Representative Image
കുട്ടികൾ വീട്ടിൽ നിന്ന് ഒളിച്ചോടി പോകുന്നത് അത്ര പുതുമയുള്ള വാർത്തയൊന്നുമല്ല. എന്നാൽ വീട്ടുകാരുടെ നിയന്ത്രണങ്ങൾ സഹിക്കാതെ ഒളിച്ചോടി വെക്കേഷൻ ആഘോഷിക്കാൻ പോയാലോ. ഉത്തർപ്രദേശിലെ ലക്ഷ്മിപൂർഖേരിയിലുള്ള നാല് പെൺകുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്.
പെൺകുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗർവാലിൽ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികൾക്കായി അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച്ചയാണ് പെൺകുട്ടികളെ കാണാതാകുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടിൽ നിന്നും ഇറങ്ങിയത്. ഒരാൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. വീട്ടിൽ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
നിയന്ത്രണങ്ങൾ മടുത്തെന്നും ഒരു വെക്കേഷൻ വേണമെന്നും തോന്നിയതോടെ എല്ലാവരും ചേർന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. നാലു പേരും വീട്ടിൽ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി 25,000 രൂപ എടുത്താണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. ഉത്തരാഖണ്ഡിൽ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്.
പെൺകുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസോർട്ടിൽ നാല് പേരും ഉണ്ടെന്ന് മനസ്സിലായത്. നാല് പേരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വീട്ടുകാർക്കൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights:To escape restrictions by familie fourgirls flee home to vacation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..