അമ്മയോടൊപ്പം നൃത്തം ചെയ്യുന്ന മകൻ | Photo: twitter/ awanish sharan
ഒരു കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ കടന്നുപോകുന്ന കഷ്ടപ്പാടുകളുടെ ആഴം എത്ര പറഞ്ഞാലും തീരില്ല. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പ്രസവത്തിന് ശേഷമുണ്ടാകുന്ന വേദനയും മാനസിക പ്രശ്‌നങ്ങളുമെല്ലാം അതിജീവിക്കുന്നവരാണ് അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ സ്വപ്‌നം സാധിച്ചുകൊടുക്കാന്‍ ഏതറ്റം വരേയും പോകും മക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അര്‍ബുദ ബാധിതയായ അമ്മയുടെ അന്ത്യാഭിലാഷം ഒരു മകന്‍ സാധിച്ചുകൊടുക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. മകന്‍ ഡാല്‍ട്ടണ്‍ ബിരുദം കരസ്ഥമാക്കുന്നത് നേരിട്ടു കാണണം എന്നായിരുന്നു അമ്മ സ്റ്റെഫാനിനോര്‍ത്ത്കോട്ടിന്റെ അന്ത്യാഭിലാഷം.
ടെര്‍മിനല്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം രണ്ടു വര്‍ഷത്തോളം സ്റ്റെഫാനി നോര്‍ത്ത്കോട്ട് ആ നിമിഷത്തിനായി കാത്തിരുന്നു. വേദന കാര്‍ന്നുതിന്നുമ്പോഴും, മരണം തൊട്ടടുത്തുണ്ടെന്ന് ഓര്‍മ വരുമ്പോഴുമെല്ലാം ആ ബിരുദാനച്ചടങ്ങിനായിട്ടായിരുന്നു സ്റ്റെഫാനിയുടെ കാത്തിരിപ്പ്. ഒടുവില്‍ ചടങ്ങ് ആശുപത്രിയില്‍ സംഘടിപ്പിച്ചാണ് ഡാല്‍ട്ടണ്‍ അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ചത്.
കൂട്ടുകാരേയും കുടുംബാംഗങ്ങളേയും സ്‌കൂള്‍ അധികൃതരേയും ഡാല്‍ട്ടന്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. അവിടെ അമ്മയുടെ കണ്‍മുന്നില്‍വെച്ച് ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. കോളേജിലുള്ളതുപോലെ കറുത്ത കോട്ടും തൊപ്പിയുമെല്ലാം ധരിച്ചായിരുന്നു ഈ ചടങ്ങ്. സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം ഡാല്‍ട്ടണ്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതും അമ്മയോടൊപ്പം നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഈ ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം സ്റ്റീഫന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
Content Highlights: this video of a son fulfilling his mothers last wish will make you cry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..