വനമിത്ര പദ്ധതിയിൽ മുതുകാട് നരേന്ദ്രദേവ് കോളനിയിലെ അമ്മിണി ഗോപാലന് ലഭിച്ച പശുക്കൾ
പേരാമ്പ്ര: മുതുകാട്ടിലെ ആദിവാസി കോളനിയിലെ സ്ത്രീകള്‍ തൊഴിലുറപ്പിനും കൂലിപ്പണിക്കുമെല്ലാം പോയിട്ടായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ വനമിത്രപദ്ധതി നടപ്പായതോടെ പുതിയ തൊഴില്‍-വരുമാന സാധ്യത അവര്‍ക്ക് മുന്നില്‍ തുറന്നു. മുതുകാട് നരേന്ദ്രദേവ്, കുളത്തൂര്‍, സീതപ്പാറ, പൂഴിത്തോട് ആലമ്പാറ ആദിവാസി കോളനികളിലെ സ്ത്രീകളാണ് പശു-തേനീച്ച വളര്‍ത്തല്‍, തീറ്റപ്പുല്‍ക്കൃഷി എന്നിവയിലൂടെ അധികവരുമാനം ഉറപ്പാക്കുന്നത്.
വനമിത്ര പദ്ധതിയില്‍ പട്ടികവര്‍ഗ വകുപ്പുമായി സഹകരിച്ചാണ് പശുവളര്‍ത്താനുള്ള പദ്ധതി. പട്ടികവര്‍ഗ വകുപ്പ് ഇതിനായി 2.10 കോടി രൂപ അനുവദിച്ചു. 24.20 ലക്ഷം രൂപ കോര്‍പ്പറേഷനും നല്കി. 50 ആദിവാസി വനിതകള്‍ക്കാണ് ജേഴ്സി, എച്ച്.എഫ്. ഇനത്തില്‍പ്പെട്ട 100 പശുക്കളെ നല്‍കുന്നത്. 68 പശുക്കളെ ഇതിനകം കൈമാറി. മുതുകാട് തന്നെയുള്ള പാല്സൊസൈറ്റിയിലാണ് പാല് വില്‍പ്പന. ഒക്ടോബര്‍ മാസത്തില്‍ മാത്രം ഇവര്‍ 4100 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ നല്കി. പത്തുദിവസം കൂടുമ്പോള്‍ അക്കൗണ്ടിലേക്ക് പണമെത്തും. തൊഴുത്ത് നിര്‍മിക്കാനും കാലിത്തീറ്റയും വൈക്കോലും ലഭ്യമാക്കാനും സഹായം ലഭിച്ചു.
ഹോര്‍ട്ടികോര്‍പ്പിന്റേയും ചക്കിട്ടപാറ പഞ്ചായത്തിന്റേയും സഹായത്തോടെയാണ് 33 കുടുംബങ്ങള്‍ തേനീച്ച വളര്‍ത്തല്‍ തുടങ്ങിയത്. മോല്‍നോട്ടത്തിനും സഹായത്തിനുമായി രണ്ട് സോഷ്യല്‍വര്‍ക്കര്‍മാര്‍, ഒരു ഡെയറി അസിസ്റ്റന്റ്, രണ്ട് വില്ലേജ് റിസോഴ്സ് പേഴ്സണ്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
മലയോരപ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തില്‍ അഞ്ച് പട്ടികവര്‍ഗ കോളനികളുണ്ട്. പണിയവിഭാഗത്തില്‍പ്പെട്ട ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് 50 ലക്ഷംരൂപ ചെലവില്‍ വനമിത്രപദ്ധതി നടപ്പാക്കിയത്. 2017 നവംബറിലായിരുന്നു തുടക്കം. 16-ഓളം വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്കലായിരുന്നു ആദ്യഘട്ടം. ആദ്യം പലരും മുഖം തിരിഞ്ഞുനിന്നു. എന്നാല്‍ തൊഴില്‍ പരിശീലനകേന്ദ്രം സ്ഥാപിച്ച് ആദിവാസികളെ ഇവിടേക്ക് വാഹനത്തില്‍ കൂട്ടിക്കൊണ്ടുവരാന്‍ തുടങ്ങിയതോടെ 27 വനിതകള്‍ എത്തി. 16-ഓളംപേര്‍ തുന്നല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറായി. ദിവസേന 150 രൂപവീതം സ്റ്റൈപ്പെന്ഡും നല്‍കിയിരുന്നു. ചൂരല്‍കൊട്ട നിര്‍മാണവും പരിശീലിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകളുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ തുന്നല്യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടികജാതിവകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം തയ്യാറാക്കലിനും മാസ്ക് നിര്‍മിക്കാനുമെല്ലാം അവസരം ലഭിച്ചത് ഇവര്‍ക്ക് ജോലി ലഭിക്കാന്‍ സഹായമായി. തുണിസഞ്ചി നിര്‍മാണവും തുടങ്ങാനിരിക്കുകയാണ്.
നല്ലൊരു വരുമാനമാര്‍ഗം
വനമിത്രപദ്ധതിയില് പശുവിനെ ലഭിച്ചതോടെ നല്ലൊരു വരുമാനമാര്‍ഗമായി. നേരത്തെ കൂലിപ്പണിയായിരുന്നു. രണ്ട് പശുക്കളും കുഞ്ഞുങ്ങളുമുണ്ട്. തേനിച്ച വളര്‍ത്താനും തുടങ്ങി. പദ്ധതിയുടെ ഭാഗമായി തയ്യലും പഠിച്ചിരുന്നു.
ഗീതാ സുകുമാരന്‍, നരേന്ദ്രദേവ് കോളനി.
ആദിവാസികള്‍ക്ക് പുതിയ തൊഴിലവസരം
വനമിത്രപദ്ധതി ആദിവാസി സ്ത്രീകള്‍ക്ക് പുതിയ തൊഴിലവസരം ഉറപ്പാക്കി. തയ്യലില്‍ വിദഗ്ധ പരിശീലനം നേടാനും പുതിയ യൂണിറ്റ് തുടങ്ങാനുമായി. പശുവളര്ത്തലിനുള്ള സഹായമാണ് രണ്ടാംഘട്ടത്തില്‍ നല്‍കിയത്. വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് കൂടി പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്.
കെ. ഫൈസല്‍ മുനീര്‍, മേഖലാ മാനേജര്‍, കേരളസംസ്ഥാന വനിതാവികസന കോര്പ്പറേഷന്
നല്ല മാറ്റംവന്നു.
തുന്നല്‍ പഠിച്ച് തയ്യല്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 പേരാണ് യൂണിറ്റിലിപ്പോഴുള്ളത്. വീട്ടില്‍ പശുവിനെ വളര്‍ത്തി പത്തുലിറ്റര്‍ പാല് ലഭിക്കുന്നു. പദ്ധതി വന്നതോടെ നല്ല മാറ്റം വന്നിട്ടുണ്ട്.
ശോഭ ബാബു, പട്ടാണിക്കുന്നുമ്മല്‍, നരേന്ദ്രദേവ് കോളനി
Content highlights: tribal women from muthukad kozhikode, got a new income source, vanamithra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..