വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: twitter/ @MsAnjaliB
പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ നമുക്ക് പ്രചോദനം നല്‍കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വീഡിയോകള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ക്ലാസിലെ വിദ്യാര്‍ഥികളെ ഉപദേശിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്നത്.
സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നത് സംബന്ധിച്ച് തന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന അധ്യാപികയാണ് വീഡിയോയിലുള്ളത്. ഈ ഹിസ്റ്ററി അധ്യാപികയുടെ പേര് ബബിത എന്നാണ്. എന്നാല്‍ ഈ സംഭവം നടന്ന സ്ഥലത്തെ കുറിച്ചോ വിദ്യാലയത്തെ കുറിച്ചോ ട്വീറ്റില്‍ പറയുന്നില്ല.
ക്ലാസ് നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പെട്ടു. മുമ്പിലേക്ക് വന്നിരിക്കാന്‍ ടീച്ചര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ക്ലാസിലെ ചില ആണ്‍കുട്ടികള്‍ അവളോട് അവരുടെ അടുത്ത് വന്നിരിക്കാന്‍ ക്ഷണിച്ചു. ചൂളം വിളിയോടെ ആയിരുന്നു അവരുടെ ക്ഷണം. ഇതുകേട്ട അധ്യാപിക ദേഷ്യപ്പെടുന്നതിന് പകരം അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
'ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിലും പ്രതിഫലിക്കും. ഒരാള്‍ക്ക് നമ്മള്‍ എന്താണോ നല്‍കുന്നത് അതു തന്നെയായിരിക്കും ഭാവിയില്‍ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്ക് ബഹുമാനം നല്‍കിയാല്‍ മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ'-അധ്യാപിക വീഡിയോയില്‍ പറയുന്നു.
എല്ലാ കാര്യങ്ങള്‍ക്കും ഒരു പരിധി ഉണ്ടായിരിക്കണമെന്നും നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോട് സമൂഹം എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റു സ്ത്രീകളോടും നിങ്ങള്‍ പെരുമാറണമെന്നും ടീച്ചര്‍ വിദ്യാര്‍ഥികളെ ഉപദേശിക്കുന്നുണ്ട്.
ഈ വീഡിയോക്ക് താഴെ ടീച്ചറുടെ നിലപാടിനെ പ്രശംസിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. മികച്ച പാഠമാണ് പുതുതലമുറയ്ക്ക് ടീച്ചര്‍ പകര്‍ന്നു നല്‍കുന്നത് എന്നായിരുന്നു ഒരാളുടെ പ്രതികരണം. കുട്ടികളെ ചെറിയ പ്രായത്തില്‍തന്നെ ഇത്തരത്തിലുള്ള പൊതുകാര്യങ്ങള്‍ പഠിപ്പിക്കണമെന്നും എന്നാല്‍ മാത്രമാണ് നല്ലൊരു ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.
Content Highlights: teachers powerful speech on how men should treat women wins the internet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..