മഹ്ലാഗന ജബേരി | Photos: instagram.com/mahlaghajaberi/
കാൻ ഫിലിം ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ തന്നെ ഗ്ലാമറസ് ലോകത്തിന്റെ ദൃശ്യങ്ങളാണ് തെളിയുക. വ്യത്യസ്തമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് വിവിധ രൂപത്തിലും ഭാവത്തിലും സെലിബ്രിറ്റികൾ ചുവടുവെക്കുന്ന ഇടം. എന്നാൽ ചില പ്രതിഷേധങ്ങൾ പങ്കുവെക്കുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിച്ചുവരുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഫാഷൻ ഐക്കണുകൾ മാത്രമല്ല നിലപാടുകൾ വ്യക്തമാക്കാൻ കൂടിയുള്ള ഇടമായി കാൻവേദിയെ കാണുന്നവർ ധാരാളമുണ്ട്. ഇറാനിയൻ മോഡലായ മഹ്ലാഗ ജബേരിയും ഇത്തവണത്തെ കാനിൽ ചുവടുവച്ചത് പ്രതിഷേധം പങ്കുവെച്ചുകൊണ്ടാണ്.
കറുപ്പു നിറത്തിലുള്ള ഗൗൺ ധരിച്ചാണ് മഹ്ലാഗ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കഴുത്തിൽ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. ഇത്തരമൊരു ഡിസൈനിൽ അവതരിച്ചതിനു പിന്നിലും മഹ്ലാഗയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മറ്റൊന്നുമല്ല ഇറാനിലെ ഭരണകൂട കൊലപാതകങ്ങൾക്ക് എതിരെയുള്ള ശബ്ദമാണത്.
ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഹ്ലാഗ കാൻ ലുക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വൈകാതെ തന്നെ വ്യത്യസ്തമായ പ്രതിഷേധത്തിന് സാമൂഹിക മാധ്യമത്തിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ശരിയായി ഹിജാബ് ധരിക്കാത്തതിന‍് ഇറാനിൽ സദാചാര പോലീസ് അറസ്റ്റു ചെയ്ത മഹ്സ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനു പിന്നാലെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ശക്തിപ്പെടുന്നത്.
സ്ത്രീകൾ ഹിജാബ് കൊണ്ട് കൃത്യമായി മുടി മറക്കാതിരിക്കുന്നതോ ഇറുകിയ വസ്ത്രം ധരിക്കുന്നതോ ഒക്കെ ഇറാനിൽ കുറ്റകരമാണ്. ഇവ നിരീക്ഷിക്കാൻ സദാചാര പോലീസ് സദാ തെരുവുകളിൽ ഉണ്ടായിരിക്കും. അറസ്റ്റിലായതിനു ശേഷം കസ്റ്റഡിയിലിരിക്കവേയാണ് മഹ്സ മരണപ്പെടുന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതും രക്തസ്രാവവും പക്ഷാഘാതവുമാണ് മഹ്സയുടെ മരണത്തിന് കാരണമായത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. അവിടുന്നിങ്ങോട്ട് ഇറാനിൽ പ്രതിഷേധങ്ങളുടെ നീണ്ടനിര ആരംഭിക്കുകയായിരുന്നു. മഹ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് തെരുവുകളിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയുമൊക്കെ ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പും കാൻ വേദിയിൽ സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു. യുക്രെയ്ന്റെ പതാകയ്ക്ക് സമാനമായ വസ്ത്രം ധരിച്ചെത്തിയ യുവതിയാണ് പ്രതിഷേധം സൃഷ്ടിച്ചത്. യുദ്ധത്തിന്റെ ഭീകരത പ്രകടിപ്പിക്കാൻ ശരീരമാകെ ചുവപ്പ് പൂശിയാണ് യുവതി എത്തിയത്. ഉടനടി അവരെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: With A Noose Around Her Neck, Iranian Model Makes A Strong Statement At Cannes 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..