
-
കൊച്ചി: വെള്ളിയാഴ്ചയാണ് ആ സന്ദേശം അരവിന്ദിന്റെ ഫോണിലേക്കെത്തിയത് -‘അടുത്തദിവസം ശസ്ത്രക്രിയ നടന്നേക്കും. തയ്യാറായിരിക്കുക.’ നാലുവർഷമായി കേൾക്കാൻ കാത്തിരുന്ന വാക്കുകൾ. ആകാംക്ഷയുടെ മണിക്കൂറുകൾക്കൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും വിളിയെത്തി. ആശുപത്രിയിലേക്കെത്താൻ. രാത്രി ഒൻപതിന് തുടങ്ങിയ ശസ്ത്രക്രിയ പിറ്റേന്ന് ഉച്ചവരെ നീണ്ടു. ഒടുവിൽ വൈകുന്നേരം അഞ്ചുമണിയോടെ വാതിൽച്ചില്ലിനിപ്പുറംനിന്ന് കാണുമ്പോൾ അരവിന്ദ് തേടിയത് അമ്മയുടെ പുതിയ കൈകളാണ്.
അരവിന്ദും അമ്മ മേനക കൃഷ്ണനും (51) മലേഷ്യയിൽനിന്ന് കേരളത്തിലേക്കെത്തിയത് കൈകൾ തേടിയാണ്. ഭർത്താവിന്റെ ആക്രമണത്തിൽ 2014-ലാണ് മേനകയ്ക്ക് കൈകളും കാലുകളും നഷ്ടമായത്. കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് അറിഞ്ഞാണ് അമൃത ആശുപത്രിയിലെത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഇപ്പോൾ ഫലമുണ്ടായി.
തീവ്രപരിചരണ വിഭാഗത്തിലാണ് മേനകയിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അരവിന്ദ് അകലെനിന്ന് അമ്മയെ കണ്ടു. മൂന്നാഴ്ചകൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരണം.
2016-ലാണ് അരവിന്ദും മേനകയും ആദ്യം ഇവിടെയെത്തുന്നത്. ശസ്ത്രക്രിയയുടെ ചെലവും മറ്റും ചോദിച്ചറിഞ്ഞ് മടങ്ങി. സന്നദ്ധ സംഘടനകളുടെ സഹായത്താൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപ കണ്ടെത്തി. 2018-ൽ വീണ്ടുമെത്തി. ആശുപത്രിക്കടുത്ത് വാടകയ്ക്ക് വീടെടുത്തായിരുന്നു താമസം.
സംശയം തകർത്തത് ജീവിതം
ഭർത്താവിന്റെ സംശയരോഗമാണ് മേനകയുടെ ജീവിതം തകർത്തത്. സിങ്കപ്പൂരിൽ ഹോട്ടൽ ജോലിയായിരുന്നു മേനകയ്ക്ക്. ആ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒരു അവധിദിനത്തിൽ വീട്ടിലെത്തിയപ്പോൾ സംശയത്തിന്റെ പേരിലായിരുന്നു ഭർത്താവിന്റെ ആക്രമണം. കൈകളും കാലുകളും വെട്ടിമുറിച്ചു. ഭർത്താവ് പിന്നീട് ആത്മഹത്യചെയ്തു.
ഒന്നരവർഷം മലേഷ്യയിൽ ചികിത്സയിലായിരുന്നു. സർക്കാർ വെപ്പുകാലുകൾ നൽകി. അതിൽ പതിയെ നടക്കാമെങ്കിലും കൈകളില്ലാത്തതിനാൽ ശരീരത്തിന് ബാലൻസ് നഷ്ടമാകും. കൈയുമായി നാട്ടിലേക്കു മടങ്ങണമെന്ന പ്രതീക്ഷയിലാണ് മേനക കൊച്ചിയിലെത്തിയത്. അരവിന്ദിനെ കൂടാതെ രണ്ടു മക്കളുണ്ട് മേനകയ്ക്ക്. ഇവർ നാട്ടിലാണ്.
Content Highlights: woman travels from Malaysia to Kochi for new limbs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..