
പ്രതീകാത്മകചിത്രം | Photo: Gettyimages.in
പ്രണയത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്നവർ നിരവധിയുണ്ട്. സിനിമകളിലും മറ്റും പെൺകുട്ടിയുടെ പുറകെ നടക്കുന്നവരെ (Stalking) താരാരാധനയോടെ സമീപിക്കുമ്പോൾ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ അത്ര സുഖകരമല്ലെന്ന് പങ്കുവെക്കുകയാണ് ഒരു പെൺകുട്ടി. സമൂഹമാധ്യമത്തിലും മറ്റും തന്നെ വിടാതെ പിന്തുടർന്ന ഒരാൾക്ക് ചുട്ടമറുപടിയാണ് യുവതി നൽകിയിരിക്കുന്നത്.
തന്റെ എല്ലാ സമൂഹമാധ്യമത്തിലും പിന്തുടരുകയും ഫോൺ നമ്പറും അഡ്രസ്സും ഉൾപ്പെടെ കണ്ടെത്തുകയും ചെയ്ത യുവാവിനെതിരെ പരാതി നൽകിയിരിക്കുകയാണ് പെൺകുട്ടി. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ബ്ലോക്ക് ചെയ്തെങ്കിലും തന്നെ അയാൾ മാനസികമായി പീഡിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. പോലീസിന് നൽകിയ പരാതിയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് പങ്കുവച്ചിരിക്കുന്നത്.
ട്വിറ്റർ മുതൽ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വരെയുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലൂടെയും അയാൾ മെസേജ് അയക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും ബ്ലോക് ചെയ്തപ്പോൾ ഞെട്ടിച്ചു കൊണ്ട് വാട്സാപ്പിൽ മെസേജ് അയച്ചു. അയാൾ ചെയ്യുന്നത് ഒരു കുറ്റമാണെന്നും ശല്യം ചെയ്യരുതെന്നും പറഞ്ഞു. എന്നാൽ മാപ്പപേക്ഷിക്കുന്നതിനൊപ്പം അയാളുടെ കയ്യിൽ എന്റെ വ്യക്തിവിവരങ്ങളും വിലാസവും ഉണ്ടെന്നു പറഞ്ഞു. തുടർന്നും ക്ഷമ ചോദിച്ചും മറ്റും മെസേജുകൾ അയച്ചുകൊണ്ടേയിരുന്നു. ഈ അസംബന്ധം തന്നോടായാലും മറ്റേതു പെൺകുട്ടിയോടായാലും സഹിക്കാൻ കഴിയില്ല. ഈ ചെയ്യുന്നത് കുറ്റമാണെന്നു പറഞ്ഞപ്പോഴും ക്ഷമചോദിച്ച് വീണ്ടും ശല്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇനി നേരിടാൻ തയ്യാറായിക്കോളൂ- പെൺകുട്ടി കുറിച്ചു.
സിനിമകളിൽ ഇത്തരം രംഗങ്ങൾ കണ്ട് കയ്യടിക്കുന്നവർ സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് അവ എത്ര ഭീതിജനകമാണെന്ന് തിരിച്ചറിയൂ എന്നും പെൺകുട്ടി പറയുന്നു. ഡർ സിനിമയിൽ നായികയ്ക്കു പുറകെ നടന്ന് ശല്യം ചെയ്യുന്ന ഷാരൂഖ് ഖാനെയോർത്ത് സഹതാപം തോന്നിയിട്ടുണ്ടാവും. എന്നാൽ യഥാർഥജീവിതത്തിൽ അത്തരത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോഴാണ് ഇതെത്ര അസ്വസ്ഥതയുളവാക്കുന്നതും അസംബന്ധവുമാണെന്ന് മനസ്സിലാവുകയുള്ളൂവെന്ന് പെൺകുട്ടി പറയുന്നു.
നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. എല്ലാ പെൺകുട്ടികളും ഇത്തരത്തിൽ പ്രതികരിക്കാൻ തയ്യാറാകണം എന്നും അവഗണിക്കും തോറും ഇത്തരക്കാർ പിന്നാലെ കൂടുകയും ശരിയായ നടപടികളെടുക്കുമ്പോൾ അടങ്ങിക്കോളും എന്നൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Woman Shares How Stalking Incidents Glorified In Bollywood Films Turn To Horror In Real Life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..