ജിന ഫ്രാൻസിസ് | Photo: instagram/ gina frances
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികളും സ്വീകരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്ന പ്ലാസ്റ്റിക് സര്‍ജറി വരെ ചിലര്‍ ചെയ്യാറുണ്ട്. മറ്റുചിലര്‍ കണ്ണിനും മൂക്കിനും ചുണ്ടിനുമെല്ലാം മാറ്റങ്ങള്‍ വരുത്തും. ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി പരീക്ഷിച്ച നിരവധി ചലച്ചിത്ര താരങ്ങളുമുണ്ട്.
എന്നാല്‍ ഒരു പൈസ പോലും ചിലവില്ലാതെ ആര്‍ത്തവ രക്തം ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ധിപ്പിക്കാം എന്ന അവകാശ വാദവുമായി എത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു യുവതി. പ്രകൃതിദത്തമായ ഫേഷ്യല്‍ മാസ്‌കാണ് ഇതെന്നാണ് 28-കാരിയായ ജിന ഫ്രാന്‍സിസ് എന്ന യുവതി അവകാശപ്പെടുന്നത്.
ആര്‍ത്തവ രക്തത്തോട് ഒരുകാലത്ത് ജിനയ്ക്ക് അറപ്പും വെറുപ്പുമായിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് ഒരു ഫേഷ്യല്‍ മാസ്‌ക്ക് ആയി ഉപയോഗിച്ചുനോക്കിയാലോ എന്ന ആശയം മനസില്‍ വന്നതെന്നും ന്യൂജഴ്‌സിയില്‍ നിന്നുള്ള ജിന പറയുന്നു. ആദ്യമായി ആര്‍ത്തവമുണ്ടായപ്പോള്‍ എല്ലാവരില്‍ നിന്നും അത് മറച്ചുപിടിക്കുകയും അതിനെ വെറുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആര്‍ത്തവക്രമം തെറ്റിക്കാനും ശ്രമിച്ചിരുന്നു.
എട്ടു വര്‍ഷത്തോളം ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചു. എന്നാല്‍ പിന്നീട് അത് നിര്‍ത്തിയശേഷം ഒരു വര്‍ഷത്തോളം ആര്‍ത്തവമുണ്ടായില്ല. അപ്പോഴാണ് ആര്‍ത്തവത്തെ കുറിച്ചും ഗര്‍ഭപാത്രത്തെ കുറിച്ചുമെല്ലാം ജിന കൂടുതല്‍ മനസിലാക്കുന്നത്. ആര്‍ത്തവം എന്നത് സ്ത്രീകള്‍ക്ക് സ്വയം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമുള്ള സമയമാണെന്നും ജിന പറയുന്നു.
എന്നാല്‍ ജിനയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇത് അറപ്പുളവാക്കുന്നതാണെന്നും ആര്‍ത്തവ രക്തം എടുത്ത് എങ്ങനെയാണ് മുഖത്ത് തേക്കാന്‍ തോന്നുന്നതെന്നും ആളുകള്‍ ചോദിക്കുന്നു.
ഫേഷ്യല്‍ മാസ്‌ക് മാത്രമല്ല, ചെടികള്‍ക്കുള്ള വളമായും പെയ്ന്റിങ് ചെയ്യാനും ആര്‍ത്തവരക്തം ജിന ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വീഡിയോകള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കാറുമുണ്ട്.
Content Highlights: woman uses period blood as facemask, fertiliser for plants and to paint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..