വെള്ളാങ്ങല്ലൂർ ഗവ.യു.പി. സ്കൂൾ അധ്യാപിക ധന്യാ മാർട്ടിൻ ശിഷ്യൻ അവിനാശിനെയും മകൻ ജോസഫിനെയും ഒരുക്കി സ്കൂളിലേക്ക് പുറപ്പെടുന്നു
വെള്ളാങ്ങല്ലൂര്‍: അമ്മയോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ കഴിഞ്ഞുകൂടിയിരുന്ന അവിനാശിനെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി ക്ലാസ് അധ്യാപിക ധന്യാ മാര്ട്ടിന്. തിങ്കളാഴ്ച വൈകീട്ട് വെള്ളാങ്ങല്ലൂര്‍ ഗവ.യു.പി. സ്കൂളില്‍നിന്ന് പുല്ലൂരിലെ വീട്ടിലേക്ക് പോയപ്പോള്‍ ധന്യ ടീച്ചറുടെയും കൂട്ടുകാരനും ടീച്ചറുടെ മകനുമായ ജോസഫിന്റെയും കൈപിടിച്ച് അവിനാശുമുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോള്‍ ധന്യയുടെ ഭര്‍ത്താവ് പൊയ്യയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായി ജോലിചെയ്യുന്ന ജെയിംസും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ആന്‍ റോസും ചേര്‍ന്ന് അവിനാശിനെ സ്വീകരിച്ചു. കളിക്കാനും പഠിക്കാനും കൂട്ടുകാരനെ വീട്ടിലും കിട്ടിയതില്‍ ജോസഫിനും സന്തോഷം.
ദിവസങ്ങളിലായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു.വില്‍ ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ് അവിനാശിന്റെ അച്ഛന് പെരുമ്പടപ്പില്‍ ശിവദാസന്‍. സഹായത്തിനായി ഭാര്യ സുനിതയുമുണ്ട്.
വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവിനാശും ആശുപത്രിയില്‍ത്തന്നെ കൂടി. ശിവദാസന്റെ അസുഖം കൂടുന്നതിന് മുമ്പ് സുനിത ആശുപത്രിയില്‍നിന്ന് ജോലിക്ക് പോകാനായി വെള്ളാങ്ങല്ലൂരില്‍ വരുമ്പോള്‍ മകനെ സ്കൂളിലേക്കാക്കിയിരുന്നു. അസുഖം കൂടി ശിവദാസനെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇത് സാധിക്കാതായി. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാന്‍ അവിനാശിനും വിഷമമായിരുന്നു. ശനിയാഴ്ച സ്കൂളിലെ പ്രധാനാധ്യാപിക എം.കെ. ഷീബ, ക്ലാസ് അധ്യാപിക ധന്യ, മറ്റൊരു അധ്യാപിക ഷീല എന്നിവര്‍ ആശുപത്രിയില്‍ ചെന്നിരുന്നു.
ഐ.സി.യു.വിനു മുന്നില്‍ അവിനാശ് നില്ക്കുന്നതുകണ്ട് വിഷമം തോന്നിയ ധന്യ അവനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അവന് സമ്മതിച്ചില്ല. എന്നാല്‍, തിങ്കളാഴ്ച സുനിത ടീച്ചറെ വിളിക്കുകയും സ്കൂളിലെത്തി അവിനാശിനെ ടീച്ചറുടെ കൈയില്‍ ഏല്‍പ്പിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു.
വെല്‍ഡിങ് തൊഴിലാളിയായ ശിവദാസനെ കോവിഡിനു പിന്നാലെ ശ്വാസകോശസംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. സുനിത വീട്ടുജോലികള്‍ക്ക് പോയാണ് ശിവദാസന്റെ ചികിത്സയ്ക്കും മകന്റെ പഠനത്തിനും പണം കണ്ടെത്തിയിരുന്നത്. വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. വീട്ടുസാധനങ്ങളെല്ലാം മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് അസുഖം കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
Content Highlights: teacher, student,good news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..