പ്രതീകാത്മക ചിത്രം/ വിജയലക്ഷ്മി | Photo: AFP/ Vijayalekshmi Facebook
ഗര്‍ഭകാലത്തേയും ആദ്യത്തെ കണ്‍മണി ജനിച്ചപ്പോഴുമെല്ലാം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് പലപ്പോഴും സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പു പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ കടന്നുപോയ വേദനകളും കുഞ്ഞ് ജനിച്ചപ്പോഴുള്ള സന്തോഷവും പ്രസവത്തിന് ശേഷമുള്ള വിഷാദരോഗവുമെല്ലാം ആ കുറിപ്പുകളില്‍ കടന്നുവരും.
അത്തരത്തില്‍ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അധ്യാപികയും എഴുത്തുകാരിയുമായ വിഎസ് വിജയലക്ഷ്മിയാണ് ഈ കുറിപ്പ് എഴുതിയത്. ഗര്‍ഭച്ഛിദ്രത്തിലൂടെ കടന്നുപോയപ്പോഴുള്ള വേദനയും നിരാശയുമെല്ലാം വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍ പങ്കുവെയ്ക്കുകയാണ് വിജയലക്ഷ്മി.
ഗര്‍ഭിണിയായപ്പോള്‍ തന്നെ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്ന പോലെ ടെന്‍ഷന്‍ മനസില്‍ നിറഞ്ഞിരുന്നുവെന്നും വയറ്റിനുള്ളില്‍ നിന്നും ആരോ തള്ളിവിട്ടപോലെ പോയ കറുത്ത നിറമുള്ള, ജീവനും രൂപവുമില്ലാത്ത ഒരു രൂപമായിരുന്നു തന്റെ ആദ്യത്തെ കുഞ്ഞെന്നും വിജയലക്ഷ്മി പോസ്റ്റില്‍ പറയുന്നു.
അതിനുശേഷം രണ്ടാഴ്ച്ചയോളം രക്തസ്രാവത്തെ തുടര്‍ന്ന് ബെഡ്‌റെസ്റ്റ് എടുക്കേണ്ടി വന്നു. ഇപ്പോള്‍ ആര്‍ത്തവകാലങ്ങളിലെല്ലാം ആ ദിനങ്ങള്‍ ഓര്‍മവരും. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴും അബോര്‍ഷനുള്ള സാധ്യത ഡോക്ടര്‍മാര്‍ പറഞ്ഞു. തൈറോയിഡായിരുന്നു വില്ലന്‍. എന്നാല്‍ ഏറെ കടമ്പകള്‍ കടന്ന് രണ്ടാമത്തെ കുഞ്ഞ് കൈയിലെത്തിയതോടെ ശ്വാസം നേരെവീണുവെന്നും കുറിപ്പില്‍ അവര്‍ പറയുന്നു.
പിറക്കാതെ, കാണാതെ പോയ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഒരുപാട് അമ്മമാര്‍ ഇപ്പോഴും കരയാറുണ്ടായിരിക്കുമെന്നും പിന്നീടുള്ള ഓരോ ചേര്‍ത്തുപിടിക്കലുകളും ആ കുഞ്ഞിനുകൂടി വേണ്ടിയുള്ളതായിരിക്കുമെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. മലയാളസാഹിത്യത്തില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുവന്ന കഥകളേയും കവിതകളേയും കുറിച്ചും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
വിജയലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ആരും കണ്ടിട്ടില്ലാത്ത....ഞാനും അത് മറവ് ചെയ്ത അമ്മയും അല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞു ജീവന്‍ എന്റെ വയറ്റില്‍ ജനിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായപ്പോള്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്ന പോലെ ഒരു ടെന്‍ഷന്‍ മനസ്സില്‍ നിറഞ്ഞിരുന്നു...ഉറപ്പില്ലാത്ത എന്തോ ഒരു തോന്നല്‍ പോലെ....ഏറെ കലു ഷിതമായ ചിന്തകളും അരക്ഷിതാവസ്ഥയുമൊക്കെ നിറഞ്ഞ ദിവസങ്ങളിലൊന്നില്‍ ഒരു ചോരപ്പാടിലൂടെ ഇറുന്ന് പോയ തുടിപ്പ്....
ഒട്ടും വേദന ഇല്ലാതെ,വയറ്റിനുള്ളില്‍ നിന്നും ആരോ തള്ളിവിട്ടപോലെ പോയ കറുത്ത നിറമുള്ള,ജീവന്‍ ഇല്ലാത്ത,രൂപം ഇല്ലാത്ത ഒന്ന്....
ഡോക്ടര്‍ 'സ്പൊണ്ടെനിയസ് 'എന്ന് റിപ്പോര്‍ട്ട് എഴുതിയ വളര്‍ച്ച എത്താത്ത ആദ്യത്തെ കുഞ്ഞ്.....
ഒന്ന് രണ്ടു ആഴ്ച ഒരു രക്ത സ്രാവക്കാരിയെ പോലെ അതെന്നെ കട്ടിലില്‍ കിടത്തിയെങ്കിലും..ഒരു ചെറു വേദന കൊണ്ട് പോലും ഓര്‍ക്കാന്‍ ഇടവരാത്ത രീതിയില്‍ നിശബ്ദമായി മറഞ്ഞു പോകാന്‍ വിധിക്കപ്പെട്ട ജീവനായിരുന്നു അത്.
ഏറെക്കാലം പിരീഡ് ആകുമ്പോള്‍ അന്നത്തെ ആ അലസിപോകലില്‍ ഒഴുകിപോയ ചോരപിണ്ഡത്തെ ഓര്‍ത്ത് കരയുമായിരുന്നു.....
പിന്നീട് ഐദേനെ ഗര്‍ഭിണി ആയപ്പോള്‍,ഒരു നേരിയ തുടിപ്പ് മാത്രമേ ഉള്ളൂ എന്നും.. ഇതും പോകാനാണ് സാധ്യത എന്നും അതുവരെ ഉണ്ടെന്ന് അറിയാതിരുന്ന തൈറോയ്ഡ് എന്നിലുണ്ടെന്ന് അറിഞ്ഞപ്പോള്‍....വളര്‍ച്ച ഇല്ലെങ്കില്‍ അബോര്‍ഷന്‍ ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ നവഭരത് ഹോസ്പിറ്റലിന്റെ ലാബിന്റെ മുന്നിലിരുന്ന് കരഞ്ഞു.....അവിടെ കൂടിയ നഴ്‌സ്മ്മാരും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ആദര്‍ശേട്ടനെയും ഒക്കെ അവ്യക്തമായി കണ്ടത് ഓര്‍മ്മയുണ്ട്....
വീണ്ടും എന്നില്‍ നിന്ന്, അത് എന്ത് കാരണം കൊണ്ടാണെങ്കിലും ഇറുന്ന് പോകുന്ന ഒന്നിനെ കൂടി താങ്ങാന്‍ എനിക്ക് കഴിയില്ല എന്ന് പറഞ്ഞ് വിങ്ങിയിട്ടുണ്ട്.....
ഒന്‍പത് മാസങ്ങള്‍ക്കിപ്പുറം ഒരു കുഴപ്പവുമില്ലതെ അവനെ കിട്ടിയപ്പോള്‍ മാത്രമാണ് ഒരു കടമ്പ കടന്ന ആശ്വാസം ഉണ്ടായത് ....
ഇടക്കെങ്കിലും നേര്‍ത്ത ചുടു കാറ്റായി....അന്ന് എന്നില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഇറുന്ന് പോയ ആദ്യ തുടിപ്പിന്റെ ഓര്‍മ്മ കടന്ന് വരും....
ആദ്യം ജനിച്ചു എങ്കിലും പിറവിയെടുക്കാതെ പോയ ഒന്ന്....
പിന്നീട് അതേ സാഹചര്യത്തില്‍ കടന്ന് പോയ പലരും അങ്ങനെ ഒരു ഓര്‍മ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്... അറത്ത് മുറിച്ചു കളഞ്ഞതായാലും അതല്ല സ്വയം ഇറുന്ന് പോയതായാലും പിന്നെയുള്ള കാലങ്ങളില്‍ എപ്പോഴെങ്കിലുമോക്കെ വന്ന് കണ്ണുകള്‍ നിറ ക്കുകയോ ചെറിയ ഒരു നെടുവീര്‍പ്പിന്നുള്ളില്‍ ഉണര്‍ന്ന് അവസാനിക്കുകയോ ചെയ്യുന്ന എത്ര എത്ര കാണാ കണ്മണികള്‍....
വി ആര്‍ സുധീഷിന്റെ ഒരു കഥയുണ്ട് 'മര ക്കൂടങ്ങള്‍ക്കിടയിലെ നനഞ്ഞ മണ്ണ് ' ഛിദ്രിച്ച കുഞ്ഞിനെ കുഴിച്ചിട്ട ആശുപത്രി വളപ്പിലെ നനഞ്ഞ മണ്ണ് കാണുമ്പോള്‍ ഇപ്പോഴും ഉള്ളു പിടയുന്ന അനുഭവത്തില്‍ നിന്നും അദ്ദേഹം എഴുതിയ കഥ......
'ലോകാവസാനം വരേക്കും
പിറക്കാതെ പോയ മകനെ....
എന്ന് ചുള്ളിക്കാട് പാടുമ്പോള്‍ എന്തോ കണ്ണുകള്‍ നിറയും....
ബെന്യാമിന്റെ നിശബ്ദത സഞ്ചാരത്തില്‍ ലാലി എന്ന കഥാപാത്രമുണ്ട്, ജോലിക്ക് വേണ്ടി വിദേശത്ത് പോകാന്‍ ഒരുങ്ങുമ്പോള്‍ ഗര്‍ഭിണിയാണ് അറിയുമ്പോള്‍, ആ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്തിട്ട് പോകുന്ന..... ആ പോക്കില്‍ അവളുടെ കുടുംബം രക്ഷപ്പെടുമ്പോള്‍,തന്റെ ജനിക്കത്തെ പോയ കുഞ്ഞിന്റെ മുകളിലാണ് ഇന്ന് ഈ കാണുന്നതെല്ലാം കെട്ടിപ്പടുതിയതെന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്.... അതിന് ശേഷമാണ് അവര്‍ ഏറ്റവും കര്‍ക്കശക്കാരിയായി മാറുന്നതും....
അടുത്തിടെ വായിച്ച ചെമ്മരത്തിയുടെ 'ഏകാകിനിയുടെ ഒസ്യത്ത് ' എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാതെ മറഞ്ഞുപോയ മാലാഖ കുഞ്ഞുങ്ങള്‍ക്കായി ഇടമുള്ളതായി....കൊളംബിയയില്‍ എവിടെയോ ഒരു പൂന്തോട്ടം ഉള്ളതായി വായിച്ചു....കാണാ കണ്മണികള്‍ക്കയി ഒരു ഇടം....
നൂറ് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കിലും നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിനെ ഓര്‍ത്ത് അമ്മമാര്‍ കരയാറുണ്ടെന്ന് വായിച്ചിട്ടുണ്ട്.... ജനിച്ച് ജീവിച്ച കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാത്രമല്ല എന്ന് തോന്നുന്നു...പിറക്കാതെ പോയ കാണാതെ പോയ കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു.....പിന്നീടുള്ള ഓരോ ചേര്‍ത്ത് പിടിക്കലും ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിക്കൂടി ഉള്ളതായിരിക്കും.....തീര്‍ച്ച.....
Content Highlights: viral post about abortion and pregnancy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..