Representative Image
വിമാനത്തിലും ട്രെയിനിലും ഒക്കെ വച്ച് കുഞ്ഞിന് ജന്മം നൽകിയ സംഭവങ്ങൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. പ്രസവവേദനയാൽ കരയുന്ന ആ സ്ത്രീകൾക്ക് സഹായത്തിനായി ദൈവദൂതനെപ്പോലെ ആ സമയത്ത് ആരെങ്കിലും എത്തുകയും അവർ ഹീറോകളാവുകളും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ ഹീറോ ആയത് ഹൈസ്കൂൾ അധ്യാപികയായ ശോഭ പ്രകാശാണ്. മൈസൂരിലെ നസറാബാദിലെ പാർക്കിൽ വെച്ച് മല്ലിക എന്ന ആദിവാസി സ്ത്രീയുടെ പ്രസവമെടുത്ത ശോഭയെ അഭിനന്ദിക്കുകയാണ് എല്ലാവരും. മുംബൈയിലെ ഒരു ഡോക്ടർ ഫോണിലൂടെ നൽകിയ നിർദേശങ്ങൾക്കനുസരിച്ചാണ് ശോഭ മല്ലികയുടെ പ്രസവമെടുത്തത്.
പാർക്ക് സന്ദർശിക്കാൻ എത്തിയതായിരുന്നു പൂർണ ഗർഭിണിയായ മല്ലികയും രണ്ട് മക്കളും. പാർക്കിൽ വച്ച് പ്രസവവേദന തുടങ്ങിയതോടെ വഴിയാത്രക്കാർ അവരുടെ സഹായത്തിനെത്തി. എന്നാൽ ആംബുലൻസ് വിളിക്കാനും അവരെ ആശുപത്രിയിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ആ സമയത്ത് സ്കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിന് എത്തുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണിൽ വിളിച്ച് ശോഭയ്ക്ക് നൽകുകയും ചെയ്തു.
നിരവധി സ്ത്രീകൾ അവിടെ ഉണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ല എന്ന് വേദനയോടെ ശോഭ ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞു. ഉള്ളിൽ ഭയമുണ്ടായിരുന്നെങ്കിലും സ്ത്രീക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് താൻ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടർന്നെന്നും ശോഭ പറയുന്നു.
കുഞ്ഞിനെ തന്റെ കൈയിൽ കിട്ടിയപ്പോൾ പൊക്കിൾക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാൽ അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തിയെന്നും ആരോഗ്യപ്രവർത്തകർ ചുമതലയേറ്റെടുക്കുകയും പൊക്കിൾക്കൊടി മുറിക്കാൻ സഹായിക്കുകയും ചെയ്തെന്നും ശോഭ ഓർമിച്ചു.
പ്രസവശേഷം യുവതിയെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശോഭ പിന്നീട് മല്ലികയെ സന്ദർശിക്കുകയും കുഞ്ഞിന് ചെറിയൊരു തുക സമ്മാനമായി നൽകുകയും ചെയ്തെന്നുമാണ് റിപ്പോർട്ടുകൾ. ഒരു പ്രാദേശിക ഹോട്ടൽ ജീവനക്കാരിയായ മല്ലിക ഭർത്താവുമായി പിരിഞ്ഞാണ് ജീവിക്കുന്നത്. വനിതാ ശിശുവികസന വകുപ്പ് ശോഭയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.
Content Highlights:teacher helps women to deliver baby in Mysuru park
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..