Photo: instagram.com|nicolesmithludvik
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍, ഒരു ഇടുങ്ങിയ സ്ഥലത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയുടെ വീഡിയോ ആയിരുന്നു ഈ ദിവസങ്ങളിലെ ചര്‍ച്ചാ വിഷയം. ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി നില്‍ക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇത് യഥാര്‍ത്ഥ്യമാണോ അതോ എഡിറ്റിങ് ആണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. ഇത് എഡിറ്റിങ് അല്ല, ശരിക്കും ചിത്രീകരിച്ച വിഡിയോ തന്നെയാണ് എന്ന് വെളിപ്പെടുത്തുകയാണ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ യൂണിഫോം അണിഞ്ഞുകൊണ്ട് കയ്യില്‍ പോസ്റ്ററുകളുമായി നില്‍ക്കുന്ന യുവതിയുടെ വീഡിയോ ആണിത്.
നിക്കോള്‍ സ്മിത്ത് ലുഡ്വിക്ക് എന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആണ് വീഡിയോയില്‍ കാണുന്ന ആ ധീര യുവതി. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിക്കോള്‍ കുറിക്കുന്നുണ്ട്. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും അത്ഭുതകരവും ആവേശകരവുമായ അനുഭവമായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം എന്നും നിക്കോള്‍ പറയുന്നു. വീഡിയോ നിര്‍മിച്ച പ്രൈം പ്രൊഡക്ഷന്‍സ് എഎംജി കമ്പനി 'ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ' എന്നാണു നിക്കോളിനെ വിശേഷിപ്പിച്ചത്.
പ്രത്യേക ഇഫക്റ്റുകളൊന്നുമില്ലാതെയാണ് പരസ്യം ചിത്രീകരിച്ചത്. എന്നാല്‍, ദിവസങ്ങള്‍ നീണ്ട ആസൂത്രണവും പരിശീലന പരിപാടികളും പരിശോധനയുമെല്ലാമുണ്ടായിരുന്നു ഇതിനു പിന്നില്‍. അങ്ങേയറ്റം അപകടകരമായ ഷൂട്ട് ആയതിനാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ്. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍, 828 മീറ്റര്‍ ഉയരത്തില്‍ വെറും 1.2 മീറ്റര്‍ മാത്രം ചുറ്റളവ് ഉള്ള ഏരിയയിലായിരുന്നു നിക്കോള്‍ നിന്നത്. ഇതിനായി പ്രത്യേകം പ്ലാറ്റ്‌ഫോം നിര്‍മിച്ചിരുന്നു. കൂടാതെ യൂണിഫോമിനടിയിലൂടെ ദേഹത്ത് ഘടിപ്പിച്ച സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് യുഎഇ, യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക് മാറിയത് ആഘോഷിക്കാനായിരുന്നു ഈ വിഡിയോ അവര്‍ തയ്യാറാക്കിയത്. 'ഇത് തങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുന്നു' എന്നു പോസ്റ്ററില്‍ പറയുന്നുണ്ട്.
Content Highlights: Viral ad shows woman standing on top of Burj Khalifa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..