ളിച്ചാടും. അന്ന് വേറെ ഇറച്ചികള്‍ കേട്ടിട്ടില്ല. ആടും മാടും കോഴിയും ഒന്നുമില്ല ഇറച്ചിക്ക്. പിന്നെ എലികളെ പിടിക്കും. അതും കൂട്ടമായിട്ടാണ്. പൊത്തുകളില്‍ ചെന്ന് അറ്റത്ത് പുകയിടും. വലിയ എലികളാണ്. പൊത്തിന്റെ അപ്പുറത്ത് വേറെ പൊത്ത് ഉണ്ടാക്കും. അവിടെ കാത്ത് നിക്കും. പൊക ഊതി ഊതി നിറയ്ക്കും. അപ്പോ എലി പുറത്ത് പാഞ്ഞുവരും. എല്ലാവരും ചേര്‍ന്ന് പിടിക്കും. അതിനെയും കറിവെക്കും. പിന്നെ അവിടെ എല്ലാത്തിനും ആഘോഷമാണ്. കുടികളില്‍ എപ്പോഴും ഓരോ കാര്യങ്ങള്‍ നടക്കും. അതിനെല്ലാം പാട്ടാണ്. പലതരം കുഴലുകള്‍ ഊതും. ഇത്ര വര്‍ഷമായിട്ടും ആ ശബ്ദവും താളവും എന്റെ കാതിലുണ്ട്. അത് കാതിലൂടെ കയറി ഉള്ളില്‍ ഉറഞ്ഞ് കിടക്കുകയാണ്.

അന്ന് നിങ്ങള്‍ കുട്ടികള്‍ക്ക് ആരെങ്കിലും ഈ പാട്ടുകള്‍ പഠിപ്പിച്ച് തന്നിരുന്നോ?

ആഴ്ചപ്പതിപ്പ് വാങ്ങാം

ഇല്ല. അങ്ങനെ ആരും ആരെയും ഒന്നും പഠിപ്പിക്കുന്ന സ്ഥലമല്ല ഞങ്ങളുടേത്. എല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. പഠിക്കല്‍ എന്ന് കേട്ടിട്ടേ ഇല്ല. ഒരാളെ വിളിച്ചിരുത്തി, അല്ലെങ്കില്‍ കുറേ കുട്ടികളെ വിളിച്ചിരുത്തി നീ അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, അങ്ങനെ ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞുതരില്ല. നമ്മള്‍ ഇപ്പോള്‍ കുട്ടികളെ നോക്കുന്നപോലെ അല്ല അന്ന്. മുത്താച്ചിമാര് ഒന്നും മിണ്ടാത്തവരാണ്. അവര്‍ക്ക് പണിക്ക് പോകാനും പുറത്ത് നടക്കാനും പറ്റില്ലല്ലോ? കൂട്ടിലിട്ടപോലെ ആണ് വയസ്സായവര്‍. കൂനി ഒരിടത്ത് ഇരിക്കും. ചടങ്ങുകള്‍ നടക്കുമ്പോഴാണ് അവര്‍ക്ക് ജീവന്‍വെക്കുന്നത്. അതുവരെ ഈ ഇരിപ്പ് ഇരുന്ന മുത്താച്ചിമാരും മൂത്തച്ഛന്മാരും അന്നേരം തുള്ളും. എത്ര പാട്ടുകളായിരുന്നു!
പതിനെട്ട് വയസ്സുവരെ ആലങ്കണ്ടി പുത്തൂരില്‍ ജീവിച്ചല്ലോ. അക്കാലത്ത് മനസ്സില്‍ പതിഞ്ഞ, ആരാധന തോന്നിയ വേറെ പാട്ടുകാര്‍ ഉണ്ടാവില്ലേ. അവരെപ്പോലെ പാടണം എന്ന് തോന്നിയ ആളുകള്‍.
എന്റെ ചേട്ടന്‍ വലിയ തെരുക്കൂത്ത് കലാകാരനാണ്. കൂത്ത്പാട്ട് നല്ല രസമാണ്. തമാശപ്പാട്ടുകളാണ്. തെരുക്കൂത്ത് നാട്ടിലെ വലിയ പരിപാടിയാണ്. ഞങ്ങളുടെ ആളുകളാണ്, ഇരുളരാണ് അതില്‍ ഉള്ളത്. പഴയ കഥകള്‍ പറയുന്ന ആട്ടമാണത്. രാമന്റെ എല്ലാം. ചിരിപ്പിക്കുന്ന വേഷോം വര്‍ത്തമാനോം നല്ല തിടുക്കത്തിലുള്ള പാട്ടുകളും. പാട്ട് സ്വന്തം ഉണ്ടാക്കും. എവിടെ തെരുക്കൂത്ത് വെച്ചാലും ഞാന്‍ കാണാന്‍ പോകും. സ്ത്രീകള്‍ക്ക് അത് കളിക്കാന്‍ പാടില്ല. കാണാന്‍ വരുന്ന ആളുകളെ കളിയാക്കാനുള്ള പാട്ടെല്ലാം അപ്പപ്പോള്‍ ഉണ്ടാക്കും. അത് കണ്ടിരിക്കാന്‍ രസമാണ്. കുടികളിലെ എല്ലാവരും തിങ്ങി ഇരിക്കും. പുറത്തെ ആളുകളും കൂടുതല്‍ ഉണ്ടാവും. ഉത്സവംപോലുള്ള കാര്യങ്ങള്‍ക്കാണ് തെരുക്കൂത്ത് നടക്കുക. രാമര്‍കൂത്ത് പ്രധാനമാണ്. അതിലെ പാട്ടുകള്‍ എല്ലാം പിന്നെ ഞാന്‍ പാടാറുണ്ട്.

നഞ്ചിയമ്മയുമായിട്ടുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏറ്റവും പുതിയ ആഴ്ചപ്പതിപ്പില്‍ വായിക്കാം.

Content Highlights: Nanchiyamma, K.C Subi, Mathrubhumi Weekly

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented