Screengrab | Instagram
ഒരു പൂച്ചയ്ക്കെത്ര വില വരും? പതിനായിരവും ലക്ഷങ്ങളും വിലയുള്ള പൂച്ചകളെപ്പറ്റിയൊക്കെ നമ്മള് പറയും. ഒരു പക്ഷേ, ഒരു കോടിയുടെ പൂച്ചയെപ്പറ്റിയും ഈ രംഗത്ത് അറിവുള്ളവര്‍ക്ക് പറയാനായേക്കും. എന്നാല്‍ 800 കോടി രൂപ വിലയുള്ള പൂച്ച എന്നു കേട്ടാലോ? ഞെട്ടാന്‍ വരട്ടെ, സംഭവം സത്യമാണ്. ഗ്രാമി അവാര്‍ഡ് ജേതാവും വിഖ്യാത അമേരിക്കന്‍ ഗായികയുമായ ടെയ്ലര് സ്വിഫ്റ്റിന്റെ പൂച്ചയുടെ വിലയാണ് 800 കോടി.
ഒലീവിയ ബെന്‍സണ്‍ എന്നാണ് ഈ പൂച്ചയുടെ പേര്. എന്നാല്‍ ലോകത്ത് ഏറ്റവും വില കൂടിയ പൂച്ച ഇതല്ല. ഇതിലും മേലെ വിലയുള്ള രണ്ട് പൂച്ചകള്‍ വേറെയുണ്ടെന്നാണ് ഓള്എബൗട്ട്ക്യാറ്റ്സ് ഡോട്ട്കോം എന്ന വെബ്സൈറ്റ് പറയുന്നത്.
ഒലീവിയ, ടെയ്ലര് സ്വിഫ്റ്റിന്റെ കൂടെക്കൂടിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. മെരെഡിത് ഗ്രേ, ബെഞ്ചമിന്‍ ബട്ടന് എന്നിങ്ങനെ വേറെ രണ്ട് പൂച്ചകളും ടെയ്ലര്‍ക്കുണ്ട്. ഇതില്‍ ഒലീവിയയുടെ വില മാത്രമാണ് പുറത്തുവിട്ടത്. മറ്റ് രണ്ട് പൂച്ചകളുടെ വില വ്യക്തമല്ല. പൂച്ചയ്ക്കിത്ര വിലയുണ്ടെങ്കില്‍ പൂച്ചയുടെ ഉടമയുടെ ആസ്തിയെന്തായിരിക്കുമെന്നറിയാന് ഒരു കൗതുകം കാണില്ലേ. 2022-ലെ ഫോബ്സ് മാസികയുടെ കണക്കു പ്രകാരം 4,700 കോടിയാണ് ടെയ്ലര് സ്വിഫ്റ്റിന്റെ ആസ്തി.
ലോകമെമ്പാടുമുള്ള പ്രശസ്ത വളര്‍ത്തു മൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം ഡേറ്റ നോക്കിയാണ് മൂല്യം കണക്കാക്കുന്നത്. ഈ വളര്‍ത്തു മൃഗങ്ങള്‍ ഓരോന്നിന്റെയും ഇന്‍സ്റ്റഗ്രാം റീച്ച്, എത്ര സമ്പാദിക്കുന്നു, ജനപ്രിയത എന്നെല്ലാം കണക്കാക്കിയാണ് മൂല്യം നിശ്ചയിച്ചത്. ഒലീവിയക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും ടെയ്ലറിന്റെ അക്കൗണ്ടുവഴി പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒലീവിയയുടെ മൂല്യം കണക്കാക്കിയത്.
ടെയ്ലറുടെ സമ്പാദ്യത്തില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത് ഈ പൂച്ചയാണ്. താരത്തിന്റെ നിരവധി മ്യൂസിക് വീഡിയോകളിലും പരസ്യ ചിത്രീകരണങ്ങളിലും ഈ പൂച്ചയുടെ സാന്നിധ്യമുണ്ട്. നിരവധി ബിഗ് ബജറ്റ് പരിപാടികളിലൂടെ പൂച്ച ടെയ്ലര്‍ക്ക് നേടിക്കൊടുത്തത് കോടികളാണ്.
Content Highlights: taylor swift’s cat olivia benson is reportedly worth 800 crores
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..