സോഫിയ ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയിൽ നിന്ന്
ഗർഭിണിയായതിന്റെ സന്തോഷം അഞ്ചാം മാസത്തിലും ഏഴാംമാസത്തിലുമൊക്കെ വീഡിയോകളായി ടിക്ടോക്കിൽ പങ്കുവെക്കുമ്പോൾ സോഫിയാ കവാസിനി എന്ന പെൺകുട്ടി ഒരിക്കലും കരുതിയില്ല ഇതെല്ലാം തന്നെ ട്രോളുകൾക്ക് ഇരയാക്കുമെന്ന്. ഗർഭകാലം മുഴുവൻ സോഫിയ പങ്കുവെച്ച വീഡിയോകൾക്ക് കീഴെ ക്രൂരമായ വിമർശനങ്ങളാണ് ഉയർന്നത്. സോഫിയയുടേത് വ്യാജഗർഭം ആണെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. ഇപ്പോഴിതാ മാസങ്ങൾക്കിപ്പുറം താൻ ജന്മം നൽകിയ കുഞ്ഞിനൊപ്പമിരുന്ന് പഴയ ട്രോളുകളെക്കുറിച്ച് പങ്കുവെക്കുകയാണ് സോഫിയ.
ഇക്കഴിഞ്ഞ മാർച്ചിനാണ് സോഫിയ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ ഗർഭകാലത്ത് ടിക്ടോക്കിൽ പങ്കുവച്ച വീഡിയോകളെല്ലാം ഓർക്കാൻപോലും സോഫിയയ്ക്ക് ഇന്നിഷ്ടമല്ല. വയറു ചെറുതായതിന്റെ പേരിലായിരുന്നു സോഫിയ കേട്ട പഴികളൊക്കെയും. അഞ്ചരമാസത്തിലെ വീഡിയോ പങ്കുവച്ചതിന് കീഴെ ഗ്യാസ് നിറഞ്ഞതാണോ ഗർഭം നടിക്കുകയാണോ എന്നൊക്കെയാണ് പലരും കമന്റ് ചെയ്തത്. ഏഴാം മാസത്തിലെ വീഡിയോ പങ്കുവച്ചപ്പോഴും ട്രോളുകൾക്ക് പഞ്ഞമുണ്ടായില്ല. അത്താഴം കഴിച്ചുകഴിഞ്ഞാലുള്ള വയറുപോലെ ഉണ്ടെന്നും അവൾ ഗർഭിണിയല്ല, വയറു കണ്ടില്ലേ തുടങ്ങിയ കമന്റുകളുമാണ് നിരന്തരം നേരിട്ടത്.

ഒമ്പതാം മാസത്തിലെ വീഡിയോ പങ്കുവച്ചപ്പോഴും സോഫിയയെ പലരും വെറുതെവിട്ടില്ല. സംഗതി സോഫിയ അഭിനയിക്കുകയാണെന്നായിരുന്നു അപ്പോഴും വിമർശനം. ഒടുവിൽ മാർച്ചിൽ മകൾ സെറാഫിനയ്ക്ക് ജന്മം നൽകിയപ്പോൾ മുതൽ ട്രോളന്മാർക്കെല്ലാം മറുപടി നൽകണമെന്ന് സോഫിയ കരുതിയിരുന്നു. ട്രോളുകളെല്ലാം തെറ്റാണെന്നും താനൊരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും അറിയിക്കണമെന്ന് സോഫിയ ചിന്തിച്ചു.
അങ്ങനെ മകൾക്കൊപ്പം കളിക്കുന്നതിന്റെ വീഡിയോയുമായി വീണ്ടും സോഫിയയെത്തി. ഒപ്പം താൻ നേരിട്ട ക്രൂരമായ ട്രോളുകളെക്കുറിച്ചും പങ്കുവെച്ചു. വ്യാജഗർഭമെന്ന് ആരോപിച്ചവരെ മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് വായടപ്പിച്ച സോഫിയയെ നിരവധി പേരാണ് പ്രശംസിച്ചത്.
Content Highlights: Woman with the 'world's smallest bump' was accused of faking pregnancy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..