സിമി മരിയയ്ക്കും കുഞ്ഞിനുമൊപ്പം മലയാളി സംഘം വിമാനത്തിൽ
കൊച്ചി: ആദ്യ പ്രസവത്തിലെ കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കകം മരിച്ചുപോയതിന്റെ ഓർമയിൽ ഏറെ കരുതലോടെയാണ് ഏഴുമാസം ഗർഭിണിയായ സിമി ലണ്ടനിൽ നിന്ന് കേരളത്തിലേക്കു പറന്നത്. ഗർഭപാത്രത്തിലെ ദ്രവം പൊട്ടിയൊഴുകാതിരിക്കാൻ പ്രത്യേക ചികിത്സാ മുന്നൊരുക്കങ്ങൾ നടത്തി പറന്ന സിമിക്കു പക്ഷേ, വിമാനത്തിൽ കാത്തുവെച്ചത് പരീക്ഷണങ്ങൾ തന്നെയായിരുന്നു. വിമാനം ചെങ്കടലിന് മുകളിലൂടെ പറക്കുമ്പോൾ സിമി പ്രസവിച്ചു.
മാസം തികയാതെ പിറന്ന, ഭാരംകുറഞ്ഞ കുഞ്ഞ് മരണത്തെ മുഖാമുഖം കാണുമ്പോൾ ദൈവദൂതരെപ്പോലെ അരികിലെത്തി ശുശ്രൂഷിക്കാൻ വിമാനത്തിലുണ്ടായിരുന്നു ഒരു മലയാളിസംഘം തന്നെ. കേരളം വരെ പറന്നെത്താനുള്ളത്രയും സമയം കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ എ.സി. ഓഫ് ചെയ്ത് താപനില ക്രമീകരിച്ച് വിമാനം ജർമനിയിലെ ഫ്രാങ്ക്ഫുർടിലേക്ക് പറത്തി ക്യാപ്റ്റൻ. നാടകീയരംഗങ്ങൾക്കൊടുവിൽ ഫ്രാങ്ക്ഫുർടിൽ പറന്നിറങ്ങി കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ സിമി നെഞ്ചിൽ കൈവെച്ചു പറഞ്ഞുപോയി: “ഇതൊരു അത്ഭുതപ്പിറവിയാണ്. എന്റെ ആദ്യ കുഞ്ഞിനെ കവർന്നെടുത്തതിന്റെ സങ്കടം മാറ്റി ദൈവം തന്ന സമ്മാനമാണിവൻ.”
ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ച സിമി മരിയ ഫിലിപ്പ് നന്ദി പറഞ്ഞതു മുഴുവൻ വിമാനത്തിൽ അവരുടെ കൂടെയുണ്ടായിരുന്ന എറണാകുളം കുന്നുകര സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിമിനും സംഘത്തിനും. വെയ്ൽസിലെ റെക്സാം മൈലർ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇൻഷാദ് കുടുംബവുമായി നാട്ടിലേക്കു വരുമ്പോഴാണ് അത്ഭുതപ്പിറവിയിൽ ഒരു നിയോഗംപോലെ ഉൾപ്പെടുന്നത്.
“വിമാനം പറന്നുയർന്ന് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സിമിയുടെ ഗർഭപാത്രത്തിലെ വെള്ളം പൊട്ടിയൊഴുകിയത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറായ റിച്ച ഫിലിപ്പും നഴ്‌സ് ലീല ബേബിയും സിമിയെ ആദ്യം പരിചരിച്ചു. വിമാനത്തിലെ ഫുഡ് ഏരിയയുടെ തറയിൽ ഒരു പുതപ്പുവിരിച്ച് കിടത്തിയാണ് ഞങ്ങൾ പ്രസവശുശ്രൂഷ തുടങ്ങിയത്. കുട്ടിയുടെ തല വേഗത്തിൽ പുറത്തേക്കുവന്നെങ്കിലും അനക്കം കുറവായിരുന്നു. കുട്ടി കരയാതിരുന്നതോടെ ഞങ്ങളുടെ ടെൻഷൻ കൂടി. കുഞ്ഞിന്റെ പുറത്തും മുഖത്തും അൽപ്പനേരം ഞാൻ മൃദുവായി തട്ടിയശേഷമാണ് അവൻ ആദ്യമായി കരഞ്ഞത്. അതോടെ കുറച്ച് ആശ്വാസമായി. പിന്നീട് പൊക്കിൾക്കൊടി ബന്ധം മുറിക്കാനുള്ള കത്രികയ്ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നു” -ഇൻഷാദ്, കുഞ്ഞു ജനിച്ച കഥ പറഞ്ഞു.
ഒരു കിലോഗ്രാമിലേറെ മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നു പിന്നെ ശ്രമം. വിമാനത്തിലുണ്ടായിരുന്നവരും മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്നവരുമായ മറിയാമ്മ, സ്റ്റൈഫി, പ്രതീഷ്, ജൈസൺ തുടങ്ങിയ മലയാളികളും കൂടിയെത്തിയതോടെ വിമാനം ഒരു മിനി ആശുപത്രിയായി. ചെങ്കടലിനു മുകളിലായിരുന്ന വിമാനം കൊച്ചിയിലെത്തണമെങ്കിൽ ഏഴു മണിക്കൂറിലേറെ സമയം വേണം. അത്രയും നേരം കുട്ടിയുടെ ജീവൻ നിലനിൽക്കുമോയെന്ന് സംശയമായതോടെ വിമാനം അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് ഇറക്കാനുള്ള ശ്രമത്തിലായി ക്യാപ്റ്റൻ. അങ്ങനെയാണ് എയർ ഇന്ത്യയ്ക്ക് ബേസ് ഉള്ള ഫ്രാങ്ക്ഫുർടിലെത്താൻ രണ്ടു മണിക്കൂർ മതിയാകുമെന്ന് മനസ്സിലാക്കി അങ്ങോട്ടേക്കു തിരിച്ചത്. ഇതിനിടെ കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിമാനം ലാൻഡിങ് നടത്തുന്ന സമയത്ത് പിന്നെയും പ്രശ്നങ്ങളായി. അമ്മയെയും കുഞ്ഞിനെയും നിലത്തു കിടത്തി വിമാനം ഇറക്കുന്നത് അപകടമാകുമെന്നു തിരിച്ചറിഞ്ഞ് അവരെ ബിസിനസ് ക്ലാസിലെ സീറ്റിൽ കൊണ്ടുവന്നു കിടത്തി. ഫ്രാങ്ക്ഫുർടിൽ ഇറക്കിയ സിമിയെയും കുഞ്ഞിനെയും അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടിലെത്തിയ ഇൻഷാദും സംഘവും ‘എയർ ഇന്ത്യ ലേബർ ടീം’ എന്ന പേരിൽ ഒരു വാട്‌സാപ്പ് കൂട്ടായ്മയുണ്ടാക്കി ഇപ്പോഴും ഫ്രാങ്ക്ഫുർടിലുള്ള സിമിയുടെയും കുഞ്ഞിന്റെയും ആരോഗ്യവിവരങ്ങൾ തിരക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് സിമിയുടെ ഒരു മെസേജ് എത്തി: “ഞങ്ങൾ അവന് ‘ഷോൺ’ എന്ന് പേരിട്ടു. ഫ്രാങ്ക്ഫുർടിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.”
Content Highlights: Woman Gives Birth on plane, Real Life Story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..