അനിൽ കപൂറിനൊപ്പം ശിഖ മിത്തൽ | Photo: instagram/ Shikha Mittal
വിമാനയാത്രയില്‍ പലരുടേയും പേടിസ്വപ്‌നമാണ് ടേക്ക് ഓഫും ലാന്‍ഡിങ്ങും. ഇനി ആദ്യ യാത്രയാണെങ്കില്‍ പറയുകയും വേണ്ട. ആശങ്കകള്‍ ഇനിയും ഒരുപാടുണ്ടാകും. ഇങ്ങനെ പേടിച്ചുള്ള യാത്രക്കിടയില്‍ തലയ്ക്ക് മുകളിലുള്ള ലഗേജ് ബോക്‌സ് തുറന്ന് സാധനങ്ങള്‍ കൂടി താഴേക്ക് വീണാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ശിഖ മിത്തല്‍ എന്ന യുവതി.
എന്നാല്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ ശിഖയെ സഹായിക്കാന്‍ തൊട്ടടുത്ത സീറ്റില്‍ ഒരു സെലിബ്രിറ്റിയുണ്ടായിരുന്നു. ബോളിവുഡ് താരം അനില്‍ കപൂര്‍. പേടിച്ചരണ്ട തന്റെ കൈകളില്‍ മുറുകെപ്പിടിച്ച് അദ്ദേഹം തന്നെ ആശ്വസിപ്പിച്ചെന്നും ശിഖ പോസ്റ്റില്‍ പറയുന്നു. അനില്‍ കപൂറിനൊപ്പമുള്ള ഒരു സെല്‍ഫിയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
'വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ എന്റെ തലയ്ക്കു മുകളിലുള്ള ലഗേജ് ബോക്‌സ് തുറന്ന് സാധനങ്ങള്‍ താഴെ വീഴാന്‍ തുടങ്ങി. വിമാനത്തിലുണ്ടാകുന്ന ഇത്തരം ശക്തമായ ചലനങ്ങള്‍ എനിക്ക് പേടിയാണ്. സീറ്റുകള്‍ക്കിടയിലുള്ള ഡിവൈഡറില്‍ ഞാന്‍ എന്റെ കൈ അമര്‍ത്തിപ്പിടിച്ചു. ആ സമയത്ത് സഹയാത്രികന്‍ എന്റെ കൈപിടിച്ച് പറഞ്ഞു..'ഭയപ്പെടേണ്ട. എന്താണ് നിങ്ങളുടെ പേര്? നമുക്ക് സംസാരിക്കം'. ശിഖ കുറിപ്പില്‍ പറയുന്നു.
പിന്നീട് രണ്ട് മണിക്കൂര്‍ നീണ്ട യാത്ര മുഴുവന്‍ രസകരമായിരുന്നുവെന്നും അനില്‍ കപൂര്‍ തന്നെ ഒരുപാട് ചിരിപ്പിച്ചതെന്നും അവര്‍ പറയുന്നു. വിമാനം ഇറങ്ങിയപ്പോള്‍ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചെന്നും ഉത്കണ്ഠയെ കുറിച്ച് തന്നോട് സംസാരിച്ചെന്നും യുവതി പറയുന്നു. 'ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും വലിയ പ്രശ്‌നമാണെന്ന് പലരും പറയാറുണ്ടെങ്കിലും അത് രണ്ടും കാരണമാണ് നമ്മള്‍ പരിചയപ്പെട്ടതും ഇത്രയും നേരം സംസാരിച്ചതും'-ഇതായിരുന്നു അനില്‍ കപൂര്‍ യുവതിയോട് പറഞ്ഞത്. ഡല്‍ഹിയില്‍ എത്തിയാല്‍ ഒരു ചായ വാങ്ങിത്തരണമെന്നും അനില്‍ കപൂര്‍ പറഞ്ഞതായി യുവതി പോസ്റ്റില്‍ കുറിച്ചു.
Content Highlights: woman reveals how the actor anil kapoor comforted her on a turbulent flight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..