വിജയ് മല്ല്യ ക്രിസ് ഗെയ്‌ലിനൊപ്പം | Photo: twitter/ vijay mallya
സാമ്പത്തിക തട്ടിപ്പു കേസിനെ തുടര്‍ന്ന് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്ല്യ വീണ്ടും പ്രത്യക്ഷപ്പെട്ടു. പക്ഷേ പോലീസിന് മുന്നിലല്ല, ട്വിറ്ററിലാണെന്ന് മാത്രം. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനൊപ്പം എടുത്ത ചിത്രമാണ് മല്ല്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്.
'എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന യൂണിവേഴ്‌സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷം. ഗെയ്‌ലിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എടുത്തതിനുശേഷം ഉറ്റചങ്ങാതിമാരാണ് ഞങ്ങള്‍. ഒരു താരത്തിന്റെ ഏറ്റവും മികച്ച ഏറ്റെടുക്കല്‍ ഇതായിരിക്കും', മല്ല്യ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റിന് മണിക്കൂറുകള്‍ക്കകം ലഭിച്ചത് അറുപതിനായിരത്തോളം ലൈക്കും 2500-ല്‍ അധികം റീട്വീറ്റുമാണ്. താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. മല്ല്യയെ പരിഹസിക്കുന്ന രീതിയിലുള്ളതാണ് മിക്ക കമന്റുകളും.
ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ മുന്‍ ഉടമയായിരുന്നു മല്ല്യ. 2011-17 കാലഘട്ടത്തില്‍ ബാംഗ്ലൂരിന്റെ പ്രധാന താരമായിരുന്നു ഗെയ്ല്‍. ഐപിഎല്ലിലെ ഒരുപിടി റെക്കോഡുകളും ഗെയ്ല്‍ സ്വന്തമാക്കിയിട്ടുണ്ട്. ലീഗില്‍ 142 മത്സരങ്ങളില്‍ നിന്ന് 39.72 ശരാശരിയില്‍ 4965 റണ്‍സ് അടിച്ചെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..