കെലെയ്ഗ് സ്‌കോട്ട് | Photo: Instagram/ Kayleigh Scott
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പരസ്യത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ട്രാന്‍സ് എയര്‍ ഹോസ്റ്റസ് കെയ്‌ലി സ്‌കോട്ടിനെ ആരും മറന്നിട്ടുണ്ടാകില്ല. തന്റെ വ്യക്തിത്വം തന്നെ പൊളിച്ചെഴുതി സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍ പറന്നവള്‍. എന്നാല്‍ കെലെയ്ഗിന്റെ വിഷാദ ദൂരങ്ങളും സങ്കടവഴികളും അവസാനിച്ചിട്ടില്ലായിരുന്നുവെന്നാണ് അവരുടെ ആത്മഹത്യ നമ്മോട് പറയുന്നത്. ജീവിതത്തില്‍ വിജയിച്ചവള്‍ എന്ന് ലോകം പ്രഖ്യാപിച്ചിട്ടും ഉയരത്തിലേക്കുള്ള പടിക്കെട്ടില്‍ എവിടെയോ അവള്‍ ഇടറിവീണിരിക്കുന്നു.
വിങ്ങലോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു നീണ്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് കെയ്‌ലി എന്നെന്നേക്കുമായി മാഞ്ഞുപോയത്. 'ഞാന്‍ ഭൂമിയില്‍ നിന്ന് വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോട് മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നത് നിങ്ങള്‍ കാരണമല്ല. മികച്ച വ്യക്തിയായി മാറാനുള്ള എന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അതെല്ലാം എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക'-ഇത് എഴുതുമ്പോള്‍ കെലെയ്ഗിന്റെ കണ്ണുകള്‍ കണ്ണീരിനാല്‍ മൂടപ്പെട്ടിട്ടുണ്ടാകും. ഒരിറ്റ് കണ്ണീര്‍ ആ മൊബൈല്‍ സ്‌ക്രീനിലേക്ക് വീഴുകയും ചെയ്തിട്ടുണ്ടാകും.
കെയ്‌ലി ജീവന്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത് അമ്മ ആന്‍ഡ്രിയ സില്‍വെസ്‌ട്രോയാണ്. കൊളറാഡോയിലെ വീട്ടില്‍ 25-കാരിയായ കെലെയ്ഗിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭംവം.
മകളുടെ മരണ വാര്‍ത്ത അറിയിച്ച് അമ്മ ആന്‍ഡ്രിയയും നീണ്ട കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'നീ എന്റെ മകളായതില്‍ അഭിമാനിക്കുന്നു. നീ ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ അഭിമാനകരവും അദ്ഭുതകരവുമാണ്. എത്ര മനോഹരമാണ് നിന്റെ ചിരി. മറ്റുള്ളവരേക്കാള്‍ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.'-കെലെയ്ഗിന്റെ ചിത്രങ്ങള്‍ക്കൊപ്പം അമ്മ കുറിച്ചു.
2020-ലെ ട്രാന്‍സ് ദിനത്തിലാണ് കെയ്‌ലി സ്‌കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയര്‍ലൈന്‍സ് പുറത്തിവിട്ടത്. ട്രാന്‍സ് യുവതിയെ എയര്‍ ഹോസ്റ്റസായി തിരഞ്ഞെടുത്ത യുണൈറ്റഡ് എയര്‍ലൈന്‍സിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
Content Highlights: trans flight attendant made famous in United ad dies in apparent suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..