പ്രതീകാത്മക ചിത്രം | Photo: A.F.P
കാബൂള്‍: അഫ്ഗാനിസ്താനിലെ ആറുപ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച് താലിബാന്. ഓഗസ്റ്റില്‍ അഫ്ഗാന് ഭരണം പിടിച്ചെടുത്തതിനുശേഷം ലോകരാജ്യങ്ങള്‍ താലിബാന് മുന്നില്‍വെച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.
മുമ്പ് 1990-കളില്‍ അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമോ സ്ത്രീകള്‍ ജോലിക്കുപോകുന്നതോ അവര്‍ അനുവദിച്ചിരുന്നില്ല. ഓഗസ്റ്റില്‍ ഭരണമേറ്റെടുത്തിനുശേഷം ഇതുവരെയും താലിബാന് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കിയിരുന്നില്ല. കൂടാതെ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.
ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നേരത്തെ താലിബാന് വ്യക്തമാക്കിയിരുന്നു. കാണ്ഡഹാര്‍, നന്‍ഗാര്‍ഹാര്‍ എന്നീ പ്രവിശ്യകളിലുള്ള സര്‍ക്കാര്‍ സര്‍വകലാശാലകളും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയതില്‍ ഉള്‍പ്പെടുന്നു. ഇത്കൂടാതെ, ഹെല്‍മന്ദ്, ഫറ, നിംറൂസ്, ലഗ്മാന്‍ എന്നീ പ്രവിശ്യകളിലെ സര്‍വകലാശാലകളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതായി അഫ്ഗാന് ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് തഖ്വി അറിയിച്ചു.
മറ്റുപ്രവിശ്യകളെ അപേക്ഷിച്ച് ഈ പ്രവിശ്യകളില്‍ കാലാവസ്ഥ അനുകൂലമാണ്. മറ്റിടങ്ങളില്‍ തണുപ്പുകൂടിയ കാലാവസ്ഥയാണെന്നും അതിനാലാണ് അവിടെയുള്ള സര്‍വകലാശാലകള്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതെന്നുമാണ് താലിബാന് നല്കിയ വിശദീകരണം.
ഫെബ്രുവരി 26 മുതല്‍ മുഴുവന്‍ പ്രവിശ്യകളിലെയും സര്‍ക്കാര്‍ സര്‍വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രവേശനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ ബാഖ്വി ഹഖ്വാനി പറഞ്ഞു.
Content highlights: taliban reopen universities for afghan women in six provinces
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..