മഞ്ജുള
മൈസൂരു: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതോടെ വരുമാനമാർഗത്തിനായി സംരംഭം തുടങ്ങാൻ വേണ്ടിയാണ് വായ്പതേടി മഞ്ജുള ബാങ്കിനെ സമീപിച്ചത്. എന്നാൽ, നിരന്തരം അഭ്യർഥിച്ചിട്ടും വായ്പ നിഷേധിച്ചതോടെ പ്രതിഷേധിക്കാൻ മഞ്ജുള തീരുമാനിച്ചു. ഒടുവിൽ, മഞ്ജുളയുടെ ആവശ്യം ബാങ്ക് അധികൃതർക്ക് അംഗീകരിക്കേണ്ടിവന്നു.
മൈസൂരുവിലെ സരസ്വതിപുരം നിവാസിയാണ് മഞ്ജുള. ഏതാനും മാസങ്ങൾക്കുമുമ്പാണ് മഞ്ജുളയുടെ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതേത്തുടർന്ന് കുടുംബം നോക്കാൻ മഞ്ജുളയ്ക്ക് ഒരു വരുമാനമാർഗം ആവശ്യമായിവന്നു. ഇതോടെ കളിമണ്ണുകൊണ്ടുള്ള ആഭരണങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധയായ മഞ്ജുള പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിപ്രകാരം ചെറുകിട വ്യവസായസംരംഭം തുടങ്ങാൻ 14.5 ലക്ഷം രൂപ വായ്പയ്ക്കായി പൊതുമേഖലാബാങ്കിനെ സമീപിച്ചു. 2021 ഒക്ടോബറിലാണ് വായ്പയ്ക്ക് അപേക്ഷ നൽകിയത്. ഇതുസംബന്ധിച്ച് ഒട്ടേറെത്തവണ ബാങ്ക് അധികൃതരെ കണ്ടെങ്കിലും ഒടുവിൽ ഒരുകാരണവും പറയാതെ അപേക്ഷ നിരസിച്ചുവെന്ന് മഞ്ജുള പറയുന്നു. ഇതേത്തുടർന്ന് ജനുവരി 17-ന് ബാങ്കിനുമുന്നിൽ മഞ്ജുള ഒറ്റയാൾ പ്രതിഷേധം നടത്തി. ഇതോടെ ബാങ്ക് അധികൃതർ മഞ്ജുളയെ സമീപിച്ച് വായ്പ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
വായ്പ നിഷേധിച്ചുള്ള ബാങ്ക് അധികൃതരുടെ നടപടി തനിക്ക് ഏറെ മനോവേദനയുണ്ടാക്കിയെന്നും ഇതേത്തുടർന്നാണ് ഏക പോംവഴിയെന്നനിലയിൽ പ്രതിഷേധം നടത്തിയതെന്നും മഞ്ജുള പറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളായി താൻ ഹോബിയെന്നനിലയിൽ ചെയ്യുന്നതാണ് കളിമണ്ണുകൊണ്ടുള്ള ആഭരണനിർമാണം. എന്നാൽ, ഭർത്താവിന്റെ മരണത്തെത്തുടർന്ന് അതിനെ സ്ഥിരം വരുമാനമാർഗമാക്കാൻ തീരുമാനിച്ചു. മൈസൂരു കുടക് എം.പി. പ്രതാപസിംഹയുടെ നിർദേശപ്രകാരമാണ് വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്.
ഭർത്താവിനൊപ്പം കണ്ട ‘ആക്ട് 1978’ എന്ന കന്നഡ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ പ്രതിഷേധം നടത്തിയതെന്നും മഞ്ജുള വ്യക്തമാക്കി. 2020-ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയാണ് ‘ആക്ട് 1978’. സർക്കാർ അനുവദിച്ച പണം വാങ്ങിയെടുക്കാൻ ഗീതയെന്ന ഗർഭിണിയായ വിധവ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം. കന്നഡ നടിയായ യാഗ്ന ഷെട്ടിയാണ് ഗീതയായി വേഷമിട്ടത്.
Content Highlights: widow of covid warrior gets loan after protest in mysuru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..