വിൻസി
ഏച്ചോത്തുകൂടെ വിൻസിയുടെ ‘മിഖായേൽ’ എന്ന ഓട്ടോറിക്ഷ പായുന്നത് അശരണരുടെയും രോഗികളുടെയും അരികിലേക്കാണ്. കുറുമ്പാലക്കോട്ട കേഴവയലിലെ വീട്ടിൽ രാവിലെത്തന്നെ മിഖായേലിനെ കഴുകിവൃത്തിയാക്കി വിൻസി തയ്യാറായി നിൽക്കും, പലവിധ ദുരിതങ്ങളനുഭവിക്കുന്നവർ എപ്പോൾ വേണമെങ്കിലും വിളിക്കാം. സാമ്പത്തികബുദ്ധിമുട്ടുകൾക്കും വരുമാനം കണ്ടെത്താനുള്ള ഓട്ടത്തിനിടയിലും ദുരിതമനുഭവിക്കുന്നവരിലേക്കെത്തുന്ന കാരുണ്യത്തിന്റെ മുഖമാണ് കുറുമ്പാലക്കോട്ടയ്ക്ക് ഈ ഓട്ടോക്കാരി.
നാലുവർഷംമുമ്പാണ് വിൻസി ഓട്ടോറിക്ഷാ ഡ്രൈവറാകുന്നത്. വീട്ടിലെ സാമ്പത്തികപ്രശ്നങ്ങൾ എങ്ങുമെത്തുന്നില്ലെന്ന് കണ്ടപ്പോൾ മടിച്ചുനിൽക്കാതെ തൊഴിൽ തേടിയിറങ്ങുകയായിരുന്നു. വർഷങ്ങൾക്ക് മുന്പുതന്നെ സ്വയംതൊഴിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മൂന്നു മക്കൾ വലുതാകുന്നതുവരെ കടിച്ചും പിടിച്ചും നിൽക്കുകയായിരുന്നെന്ന് വിൻസി. ഇതിനിടയിൽ ഓട്ടോ ഓടിക്കാൻ പഠിച്ചു. വായ്പയെടുത്തു വണ്ടി വാങ്ങി പള്ളിക്കുന്ന് ഓട്ടോസ്റ്റാൻഡിലെ ഓട്ടോക്കാരിയായി. സാമ്പത്തികബാധ്യതകൾ ഒരുഭാഗത്ത് തീർത്തുവരുന്നതേയുള്ളൂ. പക്ഷേ, ആരെങ്കിലും ദുരിതമനുഭവിക്കുന്നത് കണ്ടാൽ വിൻസിക്ക് സഹിക്കില്ല, കടങ്ങളുണ്ടെന്നതും സ്വന്തമായി വീടില്ലാത്തതുമെല്ലാം മറക്കും. കൈയിലുള്ളതുപോലെ സഹായിക്കും.
ഒരുകാലത്ത് സുഖമില്ലാത്ത കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽ പോകാൻ പണം കിട്ടാതെ നടന്നതിന്റെ അത്ര സുഖകരമല്ലാത്ത ഓർമകളാണ് വിൻസിയെ ഇന്ന് ദുരിതമനുഭവിക്കുന്നവർക്ക് അരികിലേക്കെത്തിക്കുന്നത്. കാരുണ്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ തിരിഞ്ഞപ്പോഴാണ് കിടപ്പുരോഗികളായ കുട്ടികൾക്കുവേണ്ടി തുടങ്ങിയ സെലേസ് വയനാട് എന്ന കാര്യണ്യസ്ഥാപനത്തിൽ വിൻസിയെത്തുന്നത്. കിടപ്പുരോഗികളായ കുട്ടികളുടെ എന്താവശ്യത്തിനും വിൻസി മിഖായേലിനെയുമെടുത്ത് ഓടിയെത്തും. രോഗികളെ ആശുപത്രിയിലെത്തിച്ചാലും തീരില്ല വിൻസിയുടെ ഉത്തരവാദിത്വം. കൂടെനിന്ന് വേണ്ടതെല്ലാംചെയ്ത് ഇവരെ തിരിച്ച് വീട്ടിലെത്തിച്ചാലേ വിൻസിക്ക് സമാധാനാമാകുകയുള്ളൂ. ആ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ അടുത്ത വിളിയെത്തും. എല്ലാറ്റിനും പിന്തുണയുമായി ഭർത്താവ് റോബർട്ടും മക്കളായ അഭിനും ദിയയും റോസ്ബിയും കൂടെയുണ്ട്.
Content Highlights: vincy drives auto to help poor patients
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..