മായ്‌ലയും സോഫിയയും
സാവോപോളോ: പിറന്നതും കളിച്ചതും വളര്‍ന്നതുമെല്ലാം ഒരുമിച്ച്. കാഴ്ചയിലെ അപാര സാദൃശ്യവും ഇഷ്ടങ്ങളിലെ ചേര്‍ച്ചയുമൊക്കെ ആ ഇരട്ടകളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കി. ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനമെടുത്തതും ഒരുമിച്ചുതന്നെ. ആണ്‍ശരീരത്തില്‍ നിന്ന് പെണ്‍ശരീരത്തിലേക്ക് കൂടുമാറിയ മായ്‌ലയും സോഫിയയുമാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്.
ബ്രസീലിലെ ടാപിര നഗരത്തിലാണ് പത്തൊമ്പതുകാരായ മായ്‌ലയും സോഫിയയും ജനിക്കുന്നത്. ആണായി ജനിക്കുകയും പിന്നീട് ഒന്നിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്ത ലോകത്തിലെ ആദ്യത്തെ ഇരട്ടകളാണ് ഇരുവരുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് കാര്‍ലോസ് മാര്‍ട്ടിന്‍ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഇരുവരും അനുഭവം പങ്കുവെക്കുകയും ചെയ്തു.
ഞാന്‍ എന്റെ ശരീരത്തെ എപ്പോഴും സ്‌നേഹിച്ചിരുന്നു, പക്ഷേ എന്റെ ജനനേന്ദ്രിയത്തെ ഇഷ്ടപ്പെട്ടിരുന്നില്ല- അര്‍ജന്റീനയില്‍ മെഡിസിനു പഠിക്കുന്ന മായ്‌ല പറയുന്നു. മൂന്നാം വയസ്സ് മുതല്‍ പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. പലപ്പോഴും തന്നെ പെണ്‍കുട്ടിയാക്കി മാറ്റാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നുവെന്നും മായ്‌ല. സമാന അനുഭവം തന്നെയായിരുന്നു തനിക്കെന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ സോഫിയയും പറയുന്നു. കുട്ടിക്കാലത്തും കൗമാരത്തിലുമെല്ലാം തങ്ങളെ മാനസികമായും ശാരീരികമായുമൊക്കെ നിരവധി പേര്‍ ഉപദ്രവിച്ചിരുന്നു എന്നും അപ്പോഴെല്ലാം പരസ്പരം താങ്ങായി നിലനില്‍ക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ട്രാന്‍സ്‌ഫോബിക് ആയ രാജ്യത്താണ് തങ്ങള്‍ ജീവിക്കുന്നത് എന്നതും സ്വപ്‌നത്തിലേക്കുള്ള യാത്ര കഠിനമാക്കിയെന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 175ഓളം ട്രാന്‍സ് വ്യക്തികളാണ് ബ്രസീലില്‍ മരണമടഞ്ഞത്. പക്ഷേ മാതാപിതാക്കളുടെ പിന്തുണ തങ്ങളെ കൂടുതല്‍ കരുത്തരാക്കി. തങ്ങളുടെ മാറ്റമല്ല മറിച്ച് ആളുകള്‍ ഉപദ്രവിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. സര്‍ജറിക്കുള്ള പണം നല്‍കിയത് മുത്തച്ഛനായിരുന്നുവെന്നും മായ്‌ലയും സോഫിയയും പറയുന്നു.
താന്‍ പ്രസവിച്ച ഇരട്ടകള്‍ ട്രാന്‍സ് വ്യക്തിത്വങ്ങളായി മാറിയതില്‍ ആശ്വാസമുണ്ടെന്ന് അമ്മ മാരാ ലൂസിയാ ഡാ സില്‍വ പറയുന്നു. അവരെ ആണ്‍കുട്ടികളായി കണക്കാക്കിയതായി ഓര്‍ക്കുന്നേയില്ല. തനിക്ക് അവര്‍ എന്നും പെണ്‍കുട്ടികളായിരുന്നുവെന്നും അമ്മ പറയുന്നു. കുട്ടിക്കാലത്ത് അവര്‍ ആഗ്രഹിച്ച പാവക്കുട്ടികളെയോ വസ്ത്രങ്ങളെയോ നല്‍കാന്‍ കഴിയാതിരുന്നത് മാത്രമാണ് തന്നെ ഇന്ന് വേദനിപ്പിക്കുന്നതെന്നും അമ്മ. എന്നാല്‍ എക്കാലത്തും തങ്ങളെ ശിലപോലെ ഉറച്ചുനിന്ന് പിന്തുണച്ച വ്യക്തിയായാണ് മായ്‌ലയും സോഫിയയും അമ്മയെ കാണുന്നത്.
Content Highlights: Twins Undergo Gender Confirmation Surgery Together
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..