ബുക്കർ സമ്മാനവുമായി ഗീതാഞ്ജലി ശ്രീ ഫോട്ടോ: എ.പി
ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീയുമായുള്ള അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
താങ്കള്‍ രചന നടത്തിയത് ചെറുകഥ- നോവല്‍ ശാഖകളിലാണ്. ഇതില്‍ അഭിനിവേശം കൂടിവന്നു. എഴുത്തില്‍ ചില വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിരിക്കുമല്ലോ?
കവിതയെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അങ്ങനെ പലപ്പോഴും മോഹിച്ചിരുന്നു. എന്നാല്‍ അതിനായില്ല. പക്ഷേ ഞാന്‍ സൂക്ഷ്മതലങ്ങളില്‍ ശ്രദ്ധിക്കുന്നയാളാണ്. ഇതുവരെ പറയാതെ വെച്ച കാര്യങ്ങള്‍ പറയണം. ധ്വനി വളരെ പ്രധാനമാണ്. ഇതെല്ലാം കവിതയുടെ മേന്മകളാണ്. എന്നാല്‍ എനിക്ക് ആവിഷ്‌കാര മാധ്യമമായി മാറിയത് നോവലും ചെറുകഥയുമാണ്. ധൃതിയില്‍ ഒന്നും പറയാനിവിടെയാവില്ല. മന്ദഗതിയിലാണ് ഞാന്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ നോവല്‍ ഇഷ്ടമായി. സമയമെടുത്ത് വിസ്തരിച്ച് പറയണം. മനസ്സ് അങ്ങുമിങ്ങുമൊക്കെ സഞ്ചരിക്കണം. ഈ ആഗ്രഹം പ്രബലമായി. ഒരിക്കല്‍ ഡോ. നാംവര്‍സിംഹ് എനിക്കൊരു കാവ്യാംശം ചൊല്ലിത്തന്നു. കലയുടെ പാതയില്‍ മുന്നേറുമ്പോള്‍ ലക്ഷ്യസ്ഥാനം വ്യാജമായി തോന്നാം. ആയുഷ്‌കാലം സഞ്ചരിക്കുകതന്നെ വേണം. ആത്മവിശ്വാസം നിലനിര്‍ത്തണം, എന്നായിരുന്നു ഇതിന്റെ പൊരുള്‍.
മകള്‍ എഴുത്തില്‍ താത്പര്യം കാണിക്കുന്നു എന്നറിഞ്ഞിട്ടും വീട്ടില്‍ ഒരു പുകിലുമുണ്ടായില്ല. ആരും തടസ്സം സൃഷ്ടിച്ചില്ല. പക്ഷേ വീട്ടുകാര്യങ്ങളില്‍നിന്ന് ഞാന്‍ മോചനമാഗ്രഹിച്ചു. എന്നാല്‍ അതിനെ രചനാമോഹവുമായി ഞാന്‍ ബന്ധപ്പെടുത്തിയില്ല. ഏകാന്തത അനിവാര്യമായിരുന്നു. അപ്പോള്‍ ജീവിതയാപനം എങ്ങനെ നടക്കുമെന്നാലോചിച്ചു. എഴുത്ത് അതിന് തുണയ്ക്കില്ല. ജോലി വേണം. ജോലി കിട്ടിയാലോ, ഏറെ സമയം അതിനായി നീക്കിവയ്‌ക്കേണ്ടിവരും. ചരിത്രം പഠിച്ച് അധ്യാപികയായി ജോലി കിട്ടി. ക്‌ളാസെടുക്കാന്‍ നല്ല തയ്യാറെടുപ്പ് വേണമായിരുന്നു. അപ്പോള്‍ എഴുത്തിന്റെ വഴിയില്‍ മുന്നേറാന്‍ സാധ്യത കുറവായിരിക്കുമെന്നറിഞ്ഞു. ചില സൗകര്യങ്ങളെല്ലാം ഞാന്‍ വേണ്ടെന്നുവെച്ചു. പ്രായം മുപ്പതിനോടടുത്തപ്പോള്‍ ഫുള്‍ടൈം എഴുത്തുകാരിയായി മാറുകയായിരുന്നു. ജ്യേഷ്ഠനും ഭര്‍ത്താവുമെന്നെ എഴുത്തുകാരിയായി കരുതി. ധൈര്യം പകര്‍ന്നുതന്നു. എഴുത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ അവര്‍ ഉപദേശിച്ചു. അനാവശ്യമായി കരുതി പലതും വേണ്ടെന്നുവെച്ചു.
പ്രോത്സാഹനം ലഭിച്ച വഴികള്‍- നല്‍കിയ വ്യക്തികള്‍...
സ്ത്രീകളെ പൊതുവേ നിരാകരിക്കുന്ന രീതിയുണ്ടായിരുന്നു. എനിക്കത്തരം അനുഭവമുണ്ടായിട്ടില്ല. രാജേന്ദ്രയാദവ് എഡിറ്ററായിരിക്കെ ഹംസ് മാസികയില്‍ എന്റെ തുടക്കകാലകഥകള്‍ പ്രസിദ്ധീകരിച്ചു. സമാഹാരമായി ഒരുക്കിയ മാറ്റര്‍ രാജ്കമല്‍ പ്രകാശനിലെ ഷീലാസന്ധു സ്വീകരിച്ചു. ഒരുവര്‍ഷത്തിനകം പുസ്തകം പുറത്തുവന്നു.
ഉള്ളില്‍നിന്നാണ് വെല്ലുവിളികളുണ്ടായത്. എഴുതിയതില്‍ അപാകങ്ങള്‍ വന്നിരിക്കില്ലേ? പച്ചയായി പറഞ്ഞു, മുദ്രാവാക്യസമാനമായി- എന്നെല്ലാം ആളുകള്‍ കരുതിയാലോ? അവര്‍ കൃതിയുടെ ആത്മാവിന്റെ കഴുത്ത് ഞെരിക്കുമോ? ഞാനെഴുതിയത് സാഹിത്യമാണോ? ആവിഷ്‌കാരം ശരിയായിട്ടുണ്ടോ? കലാത്മകത എഴുത്തില്‍ വന്നിട്ടുണ്ടോ? ഇത്തരം ഭയാശങ്കകള്‍ മനസ്സില്‍ ഉയര്‍ന്നിരുന്നു.
സമൂഹത്തിലും ഒരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്. ധാരാളം കഥകള്‍ അച്ചടിച്ചുവരുന്നു. വിഷയങ്ങളുടെ ആധിക്യമതില്‍ കാണാം. തിടുക്കത്തിലെഴുതുന്ന കഥകള്‍, ബാഹ്യകാര്യങ്ങള്‍ മാത്രമുള്ള കഥകള്‍- അങ്ങനെ പലതുമുണ്ട്. ഞാന്‍ പലപ്പോഴും ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യമുണ്ട്. സാഹിത്യത്തിന് മുന്നിലുള്ള സമയം, സമൂഹത്തിന് മുന്നിലുള്ള സമയം ഇവ തമ്മില്‍ അന്തരമുണ്ട്. ഒന്ന് കെട്ടിനില്‍ക്കുന്നത്, അടുത്തത് ഒരിടത്ത് നില്‍ക്കാതെ മുന്നേറുന്നത്. കാത്തിരിക്കുക, നോക്കുക, കുറച്ചുനേരം നിശ്ശബ്ദത പാലിക്കുക, പറയാന്‍ ധൃതി കാണിക്കാതിരിക്കുക- ഇതൊക്കെയാണ് സാഹിത്യത്തിന്റെ വഴി. സമൂഹം പതിവ് പരക്കം പാച്ചിലില്‍നിന്ന് ഒഴിവ് കിട്ടാന്‍ മോഹിക്കുന്നില്ല. നില്‍ക്കൂ, വണ്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കും. സമയം, സമ്മര്‍ദം- ഇവയുടെ കൂടിച്ചേരല്‍ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
(പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: geethanjali sree interview mathrubhumi weekly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..