പ്രതീകാത്മക ചിത്രം (Photo: Ramanath Pai N.)
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതും ശ്രീരാമനുമായി ബന്ധപ്പെട്ടതും. നരകാസുര വധവും രാവണ വധവുമാണ് രണ്ട് ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നത്.
ഭൂമീ ദേവിയുടെ പുത്രനായ നരകാസുരനുമായി ബന്ധപ്പെട്ട കഥകളാണ് പ്രധാനമായും വിഷുവിനു പിന്നില്‍ പുരാണങ്ങളിലുള്ളത്. ഭാഗവതം ദശമസ്ക്കന്ധത്തെ ആധാരമാക്കിയുള്ള ഒരു കഥയില്‍ പ്രാഗ്ജ്യോതിഷത്തിലെ ദാനവരാജാവാണ് നരകാസുരന്. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ നിന്നും 16000 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് ഇങ്ങനെ കാലങ്ങളോളം സകല ലോകങ്ങളെയും ഭീതിയിലാഴ്ത്തിയ ഈ ദാനവരാജാവ് ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും അപഹരിച്ചതോടെയാണ് പരാതി ശ്രീകൃഷ്ണനിലെത്തുന്നത്.
അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ആളുകള്‍ ശ്രീകൃഷ്ണനുമുന്നില്‍ അഭയം തേടിയെത്തി. തുടര്‍ന്ന് നരകാസുര ദര്‍പ്പം ശമിപ്പിക്കാന്‍ കൃഷ്ണന് യുദ്ധത്തിനൊരുങ്ങി. ഭാര്യയായ സത്യഭാമയുമൊന്നിച്ച ഗരുഡവാഹനത്തിലേറി കൃഷ്ണന് നരകാസുരന്റെ നഗരമായ പ്രാഗജ്യോതിഷത്തിലെത്തി യുദ്ധത്തിന് വെല്ലുവിളിച്ചു.
തുടര്‍ന്ന് പ്രാഗ്ജ്യോതിഷത്തില്‍ വെച്ച് ഘോരമായ യുദ്ധത്തില്‍ മുരന്, താമ്രന്, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന് ആദിയായ അസുര പ്രമുഖരെയെല്ലാം കൃഷ്ണന് നിഗ്രഹിച്ചു. ശേഷം നരകാസുരന് കൃഷ്ണനുമായി യുദ്ധത്തിനിറങ്ങി. അതിഘോരമായ യുദ്ധത്തിനൊടുവില്‍ നരകാസുരന് വധിക്കപ്പെട്ടു. ശ്രീകൃഷ്ണന് അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
നരകാസുരന് തടവില്‍ പാര്‍പ്പിച്ച 16000 രാജകുമാരിമാരെയും കൃഷ്ണന് മോചിപ്പിക്കുകയും ചെയ്തു. അസുരന്റെ തടവറയില്‍ കിടന്നിരുന്നതിനാല്‍ സമൂഹത്തിന്റെ അപമാനം ഭയന്ന അവരെ കൃഷ്ണന് തന്റെ ഭാര്യമാരായി സ്വീകരിച്ചുവെന്നും പറയപ്പെടുന്നു.
മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന് ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില് കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.
കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു
Content Highlights: vishu myth, narakasura vadham, ravana vadham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..