വിനീത് ശ്രീനിവാസനും ദിവ്യയും | Photo: instagram/ vineeth sreenivasan
പത്തൊമ്പതാം വയസ്സിലാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ ആദ്യമായി കണ്ടുമുട്ടുന്നത്. പഠനകാലത്തിന് ഇടയിലായിരുന്നു അത്. ദിവ്യയുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു. ഒടുവില്‍ എട്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും 2012-ല്‍ വിവാഹിതരായി.
പ്രണയത്തിന്റെ പത്തൊമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍ ദിവ്യയും വിനീതും. 2004 മാര്‍ച്ച് 31-ന് അതിരാവിലെ ഫോണില്‍ വിളിച്ചാണ് വിനീത് ദിവ്യയോട് തന്റെ പ്രണയം തുറന്നുപറയുന്നത്. അന്നത്തെ കൗമാരക്കാരായ കമിതാക്കളില്‍ നിന്ന് ഇരുവരും ഉത്തരവാദിത്വമുള്ള അച്ഛനും അമ്മയുമായി എന്നതു മാത്രമാണ് ഏകമാറ്റം. ഇപ്പോഴും പ്രണയം പഴയതുപോലെ തുടരുന്നുണ്ട്. പ്രണയവാര്‍ഷിക ദിനത്തില്‍ വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മനോഹരമായ കുറിപ്പ് വായിച്ചാല്‍ ആ പ്രണയത്തിന്റെ ആഴം മനസ്സിലാകും.
തന്റെ ജീവിതത്തിലെ വലിയൊരു ഭാഗവും ഓര്‍മകളും ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ തരത്തിലും തന്നില്‍ നിന്ന് വ്യത്യസ്തയാണ് ദിവ്യയെന്നും വിനീത് കുറിപ്പില്‍ പറയുന്നു. തികച്ചും വ്യത്യസ്തരായ രണ്ടാളുകൾക്ക് ഇതുപോലെ ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുക എന്നത് അതിശയകരമാണെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.
'മാര്‍ച്ച് 31. ഞാനും ദിവ്യയും പ്രണയിക്കാന്‍ തുടങ്ങിയിച്ച് 19 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എന്റെ ജീവിതത്തിലെ വലിയൊരു ഭാഗം, എന്റെ ഓര്‍മകള്‍ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കൗമാരത്തില്‍ കണ്ടുമുട്ടുകയും അന്ന് മുതല്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും വ്യത്യസ്തരായ രണ്ടു ആളുകള്‍ക്ക് ഇതുപോലെ ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുക എന്നത് അതിശയകരമാണ്. ഞാന്‍ ശാന്ത പ്രകൃതനാണെങ്കില്‍ അവള്‍ അതിന് വിപരീതമാണ്. ദിവ്യ വെജിറ്റേറിയന്‍ ആണ്. എനിക്കാണെങ്കില്‍ നോണ്‍ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവള്‍ അടുക്കും ചിട്ടയുമുള്ള ആളാണ്. പക്ഷേ ഞാന്‍ നേരെ തിരിച്ചാണ്. അവള്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുമ്പോള്‍ എന്റെ പ്ലേ ലിസ്റ്റില്‍ മുഴുവനുമുള്ളത് ഫീല്‍ ഗുഡ് സിനിമകളാണ്.
ചില രാത്രികളില്‍ ഞാന്‍ കണ്ണടച്ച് ഉറങ്ങുന്നതായി അഭിനയിക്കുമ്പോള്‍ അവള്‍ എന്റെ കാതില്‍ വന്ന് പറയും..'ടെന്‍ഷന്‍ അടിക്കാതെ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങാന്‍ ശ്രമിക്കൂ'. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും.'ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ മനസിലായി എന്ന്?'. അവള്‍ പറയും.'നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്ന്. നിങ്ങള്‍ ശരിക്കും ഉറങ്ങുകയാണെങ്കില്‍ ശ്വാസത്തിന്റെ താളം ഇതുപോലെയല്ല. തികച്ചും വ്യത്യസ്തമാണ്.' ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു. പ്രണയ വാര്‍ഷിക ആശംസകള്‍ ദിവ്യ!'-വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ദിവ്യയ്ക്കും കുഞ്ഞിനും ഒപ്പമെടുത്ത ഒരു സെല്‍ഫിയും വിനീത് പങ്കുവെച്ചിട്ടുണ്ട്.
Content Highlights: vineeth sreenivasan heart touching love story and his love anniversary note
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..