അവഗണനമാത്രം നേരിട്ടവള്‍ക്ക് ആകാശംമുട്ടുന്ന അംഗീകാരം; ഇന്‍ഡിഗോയിലെ അനുഭവം പങ്കിട്ട് ട്രാന്‍സ് വുമണ്‍


ബെംഗളൂരുവില്‍ നിന്ന് തിരുവന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുള്ള അനുഭവമാണ് സുകന്യ പങ്കുവെച്ചത്.

ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർക്കൊപ്പം സുകന്യ കൃഷ്ണ | Photo: facebook/ Sukanyeah Krishna

ന്‍ഡിഗോ എയര്‍ലൈന്‍സില്‍ തനിക്കുണ്ടായ മനോഹരമായ യാത്രാനുഭവം പങ്കുവെച്ച് ട്രാന്‍സ് വുമണ്‍ സുകന്യ കൃഷ്ണ. മനുഷ്യരായിപ്പോലും തങ്ങളെ അംഗീകരിക്കാത്ത പല വിമാനക്കമ്പനികളും ഇന്നുമുണ്ടെന്നും അവര്‍ക്കിടയില്‍ ഇന്‍ഡിഗോ വ്യത്യസ്തമാണെന്നും സുകന്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബെംഗളൂരുവില്‍ നിന്ന് തിരുവന്തപുരത്തേക്ക് യാത്രചെയ്തപ്പോഴുള്ള അനുഭവമാണ് സുകന്യ പങ്കുവെച്ചത്. ഒപ്പം എയര്‍ അറേബ്യ വിമാനത്തില്‍ കയറാന്‍ പോയപ്പോഴുണ്ടായ ദുരനുഭവവും സുകന്യ പോസ്റ്റില്‍ പറയുന്നു. ട്രാന്‍സ് വ്യക്തിയാണെന്ന് മനസിലായതോടെ വിമാനത്തില്‍ കയറുന്നത് അവര്‍ തടഞ്ഞുവെന്നും സുകന്യ വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരേ ഇന്‍ഡിഗോ വിമാനക്കമ്പനി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുകന്യയുടെ പോസ്റ്റ്. ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധവും അതിനേത്തുടര്‍ന്നുള്ള നടപടിയുമാണ് ജയരാജന്റെ വിമാന വിലക്കിലേക്ക് നയിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ തനിക്കെതിരായ നടപടിയോട് പ്രതികരിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സുകന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജോലിയുടെ ആവശ്യങ്ങള്‍ക്കും പേര്‍സണല്‍ ആവശ്യങ്ങള്‍ക്കുമായി വിമാനയാത്ര ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള യാത്രകളുടെ ഭാഗമായി പല കമ്പനികളുടെയും വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രൊഫഷണലായും കാര്യക്ഷമമായും സൗഹാര്‍ദ്ദപരമായും പ്രവര്‍ത്തിക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണെന്ന് നിസംശയം പറയാം.

വിമാനയാത്രകള്‍ക്ക് ഇടയിലെ രണ്ട് അനുഭവങ്ങള്‍ പറയാം...

ഒരിക്കല്‍ എയര്‍ അറേബ്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടയായി. അന്ന് വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്യുന്ന സമയത്ത് അവര്‍ എന്നെ തടയുകയുണ്ടായി. ഒരു ട്രാന്‍സ് വ്യക്തിയാണ് എന്ന് മനസ്സിലാക്കി വിമാനത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും അവര്‍ എന്നെ തടഞ്ഞു. ഒരുപാട് സമയത്തെ തര്‍ക്കത്തിനും വാഗ്വാദത്തിനും ശേഷമാണ് അവര്‍ എന്നെ യാത്ര ചെയ്യുവാന്‍ അനുവദിച്ചത്. യാത്രയില്‍ ഉടനീളം വളരെ മോശമായും അരോചകമായും അവര്‍ പെരുമാറുകയും ചെയ്തു.
മറ്റൊരു അനുഭവം ഇന്‍ഡിഗോയിലാണ്...

2019 ജൂണ്‍ 17. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് അന്ന് ഞാന്‍ ഒരു വിമാനയാത്ര ചെയ്യുകയുണ്ടായി. ഇന്‍ഡിഗോയിലാണ് യാത്ര. രാവിലെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും വൈകിട്ട് തിരിച്ചും ഉള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.

രാവിലെ 7:10 നാണ് ആദ്യത്തെ ഫ്ളൈറ്റ്. കോറമംഗലയിലെ വീട്ടില്‍ നിന്നും വെളുപ്പിനെ ബൈക്കില്‍ എയര്‍പോര്‍ട്ടില്‍ എത്തി. വെബ് ചെക്കിന്‍ ചെയ്ത് ആണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഹാന്‍ഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നതിനാല്‍ കിയോസ്‌കില്‍ നിന്നും ബോര്‍ഡിംഗ് പാസ്സ് പ്രിന്റ് ചെയ്ത്, നേരിട്ട് സെക്യൂരിറ്റി ചെക്ക് ചെയ്തു.
ബോര്‍ഡിംഗ് തുടങ്ങാന്‍ ഒരു മണിക്കൂറോളം ബാക്കി ഉണ്ടായിരുന്നതിനാല്‍ ലോഞ്ചില്‍ പോയി ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ഒരു ഫോണ്‍ കാള്‍ വന്നു. ഇന്‍ഡിഗോയില്‍ നിന്നുമാണ്...

'മാഡം എപ്പോഴാണ് വരിക?' എന്ന് മറുതലയ്ക്കല്‍ നിന്നും അന്വേഷണം. 'ഞാന്‍ എത്തി, സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഇപ്പോള്‍ ലോഞ്ചില്‍ ഉണ്ട്.' എന്നും മറുപടി നല്‍കി. 'അവിടെ വെയിറ്റ് ചെയ്യാമോ മാഡം, assigned ഗേറ്റ് വഴി ബോര്‍ഡ് ചെയ്യേണ്ട, ഞങ്ങള്‍ ഇപ്പോള്‍ വരാം.' എന്നും മറുതലയ്ക്കല്‍ നിന്ന് പറഞ്ഞു. ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം എന്നതിനാല്‍ അല്പം ടെന്‍ഷന്‍ തോന്നി. എന്തിനാണ് അവര്‍ ഇങ്ങോട്ട് വരുന്നത്? എന്ന് ഓര്‍ത്തു.

അധികം വൈകാതെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 4-5 പ്രതിനിധികള്‍ അവിടേയ്ക്ക് വരുന്നു. കയ്യില്‍ ഒരു ബൊക്കെ ഒക്കെയുണ്ട്. എന്റെ അടുത്ത് വന്ന്, ഷേക്ക് ഹാന്‍ഡ് ഒക്കെ നല്‍കി പരിചയപ്പെട്ടു. 'ഈ വര്‍ഷത്തെ പ്രൈഡ് മാസത്തില്‍ ഞങ്ങളുടെ പ്രൈഡ് അംബാസിഡര്‍ ആയി മാഡത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. അത് മാഡത്തെ അറിയിക്കാനും വിമാനത്തിലേക്ക് കൊണ്ടുപോകാനുമാണ് ഞങ്ങള്‍ വന്നത്.' എന്ന് അവര്‍ പറഞ്ഞു.
പ്രേമം സിനിമയില്‍ പറയുന്ന പോലെ... 'നിങ്ങള്‍ക്ക് ആള് മാറി പോയോ എന്നൊരു സംശയം.' എന്ന രീതിയില്‍ ആയിരുന്നു എന്റെ ഭാവം. അവര്‍ എനിക്ക് ബൊക്കെയും ഒരു ഗിഫ്റ്റ് ഹാമ്പറും ഒക്കെ നല്‍കി.

ബോര്‍ഡിംഗ് കഴിയാന്‍ കുറച്ച് സമയം എടുക്കും, അത് കഴിഞ്ഞ് നമുക്ക് പോകാം എന്ന് പറഞ്ഞ് സെല്‍ഫി എടുത്തും വിശേഷങ്ങള്‍ പറഞ്ഞും അവര്‍ എന്റെയൊപ്പം തന്നെ ഉണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അവരില്‍ രണ്ട് പേര്‍ എന്റെ ഒപ്പം വന്ന്, ഗേറ്റില്‍ കാത്ത് കിടന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തന്നെ കാറിലേക്ക് എന്നെ കയറ്റി യാത്രയാക്കി. ആ കാര്‍ വിമാനത്തിന്റെ അടുത്ത് എത്തി നിന്നു. അപ്പോഴേക്കും ബോര്‍ഡിംഗ് ഒക്കെ കഴിഞ്ഞിരുന്നു.

ഞാന്‍ വിമാനത്തിലേക്ക് കയറി. ഒരു ക്രൂ അംഗം എനിക്ക് സീറ്റ് ഒക്കെ കാട്ടി തന്നു. ഞാന്‍ ഇരുന്നു. മറ്റൊരു ക്രൂ അംഗം എന്നെ വന്ന് പരിചയപ്പെട്ടു. അവരും എനിക്ക് ഒരു ഗിഫ്റ്റ് ബോക്‌സ് ഒക്കെ തന്നു. എനിക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥ. ചുറ്റുമുള്ള യാത്രക്കാര്‍ എന്നെ ശ്രദ്ധിക്കുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. എന്തായാലും ഞാനും ഗമയില്‍ അങ്ങ് ഇരുന്നു. വിമാനം പറന്ന് ഉയര്‍ന്നു. അല്പം കഴിഞ്ഞ് പതിവ് പോലെ ക്യാപ്റ്റന്റെ സംസാരം കേള്‍ക്കാം. പുള്ളി കാര്യങ്ങള്‍ എല്ലാം പറഞ്ഞ ശേഷം, 'ഇന്ന് നമ്മോടൊപ്പം ഒരു സ്പെഷ്യല്‍ ഗസ്റ്റ് ഉണ്ട്...' എന്നും പറഞ്ഞ് എന്നെ പരിചയപ്പെടുത്താന്‍ തുടങ്ങി. നല്ലൊരു കയ്യടിയും. ശരിക്കും പറഞ്ഞാല്‍ കണ്ണ് നിറഞ്ഞ് ഒഴുകി.

ജീവിതത്തില്‍ എപ്പോഴും എല്ലായിടത്തും അവഗണനയും പരിഹാസവും മാത്രം കേട്ട് ശീലമുള്ള ഒരാള്‍ക്ക് ആകാശത്ത് വെച്ച്, ആകാശം മുട്ടുന്ന പോലെ ഒരു അംഗീകാരം. കണ്ണ് നിറഞ്ഞ് ഒഴുകുന്ന എന്നെ ഒരു ക്രൂ മെമ്പര്‍ ഓടി വന്ന് ചേര്‍ത്ത് പിടിച്ചു. 'You deserve it, dear..' എന്നൊരു വാക്കും.
വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങിയ ശേഷം ഇറങ്ങാം എന്ന് കരുതി. ഇത്രയും ഗംഭീരമായ ഒരു അനുഭവം എനിക്ക് സമ്മാനിച്ച ക്രൂ അംഗങ്ങള്‍ക്ക് ഒരു നന്ദി പറഞ്ഞ് ഇറങ്ങാം എന്ന് ഓര്‍ത്തു.

എല്ലാവരും ഇറങ്ങിയ ശേഷം, ഞാന്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു. അവരോട് യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം ഒരു ക്രൂ അംഗം എനിക്ക് ഒരു ഹഗ്ഗും തന്നു. വിമാനത്തില്‍ നിന്നും ബോര്‍ഡിംഗ് ബ്രിഡ്ജിലേക്ക് കടക്കും വരെ പുള്ളിക്കാരത്തി എന്റെ ഒപ്പം വന്നു, 'She is all yours.....' എന്നും പറഞ്ഞ് പുറത്ത് കാത്ത് നിന്ന ചിലരെ നോക്കി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഉദ്യോഗസ്ഥരാണ്.

ബംഗളൂരുവില്‍ ലഭിച്ച പോലെ ഒരു വന്‍ വരവേല്‍പ്പ് ഇവിടെയും. സ്വന്തം നാട്ടില്‍ ആദ്യമായാണ് എനിക്ക് ഒരു അംഗീകാരം ലഭിക്കുന്നത്. അവരില്‍ ഒരാള്‍ സ്വന്തമായി ഉണ്ടാക്കിയ അതി മനോഹരമായ ഒരു ഗ്രീറ്റിംഗ് കാര്‍ഡും ബൊക്കെയും എനിക്ക് നല്‍കി. എന്നെ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ച് അവരുടെ കാറില്‍, എന്നെ ഹോട്ടലില്‍ എത്തിച്ച ശേഷമാണ് ഇന്‍ഡിഗോ പ്രതിനിധി തിരികെ പോയത്.

ഇതാണ് ഇന്‍ഡിഗോ... അന്ന് മുതല്‍ ഇന്നോളം എന്റെ വിമാനയാത്രകള്‍ക്ക് ഞാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ്. ഇന്‍ഡിഗോ ലഭ്യമല്ലെങ്കില്‍ മാത്രമാണ് മറ്റൊരു ഓപ്ഷന്‍ നോക്കുക പോലും...

പിന്നീട്, എന്റെ പിറന്നാള്‍ ദിവസം സ്പെഷ്യല്‍ ഗ്രീറ്റിംഗ്സ് സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്ത് വീണ്ടും ഞെട്ടിച്ചു. സിനിമാ/സ്‌പോര്‍ട്‌സ് സെലിബ്രിറ്റികള്‍ക്കും വിവിഐപികള്‍ക്കും മാത്രമാണ് ഇത്തരം പിറന്നാള്‍ ആശംസകള്‍ ഞാന്‍ കണ്ടിട്ടുള്ളത്.

ഇന്ന് ഇന്‍ഡിഗോയില്‍ ഒരു വലിയ സൗഹൃദവലയം തന്നെ എനിക്കുണ്ട്. ഏത് എയര്‍പോര്‍ട്ടില്‍ ആണെങ്കിലും ഇന്‍ഡിഗോ സൗഹൃദങ്ങള്‍ വലിയ സഹായവും സന്തോഷവുമാണ്.
മനുഷ്യരായി പോലും ഞങ്ങളെ അംഗീകരിക്കാത്ത പല വിമാനക്കമ്പനികളും ഇന്നുമുണ്ട്. അവര്‍ക്കിടയിലാണ് ഇന്‍ഡിഗോ വ്യത്യസ്തമാകുന്നത്. മനുഷ്യരെ മനുഷ്യരായി കണ്ട് ചേര്‍ത്ത് പിടിക്കുന്നവര്‍. പ്രിയസുഹൃത്തുക്കള്‍.

അവരെയാണ് ചില രാഷ്ട്രീയ കോമരങ്ങള്‍, സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തവര്‍ എന്നും നിലവാരം ഇല്ലാത്തവര്‍ എന്നും ഒക്കെ പറയുന്നത്. സ്ത്രീകളെ പോലും ബഹുമാനിക്കാന്‍ അറിയാത്ത ഇവന്മാര്‍ ഇന്‍ഡിഗോയുടെ സ്റ്റാഫ് ട്രയിനിംഗിന് വിധേയരാവണം എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കിലും മനുഷ്യരെ ബഹുമാനിക്കാന്‍ ഇവരൊക്കെ പഠിക്കട്ടെ.
ഇന്‍ഡിഗോയുടെ തീരുമാനം മാതൃകാപരമാണ്. ഇന്‍ഡിഗോയ്ക്ക് ഐക്യദാര്‍ഢ്യം. ഒപ്പം ഒത്തിരി സ്‌നേഹവും...

Content Highlights: trans women sukanya krishna shares her experience in indigo airlines

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented