സാറ റൂഥർഫോഡ് | Photo: A.F.P
''ഞാന്‍ കരുതിയതിനേക്കാള്‍ പ്രയാസകരമായിരുന്നു''-19-കാരിയായ പൈലറ്റ് സാറ റൂഥര്‍ഫോഡ് ലോകം മുഴുവന്‍ ഒറ്റയ്ക്ക് വിമാനം പറത്തി വ്യാഴാഴ്ച തിരികെയെത്തിയപ്പോള്‍ തന്റെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിത്. സാറയുടെ ആദ്യ ലോകയാത്ര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം പിടിച്ചിരിക്കുകയാണ്. വിമാനത്തില്‍ തനിച്ച് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അവര്‍.
ബെല്‍ജിയം പട്ടണമായ കോര്‍ട്‌റിജ്ക്കിന് പുറത്തുള്ള റണ്‍വേയില്‍ സാറ വിമാനമിറക്കുമ്പോള്‍ അവരെകാത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. 2021 ഓഗസ്റ്റ് 18-നാണ് സാറ വിമാനയാത്ര ആരംഭിച്ചത്.
തിരികെ ഇവിടെ എത്തിയത് വളരെ വിചിത്രമായി തോന്നുന്നു-പത്രസമ്മേളനത്തിനിടെ സാറ പറഞ്ഞു. കുറച്ചുദിവസം താന്‍ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ''അടുത്ത ഒരാഴ്ച ഞാന്‍ ഒന്നും ചെയ്യില്ല''-ചിരിച്ചുകൊണ്ട് സാറ പറഞ്ഞു.
30 രാജ്യങ്ങളാണ് യാത്രക്കിടെ സാറ സന്ദര്‍ശിച്ചത്.ബെല്‍ജിയം, ബ്രിട്ടീഷ് പൗരയായ സാറയുടെ മാതാപിതാക്കളും പൈലറ്റുമാരാണ്. സാറയുടെ അച്ഛന്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്‌സിനുവേണ്ടി വിമാനം പറത്തിയിട്ടുണ്ട്.
റഷ്യന്‍ പ്രവിശ്യയായ സൈബീരിയയിലെ മഞ്ഞുമൂടിക്കിടക്കുന്ന ഇടമാണ് ഈ യാത്രയില്‍ തന്നെ ഏറ്റവും ഭയപ്പെടുത്തിയതെന്ന് സാറ വെളിപ്പെടുത്തി. അവിടെ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില. ''മനുഷ്യസാന്നിധ്യത്തിന്റെ ഒരു സൂചന പോലുമില്ലാത്ത നൂറുകണക്കിന് കിലോമീറ്ററുകളാണ് ഞാന്‍ വിമാനം പറത്തിയത്. അതായത്, ഒരൊറ്റ വൈദ്യുത കമ്പിയോ, റോഡുകളോ ആളുകളോ ഒന്നുമുണ്ടായിരുന്നില്ല. അവിടെ വെച്ച് വിമാനത്തിന്റെ എന്‍ജിന്‍ എങ്ങാനും കേടായിരുന്നെങ്കില്‍ ഞാന്‍ ശരിക്കും പെട്ടുപോയേനെ''-സാറ ഓര്‍ത്തെടുത്തു.
325 കിലോഗ്രാം ഭാരമുള്ള ഷാര്‍ക്ക് യു.എല്‍. സിംഗിള്‍ പ്രൊപെല്ലര്‍ വിമാനത്തിലാണ് സാറ ലോകം ചുറ്റിയത്.
യാത്രക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായതായും അതെല്ലാം ആത്മവിശ്വാസത്തിലൂടെ നേരിട്ടതായും സാറ പറഞ്ഞു.
Content highlights: youngest pilot in world, 19 year old Zara Rutherford, fly round the world
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..