Photo: Gettyimages.in
പത്തനംതിട്ട: ജോലിയിൽ പ്രവേശിച്ചശേഷം വിവിധ കാരണങ്ങൾക്കൊണ്ട് തൊഴിൽമേഖല ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകൾക്ക് തിരികെയെത്താൻ അവസരമൊരുങ്ങുന്നു. വീടുകളിൽ ഒതുങ്ങേണ്ടിവന്നവരടക്കമുള്ളവരെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് രൂപം നൽകി.
സർക്കാർ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എൻ. വുമണിന്റെ സഹായത്തോടെയാണ് പദ്ധതി. 24.75 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു.
പ്രൊഫഷണലുകളായ വനിതകൾ, വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്തവർ എന്നിവരെയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. സർക്കാരിന്റെ വിവിധ ഷെൽട്ടർ ഹോമുകളിൽ കഴിയുന്ന സ്ത്രീകളും പദ്ധതിയുടെ ഉപഭോക്താക്കളാണ്.
ഇവരുമായി ചർച്ച നടത്തി പ്രാവീണ്യമുള്ള മേഖലകൾ കണ്ടെത്തി പരിശീലനം നൽകും. അങ്ങനെ ഇവരെ ജോലി നേടാൻ പ്രാപ്തരാക്കും.
വിവിധമേഖലയിൽ ജോലി നേടാനായി പ്രത്യേക ജോബ് പോർട്ടലും സജ്ജമാക്കുന്നുണ്ട്. ഇതിലേയ്ക്ക് തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും ഒരുപോലെ വിവരങ്ങൾ നൽകാം. പുറത്തുപോയി ജോലിചെയ്യാൻ കഴിയാത്ത സ്ത്രീകൾക്കായി വർക്ക് ഫ്രംഹോം അവസരവും ഒരുക്കും.
ഉദ്യോഗാർഥികൾ മുൻപ് ജോലിചെയ്തിരുന്ന മേഖലയ്ക്ക് അനുസരിച്ചായിരിക്കും മുൻഗണന നൽകുന്നത്. ജോലിയുടെ സ്വഭാവം, അഭിരുചി, കഴിവ് എന്നിവ പരിശോധിക്കും. തൊഴിൽ മേഖലയിലുണ്ടായ കാലാനുസൃത മാറ്റങ്ങൾക്കനുസരിച്ച് മികവ് ഉയർത്താനുള്ള പരിശീലനവും നൽകും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമ്പനികളിൽ ജോലി നേടാനുള്ള അവസരമൊരുക്കും. സംസ്ഥാനത്ത് വിദ്യാഭ്യാസ യോഗ്യതയിൽ സ്ത്രീ-പുരുഷ അന്തരം വലിയ തോതിലില്ല. എന്നാൽ, ജോലി നേടുന്നതിലും തുടരുന്നതിലും പുരുഷൻമാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾ പുറകിലാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..