വത്സ നെല്ലരിക്കുന്നേൽ മകൻ അമലിനൊപ്പം | Photo: facebook/ valsa nellarikkunnel
സ്ത്രീകള്‍ക്കു നേരേയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. സ്ത്രീധനത്തിന്റെ പേരിലും മറ്റും പീഡനത്തിന് ഇരയാകുന്നവരും ആത്മഹത്യയില്‍ അഭയം തേടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആശ്വാസ് ആയുര്‍വേദിക് ഹെല്‍ത്ത് കെയര്‍ സെന്ററിന്റെ മാനേജിങ് പാര്‍ട്ണര്‍ വത്സ നെല്ലരിക്കുന്നേല്‍. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നീറുന്ന അനുഭവം വത്സ പങ്കുവെച്ചത്.
തന്റെ 26-ാം വയസ്സിലാണ് വിവാഹിതയായതെന്നും അതിനുശേഷം സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും വത്സ കുറിക്കുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് തന്റെ നഴ്സ് ജോലി ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. ബസിലും ആശുപത്രിയിലും സംശയത്തോടെ ഭര്‍ത്താവ് പിന്തുടര്ന്നെന്നും ചത്തുജീവിച്ച നാളുകളായിരുന്നു അതെന്നും വത്സ പറയുന്നു.
മകന് ജനിച്ച ശേഷം കുഞ്ഞിനേയും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അതുവരെ ഉള്ളില്‍ അടക്കിപ്പിടിച്ച വേദനയെല്ലാം വത്സ പുറത്തേക്കൊഴുക്കി. ഭര്‍ത്താവിനോട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ ശാരീരിക ഉപദ്രവും തുടങ്ങി. കുഞ്ഞിനെ തല്ലാന്‍ വന്ന പത്തല് ബലമായി വാങ്ങി ഭര്‍ത്താവിന് ഒരെണ്ണം കൊടുത്തുവെന്നും അടുത്ത ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നെന്നും വത്സ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എനിക്കും ആത്മഹത്യ ചെയ്യാമായിരുന്നു.......
ഒന്നിലധികം തവണ അതിനെക്കുറിച്ചു ചിന്തിച്ചിട്ടും ഉണ്ട്...
പെണ്ണ് പുരനിറഞ്ഞു നില്കുന്നത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രശ്നമാകുമ്പോള്
ഏതെങ്കിലും ഒരുത്തന്റെ കയ്യില്‍ ഏല്പിച് ഭാരം ഒഴിവാക്കേണ്ടത് അച്ഛനമ്മമാരുടെ ചുമതല ആണല്ലോ.
എനിക്ക് 26 വയസ്സ് , തൊണ്ണൂറുകളില്‍ 26 എന്നത് കെട്ടുപ്രായത്തിന്റെ മൂര്‍ദ്ധന്യം ആണ്, ഇനിയും കെട്ടിച്ചില്ലെങ്കില് കെട്ടാചക്കിയായി നിന്നുപോകും എന്ന വീട്ടുകാരുടെ ആധി.
ബന്ധുക്കളിലും പരിസരത്തും ഉള്ള എന്നേക്കാള്‍ ഇളയവര്‍ ഒക്കെ വിവാഹിതര്‍ ആയി എന്നതു മറ്റൊരു കാര്യം.
വളരെ ചെറുപ്പത്തില്‍ തൊട്ടു സ്വന്തമായി ജോലി ചെയ്തു വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ നോക്കിയിരുന്ന എനിക്ക് അന്നും വിവാഹം ഒരു ആവശ്യഘടകമായി തോന്നിയിരുന്നില്ല എന്നത് സത്യം.
നാട്ടിലുള്ള പറമ്പെല്ലാം പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന എന്റെ ചാച്ചന് എന്നെ കെട്ടിച്ചുവിടാനുള്ള സാമ്പത്തിക ശേഷിയും ഇല്ലായിരുന്നു.
ആകെ ഉണ്ടായിരുന്ന 20 സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കില്‍ പണയപെടുത്തിയിട്ടാണ് എന്റെ വിവാഹം നടത്തിയത്.Loan എടുത്തതുകൂടാതെ അധ്വാനി ആയ എന്റെ ചാച്ചനെയും എന്നെയും സ്നേഹിച്ചിരുന്ന പലരും കയ്യയച്ചു സഹായിച്ചു.
അങ്ങിനെ അന്നത്തെ കാലത്തെ വിവാഹമെന്ന എല്ലാ സ്ത്രീകളുടെയും ആ സ്വപ്നത്തിലേക്കു ഞാനും പ്രവേശിച്ചു.
അന്ന് ഞാന്‍ മുളന്തുരുത്തി അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. വീട്ടില്‍നിന്നും പോയി വന്നാണ് ജോലി ചെയ്തിരുന്നത്.ഹോസ്പിറ്റലില്‍ നിന്നും അധികം ദൂരയല്ലാതെ ഒരു വിവാഹലോചന വന്നപ്പോള്‍ എനിക്ക് ആകെ ഉണ്ടായിരുന്ന ഡിമാന്‍ഡ് ജോലി കളയില്ല എന്നതായിരുന്നു. അതവര്‍ക്ക് പൂര്‍ണ്ണ സമ്മതം.
അങ്ങിനെ വിവാഹം ഉറപ്പിച്ചു. അവിടെ അമ്മയും മകനും മാത്രമെ ഉള്ളു, ബാക്കി 4 സഹോദരങ്ങള്‍ വീടുവെച്ചു മാറി താമസിക്കുന്നു, ഒരു സഹോദരി വിവാഹിത ആണ്. ഉറപ്പീരിന് ശേഷം 3 മാസം കഴിഞ്ഞായിരുന്നു വിവാഹം.
ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ നിന്നും അധികദൂരം ഇല്ലാതിരുന്നതുകൊണ്ട് ഞാന്‍ ബസ് ഇറങ്ങി ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ അയാള്‍ എന്നെ കാത്തുനിന്നു, പലപ്പോഴും hospital വരെ കൂടെ വന്നു, night duty ഉള്ളപ്പോള്‍ ഹോസ്പിറ്റലില്‍ കാണാന്‍ വരും, ഫോണ്‍ വിളിക്കും.
കാണാന്‍ സുമുഖന്‍, കൂട്ടുകാരോടൊക്കെ വളരെ നന്നായി ഇടപെടും എല്ലാവരും പറഞ്ഞു നിന്റെ ഭാഗ്യം ജോലിയും പോകില്ല, നടന്നു വരാനുള്ള ദൂരമല്ലേ ഉള്ളു എന്നൊക്കെ. ഞാനും അതൊക്കെ വിശ്വസിച്ചു.
എന്നാല്‍ കഴുത്തില്‍ താലികെട്ടി ഒരുമണിക്കൂറിനുള്ളില്‍ ഞാന്‍ തിരിച്ചറിഞ്ഞു അയാളിലെ ഈഗോ. വരന് പള്ളിയില്‍ എത്തിയത് ജീപ്പില്‍ ആയിരുന്നു, കെട്ടു കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്കു ജീപ്പില്‍ പോകണ്ട പകരം ഞങ്ങള്‍ വന്ന അലങ്കരിച്ച കാറില്‍ പോകാം എന്ന് എന്റെ കസിന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല, കാറില്‍ കയറാന്‍ തയ്യാറാകാതെ അയാള്‍ മാറി നിന്നു, പിന്നെ ഞാനും കസിനും ചെന്ന് ആരുമറിയാതെ കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആണ് കാറില്‍ കയറാന്‍ തയ്യാറായത്. ഒരു കാര്യം എനിക്ക് മനസ്സിലായി വിവാഹത്തിന് 4 ദിവസം മുന്‍പുവരെ ഞാന്‍ കണ്ട പ്രണയാര്ദ്രനായ മനുഷ്യന് ആയിരുന്നില്ല താലി കെട്ടികഴിഞ്ഞ അയാള്‍.
അതുപോലെ മറ്റൊന്നും ഞാന്‍ തിരിച്ചറിഞ്ഞു, വിവാഹത്തിന് തലേന്ന് വരെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു ആത്മവിശ്വാസത്തോടെ ജീവിച്ച ഞാനല്ല ഇപ്പോള്‍ ഉള്ളത്. താലി കെട്ടി എന്ന ഒറ്റ കാരണത്താല്‍ അയാളുടെ ഈഗോയ്ക്കും പിടിവാശിക്കും മുന്നില്‍ താണുകൊടുക്കേണ്ട വെറുമൊരു അടിമയായി ഞാന്‍ മാറിക്കഴിഞ്ഞു.
ഒരു വ്യക്തി എന്നരീതിയില്‍ ഉള്ള എന്റെ എല്ലാ അവകാശങ്ങളും, ഇഷ്ടങ്ങളും, ശരികളും അടിയറ വെക്കേണ്ടിവരുന്നു,
വിവാഹത്തിന്റെ മൂന്നാം ദിവസം ഞാന്‍ തിരിച്ചറിയുന്നു സ്വതന്ത്രമായി ചിരിക്കാനോ കരയാനോ പോലും ഉള്ള സ്വാതന്ത്ര്യം എനിക്കില്ല എന്ന്.
എന്നെ ഭര്‍തൃ ഗൃഹത്തിലേക്ക് കൂട്ടികൊണ്ടുപോകാന് വന്നവരോടും വീട്ടില്‍ വിരുന്നിനെത്തിയവരോടും ചിരിച്ചതിന്, പിറന്ന വീട് ഉപേക്ഷിച്ചുപോകേണ്ടിവരുന്ന വേദനയില്‍ കരഞ്ഞതിന്, ഇക്കാലമത്രയും ഒന്നിച്ചുകളിച്ചുവളര്‍ന്ന കസിന്‍സിന്റെ കയ്യില്‍ അമര്‍ത്തിപിടിച്ചു യാത്ര ചോദിച്ചതിന് ഒക്കെ ആരും കാണാതെ കേള്‍ക്കാതെ ചെവിയില്‍ കേട്ടത് കട്ട തെറികള്‍ ആയിരുന്നു.
ചെറുപ്പം മുതല്‍ എന്റെ ചാച്ചനൊപ്പം അധ്വാനിച്ചു ജീവിച്ച എന്റെ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസവുംഅഭിമാന ബോധവും ആയിരുന്നു. അവ രണ്ടും ഒരൊറ്റ ദിവസം കൊണ്ട് മണല്‍ കൊട്ടാരം പോലെ തകര്‍ന്നടിയുന്നത് ഞാന്‍ നെഞ്ചിടിപ്പോടേ തിരിച്ചറിഞ്ഞു.
പിന്നെയുള്ള 22 മാസങ്ങള്‍, ഞാനെന്ന വ്യക്തിയെ ഇല്ലാതായി, വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജോലിക്ക് പോയിത്തുടങ്ങി, അപ്പോഴും ജോലി ഉപേക്ഷിച്ചു കൂടെ വന്നു, പ്രണയം കൊണ്ടല്ല ഞാന്‍ ആരെയൊക്കെ നോക്കുന്നു ആരോടൊക്കെ മിണ്ടുന്നു എന്നറിയാന്‍.
ജോലിക്കിടയില്‍ ഒരു ദിവസം പല തവണ ഫോണില്‍ വിളിക്കും കൂട്ടുകാരികള്‍ ഫോണ്‍ എടുക്കുമ്പോള്‍ പ്രണയാതുരന്‍ ആകും, ഞാന്‍ വാങ്ങുമ്പോള്‍ ഫോണിലൂടെ പച്ച തെറി ഇപ്പോള്‍ നീ ആരുടെ കൂടെ ആയിരുന്നു, റീരീേൃ ആയിരുന്നോ അതോ പേഷ്യന്റോ, ഫോണ്‍ രൗ േചെയ്താല് വീട്ടില്‍ ചെല്ലുമ്പോഴുള്ള അനുഭവം ഓര്‍ത്തു കേട്ടുനില്ക്കും,ചെവിയില്‍ പൂരപ്പാട്ട് കേള്‍ക്കുമ്പോഴും കൂട്ടുകാര്‍ അടുത്തുകൂടെ പോകുമ്പോള്‍ മുഖത്തു പ്രണയം വരുത്തണം. ഇന്നിതെത്രാമത്തെ ഫോണാടി, ഇത്രയും നേരം കാണാതിരിക്കാന്‍ പറ്റില്ലെങ്കില്‍ ജോലി കളഞ്ഞു വീട്ടില്‍ ഇരിക്കെടി എന്നൊക്കെ പറഞ്ഞു കൂട്ടുകാരികള്‍ കളിയാക്കും.
night duty ആണെങ്കില്‍ ആള് ഹോസ്പിറ്റലിന്റെ ഗേറ്റിനു വെളിയില്‍ കാണും, ഡ്യൂട്ടിക്കിടെ വാച്ചറോട് മിണ്ടി ബൈസ്റ്റാന്ഡറോട് മിണ്ടി,പകല്‍ ജോലിക്കുപോകാതെ വീട്ടില്‍ ഇരിക്കും ചെല്ലുമ്പോള്‍ തെറി വിളിക്കാന്‍. സത്യമായും ആഗ്രഹിച്ചുപോയിട്ടുണ്ട് മരിക്കാന്‍.
വീട് റോഡിനു അരികില്‍ ആണ് മുറ്റത്തിറങ്ങിയാല്‍ പറയും റോഡിലൂടെ പോകുന്നവനെ കാണാന്‍ ആണ്, പിന്‍വശത്തെ മുറ്റത്തിറങ്ങിയാല്‍ അടുത്ത വീട്ടിലെ ആണുങ്ങളെ കാണാന്‍ ആണ്, ബസില്‍ മുന്നില്‍ ഇരുന്നാല്‍ പറയും ഡ്രൈവറെ നോക്കി, നടുക്കിരുന്നാല് കിളിയെ നോക്കി, സൈഡില്‍ ഇരുന്നാല്‍ റോഡിലൂടെ പോകുന്ന പുരുഷന്മാരെ നോക്കി. ഇതിനെല്ലാം എണ്ണിഎണ്ണി തെറിവിളി.
ഞാനെന്ന വ്യക്തി ഉരുകിഉരുകി ഇല്ലാതാകുമ്പോഴും ആരോടും മിണ്ടിയില്ല. വീട്ടില്‍ പോയാല്‍ ഇനിയും അടച്ചുതീരാത്ത loan, അതിരാവിലെ ഒരു തോര്‍ത്തും ഉടുത്തു പാടത്തും പറമ്പിലും അധ്വാനിക്കുന്ന ചാച്ചന്റെ മുഖം, നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാനുള്ള മടി.സഹിച്ചു, പറ്റുന്നത്ര,ഇതിനിടയില്‍ പലവട്ടം ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു, ശ്രമിച്ചു എന്നും പറയാം.
വിവാഹം കഴിഞ്ഞ് മൂന്നാം മാസം, night duty ഉള്ള ദിവസം ഹോസ്പിറ്റലില്‍ എത്തി, ആരും കാണാതെ ഇരുട്ടിലേക്കു മാറ്റി നിര്‍ത്തി പറഞ്ഞു ഇപ്പോള്‍ വരണം കൂടെ, ഇല്ലെങ്കില്‍ ഇവിടെ ഇട്ടു നിന്നെ നാണം കെടുത്തും, എന്നോട് പറയുന്ന തെറി ആരും കേള്‍ക്കാതിരിക്കാന്‍
അപ്പോള്‍ തന്നെ രാജികത്തെഴുതി കൊടുത്തു കൂടെ പോയി. (ലോക മണ്ടത്തരം ആയിരുന്നു പക്ഷേ അത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തില്‍ വച്ചു നാണം കെട്ടിട്ടു പിന്നീട് അവിടെ നില്ക്കാന് എനിക്ക് കഴിയുമായിരുന്നില്ല)
അങ്ങിനെ ഉള്ള ജോലിയും പോയി, എനിക്ക് കാവല്‍ ഇരുന്നതുകൊണ്ട് അയാളുടെ പണിയും പോയി. പിന്നെ ദാരിദ്ര്യത്തിന്റെ നാളുകള്‍,ഇതിനിടെ അമ്മയെ വഴക്കിട്ടു പറഞ്ഞുവിട്ടു.ആരോഗ്യമുള്ള ശരീരവും വച്ചു അധ്വാനിക്കാതെ പട്ടിണികിടക്കുക എന്നത് ആത്മാഭിമാനം ഉള്ള എനിക്ക് കഴിയുമായിരുന്നില്ല, എന്നിട്ടും സഹിച്ചു. വീട്ടുകാരെ ഓര്‍ത്ത്, സമൂഹത്തെ നേരിടാന്‍ മടിച്ച്.
ചീത്ത, തെറി, ഭീഷണി, എന്തിനാണ് എന്ന് എനിക്ക് അറിയില്ല, തൊട്ടടുത്ത വീട്ടിലെ പ്രായമുള്ള മനുഷ്യന് മോളെ എന്ന് വിളിച്ചതിനു, അയാളുടെ മകന് ബ്ലേഡ് ഉണ്ടോ എന്ന് ചോദിച്ചു വീട്ടില്‍ വന്നതിനു, വെറുതെ വീട്ടില്‍ ഇരുന്നപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ ചില സാധനങ്ങള്‍ ഇഷ്ടപ്പെട്ടപ്പോള്‍ ചേട്ടന് എടുത്തുകൊണ്ടുപോയതിനു, റോഡിലൂടെ പോകുമ്പോള്‍ ആന്റി എന്ന് വിളിക്കുന്ന ചേട്ടന്റെ മകനോട് മിണ്ടുന്നതിനു, തെറി വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതിനു, എതിര്‍ത്തു എന്തെങ്കിലും മിണ്ടിയാല്‍ അതിന്.
ചത്തുജീവിച്ച നാളുകളില്‍ ഒന്ന് മനസ്സിലായി ഉള്ളില്‍ ഒരു ജീവന് ഉണ്ടെന്നു. നേരിയൊരു പ്രതീക്ഷ ജീവിതത്തില്‍. അങ്ങിനെ അമല്‍ ഉണ്ടായി, എന്റെ ആത്മാഭിമാനം കരുത്ത് ഒക്കെ പതിയെ തിരികെ വന്നു. ഒത്തിരി ചിന്തിച്ചു, ഈ നരകത്തില്‍ എന്റെ മകനെ വളര്‍ത്തണോ.വലുതാകുമ്പോള്‍ അവന് ആരായിതീരും.
തിരികെ കിട്ടിയ ആത്മവിശ്വാസത്തില്‍. ചെറിയ രീതിയില്‍ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങി, അമലിനുവേണ്ടി അന്തസ്സായി ജീവിക്കണം എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അടിമത്തം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
എന്റെ പ്രതികരണം കൂടിയപ്പോള്‍ അതുവരെ ഇല്ലാതിരുന്ന ശാരീരിക ഉപദ്രവം കൂടി തുടങ്ങി, എന്റെ സ്വത്വത്തെ തന്നെ ചവിട്ടി അരക്കുന്ന അയാളെ എന്റെ ദേഹത്ത് തൊടാന്‍ സമ്മതിക്കാതായപ്പോള് എന്നെ തോല്‍പ്പിക്കാന്‍ അയാള്‍ പറഞ്ഞത് ഇതെന്റെ കുഞ്ഞല്ല ആരുടെതാണ് എന്ന് ഇപ്പോള്‍ പറയണം എന്നാണ്. എന്റെ കുഞ്ഞിന്റെ പിതൃത്വം അയാള്‍ കെട്ടി വച്ചത് എന്റെ സ്വന്തം ചാച്ചന്റെയും സഹോദരന്റെയും പിന്നെ അയാളുടെ സ്വന്തം സഹോദരന്റെയും മേല്‍.
അതോടെ ക്ഷമ നശിച്ച ഞാന്‍ ശക്തമായി പ്രതികരിച്ചു, കുഞ്ഞിന്റെ ബലത്തില്‍ ആണ് ഞാനെന്നു തിരിച്ചറിഞ്ഞ അയാള്‍ അടുത്ത അടവെടുത്തു, കുഞ്ഞിനെ ഉപദ്രവിക്കും എന്നായി.ഒരു ദിവസം 6 മാസം മാത്രം പ്രായമുള്ള അമലിനെ ഉപദ്രവിക്കാന്‍ തുടങ്ങിയ അയാളെ ഞാന്‍ തടഞ്ഞു..സര്‍വ്വ കരുത്തും എടുത്ത് കുഞ്ഞിനെ തല്ലാന്‍ എടുത്ത പത്തല് ബലമായി വാങ്ങി അവനിട്ടു ഒരെണ്ണം കൊടുത്തു. അപ്പോഴേക്കും അടുത്ത വീട്ടിലെ ചേച്ചി ഓടിവന്നു കുഞ്ഞിനേയും എടുത്തുകൊണ്ടുപോയി.
എന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ അയാള്‍ പതറി, എന്റെ കുഞ്ഞിനെ തൊട്ടാല്‍ നിന്നെ കൊന്നുകളയും എന്ന എന്റെ അലര്‍ച്ചയില്‍ പതറിയ അയാള്‍ പത്തല് ഇട്ടിട്ടു തിരികെപ്പോയി. പക്ഷേ എന്റെ കലി അടങ്ങിയില്ല. അതുവരെ അടക്കിവച്ചതൊക്കെ ആ ഒറ്റ ദിവസം കൊണ്ട് ഞാന്‍ പറഞ്ഞുതീര്‍ത്തു, ധാരാളം അടിയും ഇടിയും തൊഴിയും ഒക്കെ കിട്ടിയിട്ടും നിര്‍ത്തിയില്ല ഇനി ഒരു ദിവസം അവനോടു സംസാരിക്കാന്‍ കിട്ടില്ല എന്നെനിക്കറിയാമായിരുന്നു.
എന്റെ മോനെ ഉപദ്രവിക്കാന്‍ തുടങ്ങിയ ആ നിമിഷം ഞാന്‍ തീരുമാനിച്ചു ഇനി എന്റെ മോന് ഇതുപോലൊരു അപ്പനെ ആവശ്യം ഇല്ല എന്ന്.
ആ ഉറപ്പില്‍ രാത്രി മുഴുവന്‍ ഞാന്‍ അയാളെ ചീത്ത വിളിച്ചു, ഉറങ്ങാന്‍ സമ്മതിക്കാതെ, എന്റെ പെരുമാറ്റത്തില്‍ പതറിപോയ അയാള്‍ എനിക്ക് ഭ്രാന്ത് പിടിച്ചു എന്ന് ചിന്തിച്ചുകാണും അല്ലെങ്കില്‍ അയാള്‍ അന്നെന്നെ കൊല്ലുമായിരുന്നു
പിറ്റേന്ന് ഞായറാഴ്ച, അയാളുടെ സമ്മതത്തോടെ പോകാന്‍ പറ്റില്ല എന്നെനിക്കറിയാമായിരുന്നു,പള്ളിയില്‍ പോകുന്ന രീതിയില്‍ ഞാന്‍ കുഞ്ഞുമായി ഇറങ്ങി. കയ്യില്‍ വണ്ടിക്കൂലിക്കു ക്യാഷ് ഇല്ലായിരുന്നു.തൊട്ടടുത്ത വീട്ടിലെ അമ്മയോട് 50 രൂപ കടം വാങ്ങി.
തിരികെ കൊടുക്കാന്‍ ഞാന്‍ വരില്ല എന്നെനിക്കു അറിയാമായിരുന്നതിനാല്‍ എനിക്ക് വിവാഹത്തിന് സമ്മാനം കിട്ടിയ രണ്ടു സാധനങ്ങള്‍ , ഒരു ഫ്ലാസ്ക് ഒരു നിലവിളക്കു ഇവ കൊടുത്തിട്ടു പറഞ്ഞു ഇത് ഇവിടിരിക്കട്ടെ ഞാന്‍ ക്യാഷ് തിരികെ തരുകയാണെങ്കില്‍ തന്നാല്‍ മതി, അഥവാ ഞാന്‍ ക്യാഷ് തന്നില്ലെങ്കില്‍ അമ്മ ഇത് എടുത്തുകൊള്ളു.
ആ അമ്മ സമ്മതിച്ചില്ല, ഞാന്‍ നിര്‍ബന്ധിച്ചു, ഇതിവിടെ വച്ചില്ലങ്കില്‍ എനിക്ക് ക്യാഷ് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ആ അമ്മ അതുവാങ്ങി.
പള്ളിയില്‍ പോകുന്ന വഴിയില്‍ വച്ചു ഞാന്‍ ബസിനു കൈ കാണിച്ചു , ഇട്ടിരുന്ന ഡ്രസ്സ്, ഒരു കുട അതില്‍ ആയമ്മയോടുവാങ്ങിയ കാശും പേഴ്സും ഒളിപ്പിച്ചു വച്ചു ഞാന്‍ അമലുമായി വണ്ടിയില്‍ കയറി, തിരിച്ചുപോക്കില്ലാത്ത യാത്ര തുടങ്ങി.
ഇനി തിരികെ പോകില്ല എന്ന എന്റെ വാക്ക് കേട്ടു ചാച്ചന് ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചില്ല. എന്റെ ചാച്ചന് എന്നെ അറിയാമായിരുന്നു.
ജോലി കളയാന്‍ എളുപ്പമായിരുന്നു, പിന്നൊരു ജോലി കിട്ടുക അത്ര എളുപ്പം ആയിരുന്നില്ല. എന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ പണിക്കിറങ്ങി. കൂലിപ്പണി. വാശി ആയിരുന്നു, ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍. നാട്ടിലുള്ള എല്ലാപണികളും ചെയ്തു. മണ്ണും കല്ലും സിമന്റും ചുമന്നിട്ടുണ്ട്, പാടത്തു നടാനും ഞാറു പറിക്കാനും പോയി, മെക്കാടു പണി ചെയ്തു അതിനിടയില്‍ ജോലി അന്വേഷിച്ചു.പലതരം ജോലികള്‍ ചെയ്തു.അങ്ങിനെ ഇവിടെ വരെ എത്തി.
ഇപ്പോള്‍ എന്തെങ്കിലും പ്രശ്നത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ നേരിടുന്ന ചില വിമര്‍ശനങ്ങള്‍ ഉണ്ട് അതിനൊക്കെ ഞാനിപ്പോള്‍ നല്‍കുന്നത് പുല്ലുവിലയാണ്. നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്. പെണ്ണെന്നാല്‍ കല്യാണം കഴിക്കാനും പ്രസവിക്കാനും മാത്രമുള്ള യന്ത്രങ്ങള്‍ അല്ല.പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കും ഉണ്ട്. അത് ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്.
സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെങ്കില്‍ ഏതു ബന്ധമായാലും മുറിച്ചുകളയുക. നരകതുല്യമായി ജീവിച്ചുതീര്‍ക്കാനുള്ളതല്ല ഒരേയൊരു ജീവിതം. കെട്ടിപ്പോയി എന്ന ഒറ്റ കാരണത്താല്‍ ഭര്‍ത്താവിന്റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കാനുള്ള ഉപാധികള്‍ അല്ല നമ്മുടെ പെണ്‍കുട്ടികള്‍.
Content Highlights: viral facebook post about toxic relationship and domestic violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..