വിരാട് കോലിയും അനുഷ്‌ക ശർമയും | Photo: ANI/ AFP
ക്രിക്കറ്റ് കരിയറിനും സ്വകാര്യ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് വിരാട് കോലി. ക്രിക്കറ്റില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി കരിയര്‍ കെട്ടിപ്പടുക്കുന്നതിനിടയിലാണ് കോലി ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ കണ്ടുമുട്ടുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനേടയായിരുന്നു ആ കൂടിക്കാഴ്ച്ച. അത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നു. ഇരുവര്‍ക്കും വാമിക എന്ന് പേരുള്ള ഒരു മകളും പിറന്നു.
ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് കോലിയും അനുഷ്‌കയും. മദ്യം കഴിക്കുന്നതിനെ കുറിച്ചും അനുഷ്‌കയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചുമെല്ലാം കോലി പറയുന്നു. ഫിറ്റ്‌നസിലും അച്ചടക്കത്തിലും കരിയറിന്റെ തുടക്കകാലത്ത് താന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് കോലി പറയുന്നു.
'മുമ്പ് ഞാന്‍ മദ്യം കഴിക്കുമായിരുന്നു. ഇപ്പോഴില്ല. അന്നൊക്കെ പാര്‍ട്ടിക്ക് പോയാല്‍ രണ്ടെണ്ണം കഴിച്ചാല്‍ ഞാന്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങും. മടുക്കുന്നതുവരെ ഡാന്‍സ് കളിക്കും. മദ്യപിച്ച കാര്യം ആളുകള്‍ ശ്രദ്ധിക്കുന്നതൊന്നും ഞാന്‍ കാര്യമായെടുക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമല്ല. അതൊക്കെ പഴയ കാര്യങ്ങളാണ്.'-2023-ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കോലി പറഞ്ഞു.
ഒരു ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുക എന്നതായിരുന്നു അനുഷ്‌കയും കോലിയും നേരിട്ട ചോദ്യം. കോലി എന്ന് ഇതിന് അനുഷ്‌ക മറുപടി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോലിയുടെ വിശദീകരണം.
പുലര്‍ച്ചെ ഉറക്കം വരാതെ ഇരിക്കുമ്പോള്‍ ആരേയാണ് വിളിച്ച് സംസാരിക്കുക എന്ന ചോദ്യത്തിന് പരസ്പരം വിളിച്ച് സംസാരിക്കും എന്നാണ് കോലിയും അനുഷ്‌കയും മറുപടി നല്‍കിയത്. 'ഞങ്ങള്‍ ആരെങ്കിലും ഒരാള്‍ പുലര്‍ച്ചെ മൂന്ന് മണിയായിട്ടും ഉണര്‍ന്നിരിക്കുകയാണെങ്കില്‍ ഫോണ്‍ വിളിക്കും. പക്ഷേ പുലര്‍ച്ചെ ഉണര്‍ന്നിരിക്കാനൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ വളരെ നേരത്തെ കിടന്നുറങ്ങും. രാത്രി 9.30 ആകുമ്പോഴേക്കും ഉറങ്ങാന്‍ പോകും.' അനുഷ്‌ക പറയുന്നു.
അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവുമായ എബി ഡിവില്ലിയേഴ്‌സിന്റെ 'ദ 360 ഷോ' എന്ന പരിപാടിയില്‍ അനുഷ്‌കയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും കോലി സംസാരിച്ചു. 2013-ലാണ് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരത്തെ കുറിച്ച് കോലിയോട് മാനേജര്‍ പറയുന്നത്. അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നും പറഞ്ഞിരുന്നു.
ആ സമയത്ത് മുന്‍നിര താരമായി മാറിയിരുന്നു അനുഷ്‌ക. അവര്‍ക്കൊപ്പം അഭിനയിക്കണം എന്ന് കേട്ടപ്പോള്‍ മുതല്‍ പേടിച്ചുവിറക്കാന്‍ തുടങ്ങിയെന്നും കോലി പറയുന്നു. 'ഈ പരസ്യത്തില്‍ ഞാന്‍ എങ്ങനെ അവര്‍ക്കൊപ്പം അഭിനയിക്കും. അവര്‍ മുന്‍നിര നടിയാണ്. എനിക്കാണെങ്കില്‍ അഭിനയിക്കാന്‍ അറിയുകയുമില്ല. അതെല്ലാം ഓര്‍ത്ത് ആശയക്കുഴപ്പത്തിലായി.' കോലി പറയുന്നു.
അനുഷ്‌ക എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നു. അനുഷ്‌കയോട് ആദ്യമായി സംസാരിച്ചത് ധരിച്ച ഹീലിനെ കുറിച്ചാണ്. അതിനേക്കാള്‍ ഉയരം കൂടിയ ഹീലൊന്നും ധരിക്കാന്‍ കിട്ടിയില്ലേ എന്ന് ചോദിച്ചു. 'എക്‌സ്‌ക്യൂസ് മി' എന്ന മറുപടിയാണ് അനുഷ്‌ക അതിന് നല്‍കിയത്. കോലി അന്നത്തെ സംഭവം ഓര്‍ത്തെടുക്കുന്നു.
Content Highlights: virat kohli and anushka sharma talks about their personal life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..