'അതുകേട്ടപ്പോള്‍ മടക്കി അട്ടത്തുവെച്ച പ്രണയം മുഴുവന്‍ എന്റെ തലയിലേക്ക് വീണ പ്രതീതിയായിരുന്നു'


വത്സലൻ വാതുശ്ശേരിയും പാർവതിയും/ വത്സലൻ വാതുശ്ശേരി | Photo: facebook/ valsalan vathussery

നോഹരമായ പ്രണയാനുഭവം പങ്കുവെച്ച് എഴുത്തുകാരനും കാലടി സര്‍വകലാശാലയിലെ അധ്യാപകനുമായ വത്സലന്‍ വാതുശ്ശേരി. ഒരു ജെആര്‍എഫ് പ്രണയഗാഥ എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഓര്‍മകള്‍ പങ്കുവെച്ചത്. ഭാര്യ പാര്‍വതിയ്‌ക്കൊപ്പമുള്ള ഒരു പഴയ ചിത്രവും ഈ നീണ്ട കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെട്ടിപ്പൂട്ടിവെച്ച പ്രണയം ഒരു ജെആര്‍ഫിലൂടെ എങ്ങനെയാണ് വീണ്ടും തുറന്നതെന്നും അത് തന്റെ ജീവിതത്തിന്റെ ഗതി എങ്ങനെയാണ് നിര്‍ണയിച്ചതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കേരള സര്‍വകലാശാലയില്‍ എംഫില്‍ ചെയ്യുമ്പോഴാണ് സഹപാഠിയായിരുന്ന പാര്‍വതിയുമായി വത്സലന്‍ പ്രണയത്തിലായത്. എന്നാല്‍ സാമ്പത്തികം, ജാതി, തൊഴില്‍ രഹിതന്‍ എന്നീ ഘടകങ്ങളെല്ലാം പ്രണയത്തില്‍ പ്രതിഫലിച്ചപ്പോള്‍ ഇരുവരും വഴി പിരിയാന്‍ തീരുമാനിച്ചു.എന്നാല്‍, വിധി മറ്റൊന്നായിരുന്നു. രണ്ടു പേര്‍ക്കും ജെആര്‍ഫ് കിട്ടിയതോടെ വീണ്ടും കാര്യവട്ടത്ത് ഒരേ ക്യാമ്പസില്‍ എത്തുകയും പ്രണയം ശക്തമായി തുടരുകയും ചെയ്തുവെന്നും വത്സലന്‍ പോസ്റ്റില്‍ പറയുന്നു. രണ്ട് ജാതികളും രണ്ട് സംസ്ഥാനങ്ങളും രണ്ട് മാതൃഭാഷകളും ആയിട്ടും ഇവയൊന്നും ജീവിതത്തെ പ്രതികൂലമായി സ്പര്‍ശിക്കാത്ത വിധത്തില്‍ ഈ പ്രണയബന്ധം ഇപ്പോഴും മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഒരു JRF പ്രണയഗാഥ

കഴിഞ്ഞ ദിവസമാണ് യു.ജി.സി.യുടെ ഈ വര്‍ഷത്തെ എലിജിബിലിറ്റി ടെസ്റ്റിന്റെ റിസള്‍ട്ട് വന്നത്. യു.ജി.സി.യുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും എലിജിബിലിറ്റി ടെസ്റ്റും വിജയിച്ച കുട്ടികളെ പറ്റിയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായിട്ട് വരുന്നുണ്ട്. എന്റെ തന്നെ പല വിദ്യാര്‍ത്ഥികളും എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചത് ഫോണ്‍ വിളിച്ച് അറിയിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ജെ. ആര്‍. എഫ് കിട്ടിയത് കൊണ്ട് മാത്രം ജീവിതത്തിന്റെ ഗതി തീരുമാനിക്കപ്പെട്ട എന്റെ തന്നെ ജീവിതാനുഭവം ഞാന്‍ ഓര്‍ത്തു പോവുകയാണ്. ജെ. ആര്‍. എഫ്. എന്നെ സംബന്ധിച്ച് വെറും ഒരു ഫെല്ലോഷിപ്പ് മാത്രമല്ല, പ്രണയസാഫല്യത്തിലേക്കുള്ള ഒരു വഴി കൂടിയായിരുന്നു. ആ കഥയാണ് പറയാന്‍ പോകുന്നത്.

1986 ജനുവരിയിലാണ് ഞാന്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ എം.ഫിലിന് ചേരുന്നത്. മൂന്ന് സീറ്റ് ആണ് അന്ന് എംഫിലിന് ഉള്ളത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട്, കേരള സര്‍വകലാശാലയില്‍ നിന്ന് പാര്‍വതി, എംജി യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍. ഞങ്ങള്‍ മൂന്നു പേരാണ് വിദ്യാര്‍ഥികള്‍. മൂന്ന് പേരും അതത് യൂണിവേഴ്‌സിറ്റികളിലെ റാങ്ക് ജേതാക്കള്‍. എം. ഫില്‍. പഠനവുമായി അങ്ങനെ മുന്നോട്ടുപോകേ ഞാനും പാര്‍വതിയും പ്രണയത്തില്‍ അകപ്പെട്ടു പോയി. ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന് ഞാന്‍ പാര്‍വതിയോടോ പാര്‍വതി എന്നോടോ പറഞ്ഞിട്ടില്ല. എപ്പോഴോ പ്രണയം ഞങ്ങളോടൊപ്പം കൂടുകയായിരുന്നു. അത് ഞങ്ങള്‍ രണ്ടുപേരും തിരിച്ചറിയുകയും ചെയ്തു. അന്നത്തെ നിലയ്ക്ക് വളരെ യാഥാസ്ഥിതികത്വമുള്ള ഒരു കുടുംബമാണ് പാര്‍വതിയുടേത്. പാര്‍വതിയുടെ അപ്പാ ബാങ്ക് മാനേജര്‍ ആണ്. സാമ്പത്തികമായി ഞങ്ങള്‍ രണ്ട് തട്ടുകള്‍ എന്ന് പറയാം. ഇത് മാത്രമല്ല പ്രശ്‌നങ്ങള്‍. രണ്ട് ജാതികള്‍, രണ്ട് സംസ്ഥാനങ്ങള്‍, രണ്ട് മാതൃഭാഷകള്‍. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ ആണ് പാര്‍വതിയുടെ സ്വദേശം.

വീട്ടുകാരുടെ ഓമനയായി വളര്‍ന്ന പാര്‍വതിക്ക് ആഗ്രഹിച്ചാല്‍ തന്നെ വീട്ടുകാരെ ലംഘിച്ചുകൊണ്ട് ഒരു പ്രവൃത്തിയും ചെയ്യാന്‍ കഴിയുകയില്ല. ആ വീട്ടുകാരെ ആകര്‍ഷിക്കാന്‍ പോന്ന പദവിയോ സാമ്പത്തിക സ്ഥിതിയോ ജോലിയോ എന്റെ കൈവശവും ഇല്ല. അതുകൊണ്ട് പ്രണയം പാതിവഴിയില്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അങ്ങനെ എംഫില്ലിന്റെ സെമിനാറുകള്‍ പൂര്‍ത്തിയായ ഘട്ടത്തില്‍ പ്രണയത്തിന് ഫുള്‍സ്റ്റോപ്പ് ഇട്ട് കാര്യവട്ടം വിട്ടു പോരാന്‍ ഞാന്‍ നിര്‍ബന്ധിതനായി. 1986 നവംബര്‍ 30ന് വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി ഞാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി. സര്‍വകലാശാലയുടെ മുന്നിലെ ബസ് സ്റ്റോപ്പ് വരെ വന്ന് പാര്‍വതി എന്നെ യാത്രയാക്കുകയും ചെയ്തു. എംഫിലിന്റെ ഡിസര്‍ട്ടെഷന്‍ സമര്‍പ്പിക്കാനല്ലാതെ ഇനി കാര്യവട്ടത്തേക്ക് വരേണ്ട ആവശ്യമില്ല. അതുകഴിഞ്ഞ് എന്തെങ്കിലും ഒരു ജോലി സമ്പാദിക്കണം. ഏതെങ്കിലും പാരലല്‍ കോളേജില്‍ അധ്യാപകനായി കയറിക്കൂടുക എന്ന പദ്ധതിയാണ് മനസ്സില്‍. അതില്‍ കൂടുതല്‍ എന്തെങ്കിലും മോഹിക്കാന്‍ പറ്റുന്ന സാഹചര്യം അല്ല. തല്‍ക്കാലം പിഎച്ച്.ഡി. വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പാര്‍വതിയും ഞാനും വീണ്ടും കണ്ടുമുട്ടേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകയില്ല എന്ന വിചാരത്തോടെയാണ് അന്ന് കാര്യവട്ടം വിട്ടത്.

ഡിസംബര്‍ മാസം മൂന്നാം വാരത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലേക്കുള്ള ഒരു ഇന്റര്‍വ്യൂ വന്നു. അതില്‍ പങ്കെടുക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും കാര്യവട്ടത്ത് എത്തി. എം ഫില്‍ കോഴ്‌സ് കഴിഞ്ഞുവെങ്കിലും ഡിസര്‍ട്ടേഷന്‍ എഴുതാന്‍ വേണ്ടി അംബികാസുതന്‍ അപ്പോഴും ഹോസ്റ്റലില്‍ തന്നെ തുടരുന്നുണ്ട്. ഞാന്‍ ഹോസ്റ്റലില്‍ എത്തി അംബികാസുതന്റെ മുറിയുടെ വാതില്‍ക്കല്‍ തട്ടി. വാതില്‍ തുറന്ന പാടെ അംബികാസുതന്‍ പറഞ്ഞു : 'ഒരു സന്തോഷമുണ്ട്. നിനക്കും പാര്‍വതിക്കും യു ജി സി.' (അന്ന് സര്‍വകലാശാല ഓഫിസിലാണ് യൂ. ജി. സി. പരീക്ഷയുടെ റിസള്‍ട്ട് വരിക) മടക്കി അട്ടത്ത് എടുത്തുവച്ച പ്രണയം മുഴുവന്‍ അതു കേട്ടതോടെ എന്റെ തലയിലേക്ക് ഇടിഞ്ഞുവീണ പ്രതീതി. പിറ്റേന്ന് മാര്‍ ഇവാനിയോസ് കോളേജിലേക്കുള്ള ഇന്റര്‍വ്യൂവിന് പാര്‍വതിയും എത്തിയിരുന്നു. കണ്ട പാടെ ഞാന്‍ പാര്‍വതിയോട് പറഞ്ഞു : 'നമുക്ക് രണ്ടാള്‍ക്കും യുജിസി ഫെല്ലോഷിപ്പ് ഉണ്ട് '

അന്ന് അധ്യാപകയോഗ്യതക്കുള്ള എലിജിബിലിറ്റി ടെസ്റ്റ് ആരംഭിച്ചിട്ടില്ല. ഗവേഷണത്തിന് ഫെല്ലോഷിപ്പ് നല്‍കുക മാത്രമാണ് ജെ.ആര്‍. എഫ്. ന്റെ ഉദ്ദേശ്യം. ജെ. ആര്‍.എഫ്. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗവേഷണം ചെയ്യാതെ തരമില്ലല്ലോ. അങ്ങനെ ഞാനും പാര്‍വതിയും വീണ്ടും കാര്യവട്ടത്ത് എത്തിച്ചേര്‍ന്നു. പ്രണയം പണ്ടേക്കാള്‍ ശക്തിയോടെ ഒഴുകാനും തുടങ്ങി. മെല്ലെ മെല്ലെ തന്റെ പ്രണയം വീട്ടുകാരെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാനും പാര്‍വതിക്ക് കഴിഞ്ഞു. അക്കാലത്ത് കാര്യവട്ടം ക്യാമ്പസിലെ ഏറ്റവും പോപ്പുലര്‍ ആയ പ്രണയങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. പിന്നീട് ഉള്ളതെല്ലാം ചരിത്രം. അന്നത്തെ ഞങ്ങളുടെ കൂട്ടുകെട്ട് കുടുംബം എന്ന ഫ്രെയിമിനുള്ളില്‍ ഇപ്പോഴും തുടരുന്നു. രണ്ട് ജാതികള്‍, രണ്ട് സംസ്ഥാനങ്ങള്‍, രണ്ട് മാതൃഭാഷകള്‍ ഇവ ജീവിതത്തെ പ്രതികൂലമായി സ്പര്‍ശിക്കാത്ത വിധത്തില്‍, ഈ വ്യത്യസ്തത തിരിച്ചറിയുക തന്നെ ചെയ്യാത്ത തരത്തില്‍, രണ്ടു പേരുടെയും കുടുംബങ്ങള്‍ സമഭാവേന പരസ്പരം ഇടപെടുന്നു.

1986 ജൂണില്‍ നടന്ന പരീക്ഷയിലാണ് ഞങ്ങള്‍ക്ക് ജെ.ആര്‍. എഫ്. ലഭിച്ചത്. ആ വര്‍ഷം കേരളത്തില്‍ രണ്ടു പേര്‍ക്ക് മാത്രമേ ജെ.ആര്‍.എഫ്. ലഭിച്ചുള്ളൂ. എനിക്കും പാര്‍വതിക്കും. (മലയാളത്തില്‍ അന്ന് ഒരാള്‍ക്ക് കൂടി ജെ. ആര്‍. എഫ് ലഭിക്കുകയുണ്ടായി. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ആയിരുന്ന എന്‍ അജയകുമാറിന്. വര്‍ഷങ്ങള്‍ക്കുശേഷം കാലടി സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ- പ്രൊഫ. എന്‍. അജയകുമാര്‍ - സഹപ്രവര്‍ത്തകനായിരിക്കാനും എനിക്ക് അവസരം ലഭിച്ചു.) അന്ന് എനിക്കോ പാര്‍വതിക്കോ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമോ ജെ.ആര്‍. എഫ്. ലഭിക്കാതിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം ഏതുതരത്തില്‍ ആകുമായിരുന്നു എന്ന് ഇന്ന് ആലോചിക്കുന്നതില്‍ കാര്യമില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഞങ്ങളുടെ ജീവിതത്തെ ഇന്നത്തെ രീതിയില്‍ രൂപപ്പെടുത്തിയത് ആ ജെ. ആര്‍. എഫ്. തന്നെയാണ്. കേവലം പിഎച്ച്.ഡി. മാത്രമല്ല അത് ഞങ്ങള്‍ക്ക് തന്നത്, ജീവിതം തന്നെയാണ്. അതുകൊണ്ട് ദൈവത്തിന്റെ കയ്യൊപ്പുള്ള ഒന്നായിത്തന്നെ ഞാന്‍ ആ ജെ. ആര്‍. എഫിനെ കാണുന്നു.

സുഹൃത്തുക്കളായ കബീര്‍, ഇന്ദിര, സുരേഷ് ചന്ദ്രന്‍, അമ്പിളി എന്നിവര്‍ക്കൊപ്പം വേളി കായലിലെ ഒരു ബോട്ട് യാത്രാ വേളയില്‍ എടുത്ത ചിത്രമാണ് താഴെ. 1990 കാലം. ഞാന്‍ അപ്പോള്‍ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുകയാണ്.

Content Highlights: writer valsalan vathusserys facebook post about his love and jrf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented