സ്റ്റെഫാനി ബോ ഭർത്താവിനും കുഞ്ഞിനുമൊപ്പം | Instagram/ stephanie.booe
അച്ഛനും അമ്മയുമാകുക എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. കുഞ്ഞിനെ ആദ്യമായി കൈയിലേക്ക് വാങ്ങുമ്പോള്‍ അച്ഛന്റേയും അമ്മയുടേയും ഹൃദയം സന്തോഷംകൊണ്ട് നിറയും. ഇത്തരം വൈകാരിക നിമിഷങ്ങളുടെ വീഡിയോകള്‍ നമ്മള് ഒരുപാട് കണ്ടിട്ടുണ്ട്. തന്റെ കുഞ്ഞിനെ ആദ്യമായി നെഞ്ചിലേക്ക് ചേര്‍ത്തപ്പോള്‍ 'ഹാപ്പി ബര്‍ത്ത് ഡേ' പാടുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്റ്റെഫാനി ബോ എന്ന അമ്മയാണ് ഈ വീഡിയോയിലുള്ളത്. മകന് ഗ്രഹാം ജനിച്ച സമയത്താണ് സ്റ്റെഫാനി അവനെ ജന്മദിനാശംസകള് നേര്‍ന്ന് വരവേറ്റത്. നിങ്ങളുടെ കുഞ്ഞ് ജനിച്ചയുടനെ ജന്മദിനാശംസകള് പറയാന്‍ മറക്കരുത് എന്ന് വീഡിയോക്കൊപ്പം സ്റ്റെഫാനി കുറിച്ചിട്ടുമുണ്ട്. അമ്മയുടെ നെഞ്ചില്‍ കിടക്കുന്ന കുഞ്ഞിനേയും തൊട്ടടുത്തിരുന്ന് എല്ലാം സന്തോഷത്തോടെ വീക്ഷിക്കുന്ന അച്ഛനേയും വീഡിയോയില്‍ കാണാം.
'പലരും മനോഹരമായി ജന്മദിനാശംസകള് നേരുന്നത് നിങ്ങള്‍ കണ്ടിരിക്കും. പക്ഷേ ഗ്രഹാമിനെ കൈയില്‍ വാങ്ങിയപ്പോള്‍ നേര്‍ന്ന ആശംസയോളം വലുതായി ഒന്നും തന്നെയില്ല. ലേബര്‍ റൂമിലെ നീണ്ട 16 മണിക്കൂറുകള്‍ക്ക് ശേഷം അവന് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ കൈകളില്‍ ഉറങ്ങുകയാണ് അവന്. ഗ്രഹാം ജനിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഇന്നലെ എന്ന പോലെയാണ് എനിക്ക് ആ നിമിഷം തോന്നുന്നത്. അവന് അല്പം വലുതായിരിക്കുന്നു. കൂടുതല്‍ കരുത്തനായിരിക്കുന്നു. ഒരുകാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചാല്‍ ജനിച്ചയുടനെ കുഞ്ഞിന് ജന്മദിനാശംസകള് നേരുക. കഴിയുമെങ്കില്‍ അതിന്റെ വീഡിയോ എടുക്കുക. ആ നിമിഷം അത്രയും മനോഹരമായിരിക്കും.' സ്റ്റെഫാനി വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. അവന് കരയുകയാണെന്ന് തോന്നുന്നില്ലെന്നും അമ്മയുടെ പാട്ടിന് കുഞ്ഞു ശബ്ദത്തില്‍ കൂടെ പാടുകയാണെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്റെ കുഞ്ഞ് ജനിച്ചപ്പോള്‍ ഡോക്ടറാണ് ജന്മദിനാശംസകള് നേര്ന്നിരുന്നതെന്നും അതു പ്രിയപ്പെട്ട ഓര്‍മയാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..