വയനാട് കളക്ടർ ഗീത കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലെ കലാകാരൻമാർക്കൊപ്പം കഥകളി പരിശീലിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ
കല്‍പറ്റ :പുതുവത്സരത്തില്‍ ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ ആട്ടവിളക്ക് തെളിയുമ്പോള്‍ അരങ്ങില്‍ ദമയന്തിയായി വയനാട് കളക്ടറുണ്ടാകും. ഒരു നിയോഗമെന്നപോലെ ഗുരുവായൂരില്‍ അരങ്ങ് ലഭിച്ചതോടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കഠിനപരിശീലനത്തിലാണ് കളക്ടര്‍ എ. ഗീത. സോയില്‍ സര്‍വേ വകുപ്പിലെ രതി സുധീറും കളക്ടര്‍ക്കൊപ്പം അരങ്ങിലെത്തും. കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തിലെ കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണന്‍ ആശാന്റെ ശിക്ഷണത്തിലാണ് കഥകളി അവതരണം. ജനുവരി ഒന്നിന് ഞായറാഴ്ച വൈകീട്ട് ഏഴിനും എട്ടരയ്ക്കും ഇടയിലാണ് അവതരണം.
നിയോഗമെന്നുതന്നെയാണ് ഈ അവസരത്തെ വിശേഷിപ്പിക്കാനുള്ളത് - എ. ഗീത പറഞ്ഞു. മൂന്നു വയസ്സുമുതല്‍ ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയതാണ്. എങ്കിലും ഗുരുവായൂരപ്പന് മുമ്പില്‍ കഥകളി അവതരിപ്പിക്കാനാണ് അവസരമുണ്ടായത്. തെറ്റുകുറ്റങ്ങളില്ലാതെ, അവതരിപ്പിക്കണമെന്നാണ് പ്രാര്‍ഥന - കളക്ടര്‍ പറഞ്ഞു.
വയനാട്ടിലെ വിവിധവകുപ്പുകളിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ കഥകളി അവതരിപ്പിച്ചപ്പോഴാണ് കളക്ടറിലെ കലാകാരിയെ നാടറിഞ്ഞത്. വള്ളിയൂര്‍ക്കാവിലെ സദസ്സ് വലിയ പ്രോത്സാഹനമായി. ഒരു വേദിയില്‍ അവതരിപ്പിച്ചൊഴിയരുതെന്ന് ആശാനും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഗുരുവായൂരില്‍ നളചരിതം ആട്ടക്കഥ ഒന്നാംദിവസം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
പട്ടയപ്രശ്‌നവും എ.ബി.സി.ഡി. ക്യാമ്പുകളും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമൊക്കെയായി ഔദ്യോഗിക തിരക്ക് ഏറെയുള്ള സമയമായതിനാല്‍ വിചാരിച്ചപോലെ പരിശീലനത്തിന് സമയം മാറ്റിവെക്കാനാവുന്നില്ല. ദിവസവും രാത്രി ഒമ്പതിനുശേഷമാണ് പരിശീലനമെന്ന് കളക്ടര്‍ പറഞ്ഞു. ഔദ്യോഗിക ചുമതലകളില്‍ കുറവുണ്ടാകരുതെന്നത് നിര്‍ബന്ധമാണ്. വാട്സാപ്പ് തന്നെയാണ് ഇവിടെ തുണച്ചത്. ആശാന്‍ പദങ്ങള്‍ ആദ്യം അയച്ചുതന്നു പഠിപ്പിച്ചു. പിന്നീട് രണ്ടുദിവസം അദ്ദേഹം നേരില്‍ വയനാട്ടിലെത്തി മുദ്ര പരിശീലിപ്പിച്ചു. ഔദ്യോഗിക തിരക്കുള്ളതിനാല്‍ ക്രിസ്മസ് ദിവസമായിരുന്നു കോട്ടയ്ക്കലില്‍ പരിശീലനം നടത്തിയത്.
''ജോലിയും കുടുംബവും എന്നതുപോലെ അഭിനിവേശമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതിനായി സമയം ചെലവഴിക്കാന്‍ സ്ത്രീകള്‍ സമയം കണ്ടെത്തണമെന്നാണ് എന്റെ പക്ഷം. എന്നാല്‍ ഒന്നിലും വിട്ടുവീഴ്ചയുമരുത്. രാത്രി എട്ടുവരെ ഓഫീസിലുണ്ടാകും, ആര്‍ക്കും എന്നെ സമീപിക്കാം'' - ഗീത പറഞ്ഞു.
കോട്ടയ്ക്കല്‍ ഷിജിത്തും രമ്യാ കൃഷ്ണനുമാണ് കളക്ടര്‍ക്കൊപ്പം അരങ്ങിലെത്തുന്ന മറ്റു കലാകാരന്മാര്‍.
Content Highlights: wayanad collector geetha performs kathakali new year celebration at guruvayoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..