കാപ്പിപ്പൊടിയിൽ തീർത്ത തെയ്യത്തിന്റെ ചിത്രത്തിനൊപ്പം തനിക്കു ലഭിച്ച മെഡലുകളും സർട്ടിഫിക്കറ്റുകളുമായി വിസ്മയ
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ജീവിതം മാറ്റിയെഴുതിയ ചിലരുണ്ട്. അവരിലൊരാളാണ് വിസ്മയ ചന്ദ്രനെന്ന എളംകുളം സ്വദേശിയും. വിസ്മയ തീര്‍ത്തു കാപ്പിപ്പൊടിയിലൊരു തെയ്യം, അതും കാന്‍വാസില്‍ തീര്‍ത്ത ഏറ്റവും വലിയ തെയ്യമെന്ന ഇന്ത്യാ ബുക് ഓഫ് റെക്കോഡും ഏഷ്യാ ബുക് ഓഫ് റെക്കോഡും (ഗ്രാന്റ് മാസ്റ്റര്‍) നേടിയ തെയ്യം.
വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന തോന്നലില്‍ നിന്നാണു കാപ്പിപ്പൊടി കൊണ്ട് തെയ്യം വരയ്ക്കാമെന്ന ആശയം വന്നതെന്ന് വിസ്മയ പറയുന്നു. ആറടി വീതിയും നാലടി ഉയരവുമുള്ള കാന്‍വാസില്‍ പതിനഞ്ചു ദിവസം കൊണ്ടാണ് തെയ്യത്തിന്റെ ചിത്രം പൂര്‍ത്തിയാക്കിയത്. റെക്കോഡ് കിട്ടുമെന്ന് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.ഒരു കൗതുകത്തിന്റെ പുറത്ത് ചെയ്തതാണെല്ലാം-വിസ്മയ പറയുന്നു. കാപ്പിപ്പൊടിയില്‍ ആളുകള്‍ പലതരം ചിത്രങ്ങള്‍ വരയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ലോക്ഡൗണ്‍ എല്ലാം മാറ്റി
ഫോട്ടോഗ്രഫി പാഷനായിരുന്ന വിസ്മയ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പിലാണ് വീണ്ടും ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവിനെ ഗൗരവത്തോടെ കാണുന്നത്. തുടര്‍ന്ന് ഏറെ പ്രിയപ്പെട്ട കേരള മ്യൂറല്‍ പെയിന്റിങ്ങിലായി ശ്രദ്ധയെന്ന് അവര്‍ പറയുന്നു. വരച്ച ചിത്രങ്ങള്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയായിരുന്നു തുടക്കം. പിന്നീടത് വരുമാന മാര്‍ഗമായിത്തീര്‍ന്നു. മിനി കാന്‍വാസില്‍ മ്യൂറല്‍ പെയിന്റും മറ്റു ചിത്രങ്ങളും വരച്ചു തുടങ്ങിയതോടെ ആവശ്യക്കാരുമേറെയായി.
ഓണ്‍ലൈന്‍ സാധ്യതയെ മുന്‍നിര്‍ത്തി പെയിന്റിങ്ങിലും ഡ്രോയിങ്ങിലും ക്ലാസുകളുമെടുത്തു തുടങ്ങിയതോടെ വിസ്മയയുടെ ജീവിതവും മാറി. യു.എസ്., ദുബായ് എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുള്ളവര്‍ക്കുമായി വിസ്മയ ക്ലാസുകളും വര്‍ക്ഷോപ്പുകളും നടത്തുന്നു. ചിത്രവര വെറും ഹോബി മാത്രമല്ല, വിസ്മയയുടെ ജീവിതോപാധി കൂടിയാണിന്ന്. ഒരുകാലത്ത് പ്രാധാന്യം കൊടുക്കാതിരുന്ന തന്റെ കഴിവിനെ കൊറോണക്കാലം സ്വയം തിരിച്ചറിവിലെത്തിച്ചുവെന്നും അവര്‍ പറയുന്നു. അച്ഛന്‍ വിനോദ് ചന്ദ്രനും അമ്മ സുപ്രിയയും മകളുടെ തീരുമാനങ്ങളിലൊപ്പമുണ്ട്. സഹോദരന്‍: വിശാല്‍.
Content Highlights: Vismaya girl from Kochi draw worlds biggest Theyyam in coffee powder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..